നഗരത്തിലായാലും ഗ്രാമത്തിലായാലും ശരീരവ്യായാമത്തിനായി ഫിറ്റ്നസ്സ് ക്ലബ്ബുകളിൽ പോകുന്നവരുടെ എണ്ണം കൂടിവരികയാണു. ശാരീരിക സൌന്ദര്യം വർദ്ധിപ്പിക്കാനോ ഏതെങ്കിലും രോഗം വന്ന് ഡോക്ടറന്മാരോ ഫിസിയോതെറപ്പിസ്റ്റോ നിർദ്ദേശിക്കുമ്പോഴാണു വ്യായാമം ആരംഭിക്കുന്നത്. അല്ലാതെ ഇതൊരു സ്വാഭാവികമായ ശാരീരിക പ്രവർത്തനമല്ല.
ശരീരത്തിലെ ഓരോ കോശവും സ്വന്തമായ ബോധസത്തയോട് കൂടിയതാണെന്നാണു പ്രാചീന മതം. അത് ശരിയാണെന്ന് ആധുനിക ശാസ്ത്രവും സമ്മതിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു വ്യക്തി എന്തിനാണു സ്വന്തം ശരീരത്തെ ചലിപ്പിക്കുന്നതെന്ന് അയാൾ അറിയുന്നപോലെ ശരീരത്തിലെ ഓരോ കോശത്തിനും അതറിയാനുള്ള അവകാശമുണ്ട്. അതു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാതെയുള്ള ഓരോപ്രവർത്തിയും ആ കോശങ്ങളുടെ പ്രകൃതിക്കു വിരുദ്ധവും രോഗം ജനിപ്പിക്കുന്നതുമായിരിക്കും. വിദ്യാഭ്യാസം ലഭിച്ച ആധുനികനു ഇതറിയില്ല. എന്നാൽ പഠിപ്പോ പത്രാസ്സോ ഇല്ലാത്ത സാധാരണക്കാരനു ഇതറിയാം. പണ്ട് ഇതെല്ലാവർക്കും അറിയാമായിരുന്നു.
വ്യായാമമെന്നാൽ ശരീരത്തിലെ കുറേ ഊർജ്ജം കത്തിച്ചുകളയലാണെന്നാണു ആധുനികൻ ധരിച്ച് വച്ചിരിക്കുന്നത്. അത് പൂർണ്ണമായും ശരിയല്ല. മനസുകൊണ്ട് പ്രകൃതിയോട് ഇണങ്ങി ചെയ്യാത്ത എല്ലാ പ്രവർത്തനങ്ങളും ക്ഷീണമുണ്ടാക്കുന്നതാണെന്ന് നമുക്കറിയാം. ഒരാൾ രാവിലെ എഴുനേറ്റ് നടക്കാൻ പോയി എന്ന് വിചാരിക്കുക. ഡോക്ടറുടെ നിർദ്ദേശം കൊണ്ടാണു അത് ചെയ്യുന്നതെന്നും വിചാരിക്കുക. തിരിച്ചു വരുമ്പോൾ പലപ്പോഴും അയാൾ ക്ഷീണിതനായിരിക്കും. ഇതിനു കാരണം ആ പ്രവർത്തനത്തിൽ പങ്കെടുത്ത ശരീര കോശങ്ങളെ ഈ നടപ്പിനുള്ള ആവശ്യകത അയാൾക്ക് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണു. നടന്നില്ലെങ്കിൽ ജീവിച്ചിരിക്കാനാവില്ല എന്ന ഭീതിയുടെ സമ്മർദ്ദത്തിലാകും അയാൾ അത്രയും ദൂരം അത്രയും സമയം ശരീരത്തെ ചലിപ്പിച്ചത്. അതേസമയം അയാൾക്ക് സൈക്കിൾ ചവിട്ടാൻ ഇഷ്ടമായിരിക്കുകയും അത് ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നുമില്ലെങ്കിൽ അതാണു അയാൾക്ക് പ്രകൃത്യാ പറഞ്ഞിട്ടുള്ള വ്യായാമം. പക്ഷെ ഒരു സ്റ്റാൻഡാർഡ് എന്ന നിലയിൽ അയാൾ അത് സ്വീകരിക്കാൻ പുറപ്പെട്ടാൽ അയാളെ നിയന്ത്രിക്കുന്നവർ എതിർത്തെന്നിരിക്കും. വ്യായാമത്തിന്റെ പേരിലുള്ള പ്രയത്നം പലപ്പോഴും അവനവനു തന്നെ ബോദ്ധ്യമുള്ളതല്ല. വ്യായാമം ചെയ്യണമെന്ന ചിന്ത സ്ഥൂലബോധത്തിൽ നിന്നുമുണ്ടാകുന്നതാണു. എന്നാൽ കോശങ്ങളുടെ ബോധം അതീവ സൂക്ഷ്മമാണു. ബാഹ്യമായി നാം കാണാത്ത പലതും കോശങ്ങൾ ആന്തരികമായിക്കാണാറുണ്ട്. ഭൌതികമായ പ്രജ്ഞയെ അംഗീകരിക്കുന്ന ആധുനികൻ അതിനെ നിയന്ത്രിക്കുന്ന മനസിന്റെ പ്രാധാന്യം മനസിലാക്കുന്നില്ല. മനസിന്റെ സൂക്ഷ്മഭാവവും കോശകോശാന്തരത്തിലൂടെയുള്ള അതിന്റെ ലീനത്ത്വവും നിത്യാനുഭവമാണെങ്കിൽ പോലും അത് അംഗികരിക്കാൻ കഴിയുന്നില്ല. വലിയ വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർ ഡ്രൈവു ചെയ്യുന്നവർ തുടങ്ങിയവരോട് ചോദിച്ചാൽ അവർ പറയും. എല്ലാ കാര്യങ്ങളും സ്ഥൂല ബോധത്തിൽ കണ്ടല്ല തങ്ങൾ ഇതൊക്കെ പ്രവർത്തിപ്പിക്കുന്നത്. ദൂരെ ഒരു അപകടസാദ്ധ്യതയുണ്ടെങ്കിൽ മിക്ക ഡ്രൈവരന്മാർക്കും അത് മുങ്കൂട്ടി കാണാൻ കഴിയാറുണ്ട്. അത് ഒഴിവാക്കാൻ പ്രകൃതി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ തന്റെ ആലോചനാപൂർവ്വമായ യാതൊരു തീരുമാനവും കൂടാതെ വേണ്ട അവയങ്ങൾ കൃത്യമായി പ്രവർത്തിച്ച് അതിൽ നിന്നും മാറിപ്പോകുന്നത് കാണാം. മറ്റു ചില അവസരങ്ങളിൽ ഒഴിഞ്ഞു മാറാമെന്ന് ബോധപൂർവ്വമായി മനസിലാക്കിയിട്ടും അപകടങ്ങളിൽ ചെന്ന് പെടാറുണ്ട്. ആക്സിലേറ്റർ വേഗം കൂട്ടാനുള്ളതാണെന്നറിയാമായിട്ടും ബ്രേക്കിനു പകരം അതമർത്തി അപകടത്തിൽ പെടുന്നവരുണ്ട്. ഇതൊക്കെ മനസിന്റെ പ്രാധാന്യത്തെ ബോദ്ധ്യപ്പെടുത്തേണ്ട അനുഭവങ്ങളാണു.
അപ്പോൾ ഒരു പ്രവർത്തി ചെയ്യുന്നത് എന്തിനാണെന്ന് പുറമേ നാം ചോദിക്കുന്നില്ലെങ്കിലും അതിൽ പങ്കെടുക്കുന്ന കോശമോ കോശസമൂഹമോ ആന്തരികമായി, അതീവ സൂക്ഷ്മതലത്തിൽ അത് ചോദിക്കുന്നുണ്ട്. മനസിനെ ഏകാഗ്രമാക്കിയാൽ അത് കേൾക്കാവുന്നതേയുള്ളു. അതിനു മറുപടി പറയാനുള്ള ബാദ്ധ്യത ബോധത്തിനുണ്ട്. ആ മറുപടി കോശങ്ങൾക്ക് ബോദ്ധ്യമാവുകയും വേണം. അല്ലാതെ വെറുതെ ഒരു മറുപടിയാകരുത്.
നമ്മുടെ പ്രവർത്തികൾ വ്യഷ്ടിയുടേയും സമഷ്ടിയുടേയും ആവശ്യങ്ങൾക്ക് ചേരുന്നതാണോ എന്നാണു ആദ്യം നോക്കേണ്ടത്. പ്രകൃതിയിൽ നിഷ്പ്രയോജനങ്ങളായ പ്രവർത്തികൾ ഇല്ല തന്നെ. ഭൂമിയിലെ മനുഷ്യനൊഴികെ ഒരു ജീവിയും നിഷ്പ്രയോജന കർമ്മങ്ങൾ ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. മനുഷ്യന്റെ ചരിത്രമെടുത്താൽ ഹിസ്ര ജന്തുക്കൾ കൊന്ന (തിന്ന?) മനുഷ്യരുടെ എണ്ണത്തേക്കാൾ കൂടുതൽ അവൻ അന്യോന്യമുണ്ടാക്കിയ തർക്കങ്ങളിൽ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. ശരിയല്ലെ?
ഇനി ഒരു പ്രവർത്തി സമഷ്ടിക്കു പ്രയോജനപ്രദമാണോ എന്ന എങ്ങനെയാണു അറിയുന്നത്? ഓരാൾ നടക്കുമ്പോൾ, ചാടുമ്പോൾ, ബെഞ്ച് പ്രസിൽ പ്രവർത്തിക്കുമ്പോൾ, കളിക്കുമ്പോൾ ഒക്കെ എന്താണു അയാൾക്ക് ലഭിക്കുന്നതെന്ന് നോക്കുക. ആ പ്രവർത്തി ആനന്ദപ്രദമാകുമ്പോൾ അത് സമഷ്ടിക്ക് ചേരുന്നതാണെന്ന് ഊഹിക്കാം. ഇതിനൊക്കെ ചില കീഴ്വഴക്കങ്ങൾ പണ്ടുള്ളവർ നിശ്ചയിച്ചിരുന്നു. ഇന്നതില്ല. ആനന്ദദായകമായ പ്രവർത്തിക്കൊപ്പം ആരോഗ്യവും ഉണ്ടാകും. അല്ലാതെ ആരോഗ്യത്തിനുവേണ്ടി എന്ന് അവകാശപ്പെട്ടുകൊണ്ട് ചമച്ച് വച്ചിരിക്കുന്ന ഒരു സിദ്ധാന്തമെന്ന നിലയിൽ ഒരാൽ വ്യായാമം ചെയ്യുമ്പോൾ കൊഴുപ്പോ അതുപോലുള്ള ധാതുക്കളോ അളവുകളിൽ കുറവ് കാണിച്ചെന്നിരിക്കും. പക്ഷെ അത് താൽക്കാലികമാണെന്ന് പിന്നീട് ബോദ്ധ്യപ്പെടും. ചെയ്തുകൊണ്ടിരുന്ന പ്രവർത്തി നിർത്തുമ്പോൾ അവ ഉയരാൻ തുടങ്ങും. അപ്പോൾ ഈ മാറ്റം ആപേക്ഷികമാണെന്നും കൊഴുപ്പ് അടിയാതിരിക്കാനുള്ള ആന്തരിക ഘടനാ മാറ്റം ഉണ്ടായിട്ട്ല്ലെന്നും നാം ഊഹിക്കേണ്ടി വരുന്നു.
വേറൊന്നുള്ളത് രോഗബാധിതനായ ഒരാൾ നിർബ്ബന്ധപൂർവ്വം വ്യായാമത്തിൽ ഏർപ്പെടുമ്പോൾ അയാളുടെ മനസ്സ് എപ്പോഴും രോഗത്തേക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്. ഇത് ആരോഗ്യത്തിനു അനുഗുണമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മനസാണു എല്ലാം എന്ന പ്രാചീനന്റെ ചിന്തയുടെ വെളിച്ചത്തിൽ , രോഗത്തേക്കുറിച്ചും അതിന്റെ ബീഭത്സതയേക്കുറിച്ചും അതിന്റെ പരിണിതികളെക്കുറിച്ചും ആലോചിച്ചും കൊണ്ടിരുന്നാൽ വേഗത്തിൽ രോഗത്തിന്റെ ഗുരുതരാവസ്ഥ്യയിലേക്ക് ചെന്ന് പതിക്കും. ആ ചിന്തയോട് കൂടിയ പ്രവർത്തിയാണ് ചെയ്യുന്നതെങ്കിൽ കോശങ്ങളെല്ലാം ആ ചിന്തയെ അനുഗമിച്ച് വേഗത്തിൽ ആ അവസ്ഥ സംജാതമാക്കിത്തരും. അതു കൊണ്ട് മനസിന്റെ ശാന്തിയിൽ വേണം പ്രവർത്തി എടുക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റമല്ല അശാന്തിയിൽ നിന്ന് കൊണ്ട് ചെയ്യുമ്പോഴുണ്ടാകുന്നത്. ഒരു പ്രവർത്തി ചെയ്യുമ്പോൾ അത് ആനന്ദത്തിനു വേണ്ടി ചെയ്യുന്നതാകണം എന്നാണു പ്രകൃതി നിശ്ചയം. തന്റെ കുഞ്ഞിനുവേണ്ടി ഒരമ്മ ആഹാരം പാകം ചെയ്യുമ്പോൾ അരപ്പുകൾ അമ്മിയിൽ വച്ച് അരയ്ക്കുമ്പോഴുണ്ടാകുന്ന വ്യായാമം ആനന്ദപ്രമായിരുന്നു പണ്ട്. അന്ന് അതുകൊണ്ട് അവർക്ക് സന്ധി വേദനയോ സ്പോണ്ടുലോസിസ്സോ ഉണ്ടായില്ല. ഇന്നങ്ങനെ ചെയ്യുന്നത് ആനന്ദപ്രദമല്ലാത്തതു കൊണ്ട് അമ്മമാർ നൂറുകൂട്ടം അസുഖങ്ങളേക്കുറിച്ച് പരാതിപ്പെടുന്നു. അതു പോലെ സസ്യങ്ങളെ പരിപാലിക്കുമ്പോൾ ഒരാൾക്ക് കിട്ടുന്ന വ്യായാമം. വളർത്തുമൃഗങ്ങളെ ശുശ്രൂഷിക്കുമ്പോൾ കിട്ടുന്ന വ്യായാമം. ഇവയിലൊക്കെ ആനന്ദമുണ്ട്. അർത്ഥമുണ്ട്. തനിക്കും ചുറ്റുപാടുകൾക്കും പ്രയോജനപ്രദവുമാണു. എന്നാൽ ഒരു സ്റ്റാൻഡാർഡ് എന്ന നിലയിലോ സ്റ്റാറ്റസിനുവേണ്ടിയോ ഫിറ്റ്നസ്സ് കേന്ദ്രങ്ങളിൽ പോയി അദ്ധ്വാനിക്കുമ്പോൾ അതേ ഫലം കിട്ടുന്നതായിക്കാണുന്നില്ല.ജിമ്മിൽ പോയോ ഫിറ്റ്നെസ് സെന്ററുകളിൽ പോയോ ഉണ്ടാക്കിയെടുക്കുന്ന ലാവണ്യവും ശരീരഘടനയും നിലനിർത്തണമെങ്കിൽ അവിടുത്തെ വ്യായാമങ്ങൾ നിത്യവും തുടർന്ന് കൊണ്ടിരിക്കണം. അല്ലെങ്കിൽ കോശങ്ങളെ വളരെപ്പെട്ടെന്ന് വാർദ്ധക്യം ബാധിക്കുന്നതു കാണാം. തങ്ങൾ എടുക്കുന്ന പ്രവർത്തിയിൽ ആനന്ദമില്ലാത്തതു കൊണ്ടാണു അങ്ങനെ സംഭവിക്കുന്നത്.
വ്യായാമം വ്യായാമശാലകളിൽ നിന്നാകണമെന്ന് ഇന്ന് ആളുകൾ നിർബ്ബന്ധം പിടിക്കുന്നത് അതിൽ ഒരഭിമാനം നിലനിൽക്കുന്നതു കൊണ്ടാണു. രാവിലെ നടക്കാനിറങ്ങുന്നവരെ നോക്കുക. അതികാലത്തെഴുന്നേറ്റ് ട്രാക്ക് സ്യൂട്ടും സ്പോർട്ട്സ്ഷൂസും ധരിച്ച്, തോളൊപ്പം കൈവീശി കിതക്കുന്ന വിധം കൃത്യമായ മണിക്കൂറുകൾ നടന്നൊപ്പിക്കുന്നവർ ആനന്ദത്തോടെയാണത് നിർവ്വഹിക്കുന്നതെന്ന് വിചാരിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. അങ്ങനെയൊക്കെ ചെയ്യുന്നതിൽ ഒരു അഭിമാനമുണ്ട്. തങ്ങൾ ഏതോ പ്രത്യേകതയുള്ള ഗണത്തിൽ പെടുന്നു എന്ന് ദ്യോതിപ്പിക്കാൻ കഴിയുന്നു. മറ്റുള്ളവർ അവരുടെ പ്രവർത്തിവീക്ഷിക്കുമ്പോൾ അതിലൊരു ആസ്വാദ്യതയുണ്ട്. അത് നുണയുവാൻ വേണ്ടിയാണു പലരും നടക്കാൻ ഇറങ്ങുന്നത്. നടപ്പ് ഒരു സ്വഭാവമോ ആനന്ദം നൽകുന്ന ശൈലിയോ ആയിരുന്നെങ്കിൽ ഈ നടപ്പുകാരത്രയും ഓഫീസിൽ പോകാനും പച്ചക്കറിയും പാലുമൊക്കെ വാങ്ങാൻ നടന്നു തന്നെ പോകുമായിരുന്നു. അതു ചെയ്യാത്തത് അതിൽ അഭിമാനമൊന്നും ഇല്ലാത്തതു കൊണ്ടാണു. ആഫീസിലേക്ക് നടന്ന് പോയാൽ എന്ത് അഭിമാനം? നാല് തെങ്ങിനു തടമെടുത്താൽ എന്ത് അഭിമാനം കിട്ടാനാണ്? മുറിതൂത്ത് തുടച്ചാലോ വെള്ള കോരിയാലോ അത് കിട്ടില്ല. കിട്ടുന്നത് എന്തെങ്കിലും കഴിച്ച് പൊരിവെയിലിൽ നിന്ന് കമ്പി വളയ്ക്കുന്നവന്റെ കയ്യിലെ മസിലു കണ്ട് അതുപോലെ തനിക്കുണ്ടാകണം എന്ന് വിചാരിച്ച് ഹെൽത്ത് ക്ലബ്ബുകളിൽ പോകുന്നവർക്ക് അതുണ്ടായാലും നിലനിൽക്കില്ല. കാരണം കമ്പിപ്പണിക്കാരനു ജീവിക്കാനായി പ്രകൃതി നൽകുന്നതാണത്. മറ്റേയാൾക്കത് ആഡംബരവും. വ്യായാമം നിർത്തുന്ന മുറയ്ക്കത് പോകും. പട്ടിണികിടന്നാലും കമ്പിപ്പണിക്കാരന്റേത് പോകില്ല. അത് ആരോഗ്യലക്ഷണമാണു. പ്രകൃതിയോട് സമരസപ്പെട്ട് പോകുന്ന ഒരു ജീവിതരീതിയാണു ഭാരതീയനുള്ളത്. അവന്റെ ചുറ്റുപാടുകൾ നോക്കിയാൽ അത് മനസിലാകും. ഇന്നും ഗ്രാമങ്ങളാണു കൂടുതൽ. കർഷകരാണു ജനങ്ങളിൽ ഭൂരിഭാഗവും. ഏതു തൊഴിലെടുക്കുന്നവരായാലും രാവിലെ എഴുന്നേറ്റാൽ കുറച്ചു നേരം കൃഷിയിടത്തിൽ പണിയെടുത്തും വളർത്തുമൃഗങ്ങളെ പരിപാലിച്ചുമാണു ജീവിതം തുടങ്ങിയിരുന്നത്. അതു കൊണ്ട് അവർക്ക് പ്രത്യേകം അഭിമാനത്തോടെയുള്ള വ്യായാമം വേണ്ടിയിരുന്നില്ല. അവർക്ക് ആരോഗ്യവും ഉണ്ടായിരുന്നു.എന്നാൽ കൃഷി ഒരു ഉത്തമവൃത്തിയല്ലെന്ന് തോന്നാൻ തുടങ്ങുകയും മറ്റ് തൊഴിലുകൾ ആദായകരമായതു കൊണ്ട് ഉത്തമമാണെന്ന് സങ്കല്പിച്ച് അവയിലേക്ക് മാറുകയും ചെയ്തതോടുകൂടി സ്വാഭാവികമായി ലഭിച്ചിരുന്ന വ്യായാമം കിട്ടാതെ വരികയും രോഗികളുടെ ഒരു തലമുറ ഉണ്ടാവുകയും ചെയ്തു തുടങ്ങി.