Tuesday, November 30, 2010

ഗീതാവലോകനം 5; പുരുഷാപരാധം (തുടർച്ച)

ഇന്നു ഒരു കുഞ്ഞുപിറന്നു കഴിഞ്ഞാൽ പുത്രധർമ്മത്തിൽ അധിഷ്ഠിതമായി മാതാവിന്റേയും പിതാവിന്റേയും അഹംബുദ്ധിയെ താലോലിക്കുവാൻ അവൻ ബാദ്ധ്യസ്ഥനാകുന്നു. അതവന്റെ വ്യക്തിജീവിതത്തെ സങ്കുചിതമാക്കുമെന്ന് അച്ഛനും അമ്മയ്ക്കും അറിയില്ല. അറിഞ്ഞാൽ തന്നെ അവർക്ക് അതൊരു പ്രശ്നമല്ല. പ്രാ‍പഞ്ചിക സമഗ്രതയിൽ നിന്നു സങ്കുചിതത്തിലേക്ക് അവൻ വീണുപോകുന്നതിൽ അവർക്ക് സന്തോഷമേയുള്ളു.

അവനും അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന വീട്, സമാജത്തിൽ അവർ ചെയ്തുവന്ന പ്രവർത്തി, അതിനു അനുഗുണമായ തുടർപ്രവർത്തനങ്ങൾ. ഇതാണു പിന്നീട് സംഭവിക്കുന്നത്. ‘നീ ഞങ്ങളുടെ പുത്രനാണു, പുത്രനാണ്’ എന്നു ആവർത്തിച്ചാവർത്തിച്ചു പറയുന്നത് ആ ചങ്ങലക്കണ്ണിയിലേക്ക് അവനെ വിളക്കിച്ചേർക്കാനാണു.

അച്ഛൻ, അമ്മ അല്ലെങ്കിൽ അമ്മാവൻ ഒരു കാലത്ത് ചെയ്ത പ്രവർത്തി, അതേ തൊഴിൽ ചെയ്യുന്നവർ യോജിച്ചു ചേർന്നു പരമ്പരയാ കുറേക്കാലം കൊണ്ടുപോയപ്പോൾ അതവന്റെ വർണ്ണമോ ജാതിയോ ആയി മാറുന്നു. ജാത്യാചാരത്തിന്റേയും വർണ്ണാചാരത്തിന്റേയും ഭാഗമായി ഏതെങ്കിലും കാലത്ത് ചെയ്തിരുന്നത് - അന്നത് ശരിയായിരുന്നു, ഇപ്പോഴത് ശരിയല്ലെങ്കിൽ കൂടി അവൻ ചെയ്യാൻ നിർബ്ബന്ധിതനായിത്തീരുന്നു. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നു ബോദ്ധ്യപ്പെട്ടാലും ശരിയാണെന്നു വരുത്തിത്തീർക്കാൻ ബുദ്ധിയെ വ്യാപരിപ്പിക്കേണ്ട ഒരവസ്ഥയിലാകുന്നു അവൻ. അവനു തെറ്റായ അതിനെ മറ്റുള്ളവരോട് ശരിയെന്നു വാദിക്കാനും ബോദ്ധ്യപ്പെടുത്താനും അവൻ സ്വയം പരിണമിക്കേണ്ടി വരുന്നു. തന്റെ അച്ഛനപ്പൂന്മാരും അവരുടെ അപ്പുപ്പന്മാരും അടങ്ങുന്ന ജാതിയുടെ, പാരമ്പര്യത്തിന്റെ പുരാതനകാലം മുതലുള്ള എല്ലാ ചെയ്തികളും ഇന്നത്തെ കാലത്തിനു വിശ്വാസ്യമാകുന്ന രീതിയിൽ വ്യാഖ്യാനിച്ചു ശരിപ്പെടുത്തി മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിച്ച്, താനും തന്റെ ജാതിയും അവരുൾക്കൊള്ളുന്ന പ്രത്യേകസമൂഹവും മറ്റുള്ളതിലെല്ലാം മേലേയാണെന്ന് സ്ഥാപിക്കുവാൻ അവൻ നിയുക്തനായിത്തീരുന്നു. അതൊരു പുതിയ കൂട്ടായ്മയിലേക്ക് വളരുമ്പോൾ ഇപ്പോഴത്തെ ജീവിതത്തിനു പാരമ്പര്യവത്തായി ഒന്നുമില്ലെങ്കിൽ പോലും ആ പാരമ്പര്യത്തിന്റെ പേരിൽ ഈ ലോകത്ത് അർഹമായി മറ്റൊരുത്തനു കിട്ടേണ്ട ആനുകൂല്യം പിടിച്ചു പറിയ്ക്കാൻ അത് സഹായിക്കുന്നു എന്ന വ്യാമോഹത്തിലേക്കാണു അവൻ ചെന്നു വീഴുന്നത്. ശരിയല്ലെ?

അപ്പോൾ ഇതുപോലെ വിവിധതരം ജാതികൾ ഉണ്ടാകുമ്പോൾ എത്ര തരം ശരികളാണു ലോകത്ത്? ഈ ശരികൾ പരസ്പര വിരുദ്ധമാകുമ്പോഴോ? ഒരുപാട് ശരികൾ. അത്രയും തന്നെ തെറ്റുകൾ.

ഒരാൾക്ക് അല്ലെങ്കിൽ അയാളുൾക്കൊള്ളുന്ന സമൂഹത്തിനു ശരിയാകുന്ന ശരി അതേ സമയം വേറൊരാൾക്കും അയാൾ ഉൾക്കൊള്ളുന്ന സമൂഹത്തിനും തെറ്റുമാകുന്നു. ഒരു ശരിക്കു മുന്നിൽ ഒരുപാട് തെറ്റുകൾ? ഇതിങ്ങനെ ജാതി, മതം, വർഗ്ഗം, വർണ്ണം തോറും മാറിക്കൊണ്ടിരിക്കുന്ന വിചിത്രമായ കാഴ്ച ഒന്നു സങ്കല്പിച്ചു നോക്കു. എത്ര രസാവഹമാണത്.

എല്ലാ ശരികളും പിൻ‌പറ്റുന്നിടത്ത് എല്ലാ മുഖത്തോടും കൂടി ഒരാൾ, ഒരൊറ്റയാൾ സഞ്ചരിക്കുന്നു എന്നു വിചാരിക്കുക.

ഒരു ജാതിക്ക്, ‘ശരി’യായ സങ്കല്പത്തിൽ ‘ജാതി’യൊന്നുമില്ലാത്ത തുറന്ന മനസോടുകൂടിയ ഒരുവൻ കയറിയിരുന്നു അവിടുത്തെ ശരി പഠിച്ചിട്ട് അടുത്ത ജാതിയുടെ ശരിയിലേക്ക് പോയി അതും പഠിച്ച് അങ്ങനെ പോയിപ്പോയി എല്ലാ ശരികളും പഠിച്ച് അതെല്ലാം ഉൾക്കൊണ്ട്,  എല്ലാ ശരികളും ഒന്നിച്ച് രൂപാന്തരപ്പെട്ട് ഒരുവനായി നിൽക്കുമ്പോൾ എന്തു സംഭവിക്കും?

സ്വന്തം ശരിമാത്രം ശരിയാണെന്ന് വിചാരിച്ച് പരസ്പരം പോരടിക്കുന്നവരുടെ ലോകത്തിൽ എല്ലാ ശരികളും പഠിച്ച് എല്ലാ ശരികളും ഉൾക്കൊണ്ട് എല്ലാ ശരികളും രൂപാന്തരപ്പെട്ട് ഒരുവൻ നിന്ന് അതിനെ നോക്കുന്നു എന്ന് വിചാരിക്കുക.

അപ്പോൾ പരസ്പരം പോരടിക്കുന്ന ശരികൾക്ക് മുൻപിൽ ശരിയേതെന്നു നിശ്ചയിക്കാനാവാത്ത ഒരുവൻ സംജാതമാകുമോ? അതോ എല്ലാം ശരിയാണെന്ന് നിശ്ചയിച്ചുറയ്ക്കുന്ന ഒരുവൻ സംജാതമാകുമോ?

ചോദ്യം?

ചോദ്യം മനസിലാകുന്നുണ്ടോ?

ഓരോത്തന്റെയും ശരി അവന്റെ സങ്കുചിതാവസ്ഥയുടെ പ്രതിഫലനമാണു.

ഒരു മതം അല്ലെങ്കിൽ ജാതി അല്ലെങ്കിൽ വർഗ്ഗം അതിന്റെ ശരിയെന്നു പറയുന്നതത്രയും ആ ജാതിയുടെ മതത്തിന്റെ വർഗ്ഗത്തിന്റെ അപ്പോഴത്തെ കൂട്ടായ്മയെ ഭൌതികങ്ങളായ നേട്ടങ്ങൾക്കുവേണ്ടി തിരിച്ചു വിടാനും തെറ്റെന്നു അവർ പറയുന്നവരുടെ ഭൌതിക നേട്ടങ്ങളെ തടയുവാനും വേണ്ടി ഉദ്ദേശിച്ചുള്ളവയാണെന്നു പറയുന്നതല്ലെ ഏറെ ശരി?

എതിരാളിയും ഒട്ടും വ്യത്യസ്ഥനല്ല. ഇവനേപ്പോലെ തന്നെ അവനും.

എനിക്കും വേറൊരുവനും സമ്മതമാകുന്ന ഒരു ശരി, ഞങ്ങൾക്കിരുവർക്കും ലാഭമുണ്ടാകുന്നില്ലെങ്കിൽ, ഭൌതികമായ ഒരു ശരിയായി വരികയില്ല.

അപ്പോൾ, എല്ലാവർക്കും സമ്മതമായ ഒരേയൊരു ശരി ഭൌതികേതരമാകാനേ വഴിയുള്ളു.

ആ ശരി ഒഴികെയുള്ളതെല്ലാം പുരുഷാപരാധത്തിന്റെ പരിധിയിൽ വരുമെന്ന് സർവ്വജ്ഞാത്മമുനി പറയുന്നു. ലോകത്ത് 21 തരം പുരുഷാപരാധങ്ങളാണു. അവയിൽ ഒന്നു മാത്രമേ ആയിട്ടുള്ളു.

ഒരുവൻ ഒരു ജാതിയിൽ ഒരു മതത്തിൽ ജനിക്കുന്നത് യാദൃശ്ചികമാണു. ആദ്യം അവന്റെ അച്ഛനമ്മമാരുടെ ജാതി കൊണ്ട് അവനെ മുദ്ര കുത്തും. അവനതിൽ ഒരു പങ്കുമില്ലെന്നതല്ലെ യാഥാർത്ഥ്യം? ജന്മം കൊണ്ട് ഒരുവൻ ഇന്ന ജാതിയാണെന്ന് പറയുന്നതിനു എതാണു അർത്ഥം? ജനിക്കുമ്പോൾ ഒരു കുഞ്ഞിനു ജാത്യാഭിമാനമുണ്ടോ? ഇല്ലെന്നു തോന്നുന്നു. ശരിയാണോ?ജനിച്ചു കഴിഞ്ഞാണു അവനിൽ ജാത്യാഭിമാനം ഉണ്ടാകുന്നത്. പൂർവ്വാചാര്യന്മാരുടെ ഈ വിഷയത്തിലുള്ള ചിന്ത ഗഹനമാണു. അതിന്റെ ഒരു ദൃഷ്ടാന്തമാണു മഹാഭാരതത്തിലെ പാണ്ഡവരും കൌരവരും. ജന്മം കൊണ്ട് അവരുടെ ജാതിയും അവർ വച്ചുപുലർത്തിയ ജാത്യാഭിമാനവും ഒന്നു പരിശോധിച്ചു നോക്കുക. നമ്മോടുള്ള വ്യാസന്റെ വക ഒരബോധപ്രബോധനമാണത്.

കേരളത്തിലുമുണ്ട്, ഈ വിഷയത്തിൽ ശക്തമായ ഒരു മിത്ത്. പറയി പെറ്റ പന്തിരു കുലം!

ഒരു പറയ വനിതയെയാണു വരരുചി വിവാഹം കഴിക്കുന്നത്. ആദ്യത്തെ കുട്ടിയെ അഗ്നിഹോത്രിയുടെ ഇല്ലത്ത് വളർത്തിയപ്പോൾ പുരുഷാപരാധം ബ്രാഹ്മണ്യം കൊണ്ട് ഉൽക്കടമായി. രണ്ടാമത്തെ കുട്ടി രജകന്റെ വീട്ടിലാണു വളരുന്നത്. ഇപ്പോൾ അച്ഛനും അമ്മയും മാറിയില്ലെങ്കിലും കുട്ടി രജകപാരമ്പര്യത്തിലായി. അവിടെ പുരുഷാപരാധം വേറൊന്നാകുന്നു. തച്ചന്റെ വിട്ടിലാകുമ്പോൾ അത് പിന്നെയും മാറുന്നു. അങ്ങനെയങ്ങനെ അത് പോവുകയാണു.

താൻ കേട്ടും പഠിച്ചും വരുന്ന പുരുഷാപരാധപരമായ സങ്കുചിതത്ത്വത്തിൽ നിന്നാണ് മാനവന്റെ ആദ്യത്തെ അധ:പതനം സംജാതമാകുന്നത്. സർവ്വജ്ഞാത്മമുനിപുരുഷാപരാധത്തെ വച്ചു കൊണ്ട് അത് പറയുന്നുണ്ട്. പുറമേ നാം കേൾക്കുന്ന അറിവുകൾ ഒന്നും അത് കഴിക്കളയുവാൻ പര്യാപതമല്ല. (ഇതു വായിച്ചാലും...). എന്നു മാത്രമല്ല മാനവിലെ പുരുഷാപരാധം ചെന്നു കയറുന്ന അറിവിനേക്കൂടി അഹംബുദ്ധിയിൽ ലയിപ്പിച്ച് അവനെ കൂടുതൽ ഉദ്ദൃതനാക്കും. പിന്നെ ആ അറിവു അവന്റെ അഹംബുദ്ധിയിൽ കൊമ്പ് പോലെ മുഴച്ചു നിൽക്കുന്നത് കാണാം. അറിയുന്നതത്രയും പുരുഷാപരാധപരമായ തന്റെ അഹങ്കാരത്തിനു വളവും വെള്ളവും നൽകി ഉള്ളതിനേക്കാൾ ‘അറിഞ്ഞ ഒരു സങ്കുചിതനെ’ സൃഷ്ടിക്കാൻ അത് സഹായകമാകും.

ആലോചിച്ചാൽ ലോകം ഒരു വല്ലാത്ത ഒരു തമാശ തന്നെ.

Wednesday, November 24, 2010

ഗീതാവലോകനം - 4 ; പുരുഷാപരാധം

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ നിഷ്കളങ്കതയിൽ അവന്റെ ഹൃദയവും മനസും ശുഭ്രമായിരിക്കും. അതിലേക്ക് അവന്റെ അമ്മയും അച്ഛനും പറഞ്ഞു കൊടുക്കുന്നത്: ‘നീ എന്റെ മകനാണു’എന്നാണു. നിരന്തരം അവനത് കേൾക്കുന്നു.

“ മകനെ നീ ഞങ്ങളുടേതാണു”,

ഞങ്ങളുടേത് അല്ലെങ്കിൽ എന്റെ മാത്രം

ആവർത്തിച്ചാവർത്തിച്ചുള്ള ആ കേൾവിയിലൂടെ താൻ ഇന്നയാളിന്റെ മകനാണെന്ന ഒരു പരിമിതിയിലേക്ക് ആ ശിശു ചുരുങ്ങുന്നു. ആ പരിമിതിക്ക് യോജിച്ച അഹന്തയും കുറേ കർത്തവ്യവിശേഷങ്ങളും അവനിൽ രൂഢമൂലമാകുകയായി. പറ്റിയാലും പറ്റിയില്ലെങ്കിലും അവന്റെ ബോധമണ്ഡലത്തിൽ അതിന്റെ ഒരു ഭാവം രൂപപ്പെടും. അങ്ങനെയാണു നമുക്ക് ചുറ്റുമുള്ള ഈ ലോകം ഉണ്ടായിരിക്കുന്നത്.

ഒരു കുട്ടി ജനിക്കുമ്പോൾ ഒരാളും ‘ നീ ഭൂമിയുടെ ഉപ്പാണെന്നും നീ പ്രപഞ്ചത്തിന്റെ ആകെ സ്വത്താണെന്നും, നിന്റെ വ്യക്തി സത്ത ഈ സാമാജിക സത്തയിലാണു കുടികൊള്ളുന്നതെന്നും, നിന്റെ പരമമായ ധർമ്മം ഈ സമാജത്തിന്റെ ഉൽക്കർഷമാണെന്നും’ പറഞ്ഞു കൊടുക്കാറില്ല.

ഒരു കുഞ്ഞിലേക്ക് ആദ്യാറിവു വരുന്നത് ചുറ്റുമുള്ള ഈ പ്രപഞ്ചത്തിൽ നിന്നാണു. അതിനെ മറച്ചു വച്ചാണു അമ്മയും അച്ഛനും അവനിൽ പുത്രനാണെന്നുള്ള അറിവ് വളർത്തുന്നത്.

ആകാശത്തിൽ പറവകൾ. തൊടികളിൽ തരുലതാദികൾ. വേരൊരിടത്ത്  പുഴ. കിഴക്ക് ഉദിച്ചു വരുന്ന സൂര്യൻ. രാത്രിയിൽ മാനത്ത് നക്ഷത്രങ്ങൾ. ഇവയൊക്കെ അവനെപ്പോലെ തന്നെ സത്യങ്ങൾ. . പക്ഷെ  ഉപദേശം അവനിൽ വരുത്തുന്ന മാറ്റമോ?
ഇതൊക്കെ ‘എന്റേതെ’ന്ന്!
എന്നാൽ, ഇതെല്ലാം ചേർന്നതാണു അവനെന്ന് അവനാരും പറഞ്ഞു കൊടുക്കുന്നില്ല.

- കുഞ്ഞേ, ഏകമല്ല നിന്റെ വ്യക്തിസത്ത. ഈ കാണുന്ന പ്രപഞ്ചമെല്ലാം കൂടിച്ചേരുന്ന വിശ്വനാണു നീ. ഇതിന്റെ സമഗ്രമായ നിലനില്പിലാണു നിന്റെ നിലനിൽ‌പ്പ്. ഇതിലേതിനുണ്ടാകുന്ന ദോഷവും വിനാശവും നിന്റെ കൂടി ദോഷവും വിനാശവുമാണു. നിന്റെ അറിവിനും വികാസത്തിനും പരിണാമത്തിനും പ്രപഞ്ചവുമായി ഉള്ള ഈ ചേർച്ചക്ക് സുതാര്യമായ ഒരു ഐതിഹാസികതയുണ്ട്. ഇതിനെയെല്ലാം സമഗ്രമായി യോജിപ്പിക്കുവാനാണ് പുത്രാ നീ ജന്മം കൊണ്ടിരിക്കുന്നത്.....

ഇന്ന് ഇങ്ങനെ ആരെങ്കിലും പഠിപ്പിക്കുമോ?

സംശയമാണു.

- നീ എന്റെ മകനാണു. എനിക്ക് വിരോധമുള്ളതെല്ലാം നിനക്ക് വിരോധമുള്ളതായിരിക്കണം. എനിക്ക് പ്രിയപ്പെട്ടതെല്ലാം നിനക്കും പ്രിയമുള്ളതായിരിക്കണം. എന്റെ ആവശ്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം നിന്റെ കർത്തവ്യകർമ്മങ്ങൾ. എന്റെ സങ്കല്പസാമ്രാജ്യത്തിലൂടെ ആയിരിക്കണം നിന്റെ ജീവിതയാത്ര. അങ്ങനെയല്ലെങ്കിൽ പുത്രനായാലും നീ എന്റെ ശത്രുവാണു. എന്റെ വാസനാബദ്ധമായ സങ്കല്പജീവിതം നീ നയിച്ചാൽ നീ സത്പുത്രനും ഞാൻ ഭാഗ്യവാനുമാണു.

ആധുനികമായ ഈ കാലത്ത് നാം ഏറെക്കാണുന്നത് ഈ ചിത്രമല്ലെ?

രാവിലെ വീടുകളിൽ പോയി നോക്കിയാൽ ഈ ചിത്രം തെളിഞ്ഞു കാണാം. സ്കൂളിലയക്കാനുള്ള തത്രപ്പാടിൽ അമ്മമാർ കുട്ടികൾക്ക് മീതെ കോരിച്ചൊരിയുന്ന വാക്കുകൾ ശ്രദ്ധിച്ചു നോക്കുക. കുട്ടികൾ ഉണരുന്നത് ശാന്തിയിലേക്കല്ല. പിരിമുറുക്കത്തിന്റേയും കലാപത്തിന്റേയും ശുണ്ഠിയുടേയും വൈതാളിക ലോകത്തിലേക്കാണു. അവർക്കെങ്ങനെ ഉത്തമന്മാരാകാൻ കഴിയും? അവർക്കെങ്ങനെ അറിവ് സമ്പാദിക്കാൻ കഴിയും? അവർ അറിവൊന്നും സമ്പാദിക്കുന്നില്ല എന്ന്  കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളെ നേരിടുന്ന സന്ദർഭത്തിലാണു അവരും മാതാപിതാക്കളും മനസിലാക്കുന്നത്. ജീവിതത്തിനു യാതൊരു തരത്തിലും പ്രയോജനപ്പെടാത്ത കുറേ ബിരുദങ്ങൾക്ക് വേണ്ടിയാണു സമയവും സ്നേഹവും പാരസ്പര്യവും നഷ്ടപ്പെടുത്തിക്കൊണ്ട് ആധുനികർ കുട്ടികളെ വളർത്തുന്നത്. അവർ വളർന്നു വരുമ്പോൾ മനശ്ശാസ്ത്രജ്ഞന്മാർക്ക് വേണ്ടത്ര തൊഴിൽ നൽകുന്നുണ്ട് എന്നതൊഴിച്ചാൽ അവരെക്കൊണ്ട് എന്താണു പ്രയോജനം?

ജീവിക്കുവാൻ വളരെയൊന്നും പഠിക്കേണ്ടതില്ല. ഒരു ഡിഗ്രിയും അതിനു വേണ്ട. ഇതൊക്കെ വളരെ വൈകിയേ മനസിലാകു.സമഗ്രമായ ജീവിതത്തിൽ മുന്നേറുമ്പോൾ വഴിയിൽ വില്പനക്ക് വച്ചിരിക്കുന്ന ബിരുദങ്ങൾ വാങ്ങി സഞ്ചിയിൽ ഇടുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ ജീവിതത്തിന്റെ പാഠം നന്നായി ഉറച്ചു വേണം മുന്നോട്ട് പോകേണ്ടത്. അത് പഠിപ്പിച്ചു കൊടുക്കേണ്ട അമ്മമാർ ഇന്ന് അജ്ഞാനത്തിന്റേയും വിപരീത വിജ്ഞാനത്തിന്റേയും പടുകുഴിയിലാണു. തങ്ങളുടെ മക്കൾ വലിയ വലിയ ഉദ്ദ്യോഗങ്ങൾ നേടി പണം സമ്പാദിക്കുന്നു എന്ന്  അമ്മമാർ അഭിമാനിക്കുമ്പോൾ, കുട്ടികൾ അവരുടേതല്ലാത്ത ഒരു ലോകത്തിന്റെ ഭാരം ചുമക്കുകയാണു എന്ന് ആ അമ്മമാർ അറിയുന്നില്ല. അറിയുന്നവർ തന്നെ അത് പുത്രധർമ്മമാണെന്ന് വ്യാഖ്യാനിക്കും. അതിനു ഉപോൽബലകമായ ഭീഷ്മരേപ്പോലുള്ളവരുടെ ത്യാഗകഥകളും പ്രസിദ്ധമാണു. എന്നാൽ അവ പിതാവിന്റേയും മാതാവിന്റേയും അഹംബുദ്ധിയെ താലോലിച്ച കഥകൾ കൂടിയാണെന്ന് അവർ മനസിലാക്കുന്നില്ല.

ഇത്തരം കഥകൾ കേൾക്കുമ്പോൾ കുഞ്ഞിന്റെ വ്യക്തിജീവിതം ഒന്നു കൂടി സങ്കുചിതമാകും.തനിക്കിഷ്ടമില്ലെങ്കിലും ഇത്തരം കർത്തവ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന വിചാരം അവനെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ കൊണ്ടെത്തിക്കും.

പുരുഷാപരാധം ഇതാണു.
സർവ്വജ്ഞാത്മമുനി പറയുന്ന 21 തരം പുരുഷാപരാധങ്ങളിൽ ഒന്നു മാത്രമേ ഇതാകുന്നുള്ളു.

ഈ പുരുഷാപരാധമെങ്ങനെയാണു ജാതിയായും വർണ്ണമായും പരിണമിക്കുന്നത്?

.

.

Tuesday, November 16, 2010

ഗീതാവലോകനം 3

ഗീത പുതിയ ദർശനമല്ല എന്ന് പറഞ്ഞു. അപ്പോൾ അർജ്ജുനനു അതു പുതിയത് പോലെ തോന്നാൻ എന്താണു കാരണം? നമുക്കും അതിൽ പുതുമ തോന്നുന്നുണ്ട്.

പരമ്പരയാ പഠിച്ചു വന്ന ഗീതാ തത്ത്വം കാലക്രമത്തിൽ മനസിൽ നിന്നു മാഞ്ഞുപോയി. അതാണു വീണ്ടും കുരുക്ഷേത്ര ഭൂമിയിൽ വച്ച് പറഞ്ഞു കൊടുക്കേണ്ടി വന്നത്.

എങ്ങനെയാണു അത് മങ്ങി പോയത്?

എല്ലാക്കാലത്തും ഗീത പറഞ്ഞു കൊടുത്തത് ശ്രീകൃഷ്ണൻ തന്നെയായിരുന്നു. ഇത് മറ്റാരും പറഞ്ഞതല്ല. ഗീതയിൽ ഭഗവാൻ തന്നെ പറയുന്നതാണു.

ഗീത യോഗശാസ്ത്രമാണു. സുഖമായി ജീവിക്കാൻ അത് ഉപകരിക്കും. ആദ്യം ഗീത ഉപദേശിച്ചു കൊടുത്തത്  വിവസ്വാനാണു. വിവസ്വാൻ മനുവിനും മനു ഇക്ഷ്വാകുവിനും അത് കൈമാറി. അവർക്കെല്ലാം അത് പ്രയോജനപ്പെട്ടു. ആനന്ദമുണ്ടായി. കാലവും ദേശവും മാറിയിട്ടും അത് ഫലപ്രദമായി നിന്നു. ഗീത ലഭിച്ചവരൊക്കെ അതിനെ അനുസരിച്ച് അനുഭൂതി നേടി. ഇത്ര ഫലവത്തായ ഒരു ദർശനമാണു പിന്നീട് മറഞ്ഞു പോയത്. പാരമ്പര്യ സ്ത്രോതസ്സിൽ നിന്നു നഷ്ടമായത്.

-സ കാലേന ഇഹ മഹതാ യോഗോ നഷ്ട:എന്നാണ് ഗീതയിൽ പറയുന്നത്

ഇല്ലെങ്കിൽ ഇപ്പോൾ അർജ്ജുനാ നിനക്കിത് പറഞ്ഞു തരേണ്ടി വരില്ലായിരുന്നു. എങ്ങനെയാണു നിങ്ങളൂടെ ജീവിതത്തിൽ ഒരു അനുഷ്ഠാനമായിത്തീരേണ്ട ഈ യോഗം നഷ്ടപ്പെട്ടത്?

വളരെ സ്പഷ്ടമായാണു അതിനു ഭഗവാന്റെ മറുപടി:

-ദുർബ്ബലാൻ അജിതേന്ദ്രിയാൻ പ്രാപ്യ യോഗോ നഷ്ട പരന്തപ:

ദുർബ്ബലന്മാരേയും അജിതേന്ദ്രിയന്മാരേയും പ്രാപിച്ചിട്ട് അത് നഷ്ടമായി. നിങ്ങളുടെ തലമുറയിൽ അജിതേന്ദ്രിയന്മാരും ദുർബ്ബലന്മാരും ഉണ്ടായി. ശാസ്ത്രം അത്തരക്കാർക്കുള്ളതല്ല. .

ജിതേന്ദ്രിയന്മാരും ബലവാന്മാരുമായിട്ടുള്ളവർ തങ്ങളുടെ വൈയക്തിക സീമകളെ ഉല്ലംഘിക്കുമ്പോൾ, തങ്ങളുടെ വ്യക്തിസത്തയെ നിരാകരിക്കുമ്പോൾ, അവർക്കുണ്ടാകുന്ന ഒരു ആവാന്തര പരിണാമമായ സാമൂഹികസത്തയിൽ ഉൽഫുല്ലമാകുന്നതാണു ശാസ്ത്രസത്യങ്ങൾ.

വേറൊരു വിധത്തിൽ പറയുമ്പോൾ-

വ്യക്തി, അവന്റെ വൈയക്തികസീമ അറിവിന്റെ അഗാധതയിൽ വച്ച് ജ്വലിപ്പിച്ച് ഉരുക്കി നശിപ്പിക്കുമ്പോൾ അവനിൽ ഉൽഫുല്ലമാകുന്ന ഒരു സാമാജിക അവബോധത്തിന്റെ അനന്തരപരിണാമമാണു ശാസ്ത്രസത്യങ്ങൾ. അത് അവനേയും സമാജത്തേയും അത്യന്ത ഭാസുഅരങ്ങളായ ലോകങ്ങളീലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ട് പോകും.

എന്നാൽ മാനവചരിത്രം പരിശോധിക്കുമ്പോൾ ഈ ഉയർച്ച സ്ഥിരമായി മുകളിലേക്ക് പോകുന്ന ഒന്നല്ല എന്ന് കാണാം. ഉന്നതിയുടെ കുറേദൂരം പോകുമ്പോൾ ആ ശാസ്ത്രസത്യത്തെ അതിന്റെ ചാരുതയോടെ ഉപയോഗിക്കേണ്ടതിനു പകരം ആളുകൾ തന്റെ വൈയക്തികങ്ങളായ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും, തന്റെ ഇന്ദ്രിയപരമായ രാഗത്തിനും ദ്വേഷത്തിനും തന്റെ പുരുഷാപരാധപരങ്ങളായ വ്യാമോഹങ്ങൾക്കും അതിനെ ഉപയോഗിക്കാൻ ശ്രമിക്കും. അവിടെ അത് ശാസ്ത്രം അല്ലാതെയായിത്തീരുകയും വിനാശകരമായി മാറുകയും ചെയ്യും.

ശ്രദ്ധിക്കുക, വ്യക്തി യോഗശാസ്ത്രത്തെ തന്റെ

-വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക്

-ഇന്ദ്രിയപരമായ രാഗദ്വേഷങ്ങൾക്ക്

- പുരുഷാപരാധപരമായ അഹംബുദ്ധികൾക്ക്

ഉപയോഗപ്പെടുത്തുമ്പോഴാണു ലോകവിനാശകമായിത്തീരുന്നതെന്ന് പറഞ്ഞു.

എന്തിനു യോഗശാസ്ത്രം വരെ പോകണം. സാധാരണ ഭൌ‍തിക ശാസ്ത്രങ്ങൾ വരെ അങ്ങനെ ഉപയോഗിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. അണു കണങ്ങളുടെ അനന്തമായ ഊർജ്ജസാദ്ധ്യത വിനാശകരമായി ഉപയോഗപ്പെടുത്താൻ മനുഷ്യൻ കാണിച്ച ഔത്സുക്യം ഒരുദാഹരണം മാത്രം. അതിന്റെ തിക്തഫലം ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും തുടരുകയാണു. അപ്പോൾ അതിനേക്കാൾ സൂക്ഷ്മമായ യോഗശാസ്ത്രം വ്യക്തിലക്ഷ്യത്തോടെ ഉപയോഗിച്ചാൽ എന്താണു സംഭവിക്കുക?

ദുർബ്ബലനും അജിതേന്ദ്രിയനുമായ മനുഷ്യൻ എപ്പോഴെല്ലാം ഏതെല്ലാം കാലങ്ങളിൽ ഏതെല്ല്ലാം ദേശങ്ങളിൽ കേവലമായ ശാസ്ത്രസത്യത്തെ ആപേക്ഷികങ്ങളായ തങ്ങളൂടെ വ്യാമോഹങ്ങൾക്ക് വേണ്ടി വലിച്ചിഴച്ചുവോ അപ്പോഴെല്ലാം ഈ ഭൂമി ദു:ഖിച്ചിട്ടുണ്ട്. തപിച്ചിട്ടുണ്ട്. വ്യക്തിയിൽ ആവിർഭവിച്ച് സമാജത്തോളം ഈ ഇന്ദ്രിയപരങ്ങളായ രാഗങ്ങൾ വളരുമ്പോൾ ശാസ്ത്രം നോക്കുകുത്തിയായി മാറും. ജീവിതം വിഷലിപ്തമാകും. ഇത്തരം ഒരു സമസ്യ ഗീതയുടെ നാലാം അദ്ധ്യായത്തിലെ ആരംഭശ്ലോകത്തിലൂടെ ഭഗവാൻ നമുക്ക് കാണിച്ചു തരുന്നുണ്ട്.

ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞത് - നിങ്ങൾ ഇങ്ങനെയൊന്നുമല്ലായിരുന്നു എത്തേണ്ടത്. ഇതിപ്പോൾ രണഭൂമിയിൽ എത്തിനിൽക്കുകയാണു. ശാസ്ത്രയുക്തമായി ജീവിച്ചിരുന്നെങ്കിൽ ഇവിടെ എത്തിച്ചേരില്ലായിരുന്നു. തെറ്റായ ജീവിതം നയിച്ചതു കൊണ്ടാണത്. ദുർബ്ബലന്മാരും അജിതേന്ദ്രിയന്മാരും ആയതുകൊണ്ടാണു നിങ്ങൾ ഇങ്ങനെയായത്. നീയും നിന്റെ പിന്മുറക്കാരായ കുറേ രാജാക്കന്മാരും സമൂഹത്തേയും ശാസ്ത്രസത്യത്തേയുമെല്ലാം ഉല്ലെംഖിച്ച് ഇന്ദ്രിയപരമായ രാഗദ്വേഷങ്ങൾക്കും പുരുഷാപരാധപരങ്ങളായ അഹംബുദ്ധികൾക്കും വശംവദരായി നാശത്തെ പ്രാപിച്ചു.

അർജ്ജുനനു അയാളുടെ യഥാർത്ഥ അവസ്ഥയെന്താണെന്ന് ഭഗവാൻ കാട്ടിക്കൊടുക്കുകയാണു. ഇതിൽ ചിലപദങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇന്ദ്രിയപരങ്ങളായ രാഗദ്വേഷങ്ങൾ എന്താണെന്ന് എല്ലാവർക്കുമറിയാം. വേറൊന്നുള്ളത് പുരുഷാപരാധപരമായ അഹംബുദ്ധികൾ ആണു. അഹംബുദ്ധിയും മനസിലാക്കാൻ പ്രയാസമില്ല. എന്നാൽ പുരുഷാപരാധമെന്നാൽ എന്താണു? അതേപ്പറ്റി വിശദമായിത്തന്നെ പറയാനുണ്ട്.

Sunday, November 29, 2009

ഗീതാവലോകനം-2

ഗീത ആവിർഭവിച്ച ഒരു കാലഘട്ടം, ഗീത ആവിർഭവിക്കാൻ ഇടയായ ദേശം ഇവയൊക്കെ അന്വേഷിക്കണ്ടതും അറിയേണ്ടതുമാണു. പക്ഷെ ഗീതാന്വേഷണം അതു മാത്രമായി ചുരുങ്ങുന്നത് അഭികാമ്യമല്ല. കാരണം ഗീതയുടെ ഇതിവൃത്തം ചരിത്രമല്ല. ഗീതയിൽ എന്താണു പറയുന്നത്, എന്തിനാണു പറയുന്നത് എന്നതാണു പ്രധാനം. അതിനു അർജ്ജുനാദി കഥാപാത്രങ്ങളെയാണു വ്യാസമഹാമുനി അവലംബിച്ചിരിക്കുന്നത്.

ഭവത്ഗീതയുടെ പശ്ചാത് ഭൂമിയിലേക്ക് അർജ്ജുനനേയും കൃഷ്ണനേയും ഒരു നിമിഷം കൊണ്ടോ, ഒരു ദിവസം കൊണ്ടോ പെട്ടെന്ന് കൊണ്ടുവരികയല്ല മഹാഭാരത കർത്താവ് ചെയ്തത്. അതിനു നീണ്ടൊരു ചരിത്രമുണ്ട്. അവരുടെ വരവിന്റെ ആ ചരിത്രം ഗീതയിൽ തന്നെ സൂചിതവുമാണു. ഭഗവത് ഗീത നാലാം അദ്ധ്യായം ഒന്നാം ശ്ലോകത്തിൽ ഇത് കാണാം.

അർജ്ജുനന് എന്തിനാണു ഭഗവാൻ ഗീതോപദേശം ചെയ്തത്? അർജ്ജുനന് കൊടുത്ത ആ ഉപദേശം മുമ്പെവിടെയെങ്കിലും ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ? അങ്ങനെ കൊടുത്തിട്ടുണ്ടെന്ന് ഭഗവാൻ, താൻ തന്നെ പറയുന്നുണ്ടോ? ഇതിനുള്ള മറുപടി വ്യാഖ്യാതാവിന്റെ വ്യാഖ്യാനവൈഭവം കൊണ്ടല്ലാതെ ഭഗവത് ഗീതയിൽ തന്നെ സ്പഷ്ടമായി കാണാനാകുമോ?

ഇതിനൊക്കെയുള്ള വ്യക്തമായ ഉത്തരമാണു പ്രസ്തുത ശ്ലോകം. ഗീതയിൽ നിന്ന് വേറിട്ട് ഏതെങ്കിലും വ്യാഖ്യാനഗ്രന്ഥങ്ങളിലോ ആചാര്യന്മാരുടെ സ്വകപോല കല്പിതങ്ങളായ ചിന്തകളിലോ അല്ല അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഭഗവത് ഗീത അർജ്ജുനന് പറഞ്ഞുകൊടുക്കേണ്ടിവരുന്ന സന്ദർഭത്തെക്കുറിച്ചാണു വിശദീകരണം. അവിടെ നിന്ന് നമുക്ക് പിറകോട്ട് ചിന്തിക്കാം.

“ഇമം വിവസ്വതേ യോഗം ................പരന്തപ” (4 - 1,2)

ഈ യോഗശാസ്ത്രം, പണ്ട് ഞാൻ വിവസ്വാനു പറഞ്ഞു കൊടുത്തതാണു. വിവസ്വാൻ സ്വപുത്രനായ മനുവിനും, മനു അവന്റെ പുത്രനായ ഇക്ഷ്വാകുവിനും അത് കൈമാറി. ഇങ്ങനെ പരമ്പരയാ തുടർന്നുപോയ യോഗം രാജർഷിമാർക്കും ലഭിച്ചു. അതു തന്നെയാണു ഞാനിപ്പോൾ നിനക്കും പറഞ്ഞുതരുന്നത്.

ഇതിൽ നിന്നും നാം എന്താണു മനസിലാക്കേണ്ടത്?

ഭഗവത് ഗീതയുടെ ദർശനം ഒട്ടും പുതിയതല്ല.

യുദ്ധക്കളത്തിൽ വച്ച് അർജ്ജുനനെ യുദ്ധസന്നദ്ധനാക്കാൻ പെട്ടെന്ന് ഉണ്ടാക്കിയ ഒരു തത്ത്വശാസ്ത്രമാണ് ഗീതയെന്ന് ധരിച്ചിട്ടുള്ളവർ അനവധി പേരുണ്ടാകും. എന്നാൽ അതല്ല വാസ്തവമെന്ന് ഗീത തന്നെ പറയുന്നു.

പണ്ടേ ഉണ്ടായിരുന്ന ഒരു ദർശനമാണത്. ഇക്ഷ്വാകുവിനും, മനുവിനും മുമ്പേ വിവസ്വാന്റെ കാലത്തു തന്നെ അത് ഉണ്ടായിരുന്നു. ശ്രീകൃഷ്ണ പരമാത്മാവാണു അന്നും അത് പറഞ്ഞു കൊടുത്തത്.
പ്രോക്തവാൻ ‘അഹം’ എന്നാണു ശ്ലോകം. അന്നു പറഞ്ഞുകൊടുത്ത ശ്രീകൃഷ്ണൻ തന്നെയാണോ ഈ നിൽക്കുന്നത് എന്നേ സംശയിക്കാനുള്ളു.

ഗീതാവലോകനം-1

ശ്രീമദ് ഭഗവത് ഗീതയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

വ്യാസപ്രോക്തവും മഹാഭാരതാന്തർഗതവുമാണു ഭഗവത് ഗീത എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ മഹാഭാരതത്തിന്റെ പശ്ചാത്തലചിന്തയില്ലാതെയാണു കുറേ സംവത്സരങ്ങളായി ഗീത നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നത്. അതുകൊണ്ടു തന്നെ ഭഗവത് ഗീതയുടെ പശ്ചാത്ത് ഭൂമിയും ഗീതോപദേശത്തിനു ശേഷം പാണ്ഡവ കൌരവരുടെ ജീവിതവും വിശകലനത്തിനു വിധേയമാക്കാൻ നാം തയ്യാറായിട്ടുമില്ല. അങ്ങനെ വന്നപ്പോൾ ഭാരത മനസുകളിൽ ഗീത ഒരു ‘യുദ്ധത്തിന്റെ കാഹളം‘ മാത്രമായി ചുരുങ്ങി. അതിനപ്പുറം സനാതനമായ ചിന്തകളിലേക്ക് വെളിച്ചം വീശാൻ പര്യാപതമായ ഒരു ശാസ്ത്രമാണ് ഗീതയെന്ന് നാം വിസ്മരിച്ചു. എക്കാലത്തേയും ഗീതയുടെ വിഖ്യാതവ്യാഖ്യാതാക്കന്മാർ ആ സത്യം അവിടവിടെ ശ്ലോകങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ കൂടി. ഇന്നിപ്പോൾ ശ്രോതുമനസുകളിൽ ഗീത ഉണർത്തുന്ന ചിത്രം, കർത്തവ്യവീമൂഡനായി നിൽക്കുന്ന ഒരു അർജ്ജുനനോട് “നീ, നിന്റെ കർത്തവ്യം ചെയ്യു” എന്ന് ഉപദേശിക്കുന്ന ഒരു ശ്രീകൃഷ്ണന്റേതുമാത്രമായി തീർന്നു. ചുരുക്കത്തിൽ ഭാരതീയ മനസ്സുകൾ അവരുടെ ഈശ്വരസ്വരൂപമായ ശ്രീകൃഷണനെ ഇന്ന് കാണുന്നത് തന്ത്രശാലിയായ ഒരു യുദ്ധക്കൊതിയനായിട്ടാണ്. അല്ലെങ്കിൽ കുരുക്ഷേത്ര ഭൂമിയിൽ വച്ച് തന്റെ സഹപാഠി - ഒരിക്കലും അർജ്ജുനൻ കൃഷ്ണന്റെ സഹപാഠിയായിരുന്നിട്ടില്ല, എന്നിട്ടു കൂടി, അങ്ങനേയും വിശേഷിപ്പിക്കുന്നു- എന്നോ, സുഹൃത്തെന്നോ, സ്യാലനെന്നോ വിശേഷിപ്പിക്കാവുന്ന ആ അർജ്ജുനനോട് “നീ യുദ്ധം ചെയ്യു, അത് മാത്രമാണു നിനക്ക് കരണീയമായിട്ടുള്ളത്” എന്ന് ഉപദേശിക്കുമായിരുന്നോ? അതിനുള്ള ന്യായവാദങ്ങളല്ലെ ഗീത മുഴുവൻ? ഒറ്റനോട്ടത്തിൽ ന്യായമെന്ന് തോന്നാവുന്ന സംശയം. ആധുനികൻ ആ രീതിയിലാണു ഗീതയെ സമീപിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയണമെന്നുണ്ടെങ്കിൽ പ്രമാണഗ്രന്ഥമായ മഹാഭാരതത്തിന്റെ വെളിച്ചത്തിൽ ഒരു പ്രാവശ്യമെങ്കിലും ഗീത വായിച്ചു നോക്കണം. പലപ്പോഴും നാം അതിനു മെനക്കെടാറില്ലെന്നതാണു വാസ്തവം.

ഭാരതീയമായ ഗ്രന്ഥങ്ങളുടെ പഠനമൊക്കെ നാം ഒരുപറ്റം ആളുകളെ പിടിച്ചേൽ‌പ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിനുള്ള പ്രയാസം ഓർത്തിട്ടാവണം അങ്ങനെ ചെയ്യുന്നത്. ഏത് കാര്യത്തിലായാലും ആഴത്തിൽ പഠിക്കാതെ ഒരു അഭിപ്രായത്തിൽ എത്തുന്നവരാണു കൂടുതൽ ഭാരതീയരും. ‘എല്ലാം അറിഞ്ഞിരിക്കുന്നു‘ എന്ന് മുൻ‌കൂട്ടി തീരുമാനിക്കുന്നവരാണു നമ്മൾ. സർവ്വകലാശാല വിദ്യാഭ്യാസമൊക്കെ നേടിയവരിൽ ഇത് കലശലുമാണു. ധനാത്മകവും ഋണാത്മകവുമായ അറിവ് മുൻ‌വിധിയോടെ സ്വീകരിക്കുന്ന ഭാരതീയ മനസുകൾക്ക് ഈ ചിന്തകൾ അപ്രാപ്യമായിപ്പോയിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനു അവകാശമില്ല.

Friday, October 31, 2008

വൃഥാ വ്യായാമം

നഗരത്തിലായാലും ഗ്രാമത്തിലായാലും ശരീരവ്യായാമത്തിനായി ഫിറ്റ്നസ്സ് ക്ലബ്ബുകളിൽ പോകുന്നവരുടെ എണ്ണം കൂടിവരികയാണു. ശാരീരിക സൌന്ദര്യം വർദ്ധിപ്പിക്കാനോ ഏതെങ്കിലും രോഗം വന്ന് ഡോക്ടറന്മാരോ ഫിസിയോതെറപ്പിസ്റ്റോ നിർദ്ദേശിക്കുമ്പോഴാണു വ്യായാമം ആരംഭിക്കുന്നത്. അല്ലാതെ ഇതൊരു സ്വാഭാവികമായ ശാരീരിക പ്രവർത്തനമല്ല.

ശരീരത്തിലെ ഓരോ കോശവും സ്വന്തമായ ബോധസത്തയോട് കൂടിയതാണെന്നാണു പ്രാചീന മതം. അത് ശരിയാണെന്ന് ആധുനിക ശാസ്ത്രവും സമ്മതിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു വ്യക്തി എന്തിനാണു സ്വന്തം ശരീരത്തെ ചലിപ്പിക്കുന്നതെന്ന് അയാൾ അറിയുന്നപോലെ ശരീരത്തിലെ ഓരോ കോശത്തിനും അതറിയാനുള്ള അവകാശമുണ്ട്. അതു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാതെയുള്ള ഓരോപ്രവർത്തിയും ആ കോശങ്ങളുടെ പ്രകൃതിക്കു വിരുദ്ധവും രോഗം ജനിപ്പിക്കുന്നതുമായിരിക്കും. വിദ്യാഭ്യാസം ലഭിച്ച ആധുനികനു ഇതറിയില്ല. എന്നാൽ പഠിപ്പോ പത്രാസ്സോ ഇല്ലാത്ത സാധാരണക്കാരനു ഇതറിയാം. പണ്ട് ഇതെല്ലാവർക്കും അറിയാമായിരുന്നു.

വ്യായാമമെന്നാൽ ശരീരത്തിലെ കുറേ ഊർജ്ജം കത്തിച്ചുകളയലാണെന്നാണു ആധുനികൻ ധരിച്ച് വച്ചിരിക്കുന്നത്. അത് പൂർണ്ണമായും ശരിയല്ല. മനസുകൊണ്ട് പ്രകൃതിയോട് ഇണങ്ങി ചെയ്യാത്ത എല്ലാ പ്രവർത്തനങ്ങളും ക്ഷീണമുണ്ടാക്കുന്നതാണെന്ന് നമുക്കറിയാം. ഒരാൾ രാവിലെ എഴുനേറ്റ് നടക്കാൻ പോയി എന്ന് വിചാരിക്കുക. ഡോക്ടറുടെ നിർദ്ദേശം കൊണ്ടാണു അത് ചെയ്യുന്നതെന്നും വിചാരിക്കുക. തിരിച്ചു വരുമ്പോൾ പലപ്പോഴും അയാൾ ക്ഷീണിതനായിരിക്കും. ഇതിനു കാരണം ആ പ്രവർത്തനത്തിൽ പങ്കെടുത്ത ശരീര കോശങ്ങളെ ഈ നടപ്പിനുള്ള ആവശ്യകത അയാൾക്ക് ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണു. നടന്നില്ലെങ്കിൽ ജീവിച്ചിരിക്കാ‍നാവില്ല എന്ന ഭീതിയുടെ സമ്മർദ്ദത്തിലാകും അയാൾ അത്രയും ദൂരം അത്രയും സമയം ശരീരത്തെ ചലിപ്പിച്ചത്. അതേസമയം അയാൾക്ക് സൈക്കിൾ ചവിട്ടാൻ ഇഷ്ടമായിരിക്കുകയും അത് ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നുമില്ലെങ്കിൽ അതാണു അയാൾക്ക് പ്രകൃത്യാ പറഞ്ഞിട്ടുള്ള വ്യായാമം. പക്ഷെ ഒരു സ്റ്റാൻഡാർഡ് എന്ന നിലയിൽ അയാൾ അത് സ്വീകരിക്കാൻ പുറപ്പെട്ടാൽ അയാളെ നിയന്ത്രിക്കുന്നവർ എതിർത്തെന്നിരിക്കും.
വ്യായാമത്തിന്റെ പേരിലുള്ള പ്രയത്നം പലപ്പോഴും അവനവനു തന്നെ ബോദ്ധ്യമുള്ളതല്ല. വ്യായാമം ചെയ്യണമെന്ന ചിന്ത സ്ഥൂലബോധത്തിൽ നിന്നുമുണ്ടാകുന്നതാണു. എന്നാൽ കോശങ്ങളുടെ ബോധം അതീവ സൂക്ഷ്മമാണു. ബാഹ്യമായി നാം കാണാത്ത പലതും കോശങ്ങൾ ആന്തരികമായിക്കാണാറുണ്ട്. ഭൌതികമായ പ്രജ്ഞയെ അംഗീകരിക്കുന്ന ആധുനികൻ അതിനെ നിയന്ത്രിക്കുന്ന മനസിന്റെ പ്രാധാന്യം മനസിലാക്കുന്നില്ല. മനസിന്റെ സൂക്ഷ്മഭാവവും കോശകോശാന്തരത്തിലൂടെയുള്ള അതിന്റെ ലീനത്ത്വവും നിത്യാനുഭവമാണെങ്കിൽ പോലും അത് അംഗികരിക്കാൻ കഴിയുന്നില്ല.
വലിയ വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർ ഡ്രൈവു ചെയ്യുന്നവർ തുടങ്ങിയവരോട് ചോദിച്ചാൽ അവർ പറയും. എല്ലാ കാര്യങ്ങളും സ്ഥൂല ബോധത്തിൽ കണ്ടല്ല തങ്ങൾ ഇതൊക്കെ പ്രവർത്തിപ്പിക്കുന്നത്. ദൂരെ ഒരു അപകടസാദ്ധ്യതയുണ്ടെങ്കിൽ മിക്ക ഡ്രൈവരന്മാർക്കും അത് മുങ്കൂട്ടി കാണാൻ കഴിയാറുണ്ട്. അത് ഒഴിവാക്കാൻ പ്രകൃതി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ തന്റെ ആലോചനാപൂർവ്വമായ യാതൊരു തീരുമാനവും കൂടാതെ വേണ്ട അവയങ്ങൾ കൃത്യമായി പ്രവർത്തിച്ച് അതിൽ നിന്നും മാറിപ്പോകുന്നത് കാണാം. മറ്റു ചില അവസരങ്ങളിൽ ഒഴിഞ്ഞു മാറാമെന്ന് ബോധപൂർവ്വമായി മനസിലാക്കിയിട്ടും അപകടങ്ങളിൽ ചെന്ന് പെടാറുണ്ട്. ആക്സിലേറ്റർ വേഗം കൂട്ടാനുള്ളതാണെന്നറിയാമായിട്ടും ബ്രേക്കിനു പകരം അതമർത്തി അപകടത്തിൽ പെടുന്നവരുണ്ട്. ഇതൊക്കെ മനസിന്റെ പ്രാ‍ധാന്യത്തെ ബോദ്ധ്യപ്പെടുത്തേണ്ട അനുഭവങ്ങളാണു.

അപ്പോൾ ഒരു പ്രവർത്തി ചെയ്യുന്നത് എന്തിനാണെന്ന് പുറമേ നാം ചോദിക്കുന്നില്ലെങ്കിലും അതിൽ പങ്കെടുക്കുന്ന കോശമോ കോശസമൂഹമോ ആന്തരികമായി, അതീവ സൂക്ഷ്മതലത്തിൽ അത് ചോദിക്കുന്നുണ്ട്. മനസിനെ ഏകാഗ്രമാക്കിയാൽ അത് കേൾക്കാവുന്നതേയുള്ളു. അതിനു മറുപടി പറയാനുള്ള ബാദ്ധ്യത ബോധത്തിനുണ്ട്. ആ മറുപടി കോശങ്ങൾക്ക് ബോദ്ധ്യമാവുകയും വേണം. അല്ലാതെ വെറുതെ ഒരു മറുപടിയാകരുത്.
നമ്മുടെ പ്രവർത്തികൾ വ്യഷ്ടിയുടേയും സമഷ്ടിയുടേയും ആവശ്യങ്ങൾക്ക് ചേരുന്നതാണോ എന്നാണു ആദ്യം നോക്കേണ്ടത്.
പ്രകൃതിയിൽ നിഷ്പ്രയോജനങ്ങളായ പ്രവർത്തികൾ ഇല്ല തന്നെ. ഭൂമിയിലെ മനുഷ്യനൊഴികെ ഒരു ജീവിയും നിഷ്പ്രയോജന കർമ്മങ്ങൾ ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. മനുഷ്യന്റെ ചരിത്രമെടുത്താൽ ഹിസ്ര ജന്തുക്കൾ കൊന്ന (തിന്ന?) മനുഷ്യരുടെ എണ്ണത്തേക്കാൾ കൂടുതൽ അവൻ അന്യോന്യമുണ്ടാക്കിയ തർക്കങ്ങളിൽ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. ശരിയല്ലെ?

ഇനി ഒരു പ്രവർത്തി സമഷ്ടിക്കു പ്രയോജനപ്രദമാണോ എന്ന എങ്ങനെയാണു അറിയുന്നത്? ഓരാൾ നടക്കുമ്പോൾ, ചാടുമ്പോൾ, ബെഞ്ച് പ്രസിൽ പ്രവർത്തിക്കുമ്പോൾ, കളിക്കുമ്പോൾ ഒക്കെ എന്താണു അയാൾക്ക് ലഭിക്കുന്നതെന്ന് നോക്കുക. ആ പ്രവർത്തി ആനന്ദപ്രദമാകുമ്പോൾ അത് സമഷ്ടിക്ക് ചേരുന്നതാണെന്ന് ഊഹിക്കാം. ഇതിനൊക്കെ ചില കീഴ്വഴക്കങ്ങൾ പണ്ടുള്ളവർ നിശ്ചയിച്ചിരുന്നു. ഇന്നതില്ല. ആനന്ദദായകമായ പ്രവർത്തിക്കൊപ്പം ആരോഗ്യവും ഉണ്ടാകും. അല്ലാതെ ആരോഗ്യത്തിനുവേണ്ടി എന്ന് അവകാശപ്പെട്ടുകൊണ്ട് ചമച്ച് വച്ചിരിക്കുന്ന ഒരു സിദ്ധാന്തമെന്ന നിലയിൽ ഒരാൽ വ്യായാമം ചെയ്യുമ്പോൾ കൊഴുപ്പോ അതുപോലുള്ള ധാതുക്കളോ അളവുകളിൽ കുറവ് കാണിച്ചെന്നിരിക്കും. പക്ഷെ അത് താൽക്കാലികമാണെന്ന് പിന്നീട് ബോദ്ധ്യപ്പെടും. ചെയ്തുകൊണ്ടിരുന്ന പ്രവർത്തി നിർത്തുമ്പോൾ അവ ഉയരാൻ തുടങ്ങും. അപ്പോൾ ഈ മാറ്റം ആപേക്ഷികമാണെന്നും കൊഴുപ്പ് അടിയാതിരിക്കാനുള്ള ആന്തരിക ഘടനാ മാറ്റം ഉണ്ടായിട്ട്ല്ലെന്നും നാം ഊഹിക്കേണ്ടി വരുന്നു.

വേറൊന്നുള്ളത് രോഗബാധിതനായ ഒരാൾ നിർബ്ബന്ധപൂർവ്വം വ്യായാമത്തിൽ ഏർപ്പെടുമ്പോൾ അയാളുടെ മനസ്സ് എപ്പോഴും രോഗത്തേക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്. ഇത് ആരോഗ്യത്തിനു അനുഗുണമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? മനസാണു എല്ലാം എന്ന പ്രാചീനന്റെ ചിന്തയുടെ വെളിച്ചത്തിൽ , രോഗത്തേക്കുറിച്ചും അതിന്റെ ബീഭത്സതയേക്കുറിച്ചും അതിന്റെ പരിണിതികളെക്കുറിച്ചും ആലോചിച്ചും കൊണ്ടിരുന്നാൽ വേഗത്തിൽ രോഗത്തിന്റെ ഗുരുതരാവസ്ഥ്യയിലേക്ക് ചെന്ന് പതിക്കും. ആ ചിന്തയോട് കൂടിയ പ്രവർത്തിയാണ് ചെയ്യുന്നതെങ്കിൽ കോശങ്ങളെല്ലാം ആ ചിന്തയെ അനുഗമിച്ച് വേഗത്തിൽ ആ അവസ്ഥ സംജാതമാക്കിത്തരും. അതു കൊണ്ട് മനസിന്റെ ശാന്തിയിൽ വേണം പ്രവർത്തി എടുക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റമല്ല അശാന്തിയിൽ നിന്ന് കൊണ്ട് ചെയ്യുമ്പോഴുണ്ടാകുന്നത്.
ഒരു പ്രവർത്തി ചെയ്യുമ്പോൾ അത് ആനന്ദത്തിനു വേണ്ടി ചെയ്യുന്നതാകണം എന്നാണു പ്രകൃതി നിശ്ചയം. തന്റെ കുഞ്ഞിനുവേണ്ടി ഒരമ്മ ആഹാരം പാകം ചെയ്യുമ്പോൾ അരപ്പുകൾ അമ്മിയിൽ വച്ച് അരയ്ക്കുമ്പോഴുണ്ടാകുന്ന വ്യായാമം ആനന്ദപ്രമായിരുന്നു പണ്ട്. അന്ന് അതുകൊണ്ട് അവർക്ക് സന്ധി വേദനയോ സ്പോണ്ടുലോസിസ്സോ ഉണ്ടായില്ല. ഇന്നങ്ങനെ ചെയ്യുന്നത് ആനന്ദപ്രദമല്ലാത്തതു കൊണ്ട് അമ്മമാർ നൂറുകൂട്ടം അസുഖങ്ങളേക്കുറിച്ച് പരാതിപ്പെടുന്നു. അതു പോലെ സസ്യങ്ങളെ പരിപാലിക്കുമ്പോൾ ഒരാൾക്ക് കിട്ടുന്ന വ്യായാമം. വളർത്തുമൃഗങ്ങളെ ശുശ്രൂഷിക്കുമ്പോൾ കിട്ടുന്ന വ്യായാ‍മം. ഇവയിലൊക്കെ ആനന്ദമുണ്ട്. അർത്ഥമുണ്ട്. തനിക്കും ചുറ്റുപാടുകൾക്കും പ്രയോജനപ്രദവുമാണു. എന്നാൽ ഒരു സ്റ്റാൻഡാർഡ് എന്ന നിലയിലോ സ്റ്റാറ്റസിനുവേണ്ടിയോ ഫിറ്റ്നസ്സ് കേന്ദ്രങ്ങളിൽ പോയി അദ്ധ്വാനിക്കുമ്പോൾ അതേ ഫലം കിട്ടുന്നതായിക്കാണുന്നില്ല.ജിമ്മിൽ പോയോ ഫിറ്റ്നെസ് സെന്ററുകളിൽ പോയോ ഉണ്ടാക്കിയെടുക്കുന്ന ലാവണ്യവും ശരീരഘടനയും നിലനിർത്തണമെങ്കിൽ അവിടുത്തെ വ്യായാമങ്ങൾ നിത്യവും തുടർന്ന് കൊണ്ടിരിക്കണം. അല്ലെങ്കിൽ കോശങ്ങളെ വളരെപ്പെട്ടെന്ന് വാർദ്ധക്യം ബാധിക്കുന്നതു കാണാം. തങ്ങൾ എടുക്കുന്ന പ്രവർത്തിയിൽ ആനന്ദമില്ലാത്തതു കൊണ്ടാണു അങ്ങനെ സംഭവിക്കുന്നത്.

വ്യായാമം വ്യായാമശാലകളിൽ നിന്നാകണമെന്ന് ഇന്ന് ആളുകൾ നിർബ്ബന്ധം പിടിക്കുന്നത് അതിൽ ഒരഭിമാനം നിലനിൽക്കുന്നതു കൊണ്ടാണു. രാവിലെ നടക്കാനിറങ്ങുന്നവരെ നോക്കുക. അതികാലത്തെഴുന്നേറ്റ് ട്രാക്ക് സ്യൂട്ടും സ്പോർട്ട്സ്ഷൂസും ധരിച്ച്, തോളൊപ്പം കൈവീശി കിതക്കുന്ന വിധം കൃത്യമായ മണിക്കൂറുകൾ നടന്നൊപ്പിക്കുന്നവർ ആനന്ദത്തോടെയാണത് നിർവ്വഹിക്കുന്നതെന്ന് വിചാരിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. അങ്ങനെയൊക്കെ ചെയ്യുന്നതിൽ ഒരു അഭിമാനമുണ്ട്. തങ്ങൾ ഏതോ പ്രത്യേകതയുള്ള ഗണത്തിൽ പെടുന്നു എന്ന് ദ്യോതിപ്പിക്കാൻ കഴിയുന്നു. മറ്റുള്ളവർ അവരുടെ പ്രവർത്തിവീക്ഷിക്കുമ്പോൾ അതിലൊരു ആസ്വാദ്യതയുണ്ട്. അത് നുണയുവാൻ വേണ്ടിയാണു പലരും നടക്കാൻ ഇറങ്ങുന്നത്. നടപ്പ് ഒരു സ്വഭാവമോ ആനന്ദം നൽകുന്ന ശൈലിയോ ആയിരുന്നെങ്കിൽ ഈ നടപ്പുകാരത്രയും ഓഫീസിൽ പോകാനും പച്ചക്കറിയും പാലുമൊക്കെ വാങ്ങാൻ നടന്നു തന്നെ പോകുമായിരുന്നു. അതു ചെയ്യാത്തത് അതിൽ അഭിമാനമൊന്നും ഇല്ലാത്തതു കൊണ്ടാണു. ആഫീസിലേക്ക് നടന്ന് പോയാൽ എന്ത് അഭിമാനം? നാല് തെങ്ങിനു തടമെടുത്താൽ എന്ത് അഭിമാനം കിട്ടാനാണ്? മുറിതൂത്ത് തുടച്ചാലോ വെള്ള കോരിയാലോ അത് കിട്ടില്ല.
കിട്ടുന്നത് എന്തെങ്കിലും കഴിച്ച് പൊരിവെയിലിൽ നിന്ന് കമ്പി വളയ്ക്കുന്നവന്റെ കയ്യിലെ മസിലു കണ്ട് അതുപോലെ തനിക്കുണ്ടാകണം എന്ന് വിചാരിച്ച് ഹെൽത്ത് ക്ലബ്ബുകളിൽ പോകുന്നവർക്ക് അതുണ്ടായാലും നിലനിൽക്കില്ല. കാരണം കമ്പിപ്പണിക്കാരനു ജീവിക്കാനായി പ്രകൃതി നൽകുന്നതാണത്. മറ്റേയാൾക്കത് ആഡംബരവും. വ്യായാമം നിർത്തുന്ന മുറയ്ക്കത് പോകും. പട്ടിണികിടന്നാലും കമ്പിപ്പണിക്കാരന്റേത് പോകില്ല. അത് ആരോഗ്യലക്ഷണമാണു.
പ്രകൃതിയോട് സമരസപ്പെട്ട് പോകുന്ന ഒരു ജീവിതരീതിയാണു ഭാരതീയനുള്ളത്. അവന്റെ ചുറ്റുപാടുകൾ നോക്കിയാൽ അത് മനസിലാകും. ഇന്നും ഗ്രാമങ്ങളാണു കൂടുതൽ. കർഷകരാണു ജനങ്ങളിൽ ഭൂരിഭാഗവും. ഏതു തൊഴിലെടുക്കുന്നവരായാലും രാവിലെ എഴുന്നേറ്റാൽ കുറച്ചു നേരം കൃഷിയിടത്തിൽ പണിയെടുത്തും വളർത്തുമൃഗങ്ങളെ പരിപാലിച്ചുമാണു ജീവിതം തുടങ്ങിയിരുന്നത്. അതു കൊണ്ട് അവർക്ക് പ്രത്യേകം അഭിമാനത്തോടെയുള്ള വ്യായാമം വേണ്ടിയിരുന്നില്ല. അവർക്ക് ആരോഗ്യവും ഉണ്ടായിരുന്നു.എന്നാൽ കൃഷി ഒരു ഉത്തമവൃത്തിയല്ലെന്ന് തോന്നാൻ തുടങ്ങുകയും മറ്റ് തൊഴിലുകൾ ആദായകരമായതു കൊണ്ട് ഉത്തമമാണെന്ന് സങ്കല്പിച്ച് അവയിലേക്ക് മാറുകയും ചെയ്തതോടുകൂടി സ്വാഭാവികമായി ലഭിച്ചിരുന്ന വ്യായാമം കിട്ടാതെ വരികയും രോഗികളുടെ ഒരു തലമുറ ഉണ്ടാവുകയും ചെയ്തു തുടങ്ങി.

Saturday, August 9, 2008

ഓട്ടിസം-1

ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച്‌ വരികയാണു. ഇരുനൂറ്റിയന്‍പതിനു ഒന്നാണു ഇന്ത്യയിലെ കണക്ക്‌. അമേരിക്കയില്‍ അത്‌ നൂറ്റിയന്‍പതിനു ഒന്നും. ലോകം ഭൌതികമായും ബൌദ്ധികമായും ഏറ്റവും പുരോഗമിച്ച രാജ്യത്താണു ഏറ്റവും കൂടുതല്‍ വൈകല്യമുള്ളവര്‍. ഇത്‌ എന്തുതര്‍ം വിരോധാഭാസമാണു?
ആയുര്‍വ്വേദത്തിന്റെ തഥ്യകളിലൂടെ പോയാല്‍ ഓട്ടിസം ഒരു ജനിതക പ്രധിഷേധമാനെന്ന് കാണാം. ഓട്ടിസമുള്ള കുട്ടിയെ പരിശോധിച്ചാല്‍ അവന്റെ തലച്ചോറിനു തകരാറുകള്‍ ഒന്നും തന്നെ കാണുകയില്ല. ആശയവിനിമയത്തിലെ പിഴവിനേയാണു ഓട്ടിസമായി നാം തിരിച്ചറിയുന്നത്‌. തലച്ചോറില്‍ നിന്നും പുറപ്പെട്ട്‌ കര്‍മ്മപഥത്തിലേക്ക്‌ പോകുന്ന മസ്തിഷ്ക സന്ദേശങ്ങള്‍ ഇടയ്കെവിടെയൊ വഴിതെറ്റിപ്പോകുന്നു. അതിനുള്ള ഒരു യന്ത്രമാതൃക കണ്ടെത്താന്‍ മോഡേണ്‍ മെഡിസിന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണു.
സാധാരണ ജീവിത സങ്കല്‍പങ്ങള്‍ വിട്ട്‌ മറ്റൊരു ഭാവാത്മക ലോകത്തില്‍ വിഹരിക്കുന്നവരാണു ഓട്ടിസം ബാധിച്ചവര്‍. പലതും കേള്‍ക്കാനോ പലതുമായി പ്രതികരിക്കാനോ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ അത്തരം മസ്തിഷ്കകേന്ദ്രങ്ങള്‍ അവര്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിപ്പിക്കാതെയിരിക്കുന്നു. ഈ ഒരവസ്ഥയില്‍ അവരെ എത്തിച്ചത്‌ അവരുടെ അച്ഛനമ്മമാരാണു എന്ന് നിസംശയം പറയാം.
പാരമ്പര്യം വിട്ടുള്ള ദാമ്പത്യം സര്‍വ്വസാധാരണമായതോടെ രോഗാതുരമായ ഒരു തലമുറ ജനിച്ചു തുടങ്ങി.
ശിഷ്ടാചാരപ്രകാരമുള്ള ജീവിതം നയിച്ചില്ലെങ്കില്‍ കുട്ടികളില്‍ വൈകല്യമുണ്ടാകുമെന്ന് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. അന്നുള്ളവര്‍ക്ക്‌ ദാമ്പത്യം ഒരു നേരമ്പോക്കോ ഇന്നത്തെപ്പോലെ മൃഗതൃഷ്ണ തീര്‍ക്കാനുള്ള ഒരുപാധിയോ ആയിരുന്നില്ല. അതു കൊണ്ട്‌ അന്ന് ജനിച്ചിരുന്ന കുട്ടികളില്‍ മസ്തിഷ്ക വൈകല്യങ്ങള്‍ കുറവായിരുന്നു. ആധുനികനു ഇത്‌ സമ്മതമാവില്ല എന്നറിയാം. എങ്കിലും സത്യമതാണു. നമ്മുടെ ചുറ്റുപാടുമുള്ള പഴയ കുടുംബങ്ങളിലെ കാര്യമൊന്ന് ആലോചിച്ച്‌ നോക്കിയാല്‍ ഇത്‌ മനസിലാകും. അന്നൊക്കെ നാട്ടില്‍ ഒന്നോ രണ്ടോ ബുദ്ധിമാന്ദ്യമുള്ളവരൊക്കെ ഉണ്ടായിരുന്നുള്ളു. ഇന്ന് അതാണോ സ്ഥിതി?
പണ്ട്‌ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാകുമ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും അവള്‍ക്ക്‌ കിട്ടിയിരുന്നു. അന്നവള്‍ക്ക്‌ അന്തര്‍സംഘര്‍ഷങ്ങള്‍ കുറവായിരുന്നു.
ഇന്ന് കുടുംബങ്ങള്‍ ഭൂരിഭാഗവും അണുകുടുംബങ്ങളായി. ദമ്പതികള്‍ക്കിടയില്‍ സ്നേഹവും വിശ്വാസവും കുറഞ്ഞു. പ്രൊഫഷന്റെ തിരക്കുകളും സമ്മര്‍ദ്ദവും വേറെ. അതിനിടയിലാണു അറിഞ്ഞോ അറിയാതെയോ ഒരു ജീവന്‍ പിറവിയെടുക്കുന്നത്‌. പലര്‍ക്കും അത്‌ വിളിക്കാതെ വരുന്ന അതിഥിയാണു.
പാരമ്പര്യത്തിലൂടെ സ്വാംശീകരിക്കുന്ന സാരവത്തായ ഒരു ജീവിതത്തിന്റെ രൂപരേഖ ഓരോരുത്തരുടേയും ബോധത്തില്‍ ഉണ്ടായിരിക്കും. അതുപോലെ ഒരു ആധുനിക ജീവിതം വേറെയുമുണ്ട്‌. ഇവ തമ്മില്‍ പൊരുത്തപ്പെടാതെ വന്നാല്‍ അന്തര്‍സംഘര്‍ഷം ഉണ്ടാകും. ഉള്ളില്‍ പ്രതിഷ്ഠിതമായ സാരവത്തായ ജീവിത ബോധത്തെ മറച്ചു കൊണ്ട്‌ താല്‍ക്കാലികമായ ആധുനിക ലോകത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ആന്തരികമായി ഉണ്ടാകുന്ന പ്രതിഷേധമല്ലേ അനന്തരതലമുറകളില്‍ ഓട്ടിസമായി പ്രകടീഭവിക്കുന്നത്‌? മഠപ്പുരവൈദ്യത്തിലൊക്കെ ബുദ്ധിമാന്ദ്യങ്ങളെ ഇങ്ങനെ കാണാനാണു താല്‍പ്പര്യം..
ഇതുണ്ടാകാതിരിക്കണമെങ്കില്‍ ഹിംസാദി ദശപാപങ്ങള്‍ ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. ഒന്നിനേയും ദ്രോഹിക്കരുത്‌. ഒന്നും മോഷ്ടിക്കരുത്‌. ഒന്നിലും ദുരാശ പാടില്ല. ഏഷണി പറയുകയോ കഠിനമായ വാക്കുകള്‍ ഉപയോഗിക്കുകയൊ ചെയ്യരുത്‌. സത്യമേ പറയാവു. ഇല്ലാത്തത്‌ ഒന്നും ഉണ്ടാക്കിപ്പറയരുത്‌. ദ്രോഹവിചാരവും പരധനാസക്തിയും പാടില്ല.സത്യദൃക്കായിരിക്കണം. ഇതു മനസിലാക്കിയിരുന്ന അമ്മമാര്‍ മക്കളെ അതിനനുസരിച്ചാണു പണ്ട്‌ വളര്‍ത്തിയിരുന്നത്‌.
മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ പഴയ അമ്മമാര്‍ പറഞ്ഞു കൊടുക്കും, 'മകളെ നീയിനി ചക്ക മുറിക്കണ്ട', 'കുമ്പളങ്ങാ കഷണിക്കണ്ട' എന്നൊക്കെ. ചക്കക്കുരു പിളരുമ്പോള്‍ അതിനുള്ളിലിരിക്കുന്ന ജീവനാണു പിളര്‍ത്തപ്പെടുന്നത്‌. കുമ്പളങ്ങ അരിയുമ്പോള്‍ കുരുമുറിഞ്ഞ്‌ അതിലിരിക്കുന്ന ജീവന്‍ ഹിംസിക്കപ്പെടും. ജീവശൃംഘലയില്‍ അതിന്റെ ആന്ദോളനങ്ങള്‍ ഉണ്ടാകുമെന്നും അത്‌ മകളുടെ ഉള്ളിരിക്കുന്ന കുഞ്ഞിലെ ജീവന്റെ ബോധത്തില്‍ ചെന്ന് പറ്റി അതിനെ താറുമാറാക്കുമെന്നും അന്നത്തെ പഠിപ്പില്ലാത്ത അമ്മമാര്‍ വിചാരിച്ചിരുന്നു. എത്ര സമഗ്രമായാണു അവര്‍ ലോകത്തെ കണ്ടിരുന്നത്‌! ഇന്നോ?
ഒരേ ലോഹം പല മൂശകളിലൊഴിച്ച്‌ പലരൂപത്തിലുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കുശവനേപ്പോലെയാണു, പ്രകൃതി ഒരേജീവന്‍ തന്നെ പല യോനികളിലായി പലരൂപത്തില്‍ സൃഷ്ടിക്കുന്നത്‌ എന്നവര്‍ വിചാരിച്ചു. മാനായും മനുഷ്യനായും ഇരിക്കുന്നത്‌ ഒരേജീവസത്ത തന്നെ. പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യം നിഷേധിക്കാന്‍ പണ്ടുള്ളവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട്‌ ചീരയരി പാകന്‍ തുടങ്ങുന്ന ഗര്‍ഭിണി ബി.എച്ഛ്‌.സി പൊടി എടുക്കുന്നതു കണ്ടാല്‍ അവര്‍ തടയും. പകരം മുറിയരി ഇട്ടുകൊടുക്കാന്‍ ഉപദേശിക്കും. മണ്ണില്‍ ഉറുമ്പുകളുണ്ട്‌. അവ ചീരയരി എടുത്തുകൊണ്ട്‌ പോകും. നമുക്ക്‌ ചീര വേണം. ഉറുമ്പിനു അതിന്റെ ഭക്ഷണവും. അതുകൊണ്ട്‌ ഉറുമ്പിനു മറ്റെന്തെങ്കിലും ആഹാരം കൊടുത്ത്‌ ചീര സംരക്ഷിക്കണം. അതിനാണു മുറിയരി. ഇതൊക്കെ അനുശീലിക്കുന്നതു വഴി ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഒരു തത്ത്വം ഉള്‍ക്കൊള്ളുകയാണു ഗര്‍ഭിണി ചെയ്യുന്നത്‌. അത്‌ ഉള്ളില്‍ വളര്‍ന്നുവരുന്ന ജീവന്റെ ബോധത്തിലേക്ക്‌ രേഖപ്പെടുമ്പോള്‍ ഉത്തമനായ ഒരു കുഞ്ഞ്‌ ജന്മമെടുക്കും.
ഇന്ന് മത്സരത്തിന്റേതല്ലാത്ത എന്ത്‌ സന്ദേശമാണു കൊടുക്കാനുള്ളത്‌?
അതു പോലെ സഭ്യമായ വാക്കുകള്‍.
രണ്ട്‌ മാസമായാല്‍ കുഞ്ഞ്‌ ശബ്ദം തിരിച്ചറിയാന്‍ തുടങ്ങും.. പിന്നെ അമ്മ പറയുന്നതും കേള്‍ക്കുന്നതും സൂക്ഷിച്ച്‌ വേണം. അമ്മയുടെ ശബ്ദത്തിലൂടെ-അമ്മ കേള്‍ക്കുന്ന ശബ്ദത്തിലൂടെയും- തന്റെ പാരമ്പര്യ ജനിതകത്തിലിരിക്കുന്ന അര്‍ത്ഥവിന്യാസങ്ങളെ അതിന്റെ ആന്തരികഘടനകളിലേക്ക്‌ കുഞ്ഞ്‌ ഉള്‍ക്കൊള്ളുന്ന കാലമാണത്‌. ആ സമയത്ത്‌ നന്മയും സത്യവും മൂല്യങ്ങളും ശബ്ദമായി ഗര്‍ഭസ്ഥശിശുവിന്റെ ഉള്ളിലേക്ക്‌ ചെല്ലണം. പണ്ടൊക്കെ അതിനു സാദ്ധ്യമായ സമാധാനപരമായ അന്തരീക്ഷമുണ്ടായിരുന്നു. ഇന്നോ?
വിശ്രമസമയത്തിന്റെ ഒട്ടുമുക്കാല്‍ പങ്കും സ്ത്രീകള്‍ ചെലവഴിക്കുന്നത്‌ ചാനലുകള്‍ക്ക്‌ മുന്നിലാണു. അതില്‍ നിന്ന് ഉയരുന്ന അസംബന്ധങ്ങളും ബഹളങ്ങളും ആക്രോശങ്ങളും അമ്മയ്കൊപ്പം കുഞ്ഞും കേള്‍ക്കുന്നു. അതിനു അനുഗുണമായ ബോധം രൂപപ്പെട്ടാണു കുഞ്ഞ്‌ ജനിക്കുന്നത്‌. അനാശാസ്യ ബന്ധങ്ങളുടേയും അവിഹിത വേഴ്ചകളുടേയും നാടകീയാവതരണങ്ങള്‍ കേട്ട്‌ വളര്‍ന്നാല്‍ കുഞ്ഞും അങ്ങനെയൊക്കെ ആയിത്തീരും. അല്ലെങ്കില്‍ ഈ സമൂഹത്തില്‍ നിന്നു തന്നെ മുഖം തിരിക്കും. ഓട്ടിസമുള്ളവരില്‍ ഈ രണ്ട്‌ സ്വഭാവങ്ങളും വളരെ പ്രകടമായിക്കാണാം.സമൂഹത്തിന്റെ പൊതു സ്വഭാവം അഴിമതിയും അക്രമവുമാനെന്ന് കേട്ടാല്‍ ജനിക്കുന്ന കുഞ്ഞിനും അഴിമതിയും അക്രമവും ചെയ്യാന്‍ മടിക്കില്ല. ഇന്നത്തെ അമ്മമാര്‍ ആഗ്രഹിക്കുന്നതും അത്തരം കുഞ്ഞുങ്ങളെ പ്രസവിക്കാനാനെന്ന് തോന്നുന്നു. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ അതൊക്കെ ആവശ്യമാണെന്ന ചിന്താഗതിക്കാരാണു ഭൂരിഭാഗം അമ്മമാരും.
സീരിയലിലും വാര്‍ത്തകളിലും നാം കാണുന്നത്‌ പൊതുജീവിതമല്ലെന്നും അതില്‍ നിന്നുള്ള വ്യതിയാന(Exception)മാണെന്നും മനസിലാക്കാതെയാണു അവര്‍ അതൊക്കെ കണ്ട്‌ ആസ്വദിക്കുന്നത്‌. ഗര്‍ഭിണി അതാസ്വദിക്കുമ്പോള്‍ അവള്‍ മാത്രമല്ല, അടുത്ത തലമുറകൂടി നശിക്കുന്നു.മാത്സര്യവും ദുരാശയും പണക്കൊതിയും ഇല്ലാത്തത്‌ പറഞ്ഞുണ്ടാക്കുന്നതും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്‌. അവ സ്റ്റ്രെസ്സ്‌ ഉണ്ടാക്കുന്നു എന്ന് നാം അറിയാറില്ല. സ്റ്റ്രെസ്സ്‌ തൈറോയിഡില്‍ മാറ്റമുണ്ടാക്കും. തൈറോയിഡില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഉത്തോലകത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ല് പോലെ ഉള്ളിലിരിക്കുന്ന കുഞ്ഞില്‍ പതിന്മടങ്ങായി ചെന്ന് വീഴും. ജന്മവൈകല്യത്തിനുള്ള സാദ്ധ്യത അവിടെ ആരംഭിക്കുകയായി. ഇതൊഴിവാക്കാന്‍ അമ്മയാകുന്നവള്‍ സൌമ്യമായിരിക്കണം. തര്‍ക്കിക്കാനോ പിടിച്ചടക്കാനോ പോകരുത്‌. ഇന്ന് ആര്‍ക്കു കഴിയും ഇതിനൊക്കെ? ലോകം സുഖവും സമൃദ്ധവും ശാന്തിപൂര്‍ണ്ണവുമായിത്തീരാന്‍ ഒരു പ്രജയെ ജനിപ്പിക്കുന്നവളാണു താനെന്ന് എത്രപേര്‍ക്ക്‌ ബോധമുണ്ട്‌? യഥാര്‍ത്തില്‍ ഉത്തമനായ ഒരു കുട്ടിക്കുവേണ്ടിയൊന്നുമല്ല ഇന്ന് ദമ്പതികള്‍ ഇണചേരുന്നത്‌. നൈമിഷികമായ ഒരു സുഖം. അത്‌ അനുഭവിക്കുക. അതിന്റെ ഉപോല്‍പ്പന്നമായി കുഞ്ഞ്‌ പിറക്കുന്നു. ഉത്തമനായ പ്രജയെ ലഭിക്കണമെങ്കില്‍ അതിനു ആദ്യമായി സ്ത്രീക്ക്‌ വേണ്ടത്‌ വിനയമാണു. ഇന്ന് അതില്ല.
വിനയം എന്തോ മോശമായ കാര്യമാണെന്നാണു സമൂഹവും ആധുനികരായ മാതാപിതാക്കളും അവളെ പഠിപ്പിച്ച്‌ വച്ചിരിക്കുന്നത്‌. അത്‌ അടിമത്തമാണെന്ന് ഫെമിനിസ്റ്റുകളും പ്രചരിപ്പിക്കുന്നു. മത്സരത്തിന്റേതായ ഈ ലോകത്തില്‍ പൌരുഷമാണു ആവശ്യമെന്ന് ഒരു ധാരണ പരന്നിട്ടുണ്ട്‌. പൌരുഷം വേണ്ടിടത്താവാം. പക്ഷെ ദാമ്പത്യത്തില്‍ അത്‌ പ്രയോജനപ്പെടില്ല. അവിടെ അവള്‍ സ്വീകര്‍ത്താവാണു. അതിന്റെ വിനയം ആദ്യമുണ്ടാകണം. ഇന്ന് അതിനുള്ള സാഹചര്യം കുറവാണു. പലപ്പോഴും പുരുഷനേക്കാള്‍ മികച്ച പഠിപ്പും തൊഴിലുമുള്ളവരായിരിക്കും സ്ത്രീകള്‍. പ്രായം ഏതാണ്ട്‌ സമമായിരിക്കും. പുരുഷനേക്കാള്‍ സ്ത്രീയുടെ പ്രായം കൂടിയിരിക്കുന്ന സാഹചര്യങ്ങളും കുറവല്ല. സ്ത്രീധനത്തിന്റെ പേരിലുള്ള കച്ചവടം കൂടിയാകുമ്പോള്‍ വിനയാന്വിതയാകാന്‍ അവള്‍ക്കെങ്ങനെ കഴിയും?
വേറൊന്നുള്ളത്‌,കണ്ടും പരിചയപ്പെട്ടുമാണു കൂടുതല്‍ വിവാഹങ്ങളും ഇന്ന് നടക്കുന്നത്‌. മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമായാലും ആലോചിച്ചുറപ്പിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ പരിചയപ്പെടല്‍ തുടങ്ങുകയായി. അതിപരിചയം ദാമ്പത്യത്തില്‍ ആവശ്യമായി വരുന്ന വിനയത്തെ ഇല്ലാതാക്കുന്നു. ഇങ്ങനെയുള്ള ഈ സമൂഹം കുട്ടികളെ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയാണു ഉത്തമം. സ്ത്രീക്കും പുരുഷനും മദിച്ച്‌ ജീവിക്കാനുള്ള ഒരു സംവിധാനമായി ദാമ്പത്യം ചുരുങ്ങുമ്പോള്‍ കുട്ടികള്‍ അനാവശ്യമാണെന്ന് ആധുനിക സമൂഹം തിരിച്ചറിഞ്ഞാല്‍ ഓട്ടിസമുള്ള അനേക ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്‌ ഒഴിവാക്കാം.
ദമ്പതിക്രിയയില്‍ സ്ത്രീ സ്വീകര്‍ത്താവാണു എന്ന് പറഞ്ഞല്ലോ. അനേക ലക്ഷം പുരുഷബീജങ്ങളില്‍ നിന്ന് അവള്‍ക്ക്‌ വേണ്ട ഒന്നിനെ അവള്‍ തിരഞ്ഞെടുക്കുമ്പോഴാണു ഗര്‍ഭധാരണം സാദ്ധ്യമാകുന്നത്‌. ആ തിരഞ്ഞെടുക്കുന്ന ഒന്ന് ലോകകണ്ടകനായ രാവണനാകാം. അല്ല്ലെങ്കില്‍ ഭരതനെപ്പോലെ കാളിദാസനെപ്പോലെ അതിപ്രഗത്ഭരാകാം. അത്‌ തിരിച്ചറിയണമെങ്കില്‍ അവളില്‍ സരസ്വതി ഉണരണമെന്ന് പണ്ടുള്ളവര്‍ പറയും. വിനയമില്ലെങ്കില്‍ സരസ്വതി തെളിയില്ല. അറിവാണു സരസ്വതി. എന്താണു സ്ത്രീ അറിഞ്ഞിരിക്കേണ്ടത്‌?
ലോകക്ഷേമകരമായി ജീവിക്കാന്‍ കഴിയുന്ന ഒരു പ്രജയെ എങ്ങനെ ഉല്‍പ്പാദിപ്പിക്കാം. അതിസൂക്ഷ്മങ്ങളായ ബീജങ്ങളില്‍ നിന്ന് അത്‌ തിരിച്ചറിയാനുള്ള കഴിവാണു അവള്‍ക്ക്‌ വേണ്ടത്‌. അതില്ലെങ്കില്‍ കുടുംബനാശവും കുലനാശവും വരുത്തുന്ന ലോകകണ്ടകന്മാരായ രാവണാദികളെ അവള്‍ പ്രസവിക്കേണ്ടി വരും. വിനയവും സൌശീല്യവും കൊണ്ട്‌ തനിക്കും സമൂഹത്തിനും യശസ്സുണ്ടാക്കുന്ന ജനിതഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ബീജമേതാണെന്ന് കണ്ടെത്തി സാത്വികമായ ഭാവത്തിലുള്ള അണ്ഡവുമായി മേളിക്കാനുള്ള അനുമതി കൊടുക്കുമ്പോള്‍ അവളിലെ സ്ത്രീത്വം പൂര്‍ണ്ണമാകുന്നു. എല്ലാ ബീജങ്ങളും എല്ലാ അണ്ഡങ്ങളും സംയോജിച്ച്‌ പ്രജയുണ്ടാകുന്നില്ലെന്ന് അറിയുമ്പോള്‍ ഇതിന്റെ സാംഗത്യം മനസിലാകും. ഈ തത്ത്വം അറിഞ്ഞിരുന്ന പഴയ അമ്മമാര്‍ തങ്ങളുടെ മക്കളെ അതിനനുസരിച്ച്‌ വളര്‍ത്തിയിരുന്നതായിക്കാണാം. ലോകം ആധുനികമായപ്പോള്‍ അതെല്ലാം വിട്ടു.
ഇതിനെല്ലാമപ്പുറം സിന്തറ്റിക്ക്‌ വസ്തുക്കളുടെ അമിതോപയോഗം ഓട്ടിസത്തിനു ഭൌതികമായ ഒരു കാരമാകുന്നില്ല്ലെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കൃത്രിമവസ്തുക്കള്‍ വാര്‍ദ്ധക്യത്തേ ഉണ്ടാക്കുമെന്നാണു പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്‌. അതുകൊണ്ട്‌ പ്രകൃതിയില്‍ നിന്നും പച്ചയായി പറിച്ചെടുക്കുന്ന സസ്യജാലങ്ങളെയാണു അവര്‍ ഭക്ഷണമാക്കിയത്‌. അത്‌ ശരീരത്തെ എപ്പോഴും തരുണാവസ്ഥയില്‍ നിലനിര്‍ത്തുമെന്ന് അവര്‍ അനുഭവത്തിലൂടെ മനസിലാക്കുകയും ചെയ്തു. ഇന്ന് കൃത്രിമമായ ഭക്ഷണങ്ങളുടേയും മരുന്നുകളുടേയും ലോകത്താണു മനുഷ്യന്‍. സ്ത്രീകളാണെങ്കില്‍ ഇത്തരം കൃത്രിമവസ്തുക്കളുടെ വലിയൊരു ഉപഭോക്തൃസംഘം തന്നെയാണു. പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാകും. ഒട്ടുമിക്ക പരസ്യവും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ളതാണു. ഇതില്‍ തന്നെ അവരുടെ ജൈവപരമായ അസ്വാധീനത്തിനെ മറികടക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളവ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു എന്ന് വിചാരിക്കണം. മുഖം മിനുക്കാനും മുടിമോടിപിടിപ്പിക്കാനും രോമം നീക്കം ചെയ്യാനുമുള്ള രാസവസ്തുക്കളില്‍ പലതും ശരീരത്തിനു ഹിതകരമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയാണു. ത്വക്കും മസ്തിഷ്കവും ഒരേകലകള്‍ കൊണ്ട്‌ നിര്‍മ്മിതമായിരിക്കുന്നതിനാല്‍ ത്വക്കിനു ഹിതകരമല്ലാത്തത്‌ മസ്തിഷ്കത്തിനും ഹിതകരമായിരിക്കുകയില്ല. മസ്തിഷ്കത്തിനു ഹിതമല്ലെങ്കില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ഋണാത്മകമായി ബാധിക്കും. അത്തരം രേഖപ്പെടുത്തലുകള്‍ ജനിതകങ്ങളിലേക്ക്‌ കൈമാറ്റപ്പെടാന്‍ സാദ്ധ്യതയുണ്ട്‌.ആര്‍ത്തവരോധത്തിനും ആര്‍ത്തവം തന്നെ നിര്‍ത്തിവയ്ക്കാനുമുള്ള മരുന്നുകള്‍ വിപുലമായി ഇന്ന് ഉപയോഗിക്കപ്പെടുന്നു. കൃത്രിമഹോര്‍മ്മോണുകളാണവ. ശരീരത്തിലെ ഹോര്‍മ്മോണ്‍ സന്തുലനത്തെ അത്‌ നിശ്ചയമായും ബാധിക്കും. ഉല്ലാസയാത്രപോകാനോ, വിവാഹത്തില്‍ പങ്കെടുക്കാനോ, ആര്‍ത്തവവേദനകളില്‍ നിന്നുതന്നെ ഒഴിവാകാനോ ആണു ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടുന്നത്‌. കുട്ടികള്‍ ആവശ്യമായി വരുമ്പോള്‍ ആര്‍ത്തവം പുനരാരംഭിച്ചാല്‍ പോരെ എന്നാണു പല പെണ്‍കുട്ടികളുടേയും മനോഭാവം. ഇത്തരം കൃത്രിമവസ്തുക്കളുടെ ഉപഭോഗം ഓട്ടിസം ബാധിച്ച കുട്ടികള്‍ ജനിക്കാന്‍ കാരണമാകുമോ എന്നുള്ള പഠനം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയുര്‍വ്വേദത്തിനു ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല.
1. പ്രൊഫഷന്റെ ആവശ്യത്തിനായി ബോസിനോട്‌ വിനയാന്വിതമായി പെരുമാറുന്ന സ്ത്രീക്ക്‌ ഭര്‍ത്താവിനോട്‌ അത്‌ സാധിക്കാതെ വരിക
2. തന്റെ സങ്കല്‍പ ലോകവും ആധുനിക ലോകവും തമ്മില്‍ പൊരുത്തപ്പെടുത്താനാകാതെ പോകുക
3. ഋണാത്മക മൂല്യങ്ങളെ തെറ്റാണന്നറിഞ്ഞുകൊണ്ട്‌ ഉള്‍ക്കൊള്ളുക
4. വിവാഹിതരായിരിക്കെ ദാമ്പത്യേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുക - വിശേഷിച്ചും ഗര്‍ഭിണിയായ ശേഷം
5. സിന്തറ്റിക്ക്‌ വസ്തുക്കളുടെ ഉപഭോഗം
6. മത്സരം, വാശിഇവയുടെ ഒക്കെ ആകെത്തുക-അതിനു ഓട്ടിസമുള്ള കുട്ടിയുടെ സ്വഭാവം സംഭാവന ചെയ്യാനാകുമോ എന്ന് ഒന്ന് ആലോചിച്ച്‌ നോക്കുക. ഇതൊരു നിരീക്ഷണമാണു. ശരിയോ തെറ്റ്‌ എന്നൊന്ന് നോക്കിയാളൊ

Sunday, August 12, 2007

രാമകഥ 29

രാമകഥ 29
1182 കര്‍ക്കടകം 29 / 2007 ആഗസ്റ്റ്‌ 14

നിര്‍മ്മലാനന്ദമാണു ഒരു സാധകനു ബ്രഹ്മം നല്‍കുന്ന അനുഭൂതി. അതിലേക്ക്‌ എത്തിച്ചേരുകയെന്നത്‌ ഒരു ഗിരിശിഖരം കീഴടക്കുന്നപോലെ ആയാസകരമായിത്തോന്നാം. പക്ഷെ ആ അനുഭൂതിയിലെത്തുമ്പോള്‍ സാധകന്‍ എല്ലാം മറക്കുന്നു. ആഞ്ജനേയനും ഇപ്പോള്‍ ഏതാണ്ട്‌ ആ അവസ്ഥയിലാണു. സീതാദേവിയെ കണ്ടിട്ടും കണ്ടിട്ടും ആഞ്ജനേയനു മതിവരുന്നില്ല. ആ ദിവ്യരൂപം നോക്കിയിരിക്കുമ്പോള്‍ ബാക്കിയെല്ലാം മറന്നുപോകുന്നു.

ഇച്ഛാഭംഗത്തോടെ രാവണന്‍ പോയിക്കഴിഞ്ഞപ്പോഴാണു കപിവരന്‍ പ്രത്യക്ഷപ്പെടുന്നത്‌. രാജസം മാറി നിന്നപ്പോള്‍ സാധകനു ബ്രഹ്മസാന്നിദ്ധ്യം ഉണ്ടായി. സീതാദേവി സംശയത്തോടെയാണു ഹനുമാനെ നോക്കിയത്‌. രാക്ഷസന്മാര്‍ പലരൂപത്തിലും വരാറുണ്ട്‌. ഈ കുരങ്ങന്‍ വേഷം മാറിവന്നിരിക്കുന്ന ഏതെങ്കിലും നിശാചരിയായിരിക്കുമോ?

യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തിനു ആ വിധസംശയമൊന്നുമില്ല. നിര്‍വ്വികാരമാണത്‌. എന്നാല്‍ സാധകന്റെ ഉള്ളില്‍ രാജസാംശം പിന്നെയും നിലനില്‍ക്കുന്നതു കൊണ്ട്‌ സ്വയം തോന്നുന്ന സംശയമാണത്‌. ബ്രഹ്മവിദ്യയെ താന്‍ തിരിച്ചറിഞ്ഞതായി സാധകനു ബോദ്ധ്യപ്പെടണമെങ്കില്‍ തന്നിലുള്ള ബ്രഹ്മവിദ്യയുടെ അടയാളങ്ങള്‍ അംഗീകരിക്കപ്പെടണം. അംഗുലീയവും അടയാളവാക്യവും അതിനുള്ളതാണു. അതു കണ്ടപ്പോള്‍ സീതയ്ക്ക്‌ ഹനുമാനിലുള്ള സംശയം ഇല്ലാതായി എന്നുപറഞ്ഞാല്‍ സാധകനു ബ്രഹ്മവിദ്യ ബോദ്ധ്യപ്പെട്ടു എന്നാണു മനസിലാക്കേണ്ടത്‌.

ബ്രഹ്മവിദ്യ സാധകനെ ഉന്മത്തനാക്കി. സമാധിയുടെ അനന്തര പടികളാണു ഇനി അവശേഷിക്കുന്നത്‌. അതിനുള്ള സാധനയിലേക്ക്‌ സാധകന്‍ പ്രവേശിക്കേണ്ടതുണ്ട്‌. അത്‌ ഇനിയൊരിക്കല്‍. കര്‍ക്കടകത്തിന്റെ അവസാന ദിവസമായ ഇന്നു രാമകഥ തല്‍ക്കാലം ഇവിടെ അവസാനിക്കുകയാണു.

ജീവന്റെ സാധകരൂപത്തിലുള്ള പ്രയാണമാണു നാം ഇതുവരെ കണ്ടത്‌. അതു ബ്രഹ്മവിദ്യയെ കണ്ടെത്തിക്കഴിഞ്ഞു. അങ്ങനെ സീതാന്വേഷണം പൂര്‍ത്തിയായ ഹനുമന്റെ കഥ ഇവിടെ നിര്‍ത്താം. ബ്രഹ്മവിദ്യാപ്രാപ്തിയും തുടര്‍ന്നുള്ളതും ഇനിയൊരവസരം കിട്ടിയാല്‍ അപ്പോള്‍.‍

രാമായണം പോലുള്ള കൃതികള്‍ 'നിര്‍മ്മലാനന്ദഗിരി'കളായിട്ടുള്ള ഗുരുക്കന്മാരില്‍ നിന്നും നേരിട്ടുപഠിക്കുമ്പോഴെ അതിന്റെ അന്തഃസത്ത പൂര്‍ണ്ണമായും ഗ്രഹിക്കാനാവു. അതിനു പുനരാഖ്യാനം നല്‍കുമ്പോള്‍ പിഴ പലതുമുണ്ടാകും. അത്‌ ലേഖകനില്‍ അര്‍പ്പിക്കുകയല്ലാതെ ഭാരതീയ ഋഷിപരമ്പരയില്‍ ആരോപിക്കരുതെന്ന അപേക്ഷയോടെ,

“ഭുജംഗപ്രയാതം പരം വേദസാരം
സദാരാമചന്ദ്രസ്യ ഭക്ത്യൈവനിത്യം
പഠന്‍ സന്തതം ചിന്തയന്‍ സ്വന്തരംഗേ
സശശ്വല്‍ ഭജേന്ദ്രാമചന്ദ്രാധിവാസം. “

രാമകഥ 28

രാമകഥ 28

1182 കര്‍ക്കടകം 28 / 2007 ആഗസ്റ്റ്‌ 13

ഇനി ആ കുണ്ഡലിനീശക്തിയെ സഹസ്രാരത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നുമേവും
തരുവിനടിയ്ക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം
എന്നു നാരായണഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പറയുന്നു.

അന്തര്‍ ദൃശ്യ അനുവിദ്ധ സമാധിയില്‍ എത്തുന്ന സാധകന്‍ യഥാര്‍ത്ഥ ബ്രഹ്മവിദ്യയെ തന്റെ ഉള്ളില്‍ത്തന്നെ കണ്ടെത്തുകയാണു. ബ്രഹ്മത്തിന്റെ ഒരാന്തരിക ദര്‍ശനം അപ്പോള്‍ ഉള്ളില്‍ തെളിഞ്ഞുവരും.
'തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥ ജ്ഞാനംകൊണ്ടല്ലാതെ മുക്തി ലഭിക്കാനെളുതല്ലൊരുനാളും' അതിനാല്‍,സാധകന്‍ ഗുരുവിനെ പ്രാപിച്ച്‌ 'പ്രജ്ഞാനം ബ്രഹ്മ', 'അഹംബ്രഹ്മാസ്മി', 'തത്ത്വമസി', 'അയമാത്മാബ്രഹ്മ' തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ചു. രാമായണാരംഭത്തില്‍ നാമിതു കാണുന്നുണ്ട്‌. വസിഷ്ഠാദികളില്‍ നിന്നു രാമന്‍ ജ്ഞാനം നേടുന്നു. തന്റെ ഉന്നതമായ മനനശീലത്തിലൂടെ താന്‍ അതുതന്നെയാണെന്നു സാധകന്‍ ഭാവന ചെയ്തു ചില സമാധി ദശകളെ പ്രാപിക്കും. ബാഹ്യദൃശ്യാനുവിദ്ധം, ബാഹ്യശ്രവ്യാനുവിദ്ധം, അന്തര്‍ ദൃശ്യാനുവിദ്ധം, അന്തര്‍ശ്രവ്യാനുവിദ്ധം, സവികല്‍പം, നിര്‍വ്വികല്‍പം, നിര്‍വൃത്തി, നിര്‍വ്വാസന, നിര്‍വ്വിഷയം തുടങ്ങിയ സമാധികളുടെ പടവുകളിലൂടെയാണു സാധകന്‍ കടന്നുപോകേണ്ടത്‌. ഇവയില്‍ ആദ്യത്തെ അഞ്ചു സാധനകള്‍ സാധാരണ ജ്ഞാനപ്രാപ്തിക്കു തൊട്ടുമുന്‍പുള്ളവയാണു. അതിലെ അന്തര്‍ ദൃശ്യാനുവിദ്ധ സമാധിവരെ സാധകന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. ജീവന്‍ ഒരിടത്തിരുന്നുകൊണ്ട്‌ ബ്രഹ്മചര്യത്തിലൂടെ സഞ്ചരിച്ച്‌ വിവിധ സമാധിദശകള്‍ കടന്ന് അവിടെയെത്തിയെന്നു മനസിലാക്കണം.

ഇനിയും ഉന്നതമായ തലങ്ങളിലേക്ക്‌ ജിവനുപോകേണ്ടതുണ്ട്‌. അതിനു ആമ തന്റെ അംഗങ്ങള്‍ ഉള്ളിലേക്ക്‌ വലിക്കുന്നപോലെ സാധകന്‍ തന്റെ ഇന്ദ്രിയങ്ങളേയെല്ലാം അകത്തേക്ക്‌ വലിച്ച്‌ തന്നില്‍ത്തന്നെ നോക്കിയിരിക്കണം. താന്‍ കണ്ടെത്തിയിരിക്കുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കണമെങ്കില്‍ തന്റെ രാജസമായ എല്ലാ വൃത്തികളേയും സംഹരിക്കണം എന്ന് ചുരുക്കം. ആ അവസ്ഥയില്‍ തന്നില്‍ത്തന്നെ നോക്കിയിരിക്കുമ്പോള്‍ പൂര്‍ണ്ണമായ ജ്ഞാനം ഉദിക്കുന്നതു കാണാം.

Saturday, August 11, 2007

രാമകഥ 27

രാമകഥ 27
1182 കര്‍ക്കടകം 27 / 2007 ആഗസ്റ്റ്‌ 12

ഇരുട്ട്‌ പൊതിഞ്ഞു നില്‍ക്കുന്ന ലങ്കാനഗരിയിലൂടെ സീതയെ അന്വേഷിച്ച്‌ ഹനുമാന്‍ യാത്രയായി. സുഷുപ്തിയിലുള്ള സാധകന്റെ ബ്രഹ്മാന്വേഷണമാണത്‌. തുരിയഭാവത്തിനുതൊട്ടുമുമ്പുള്ള അവസ്ഥയാണു സുഷുപ്തി. പ്രാജ്ഞന്റെ അവസ്ഥ.ചിത്തം പ്രാജ്ഞനോടൊത്തിരിക്കുമ്പോള്‍ രാജസം ഉണരുന്ന കാഴ്ചകാണാം. അതിപ്പോള്‍ ഏറ്റവും ശക്തമായ ഭാവത്തിലാണു. രാവണരൂപത്തില്‍ അവതരിച്ചിരിക്കുന്നു.

സീതാദേവിയുടെ അടുത്തേക്ക്‌ പോകുന്ന രാവണനെ ഹനുമാന്‍ കണ്ടു. ശിംശപാവൃക്ഷച്ചുവട്ടില്‍ ബന്ധനസ്ഥയായി കഴിയുന്ന സീതാദേവിയെ സന്ദര്‍ശിച്ച്‌ രാവണന്‍ മടങ്ങി. അതിനിടയിലുള്ള എല്ലാകാഴ്ചകളും ഹനുമാന്‍ കാണുന്നുണ്ടായിരുന്നു. സുഷുപ്തിയിലും തന്നില്‍ ജാഗ്രത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാസനാജാലങ്ങളെ സാധകന്‍ കാണുകയാണു. അവശരെങ്കിലും നിര്‍വ്വീര്യമാകാന്‍ വിസമ്മതിക്കുന്ന രാജസഭാവത്തിന്റെ ഒരു ചിത്രീകരണമാണിത്‌. ഒരവസരം കിട്ടിയാല്‍ വീണ്ടും അവ ശക്തിപ്രാപിക്കുമെന്നു സാധകന്‍ മനസിലാക്കണം.

ബ്രഹ്മവിദ്യ ഒരിക്കലും രാജസത്തിനു വശഗതമാവില്ല. അതുകൊണ്ടാണു രാവണന്റെ പ്രലോഭനങ്ങളും ഭീഷണികളും സീതയ്ക്ക്‌ മുമ്പില്‍ വിലപ്പോകാതിരുന്നത്‌. എന്നാല്‍ ബലം കൊണ്ടതു കരസ്ഥമാക്കാമെന്നുവിചാരിച്ചാലോ? അതിനുള്ള ആത്മശക്തിയൊട്ട്‌ രാജസത്തിനു ഇല്ലാതാനും. ലോകത്തുള്ള സകല ഭോഗവും നേടിയാലും ബ്രഹ്മചര്യമുണ്ടെങ്കിലെ അതു ലഭിക്കു. ഇതു മനസിലാക്കാതെയാണു നമ്മുടെ പല ആത്മീയാചാര്യന്മാരും ഭൗതിക നേട്ടങ്ങള്‍ക്കായി ഉഴറി നടക്കുന്നത്‌. ഭൗതികനേട്ടങ്ങള്‍ ഭാരതീയ ഋഷിപാരമ്പര്യത്തിലില്ല. അതു വൈദേശികമാണു. ഭാരതീയനു മുഖ്യം അറിവാണു. എല്ലാം സമ്പാദിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാജസത്തേ ത്യജിച്ചാലേ അറിവു ലഭിക്കു. ഓരോ സാധകനും ശ്രമിക്കേണ്ടത്‌ അതിനുവേണ്ടിയാണു.

സീതയെ ഹനുമാന്‍ കാണുന്നു. കുണ്ഡലിനിക്ക്‌ തന്ത്രവിദ്യയില്‍ പറയുന്ന എല്ലാ വിശേഷണങ്ങളും യോജിക്കുന്ന ഒരു ചിത്രമാണു ശിംശിപവൃക്ഷച്ചുവട്ടില്‍ അധോമുഖിയായിരിക്കുന്ന സീതയുടേത്‌. നട്ടെല്ലും അതിന്റെ ഇരുപാര്‍ശ്വങ്ങളിലുള്ള ഇഡ,പിംഗള നാഡികളും, താഴെ മൂലാധാരചക്രത്തില്‍ സുഷുപ്താവസ്ഥയിലുള്ള കുണ്ഡലിനിയും. ബ്രഹ്മചര്യാവസ്ഥയിലുള്ള ജീവനു കുണ്ഡലിനീ ശക്തി അനുഭവവേദ്യമായി. സാധകന്‍ അതിനെ മുകളില്‍ നിന്ന് നോക്കിക്കണ്ടു.

രാമകഥ 26

രാമകഥ 26
1182 കര്‍ക്കടകം 26 / 2007 ആഗസ്റ്റ്‌ 11

ഹൃദയസ്ഥിതമായ ആ നിര്‍മ്മലപാദങ്ങള്‍ മായാപ്രലോഭനങ്ങളെ കീഴടക്കാന്‍ ആഞ്ജനേയനെ സഹായിച്ചു.കടല്‍ കടന്ന ആഞ്ജനേയന്‍ ലങ്കയിലെ സുബേലപര്‍വ്വതത്തില്‍ വന്നിരുന്നു.

ഹനുമാന്‍ ആലോചിച്ചു."ലങ്കനഗരിയിലേക്ക്‌ ഉടനെ ചാടാന്‍ വരട്ടെ.രാത്രിയാകുമ്പോള്‍ രാക്ഷസന്മാരെല്ലാം ഉറക്കമായിരിക്കും. അതാണു പറ്റിയ സമയം."

ഈ ഹനുമല്‍ച്ചിന്തക്കുപിന്നില്‍ വലിയൊരുവേദാന്ത തത്ത്വമുണ്ട്‌.സുഷുപ്തിയോടടുക്കുമ്പോഴാണു നമ്മിലെ രാജസശക്തി അല്‍പമെങ്കിലും ശാന്തമാകുന്നത്‌.അതാണു ബ്രഹ്മവിദ്യയെ കണ്ടെത്താന്‍ പറ്റിയ സമയവും.

സുഷുപ്തിയിലും നമ്മില്‍ ഉണര്‍ന്നു കാവല്‍നില്‍ക്കുന്ന ഒരു താമസീഭാവമുണ്ട്‌.അതുകൂടി ഉപേക്ഷിച്ചാല്‍ സമാധിക്കു തുല്യമായി.സുഷുപ്തി തന്നെ സമാധിയെന്ന് അര്‍ത്ഥം വരുന്ന വേദവചങ്ങളുണ്ട്‌.നിദ്രാ-സമാധിസ്ഥിതികളില്‍ ബ്രഹ്മത്തെ അറിയാം.അപ്പോള്‍ ബ്രഹ്മവുമായി ഏകീഭാവം ഉണ്ടാകാറുണ്ട്‌.ആ സമയം വരെ കാത്തിരിക്കാനാണു സാധകന്‍ തീരുമാനിച്ചത്‌.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌.അയോദ്ധ്യയില്‍ നിന്നും ലങ്കയിലേക്കാണു രാമന്റെ യാത്ര.മാനവത്തിന്റെ യാത്രയും അങ്ങനെ തന്നെ.ശുദ്ധവും നിര്‍മ്മലവുമായ മനസ്സില്‍ നിന്നു പ്രചണ്ഡമായ രാജസത്തിലേക്ക്‌.പൂര്‍ണ്ണമായ അറിവില്‍ നിന്നു അറിവില്ലായ്മയിലേക്ക്‌ ഭാരതത്തിലെ ദാര്‍ശ്ശനികര്‍ അത്‌ എന്നേ കണ്ടെത്തിയതാണു.

നാം അറിവെന്നുപറഞ്ഞു ശേഖരിച്ചുകൂട്ടുന്നത്‌ അറിവാണോ?അവയൊക്കെ രാജസത്തെ കൂടുതല്‍ പ്രചണ്ഡമാക്കുന്ന 'വിവരങ്ങള്‍'(information) മാത്രമല്ലെ?അവയുടെ പിന്നാലെ പായുന്ന നമ്മുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യുന്നു.

'കാലം' പൂര്‍ണ്ണതയുള്ള ബ്രഹ്മഭാവമാണു. അതു തിരിച്ചിട്ടാല്‍ ലങ്കയായി. കാ-ലം.ലം-കാ.അപൂര്‍ണ്ണവും ക്ഷുഭിതവുമായ മാനസമാണു ലങ്ക. പൂര്‍ണ്ണതയില്‍ നിന്ന് മായാവിലാസത്താല്‍ ജീവശക്തി പ്രചണ്ഡതയുടെ ഇരിപ്പിടമായ ലങ്കയിലെത്തിയിരിക്കുന്നു.സൂക്ഷ്മമായി നോക്കിയാല്‍ അപ്പോള്‍ രാമന്‍ തന്നെയല്ലെ രാവണണായി പരിണമിച്ചിരിക്കുന്നതും?സാത്വികത്തില്‍ നിന്നും രാജസത്തിലേക്കുള്ള ജീവന്റെ ചുവടുമാറല്‍? നമ്മുടെ ജീവിതാനുഭവങ്ങള്‍ അവലോകനം ചെയ്താലും ഇതു ബോദ്ധ്യമാകും.

രാത്രിയായപ്പോള്‍ ആഞ്ജനേയന്‍ ലങ്കാനഗരിയിലേക്ക്‌ ചെന്നു.കാവലാളുകളെയെല്ലാം മറികടന്നു മുന്നോട്ടു പോകുമ്പോള്‍ തന്നിലെ രാജസശക്തിയുണര്‍ന്നു. ലങ്കാലക്ഷ്മി ആക്രമിച്ചു.ബ്രഹ്മചര്യം അവിടെയും വിജയിച്ചു.രാജസം പരാജിതമായി, സാധകനു സഹായിയായി മാറി.ലങ്കാലക്ഷ്മി വിദ്യധരഭാവം കൈക്കൊണ്ട്‌ ഹനുമാനെ അനുഗ്രഹിക്കുന്നതായിക്കാണുന്നത്‌ അതാണു.

Sunday, August 5, 2007

രാമകഥ25

രാമകഥ 25

1182 കര്‍ക്കടകം 25 / 2007 ആഗസ്റ്റ്‌ 10

വിശപ്പ്‌,ദാഹം തുടങ്ങിയ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞാലും അതിനേക്കാള്‍ ഭീഷണമായ തടസ്സങ്ങള്‍ സാധകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌.

'രാമകാര്യത്തിനുപോകുന്ന രാമദൂതനാണു ഞാന്‍.അതുസാധിക്കുന്നതുവരെ എനിക്ക്‌ വിശ്രമമില്ല.രാമകാര്യമെല്ലാം പൂര്‍ത്തിയാക്കി തിരികെ വരുമ്പോള്‍ നിന്റെ ആതിഥ്യം സ്വീകരിക്കാം' എന്നുപറഞ്ഞ്‌ മുന്നോട്ട്‌ നീങ്ങിയ ആഞ്ജനേയനെ വാപിളര്‍ന്നുനില്‍ക്കുന്ന സുരസ തടഞ്ഞു.നാഗമാതാവായ അവള്‍ ഒരുവ്രതം പൂര്‍ത്തിയാക്കി പാരണവീട്ടാന്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണു ഹനുമാനെക്കണ്ടത്‌.ഇവനെ തിന്നുകളയാം എന്നവള്‍ വിചാരിച്ചു.

രാമകാര്യത്തിനുപോകുകയാണു താന്‍ എന്ന് അവളോടു പറഞ്ഞെങ്കിലും അവള്‍ അതംഗീകരിച്ചില്ല.സുരസ തന്റെ വായ വിസ്താരപ്പെടുത്തി ഹനുമാനെ വിഴുങ്ങാന്‍ ആഞ്ഞു.ഹനുമാന്‍ തന്റെ ശരീരം അതിനേക്കാള്‍ വലുതാക്കി.അവള്‍ വായുടെ വിസ്താരം പിന്നെയും വര്‍ദ്ധിപ്പിച്ചു.ഹനുമാനും തന്റെ ശരീരം അതിനനുസരിച്ച്‌ വിസ്താരപ്പെടുത്തി. അവസാനം പര്‍വ്വതാകാരനായ ആഞ്ജനേയനുമുന്നില്‍ സുരസ നൂറുയോജന വാപിളര്‍ന്നുനിന്നു.ഹനുമാന്‍, ഉടനെ അംഗുഷ്ടമാത്രനായി പരിണമിച്ച്‌ അതിനുള്ളിലൂടെ കടന്നുപോയി.

സാധകന്‍ തന്റെ മുന്നിലെ തടസ്സങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണകാരന്‍ കാണിച്ചുതരികയാണിവിടെ.പ്രീണങ്ങളെക്കാള്‍ സൂക്ഷിക്കേണ്ടതാണു ഭീഷണങ്ങള്‍. അതിനെ അതിജീവിക്കാന്‍ വിനയമാണു ഉചിതം.

പ്രത്യക്ഷപ്രലോഭനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പരോക്ഷപ്രലോഭനങ്ങള്‍ തലപൊക്കാന്‍ തുടങ്ങി.സാധകന്റെ അന്തരംഗത്തില്‍ മറഞ്ഞുകിടക്കുന്ന സൂക്ഷ്മമായ വാസനകളില്‍ നിന്ന് ഉണര്‍ന്നുവരുന്നവയാണവ.അതുകൊണ്ടാണു നിഴലിനേപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിവുള്ള സിംഹിക പ്രത്യക്ഷപ്പെടുന്നതായി തുടര്‍ന്ന് ചിത്രീകരിച്ചിരിക്കുന്നത്‌.മനസിന്റെ തലത്തിലെ ആ ഭീഷണതയെ അതിജീവിക്കണമെങ്കില്‍ അതിതീവ്രമായ വിഷ്ണുഭക്തി ഉണ്ടായിരിക്കണം.ഹനുമാനു അതുണ്ടായിരുന്നു എന്നുകാണിക്കാനാണു പാദാഘാതത്താല്‍ സിംഹികയെ കീഴ്പെടുത്തി എന്നുപറഞ്ഞിരിക്കുന്നത്‌.അങ്ങനെ പ്രലോഭനങ്ങളേയെല്ലാം അതിജീവിച്ച്‌ ഹനുമാന്‍ ലങ്കയിലേക്ക്‌ കുതിച്ചു.

രാമകഥ24

രാമകഥ 24
1182 കര്‍ക്കടകം 24 / 2007 ആഗസ്റ്റ്‌ 9

ബ്രഹ്മവിദ്യാപ്രാപ്തിയിലേക്ക്‌ അടുക്കുന്ന സാധകനെ എന്തൊക്കെ അലട്ടുകയില്ല? പ്രീണനവും ഭീഷണവുമായ പരീക്ഷണങ്ങള്‍ അവന്റെ മുന്നില്‍ ഉയര്‍ന്നുവരുന്നത്‌ സ്വാഭാവികം.

ലങ്കയിലേക്കുകുതിച്ച ആഞ്ജനേയനെ ആദ്യം കാത്തുനിന്നത്‌ മൈനാകമാണു.സമുദ്രാന്തര്‍ഭാഗത്ത്‌ നിന്നു ഫലപുഷ്പഹാരസമന്വിതം മുകളിലേക്ക്‌ ഉയര്‍ന്നുവന്ന മൈനാകപര്‍വ്വതം ഹനുമാന്റെ വഴി തടഞ്ഞു അവനോട്‌ അപേക്ഷിച്ചു.

"ഹേ കപേ,നീ യാത്രചെയ്തു വളരെക്ഷീണിച്ചിരിക്കുന്നു.എന്റെമേലിരുന്ന് ഈ ഫലമൂലാദികള്‍കഴിച്ച്‌ ക്ഷീണമകറ്റിയിട്ടാവാം ഇനിയാത്ര."

മൈനാകത്തിന്റെ വാക്കുകള്‍ ഹനുമാന്‍ ചെവിക്കൊണ്ടില്ല. ഒരു യഥാര്‍ത്ഥ സാധകന്‍ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ വഴങ്ങാറില്ല.ഹനുമാന്‍ അത്‌ തെളിയിച്ചു.നിത്യാനന്ദം തരുന്ന ബ്രഹ്മവിദ്യയെത്തേടിപ്പോകുന്ന തന്നെ നിസ്സാരമായ ഈ ഫലമൂലാദികള്‍ക്കെങ്ങനെ സ്വാധീനിക്കാന്‍ കഴിയും?

നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇത്തരം സാധകര്‍ കുറവാണു.ആത്മനേത്തേടിപ്പോകുന്നു എന്നവ്യാജേന പലരും ഭൗതികതയില്‍ മൂക്കുമുട്ടെ മുഴുകുന്ന കാഴ്ചയാണു നമുക്കുചുറ്റും.ആത്മന്റെപേരില്‍ വലിയ വലിയ സൗധങ്ങള്‍ നിര്‍മ്മിക്കുന്നു.സഞ്ചരിക്കാന്‍ വിലകൂടിയ കാറുകളും വിമാനങ്ങളുംവരെ വാങ്ങുന്നു.മുന്തിയതരം ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കുന്നു.ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച്‌ രാജ്യാധികാരത്തെ ഭീഷണിപ്പെടുത്തുന്നു.ആത്മീയതയുടെപേരില്‍ ഇന്ന് നടക്കുന്നത്‌ ഇതൊക്കെയാണു.ഇതിനെ ആത്മീയത എന്നുപറയാനാകുമോ? വ്യവസായമെന്നോ വാണിജ്യമെന്നോ അല്ലെ വിളിക്കേണ്ടത്‌? ഇത്തരം സംവിധാനങ്ങളില്‍നിന്നു ഒരു യോഗിയെങ്കിലും ജനിച്ചതായി കണ്ടിട്ടുണ്ടോ?

സംസാരത്തില്‍ കാലൂന്നിനില്‍ക്കുമ്പോള്‍ യോഗം സിദ്ധിക്കില്ല.പൂര്‍ണ്ണവൈരാഗ്യവും ആത്മസമര്‍പ്പണവുമുണ്ടെങ്കിലേ ബ്രഹ്മാനന്ദം ലഭിക്കു.ഇക്കാര്യത്തില്‍ നചികേതസ്സാണു ഭാരതീയനു മാതൃക.കൗമാരക്കാരനായ ഒരു രാജകുമാരന്‍.അതീവശ്രദ്ധാലു.ബ്രഹ്മവിദ്യ ലഭിക്കാനായി ആരും ഭയക്കുന്ന ഒരു കാര്യമാണു ആ കുമാരന്‍ ചെയ്തത്‌.നേരെ യമധര്‍മ്മന്റെ അടുത്തേക്ക്‌ ചെന്നു.യമകിങ്കരന്മാരുടെ നിഴല്‍ കണ്ടാല്‍പ്പോലും നാം വാവിട്ടുനിലവിളിച്ചുപോകും.അപ്പോഴാണു നചികേതസ്സ്‌ യമലോകത്തേക്ക്‌ നേരിട്ടു കടന്നു ചെല്ലുന്നത്‌.ലക്ഷ്യം ഉറച്ചുകഴിഞ്ഞാല്‍ സാധകനു സ്വന്തം ശരീരം പോലും വിലയില്ലാത്തതാണു.അങ്ങനെയുള്ളവരെ അറിവുനേടു.ലക്ഷ്യപ്രാപ്തിയില്‍ എത്തു.

Saturday, August 4, 2007

രാമകഥ 23

1182 കര്‍ക്കടകം 23 / 2007 ആഗസ്റ്റ്‌ 8
(രാമകഥ 23)

സമുദ്രതരണത്തിനുസന്നദ്ധനായ ഹനുമാന്‍ ചാടിയെഴുന്നേറ്റ്‌ ഒന്ന് അട്ടഹസിച്ചു.സര്‍ഗ്ഗശക്തി ഉണര്‍ന്നപ്പോള്‍ ജീവന്‍ ഉദ്ധൃതനായിത്തീര്‍ന്നു.രാവണനെ വധിച്ച്‌, ലങ്കയും നശിപ്പിച്ച്‌, സീതാദേവിയുമായി താനിതാവന്നുകഴിഞ്ഞു എന്ന് ഹനുമാന്‍ അലറിപ്പറഞ്ഞപ്പോള്‍ ജാംബവാന്‍ എഴുന്നേറ്റ്‌ തടഞ്ഞു.

"മകനെ അത്‌ പാടില്ല, സീതാദേവിയെ അന്വേഷിച്ച്‌ കണ്ടെത്തുകമാത്രമാണു നിന്റെ ധര്‍മ്മം.സീതയെവീണ്ടെടുക്കേണ്ടത്‌ രാമന്റെ ധര്‍മ്മമാണു. നീയതുചെയ്തുകൂടാ"

ജാംബവാന്‍ പറഞ്ഞതുകേട്ട്‌ സ്വരൂപസ്മൃതിയുണ്ടായ ആഞ്ജനേയന്‍ ശാന്തചിത്തനായിത്തീര്‍ന്നു.സര്‍ഗ്ഗശക്തികള്‍ ഉണരുമ്പോള്‍ എന്തുംചെയ്യാനുള്ള കരുത്തുണ്ടാവും.ധര്‍മ്മാധര്‍മ്മവിവേചനമില്ലാതെ അതുപയോഗിക്കുന്നത്‌ അപകടമാണു.അതിനു മുതിര്‍ന്നവരുടെയും ഗുരുക്കന്മാരുടേയും ഉപദേശങ്ങള്‍ പ്രയോജനപ്പെടും.പാരമ്പര്യത്തെ പിന്തുടരുന്നതും നല്ലതാണു.പാരമ്പര്യത്തെ തള്ളിക്കളയുകയും ഗുരോപദേശം അവഗണിക്കുന്നതുമാണു ഇന്നുള്ളരീതി. അതു ആശാവഹമല്ലയെന്ന് ഈ ആഞ്ജനേയകഥയില്‍ നിന്നും മനസിലാക്കാം.

നൂറുയോജനയുള്ള സമുദ്രം മുന്നില്‍ പരന്നുകിടക്കുന്നു.അപകടം നിറഞ്ഞതാണത്‌. ചുഴികളും മലരികളും അതിലുണ്ട്‌. വീണുപോയാല്‍ പിന്നെ രക്ഷയില്ല.അതു താണ്ടുന്നതിനുള്ള ശക്തിസംഭരിച്ച്‌ ആഞ്ജനേയന്‍ കുതിച്ചു. അതിനെപ്പറ്റി രാമായണകാരന്‍ പറയുന്നത്‌ ഇങ്ങനെയാണു:'രാമനാമം ചുണ്ടിലും, രാമസ്വരൂപം നെഞ്ചിലും, രാമാംഗുലീയം കയ്യിലും ധരിച്ചുകൊണ്ട്‌ ആഞ്ജനേയന്‍ യാത്രയായി'.

സംസാരത്തിന്റെ പ്രതീകമാണു കടല്‍. സംസാരസാഗരമെന്നുതന്നെയാണു അത്‌ അറിയപ്പെടുന്നത്‌.അതിനെ തരണംചെയ്യാന്‍ ബ്രഹ്മചര്യം വേണം.ബ്രഹ്മചര്യം ശാരീരികമായ ഒരവസ്ഥയായിട്ടാണു പലരും കരുതുന്നത്‌. സ്വരൂപസ്ഥിതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാണു യഥാര്‍ത്ഥത്തില്‍ ബ്രഹ്മചര്യമെന്ന് പറയേണ്ടത്‌.ആഞ്ജനേയനെക്കൊണ്ട്‌ അത്‌ സൂചിപ്പിക്കുന്നത്‌ കാണാം. രാമനാണു ഹനുമാന്റെ സര്‍വ്വസ്വവും. ആ രൂപം ഹൃദയത്തില്‍ ചേര്‍ത്തുവച്ചും ആ നാമംതന്നെ ജപിച്ചുമാണു ആഞ്ജനേയന്‍ ഓരോനിമിഷവും ജീവിക്കുന്നത്‌.ആ അവസ്ഥയുടെ പൂര്‍ണ്ണതസൂചിപ്പിക്കാനെന്നപോലെ രാമാംഗുലീയവും കൈവശമുണ്ട്‌.സാധകനും ആഞ്ജനേയനേപ്പോലെ ആണെങ്കിലെ ബ്രഹ്മവിദ്യ അയാള്‍ക്ക്‌ ലഭിക്കു.

രാമക്ഥ 22

1182 കര്‍ക്കടകം 22 / 2007 ആഗസ്റ്റ്‌ 7

സീതയെവിടെയുണ്ടെന്നറിഞ്ഞു.ഇനി കടല്‍ കടന്ന് അവിടെയെത്തണം. ഗന്ധമാദനപര്‍വ്വതത്തില്‍നിന്നും ഇറങ്ങിയ അംഗതനും വാനരസേനയും സമുദ്രതീരത്തെത്തി. മുന്നില്‍ പരന്നുകിടക്കുന്ന കടല്‍. അത്‌ ചാടിക്കടക്കണം. ഓരോത്തരും അവരവര്‍ക്ക്‌ ചാടിക്കടക്കാവുന്ന ദൂരം പറഞ്ഞു. ഗവനും ഗവാക്ഷനും നീലനുമൊന്നും നൂറുയോജനയ്ക്കപ്പുറമാവില്ല. അംഗതന്‍ ശ്രമിക്കാമെന്ന് പറഞ്ഞപ്പോള്‍ ജാംബവാന്‍ സമ്മതിച്ചില്ല. നേതാവായിരിക്കുന്നവന്‍ അതുചെയ്തുകൂടാ. താന്‍ ചാടിയാല്‍ അക്കരെ എത്തുമോയെന്ന് ജാംബവാനു സംശയം.അവരുടെ സംഭാഷണങ്ങളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ധനായി ഇരിക്കുന്നത്‌ കണ്ടപ്പോള്‍ ജാംബവാന്‍ ഹനുമാനെനോക്കി പറഞ്ഞു:

"ശ്രീരാമചന്ദ്രന്‍ അടയാളമോതിരം ഏല്‍പ്പിച്ചിരിക്കുന്നത്‌ നിന്നെയാണല്ലോ? അടയാളവാക്യവും പറഞ്ഞുതന്നിരിക്കുന്നത്‌ നിനക്കാണു.അതുകൊണ്ട്‌ സീതാന്വേഷണത്തിനു നിന്നോളം യോഗ്യരായവര്‍ വേറെയാരുമില്ല."

ജാംബവാന്‍ പറഞ്ഞതുകേട്ട്‌ ആഞ്ജനേയന്‍ വര്‍ദ്ധിതവീര്യനായിത്തീര്‍ന്നു.മറഞ്ഞുകിടന്നിരുന്ന ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി.

കാലത്തിന്റെ പ്രതിരൂപമാണു ജാംബവാന്‍.യുഗങ്ങളായി നമ്മില്‍ മറഞ്ഞുകിടക്കുന്ന സര്‍ഗ്ഗശക്തികൂടിയാണത്‌.അതിനെ ഉണര്‍ത്തണം.പ്രകീര്‍ത്തനം വഴി ജാംബവാന്‍ ചെയ്തത്‌ അതാണു. ചെറിയചെറിയ കാര്യങ്ങളില്‍ പലപ്പോഴും നാമറിയാതെതന്നെ ജാംബവാനുമുന്നില്‍ ചെന്നുപെടാറുണ്ട്‌.പക്ഷെ നാമത്‌ തിരിച്ചറിയാറില്ല.ജീവിതം സംഭവബഹുലമായതുമൂലം മിക്കപ്പോഴും നാം ഒരുതരം വിസ്മൃതിയിലായിരിക്കും.ഗുരുക്കന്മാരും കാലവുമാണു പലപ്പോഴും നമ്മെ തട്ടിയുണര്‍ത്തുന്നത്‌.പക്ഷെ പെട്ടെന്നുതന്നെ നാം അതൊക്കെമറന്നു പോകുന്നു.

സോല്‍സാഹം ഈശ്വരനിലേക്ക്‌ പ്രയാണം ചെയ്യുന്ന ജീവനാണു ആഞ്ജനേയരൂപത്തില്‍ കാണുന്നത്‌.അതിനു അന്തര്‍മുഖത്വം കൂടും. അംഗാദികളുടെ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ദനായിരുന്നത്‌ അതുകൊണ്ടാണു.സാധകനില്‍ ഈ അന്തര്‍മുഖത്വം ഒരു ഘട്ടം കഴിയുമ്പോള്‍ ബ്രഹ്മവിദ്യാപ്രാപ്തിപോലും നിസ്സാരമായിത്തോന്നിപ്പിക്കും.അതില്‍ നിന്ന് സാധകനെ സര്‍ഗ്ഗശക്തിയിലേക്കുണര്‍ത്തിയാല്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കുന്നതായിക്കാണാം.ഹനുമാന്റെ സമുദ്രതരണം കാണിക്കുന്നത്‌ അതാണു.

Friday, August 3, 2007

രാമകഥ 21

1182 കര്‍ക്കടകം 21 / 2007 ആഗസ്റ്റ്‌ 6

ബ്രഹ്മവിദ്യ എതുദിക്കിലുണ്ടെന്നറിഞ്ഞെങ്കിലും കൃത്യമായി അതെവിടെയാണെന്നറിവില്ല.അതറിയണമെങ്കില്‍ വിരാഗതനേടണം. സമ്പാതിക്ക്‌ ചിറകുമുളയ്ക്കണം.അതിനായി ദിവസങ്ങളോളം വിന്ധ്യന്റെ പാര്‍ശ്വങ്ങളില്‍ വാനരസൈന്യം അലഞ്ഞുനടന്നു. സീതാദേവിയില്ലാതെ തിരിച്ചുചെന്നാല്‍ കാലപുരിക്ക്‌ യാത്രയാക്കും സുഗ്രീവന്‍. സുഗ്രീവാജ്ഞയുടെ കാഠിന്യമറിയാവുന്ന അവരതേക്കുറിച്ച് ആലോചിക്കുകപോലും ചെയ്തില്ല.

സീതയേത്തേടി തളര്‍ന്നവശരായ വാനരസൈന്യം മഹേന്ദ്രഗിരിയില്‍ നിസ്തേജമാനസരായി കിടന്നു.ആ സമയത്ത്‌ പര്‍വ്വതത്തിലുള്ള ഗുഹയില്‍ നിന്ന് ഗംഭീരാകാരനായ ഒരു വൃദ്ധപക്ഷിരാജന്‍ പുറത്തുവന്നു. കപിവരന്മാരെക്കണ്ട പക്ഷിവര്യന്‍ തനിക്ക്‌ കുറേദിവസത്തേക്കുള്ള ഭക്ഷണമായല്ലോ എന്നുവിചരിച്ച്‌ അംഗാദികളുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ അവര്‍ തമ്മില്‍ സംസാരിക്കുന്നത്‌ കേട്ടു.

'ആ ജടായു എത്രഭാഗ്യവാനാണു.അവന്‍ രാമന്റെ കൈകൊണ്ടുതന്നെ മോക്ഷം പ്രാപിച്ചല്ലോ! നമുക്ക്‌ ആ ഭാഗ്യം ഇല്ലാതെപോയി.'

ഇതുകേട്ട പക്ഷിരാജന്‍ ചോദിച്ചു:"നിങ്ങള്‍ ആരാണു? എന്താണു ജടായുവിന്റെ വൃത്താന്തം? അത്‌ നിങ്ങള്‍ക്കെങ്ങനെ അറിയാം? ആരാണു നിങ്ങള്‍? എന്തിനു ഇവിടെ വന്നു? പറയൂ, ഞാന്‍ നിങ്ങള്‍ പറഞ്ഞ ജടായുവിന്റെ സഹോദരനാണു.സമ്പാതി."

അംഗാദികള്‍ സീതാവൃത്താന്തം സമ്പാതിയെ അറിയിച്ചു.

രാമലക്ഷ്മണന്മാര്‍ വനവാസത്തിനു തിരിച്ചതും, കാട്ടില്‍ വച്ച്‌ രാവണന്‍ സീതയെ അപഹരിച്ചതും, അതുതടഞ്ഞ ജടായുവിന്റെ ചിറകരിഞ്ഞതും രാമന്‍ ജടായുവിനു മോക്ഷം കൊടുത്തതും സീതാന്വേഷണത്തിനു തങ്ങള്‍ ഇറങ്ങിത്തിരിച്ചതും അവര്‍ വിശദീകരിച്ചു.

തന്റെ സഹോദരന്റെ ഓര്‍മ്മയില്‍ പുളകിതനായ സമ്പാതി അവരെ സഹായിക്കാമെന്നേറ്റു. മഹേന്ദ്രാചലത്തിന്റെ ഉച്ചത്തിലുള്ള ഗന്ധമാദനത്തിലേക്ക്‌ കയറിപ്പോയ പക്ഷിരാജന്‍ അവിടെ നിന്നും ചുറ്റും നിരീക്ഷിച്ചു. പക്ഷികളുടെ കണ്ണുകള്‍ക്ക്‌ ശക്തികൂടും. ഏകാഗ്രനയനത്തിലൂടെ നോക്കിയ സമ്പാതിക്ക്‌ നൂറുയോജന സമുദ്രത്തിനപ്പുറം ലങ്കയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍ രാമരാമേതിജപിച്ചിരിക്കുന്ന സീതയെ കാണാന്‍ കഴിഞ്ഞു. തിരിച്ചുവന്ന സമ്പാതി അംഗാദികളെ ആ വിവരം ധരിപ്പിച്ചു.ആ നിമിഷം സമ്പാതിക്ക്‌ വീണ്ടും ചിറക്‌ മുളയ്ക്കാനാരംഭിച്ചു.

നവവിരാഗതയാണു സമ്പാതിയുടെ ചിറകുമുളയ്ക്കല്‍.സാധകനു വൈരാഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതിലേക്ക്‌ വേണ്ടിയാണു സമ്പാതിയുടെ കഥവിശദമായി പ്രതിപാദിക്കുന്നത്‌.ഇപ്പോള്‍ സാധകനു ലക്ഷ്യം വിശദമായി തെളിഞ്ഞുകണാം. ഇനി അവിടെയെത്തണം.

രാമകഥ 20

1182 കര്‍ക്കടകം 20 / 2007 ആഗസ്റ്റ്‌ 5

ദക്ഷിണദിക്കിലേക്ക്‌ നീങ്ങിയ അംഗദന്റെ നേതൃത്വത്തിലുള്ള വാനരസേന വിന്ധ്യാപര്‍വ്വതത്തിലെത്തിച്ചേര്‍ന്നു. യാത്രയുടെ ക്ലേശംകൊണ്ട്‌ എല്ലാവരും അവശരായി.പൈദാഹത്താല്‍ വലഞ്ഞ അവര്‍, ഒരു ഗുഹയില്‍ നിന്ന് കുറേപക്ഷികള്‍ പറന്നുപോകുന്നതു കണ്ടു. അവയുടെ കാലില്‍നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിവീഴുന്നത്‌ അവരുടെ കണ്ണില്‍പ്പെട്ടു. ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടെന്ന് അവര്‍ ഊഹിച്ചു.പ്രത്യാശയോടെ അകത്തുകടന്ന വാനരസംഘം തേജോരൂപിണിയായ ഒരു സ്ത്രീയുടെ മുന്നിലാണെത്തിയത്‌. അംഗദാദികള്‍ അവരെ നമസ്കരിച്ചു.

'നിങ്ങള്‍ എവിടെ നിന്നു വരുന്നു? എങ്ങോട്ട്‌ പോകുന്നു?'

ദേവത ചോദിച്ചപ്പോള്‍ രാമലക്ഷ്മണ വൃത്താന്തവും സീതാവിയോഗവും അവരെ ധരിപ്പിച്ചു. തങ്ങള്‍ ഇപ്പോള്‍ സീതാന്വേഷണത്തിലാണെന്നും സൂചിപ്പിച്ചു.

'സീതാദേവി ദക്ഷിണദിക്കിലുണ്ട്‌. അങ്ങോട്ട്‌ പോയാലും. ഇതറിയിക്കുവാനാണു ഞാനിവിടെ കാത്തിരുന്നത്‌'‘

അത്രയും പറഞ്ഞിട്ട്‌ അവര്‍ക്ക്‌ കുടിക്കാന്‍ വേണ്ടത്ര ജലം നല്‍കി ആശ്വസിപ്പിച്ചു.സ്വയം പ്രഭയായിരുന്നു ആ ദേവത. വിശ്വകര്‍മ്മാവിന്റെ പുത്രിയായ ഹേമയുടെ തോഴി. ഹേമ പറഞ്ഞേല്‍പ്പിച്ചതുകൊണ്ട്‌ അവരെ കാത്തിരിക്കുകയായിരുന്നു സ്വയം പ്രഭ. കര്‍മ്മപൂര്‍ത്തീകരണത്തെതുടര്‍ന്ന് മോക്ഷപ്രാപ്തയായ സ്വയം പ്രഭ രാമസന്നിധിയെ പ്രാപിച്ചു.

ഈ കഥയിലൂടെ രാമായണകാരന്‍ പ്രകാശിപ്പിക്കുന്നത്‌ ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള ശ്രമങ്ങള്‍ എത്രതീവ്രകരമായിരിക്കുമെന്നാണു. അതു പരിപൂര്‍ത്തിയിലെത്തുമ്പോള്‍ സ്വയം പ്രകാശവും സിദ്ധികളും ലഭ്യമാകും. സ്വയം പ്രഭയുടെ സാന്നിദ്ധ്യവും കുടിക്കാന്‍ വെള്ളം കിട്ടുന്നതും സൂചിപ്പിക്കുന്നത് അതാണു. മാത്രമല്ല, ബ്രഹ്മവിദ്യയെവിടെയുണ്ടെന്നറിയുവാനും കഴിഞ്ഞു. സാധനയ്ക്കിടയിലെ ക്ലേശങ്ങള്‍ക്ക് മുന്നില്‍‍ പരിഭ്രമിച്ച്‌ നിന്നുപോയാല്‍ ബ്രഹ്മവിദ്യാപ്രപ്തി അസാദ്ധ്യമാണെന്നു സാധകന്‍ അറിഞ്ഞിരിക്കണം.‍ അതുപോലെ സിദ്ധികള്‍ക്കുമുന്നില്‍ പരിഭ്രമിച്ച് നില്‍ക്കുകയും ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ അത്‌ മരണതുല്യമായിരിക്കും. അംഗദാദികള്‍ ഗുഹാമുഖത്ത്‌ സംശയപൂര്‍വ്വം നിന്നിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്നത്‌ നിശ്ചയമാണു. അവര്‍ വിവേകപൂര്‍വ്വം ഗുഹയ്ക്കുള്ളിലേക്ക്‌ കടക്കുകയാണു ചെയ്തത്‌.

അണിമാദി എട്ട്‌ സിദ്ധികളേയും ഉപേക്ഷിച്ച്‌ സാധകന്‍ മുന്നോട്ട്‌ പ്രയാണം ചെയ്തെങ്കിലേ മോക്ഷപ്രാപ്തിയുണ്ടാകു.എന്തു പ്രയാസമുണ്ടായാലും മുന്നോട്ട്‌ പോകുകതന്നെ വേണം.അങ്ങനെ ചെയ്താല്‍ എല്ലാം സ്വയം പ്രകാശമായി വരുന്നത്‌ കാണാം.

രാമകഥ 19

1182 കര്‍ക്കടകം 19 / 2007 ആഗസ്റ്റ്‌ 4

രാജസവുമായി ഏറ്റുമുട്ടാന്‍ ഇനിയും സമയമായിട്ടില്ല. തപസ്സിലൂടെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുവേണം സാധകന്‍ അതിനു മുതിരാന്‍. അതിനുവേണ്ടി രാമന്‍ ചാതുര്‍മാസ്യവ്രതം അനുഷ്ഠിക്കാന്‍ ഒരുങ്ങുന്നു. ഋശ്യമൂകാചലത്തിലെ ഒരു ഗുഹയില്‍ സമാധിസ്ഥനായി തപസ്സുചെയ്തു തുടങ്ങി. തപസ്സുതീരുന്നതുവരെ മറ്റുപ്രവര്‍ത്തികളെല്ലാം വിവേകത്തിനു വിട്ടുകൊടുത്തു. രാജ്യകാര്യങ്ങള്‍ നൊക്കുന്നത്‌ സുഗ്രീവനാണു. ചാതുര്‍മാസ്യകാലത്ത്‌ രാമന്‍ മനനപഠനങ്ങളില്‍ ഏര്‍പ്പെട്ടു. അതാണു ക്രിയായോഗത്തെപ്പറ്റി ലക്ഷ്മണനുനല്‍കുന്ന ഉപദേശങ്ങളുടെ വ്യംഗ്യം. ഇതുപോലെ ഒരു ചര്‍ച്ച പഞ്ചവടിയില്‍ വച്ച്‌ നടക്കുന്നതായും നാം കാണുന്നുണ്ട്‌. അന്ന് മായയെക്കുറിച്ചായിരുന്നു ചര്‍ച്ച. അതും മറ്റൊരു മനനപഠനമായിരുന്നു.ചാതുര്‍മാസ്യം വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വ-തൈജസന്മാര്‍ വിവേകവുമായി ഒന്നിച്ചിരുന്ന് അനന്തര നടപടികള്‍ ആലോചിക്കുന്നു. രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി കൂടിയാലോചന നടത്തുന്നതായിക്കാണാം.വാനരസൈന്യത്തെ എല്ലാദിക്കിലേക്കും വിടണം. അവര്‍ തീരുമാനിച്ചു.

ജീവന്‍ പ്രായേണ ചലനസ്വഭാവമുള്ളതാണു. വാനരന്മാരെക്കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ ജീവന്റെ ഈ ചഞ്ചല സ്വഭാവത്തേയാണു.അങ്ങനെ, ജീവന്‍ ബ്രഹ്മവിദ്യയെത്തേടി നാനാവഴിക്കും നീങ്ങുന്നു.അംഗദന്റെ സൈന്യം ദക്ഷിണദിക്കിലേക്കാണു പോയത്‌.ആ സംഘത്തില്‍ ആഞ്ജനേയനുമുണ്ട്‌.യാത്രാരംഭത്തില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാനെവിളിച്ച്‌ അംഗുലീയവും അടയാളവാക്യവും നല്‍കി.

ബ്രഹ്മവിദ്യ എങ്ങനെയിരിക്കുമെന്ന് രാമനു നന്നായറിയാം. ഒരിക്കല്‍ അത്‌ അനുഭവിച്ചതാണു. അപഭ്രംശം കൊണ്ട്‌ അതു നഷ്ടമായതാണു. തീവ്രമായബ്രഹ്മചര്യം ഇപ്പോഴുണ്ട്‌. ബ്രഹ്മചര്യത്തിനേ ബ്രഹ്മവിദ്യയെ കണ്ടെത്താനാകു. അങ്ങനെ കണ്ടെത്തുന്ന ബ്രഹ്മവിദ്യയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രമാദം വരാനിടയുണ്ട്‌. അതൊഴിവാക്കാനാണു അംഗുലീയ-അടയാളവാക്യങ്ങള്‍ നല്‍കുന്നത്. മനന-സാധന വഴി ബ്രഹ്മവിദ്യാസ്വരൂപം ഉറപ്പാക്കുന്നു എന്നാണു ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

Thursday, August 2, 2007

രാമകഥ 18

1182 കര്‍ക്കടകം 18 / 2007 ആഗസ്റ്റ്‌ 3

ബ്രഹ്മചര്യത്തിന്റെ ഉത്തമബിംബമാണു ആഞ്ജനേയന്‍. രാമന്‍ ആഞ്ജനേയനുമായി സന്ധിച്ചപ്പോള്‍ സാധകന്‍ ബ്രഹ്മചര്യാനിഷ്ഠനായിത്തീര്‍ന്നു. ബ്രഹ്മചര്യം സ്വീകരിക്കുന്നത്‌ അവിവേകത്തെ കീഴടക്കി വിവേകം നേടാന്‍ വേണ്ടിയാണു. അതിനാണു സുഗ്രീവസഖ്യം. സുഗ്രീവന്‍ വിവേകത്തെ പ്രതിനിധീകരിക്കുന്നു.അവിവേകത്തെപ്പേടിച്ച്‌ വിവേകം ഉന്നതസ്ഥാനത്ത്‌ ഒളിച്ചിരിക്കുകയാണു. ബാലിയാണു അവിവേകം. ബാലിയെപ്പേടിച്ച്‌ സുഗ്രീവന്‍ ഋശ്യമൂകാചലത്തില്‍ ഒളിച്ചിരിക്കുന്നു എന്ന് പറയുന്നത്‌ അതുകൊണ്ടാണു.

ജീവന്റെ രണ്ട്‌ ഭാവങ്ങളാണു വിവേകവും അവിവേകവും. മായയില്‍ വിദ്യ പ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ വിവേകം. അവിദ്യപ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ അവിവേകം. ഒരമ്മയില്‍ രണ്ട്‌ പിതാക്കന്മാര്‍ക്കായി ഉണ്ടായ ബാലി-സുഗ്രീവന്മാര്‍ എന്ന് അത്‌ കാവ്യഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു .

അവിവേകം വളരെവ്യാപകമായിരിക്കുമ്പോഴും ചിലസ്ഥലങ്ങളില്‍ അതിനു പ്രവേശനമില്ല.വിവേകമുള്ളിടത്ത്‌ അവിവേകം കാണില്ല! അതുകൊണ്ടാണു ഋശ്യമൂകാചലത്തില്‍ ബാലിക്ക്‌ പ്രവേശനമില്ല എന്ന് പറഞ്ഞിരിക്കുന്നത്‌.

അവിവേകമായ ബാലിക്കൊപ്പമാണു താര. പ്രണവത്തിന്റെ താരകഭാവമാണു അത്‌. ആ താരകഭാവത്തേ മോചിപ്പിച്ച്‌ വിവേകത്തോട്‌ ചേര്‍ക്കുമ്പോഴെ ജ്ഞാനം പൂര്‍ണ്ണമാകു. അതിനാണു ജീവനാകുന്ന രാമന്‍ വിവേകമായ സുഗ്രീവനുമായി സഖ്യം ചെയ്ത്‌ ബാലിനിഗ്രഹത്തിനായി പുറപ്പെടുന്നത്‌.

ജീവിതയാത്രയ്ക്കിടയില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാന്‍ നാം പലപ്പോഴും പ്രയാസപ്പെടും. ദുഃഖത്തിനു ഇതാണൊരു കാരണം.

സാധകനെ സംബന്ധിച്ചിടത്തോളം ഈ സംസാരത്തെ അതിജീവിക്കുക എന്നത്‌ അതീവ കഠിനതരമാണു. അതില്‍ത്തന്നെ വിവേകത്തെ ബലികഴിക്കേണ്ടിവന്നാല്‍ അതൊരു വലിയ വീഴ്ചയാകും.

ബാലി-സുഗ്രീവന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ രാമന്‍ അതനുഭവിക്കുന്നുണ്ട്‌.

യുദ്ധക്കളത്തില്‍ രാമനു ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എതാണു വിവേകം? എതാണു അവിവേകം? അവിവേകമാണെന്ന് ധരിച്ച്‌ വിവേകത്തെ നശിപ്പിച്ചാലോ? അപ്പോള്‍ വിവേകത്തെ തിരിച്ചറിയാന്‍ ഒരടയാളമിടണം. അതാണു രാമന്‍ സുഗ്രീവനു കഴുത്തിലിടാന്‍ ഒരു മാല്യം കൊടുത്തത്‌. ഈശ്വരവിശ്വാസത്തിന്റേയും അര്‍പ്പണ മനോഭാവത്തിന്റേയും മാല്യമാണത്‌. ആ മാലചൂടി നിന്നാലേ നിത്യജീവിതത്തില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാണാകു.

ബാലിയെ നിഗ്രഹിക്കണമെങ്കില്‍, ആദ്യം സപ്തസാലങ്ങള്‍ എയ്തുവീഴ്ത്തണം. ഈ ശരീരം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സപ്തധാതുക്കളെയാണു അതുകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്‌. അവയെ കടന്ന് ജീവന്‍ ഉള്ളിലേക്ക്‌ തിരിയണം. അനന്തരം ദുന്ദുഭിയുടെ അസ്തികൂടത്തെ തട്ടിയെറിയലാണു. അഹംബോധമുള്‍ക്കൊണ്ട ഈ ശരീരത്തെത്തന്നെ തട്ടിയെറിയലാണത്‌. അതു കഴിയുമ്പോള്‍ സാധകനു വിദേഹമുക്തി കിട്ടും. പിന്നെ അവിവേകത്തെ കീഴ്പെടുത്താന്‍ പ്രയാസമില്ല. എങ്കിലും നേരിട്ട്‌ ചെന്നാല്‍ അതാവില്ല. അവിവേകത്തിനാണു എപ്പോഴും കൂടുതല്‍ ശക്തി. ഏറ്റുമുട്ടുന്നവന്റെ പകുതി ശക്തികൂടി അത്‌ പിടിച്ച്‌ വാങ്ങുകയും ചെയ്യും. ദൗര്‍ബ്ബല്യങ്ങള്‍ക്ക്‌ മനുഷ്യന്‍ വശംവദനാകുമ്പോള്‍ എതിരാളി ശക്തനാകുന്നതിന്റെ രഹസ്യവും ഇതാണു.

നമ്മിലെ താമസഭാവത്തെയാണു ബാലിനിഗ്രഹത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ പുറപ്പെടുന്നത്‌. അതിനു ഇപ്പോഴുള്ള ഭാവം യഥാര്‍ത്ഥമല്ലെന്നറിയണം. തന്റെ ശരിയായ ഭാവം ഈ ശരീരമല്ലെന്നും, ശരിയായ ഭാവം ഉള്ളിലേതാണെന്നും, അതിനെ മറയ്ക്കുന്ന മായയ്ക്കപ്പുറത്തുനിന്നുള്ള യുദ്ധമാണാവശ്യമെന്നും കാണിക്കുന്നതാണു മറഞ്ഞുനിന്നുള്ള യുദ്ധം. രാമന്‍ അമ്പെയ്തപ്പോള്‍ ബാലിവീണു. പരാജയത്തില്‍ അവിവേകം ക്രുദ്ധനായെങ്കിലും ജീവന്റെ വിജയത്തെ വാഴ്ത്തുന്ന കാഴ്ചയാണു പിന്നീട്‌ നാം കാണുന്നത്‌. ബ്രഹ്മചര്യാനിഷ്ഠനായ ഒരു സാധകനു താമസഭാവങ്ങള്‍ പോലും ഗുണകരമായേ വരൂ.അതിന്റെ സൂചനയാണു അംഗതനെ യുവരാജാവായി വാഴിക്കുന്നത്‌.

സുഗ്രീവന്‍ രാജാവായി. താര സുഗ്രീവനോട്‌ ചേര്‍ന്നു.

വിവേകം പ്രണവവുമായി ബന്ധപ്പെട്ടു.

സാധകന്‍ അടുത്ത പടിയിലേക്ക്‌ കടക്കുന്നു.

Sunday, July 29, 2007

രാമകഥ 17

1182 കര്‍ക്കടകം 17 / 2007 ആഗസ്റ്റ്‌ 2

സാധകനു സത്വം, രജസ്സ്‌, തമസ്സ്‌ എന്ന് മൂന്നവസ്ഥകളുണ്ട്‌. സത്വാവസ്ഥയാണു വിഭീഷണന്‍. രാജസം രാവണനും താമസം കുംഭകര്‍ണ്ണനുമാകുന്നു.

രാജസത്തിനു പത്ത്‌ ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കാനാവും. ഇന്ദ്രിയങ്ങളുടെ അറിവു ബുദ്ധിയുമായാണാണു ബന്ധപ്പെട്ടിരിക്കുന്നത്‌. ബുദ്ധിയുടെ പ്രഭവം തലയായതുകൊണ്ട്‌ രാവണനു പത്ത്‌ തലയുണ്ടെന്ന് പറയുന്നു. പത്ത്‌ ബുദ്ധികള്‍ക്ക്‌ അനുകൂല-പ്രതികൂല ഭാവങ്ങളായി ഇരുപതു തരത്തില്‍ പ്രവര്‍ത്തിക്കാനാവും. അപ്പോള്‍ രാവണനു ഇരുപത്‌ കൈകള്‍ ഉള്ളതായി രൂപകല്‍പന ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ രാജസാവസ്ഥയുടെ സ്ഥൂലപ്രകൃതിയാണു രാവണന്‍.

മാരീചനേത്തേടിപ്പോയ രാമന്‍ തിരിച്ചെത്തിയപ്പോള്‍ സീത നഷ്ടമായതായി മനസിലാക്കി.ആത്യന്തിക ദുഃഖനിവര്‍ത്തിയിലേക്ക്‌ പ്രയാണം ചെയ്തിരുന്നുകൊണ്ടിരുന്ന സാധകനു പഥഭ്രംശമുണ്ടായപ്പോള്‍ ബ്രഹ്മവിദ്യ നഷ്ടമായി. സാധകന്‍ അതീവ ഖിന്നനായിത്തീര്‍ന്നു. ഇനി വീണ്ടും ഒന്നുമുതല്‍ തുടങ്ങണം.

ആദ്യമായി പ്രാകൃത ഭക്തിയുടെ തലത്തിലാണു സാധകന്റെ പ്രയാണം. ശബരിയെ കാണുന്നതായി ചിത്രീകരിച്ചതില്‍ നിന്നും മനസിലാക്കേണ്ടത്‌ അതാണു. മാതംഗാശ്രമ വാടിയില്‍ വച്ച്‌ ശബരിയെ കണ്ടെത്തുന്ന രാമന്‍ പ്രാകൃത ഭക്തിയുടെ ഉത്തുംഗമാതൃക എന്താണെന്ന് മനസിലാക്കി അതിന്റെ ഉന്നതാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. സിദ്ധികള്‍ മെല്ലെ തിരിച്ചുവരാന്‍ തുടങ്ങി. ലക്ഷ്യം വീണ്ടും മനസില്‍ തെളിഞ്ഞുവിളങ്ങി.

നഷ്ടമായ ബ്രഹ്മവിദ്യ എവിടെയാണിരിക്കുന്നത്‌? സാധകന്‍ ചിന്തിച്ചു. ദക്ഷിണദിക്കില്‍ രാജസത്തിന്റെ ബന്ധനത്തില്‍ അതിരിക്കുന്നത്‌ സാധകന്‍ കണ്ടു. ബ്രഹ്മവിദ്യ വീണ്ടെടുക്കണം. അതിനു ദക്ഷിണദികിലേക്ക്‌ പോകണം. ത്വക്ക്‌ മാംസാസ്ഥി രേതസ്സുകള്‍ക്കപ്പുറം സപ്തധാതുക്കളേയും കടന്ന് സാധകന്‍ വളരണം. ദക്ഷിണഭാഗത്തുകൂടിയുള്ള പ്രദക്ഷിണവഴി സൂചിപ്പിക്കുന്നത്‌ അതാണു. ആ സാധന വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ മായാമയമായ വൈകാരിക ശരീരത്തിനപ്പുറത്ത്‌ തന്നില്‍ത്തന്നെ ഇരുന്നരുളുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കാന്‍ സാധകനു കഴിയും. അതിനുള്ള വഴി സാധന കൂടുതല്‍ ശക്തമാക്കുകയാണു. രാമന്‍ അതിനുള്ള വഴിയാണു തുടര്‍ന്നാലോചിക്കുന്നത്‌.

Saturday, July 21, 2007

രാമകഥ 16

1182 കര്‍ക്കടകം 16 / 2007 ആഗസ്റ്റ്‌ 1

വിരാഗതയെ കാവലേല്‍പ്പിച്ച്‌ പഞ്ചേന്ദ്രിയങ്ങളടങ്ങിയ ചിത്തത്തിലേക്ക്‌ ജീവന്‍ പിന്‍ വാങ്ങി. രാമന്റെ പഞ്ചവടിപ്രാപ്തി കൊണ്ട്‌ ഉദ്ദെശിക്കുന്നത്‌ അതാണു. ജ്ഞാനിയായിക്കഴിഞ്ഞാല്‍ ആഗ്രഹങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ആഗ്രഹങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണു ജ്ഞാനത്തിന്റെ സ്വഭാവം. അല്ലാതെ ആഗ്രഹങ്ങളുണ്ടായിട്ട്‌ തടഞ്ഞുനിര്‍ത്തലല്ല. എന്നാല്‍ രാമനെ സംബന്ധിച്ചിടത്തോളം ആഗ്രഹങ്ങള്‍ ഉണ്ടായി എന്നതിന്റെ സൂചനയാണു ശൂര്‍പ്പണഖയുടെ ആഗമനം.

രാമന്റെ ജ്ഞാനം പൂര്‍ണ്ണമായിരുന്നില്ല. അത്‌ വ്യാവഹാരികതലത്തിലേ ആയിട്ടുള്ളു. അങ്ങനെയിരിക്കെ ആശകളെ തടഞ്ഞാലും സ്വീകരിച്ചാലും ഒരുപോലെ അപകടമാണു.

ആഗ്രഹത്തെ തടഞ്ഞാല്‍ കോപവും സ്വീകരിച്ചാല്‍ കാമനയും ഉണ്ടാകും. കുചങ്ങള്‍ കാമനയേയും നാസിക ക്രോധത്തേയും പ്രതിനിധീകരിക്കുന്നു. ശൂര്‍പ്പണഖയുടെ കുച-നാസികകള്‍ ലക്ഷ്മണന്‍ ഛേദിക്കുന്നതായിക്കാണാം.ലക്ഷ്മണന്‍ തൈജസനാണു. രാമന്റെ തന്നെ സ്വാപനിക ഭാവം.സ്വപ്നതലത്തില്‍ ഇറങ്ങിച്ചെന്ന് രാമന്‍ ആഗ്രഹത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു.

പക്ഷെ അത്‌ വിപരീതഫലമാണു ചെയ്തത്‌. വൃത്തികള്‍ പ്രബലമായി.ഖരദൂഷണത്രിശിരാക്കള്‍ വന്‍പടയുമായി രാമനേത്തേടി എത്തി.കഠിനമായ യത്നം നടത്തി രാമന്‍ അതുമടക്കി. ഉടനേ ഉണ്ടായി അടുത്ത പരീക്ഷണം. അതാ മാരീചന്‍ മാനിന്റെ രൂപത്തിലെത്തുന്നു!

സാധകന്‍ ഒരാഗ്രഹത്തെ തടയുമ്പോള്‍ മറ്റൊന്ന് എപ്രകാരമാണു പ്രബലമാകുന്നതെന്ന് ഋഷി ഭംഗ്യന്തരേണ കാണിച്ചുതരുന്നു. മാനിന്റെ പിന്നാലെ പോയ രാമനു സീതയെ നഷ്ടപ്പെട്ടു. ആഗ്രഹങ്ങളുടെ പുറകെ പോകുന്ന സാധകനു സ്വായത്തമായ ബ്രഹ്മവിദ്യ എങ്ങനെ നഷ്ടമാകുന്നു എന്ന് കാണിക്കുകയാണിവിടെ.

രാമനില്‍ രജോഗുണം പ്രബലമായി എന്നതിന്റെ തെളിവാണു രാവണന്റെ രംഗപ്രവേശം‌. രാവണന്‍ സീതയുമായി കടന്നു കളഞ്ഞു! സാധകന്റെ ഉള്ളിലെ രജോഗുണത്തിലേക്കാണു ബ്രഹ്മവിദ്യ ഒളിച്ചത്‌.സാധകന്റെ തന്നെ ഉള്ളിലെ രാജസഭാവമാണു രാവണന്‍. ബ്രഹ്മവിദ്യയുമായിപ്പോകുന്ന രാജസത്തെ വിരാഗത തടഞ്ഞുനിര്‍ത്താന്‍ നോക്കി. പക്ഷെ ക്ഷുഭിതമായ രജസ്സ്‌ അതിനനുവദിച്ചില്ല. സീതയുമായി കടന്നുപോകുമ്പോള്‍ തടയുവാന്‍ ചെന്ന ജടായു രാവണന്റെ വാള്‍വീശലില്‍ മുറിവേറ്റ്‌ വീണു.ഇനിയും ബ്രഹ്മവിദ്യ ലഭിക്കണമെങ്കില്‍ നവവിരാഗതയുണ്ടാകണം. സമ്പാതിക്ക്‌ ചിറകുമുളയ്ക്കണം.

രാമകഥ 15

1182 കര്‍ക്കടകം 15 / 2007 ജൂലൈ 31

ശ്രവണവും സത്സംഗവും കൊണ്ട്‌ ഉന്നതമായ രാമന്റെ മനസിനെ ഇനി തപസിനു സജ്ജമാക്കണം.അതിനായി രാമന്‍ മുനിമണ്ഡലത്തിലേക്ക്‌ പ്രവേശിച്ചു. മുനിമാരെ കണ്ട്‌ ഉപദേശവും അനുഗ്രഹവും വാങ്ങി. തപസിനു വിഘാതം വരുത്തുന്ന രാക്ഷസന്മാരെ അമര്‍ച്ചചെയ്തു.സന്തുഷ്ടരായ മുനിമാര്‍ അദ്ദേഹത്തെ വലിയൊരു അസ്ഥിക്കൂമ്പാരം കാട്ടിക്കൊടുത്തു. കാലാകാലങ്ങളായി രാക്ഷസന്മാര്‍ കൊന്നൊടുക്കിയ താപസന്മാരുടെ എല്ലും തലയോടുമായിരുന്നു അവ. ജന്മജന്മാന്തരങ്ങളായി കാമനകള്‍ക്ക്‌ വശംവദരായി നശിച്ചുപോയ മനുഷ്യന്റെ പ്രതിരൂപമായി കൂടിക്കിടന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടപ്പോള്‍ സാധകനു തന്റെ പൂര്‍വ്വകാലത്തിലേക്ക്‌ തിരിഞ്ഞുനോക്കാനുള്ള അവസരമുണ്ടായി. അവ രാമനില്‍ വിവേകവിരാഗാദിയകള്‍ ഉദിപ്പിച്ചു. ഇനി താന്‍ ജീവിക്കുമെങ്കില്‍ പൂര്‍ണ്ണജ്ഞാനം കൈവരിക്കുമെന്നു രാമന്‍ ദൃഢനിശ്ചയം ചെയ്തു.
തുടര്‍ന്ന് സുതീഷ്ണാശ്രമവും സന്ദര്‍ശിച്ച്‌ അഗസ്ത്യാശ്രമത്തില്‍ എത്തി. ഒരു സാധകന്റെ ജീവിതത്തിലെ അവിസ്മരണീയമുഹൂര്‍ത്തമാണു താന്‍ ആരാണെന്ന് തിരിച്ചറിയുന്ന നിമിഷം. ഒരു കണ്ണാടിയിലെന്നപോലെ രാമനെ അഗസ്ത്യന്‍ തന്നില്‍ പ്രതിഫലിപ്പിച്ച്‌ കാണിച്ചുകൊടുത്തു. ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതി നോക്കുക. 'ലോകാരംഭത്തിനുമുന്നേ ഉണ്ടായിരുന്ന സത്തയാണു നീ. നിന്റെ മായയാകുന്നു സീത...' എന്ന് തുടങ്ങി സൃഷ്ടിരഹസ്യവും തത്ത്വവ്യാഖ്യാനവും നടത്തുന്നു മുനി. ഒടുവില്‍ ജ്ഞാനത്തിന്റെ വില്ലും വൈരാഗ്യത്തിന്റെ വാളും രാമനു സമ്മാനിക്കുന്നു.
ജ്ഞാനവൈരാഗ്യാദികളില്‍ ദൃഢപ്രതിഷ്ഠ നേടിയ രാമന്‍ പഞ്ചവടിയിലേക്ക്‌ യാത്രയായി. വഴിമദ്ധ്യേ ജടായുവുമായി സംഗമിക്കുന്നു. പിതാവായ ദശരഥന്റെ മിത്രമാണു ജടായു. വിരാഗതയേയാണു അത്‌ സൂചിപ്പിക്കുന്നത്‌. ഇഹത്തിലും പരത്തിലും യാതൊന്നിനോടും താല്‍പ്പര്യമില്ലാത്ത അവസ്ഥയാണു വിരാഗത. സ്വര്‍ഗ്ഗകാമന പോലും വിരാഗിയിലില്ല. സാധാനാകാലത്തെ ഏറ്റവും വലിയ കാവലാള്‍ ഈ വിരാഗതയാണു. ബ്രഹ്മവിദ്യയെ രക്ഷിക്കേണ്ടത്‌ അതാണു. അതുകൊണ്ടാണു സീതയ്ക്ക്‌ കാവലായി ജടായുവിനെ ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ വിരാഗത നഷ്ടമാകുന്നതോടെ ബ്രഹ്മവിദ്യയും നഷ്ടപ്പെടുന്നു. സീത അപഹരിക്കപ്പെട്ടു.

Friday, July 20, 2007

രാമകഥ 14

1182 കര്‍ക്കടകം 14 / 2007 ജൂലൈ 30

പ്രായേണ ചെറിയൊരു കാടാണു ചിത്രകൂടം. മുന്നോട്ട്‌ പോയാല്‍ അതിനേക്കാള്‍ ഗഹനമായ വനമായി. ദണ്ഡകാരണ്യം.സംസാരത്തിന്റെ ഗതി ഇങ്ങനെയാണു. ചെറുതില്‍ നിന്ന് വലുതിലേക്കും പിന്നെ അതിനേക്കാള്‍ വലുതിലേക്കും വീണുകൊണ്ടിരിക്കും.സാധാരണ മനുഷ്യര്‍ അങ്ങനെ വീണുപോകുന്നത്‌ അറിവില്ലായ്മകൊണ്ടാണെന്ന് വയ്ക്കാം. എന്നാല്‍ സര്‍വ്വവും ത്യജിച്ചവരെന്ന് പറയുന്ന സന്യാസിമാരും ആള്‍ദൈവങ്ങളും പണത്തിനും ആര്‍ഭാടത്തിനും കെട്ടിപ്പടുക്കലുകള്‍ക്കും പിമ്പേ പായുമ്പോഴോ? അറിവ്‌ അല്‍പമെങ്കിലും ഉള്ളവര്‍ ഇങ്ങനെ തുടങ്ങുമോ? ആലോചിക്കേണ്ട വിഷയമാണു!

രാമകഥയിലേക്ക്‌ തിരിച്ച്‌ വരാം. ദണ്ഡകാരണ്യത്തിലേക്ക്‌ കടക്കുന്നതിനുമുന്‍പ്‌ പ്രാജ്ഞതുരീയന്മാര്‍ ഒരിക്കല്‍ വിശ്വനേത്തേടിയെത്തുന്നുണ്ട്‌. സംസാരത്തിലാണെങ്കിലും അത്യുന്നതാവസ്ഥയുടെ മിന്നലാട്ടങ്ങള്‍ സാധകനു ഇടയ്കിടെ ലഭിക്കാറുണ്ടെന്ന് ഇത്‌ കാണിക്കുന്നു.അത്‌ ശ്വാശ്വതമല്ല.അതു കൊണ്ടാണു ഭരതന്‍ തിരിച്ച്‌ പോകുന്നത്‌.

ചിത്രകൂടത്തില്‍ നിന്ന് മുന്നോട്ട്‌ പോകുമ്പോള്‍ സാധന കഠിനതരമായിത്തുടങ്ങി. ജ്ഞാനഗതിയെ തടയുന്ന രാക്ഷസഭാവങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു. വിരാധരൂപത്തില്‍ വന്ന രാക്ഷസഭാവം സീതയെ ഉപേക്ഷിച്ച്‌ ഓടിപ്പൊയ്ക്കൊള്ളാന്‍ രാമനോട്‌ ആവശ്യപ്പെട്ടു. അറിവു കൈവെടിഞ്ഞു ദേഹാഭിമാനത്തില്‍ മുഴുകാനുള്ള അന്തരംഗത്തിന്റെ അഭ്യര്‍ത്ഥനയാണത്‌. സീതയെ വിട്ടുകൊടുത്താല്‍ രാമലക്ഷ്മണന്മാരെ വെറുതെ വിടാമെന്നാണു വിരാധന്‍ പറയുന്നത്‌. രാമനിലെ സാധകന്‍ ഉണര്‍ന്നു. രാമന്‍ വിരാധനുമായി ഏറ്റുമുട്ടി.അനുഭൂതിയായിത്തീര്‍ന്നിട്ടില്ലാത്ത ബ്രഹ്മവിദ്യയെ കാമനകളുടെ പരിപോഷണത്തിനായുപയോഗിച്ച്‌ നശിച്ച്‌ പോകുന്ന സാധകര്‍ അനവധിയാണു.രാമന്‍ അക്കൂട്ടത്തില്‍പ്പെടുമോ എന്ന പരീക്ഷണമാണു വിരാധനുമായുള്ള ഏറ്റുമുട്ടല്‍. രാമന്‍ വിരാധനെ വധിച്ച്‌ ബ്രഹ്മവിദ്യയെ രക്ഷിച്ചു. വിരാധന്‍ രാക്ഷസഭാവം വെടിഞ്ഞ്‌ വിദ്യാധരരൂപം പ്രാപിച്ചു.

പുരാണേതിഹാസങ്ങളില്‍ കാണുന്ന യുദ്ധവും മൃത്യുവും ഭൗതികാര്‍ത്ഥത്തില്‍ എടുക്കുന്നത്‌ ഉചിതമാവില്ല.അവനവന്റെ ഉള്ളിലെ കാമനകളോടുള്ള ഏടുമുട്ടലാണു യുദ്ധങ്ങള്‍. അവയുടെ പര്യവസാനം രാക്ഷസഭാവങ്ങളുടെ പരിവര്‍ത്തനമാണു.ജ്ഞാനം രാക്ഷസനെ വിദ്യാധരനാക്കുന്നു. പിന്നെയത്‌ സാധനയെ സഹായിക്കും.

രാമകഥ 13

1182 കര്‍ക്കടകം 13 / 2007 ജൂലൈ 29

അഭിഷേകവിഘ്നമാണു രാമായണത്തിലെ ഒരു പ്രധാന കഥാസന്ദര്‍ഭം. സര്‍വ്വപ്രാരബ്ധങ്ങളുമടങ്ങി സ്ഥിതപ്രജ്ഞാവസ്ഥയെ പ്രാപിയ്ക്കുന്നവനുള്ള ഇടമാണു അയോദ്ധ്യ. പക്ഷെ രാമന്റെ പ്രാരബ്ധങ്ങള്‍ തീര്‍ന്നിരുന്നില്ല. രാമനില്‍ പൂര്‍ണ്ണ ജ്ഞാനം ഉദയം ചെയ്തിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ വാസന പ്രബലമായി. വാസന എന്നാല്‍ മന്ഥരയാണു. കൈകേയിയുടെ തോഴി. പ്രാരബ്ധങ്ങള്‍ക്കെപ്പോഴും വാസനകളായിരിക്കുമല്ലോ കൂട്ട്‌. വാസനാപ്രാരാബ്ധങ്ങള്‍ പ്രബലമാകുമ്പോള്‍ എന്തുതന്നെ സംഭവിച്ചുകൂടാ? ഇവിടേയും അത്‌ സംഭവിച്ചു. കൈകേയി മന്ഥരമാര്‍ ചേര്‍ന്ന് രാമാഭിഷേകം മുടക്കി.

വാസനകളും പ്രാരബ്ധവും പ്രബലമാകുമ്പോള്‍ പ്രാജ്ഞ-തുരീയന്മാര്‍ മറയ്ക്കപ്പെടുകയും ജീവന്‍ അയോദ്ധ്യക്ക്‌ അര്‍ഹനല്ലാതായിത്തീരുകയും ചെയ്യും.

അഭിഷേകത്തിനു തീരുമാനിക്കുമ്പോള്‍ ഭരതശത്രുഘ്നന്മാര്‍ കേകേയത്തിലേക്ക്‌ പോയതായിക്കാണാം. കേകേയം അത്യുച്ചാവസ്ഥയിലുള്ള കര്‍മ്മകാണ്ഡത്തേയാണു സൂചിപ്പിക്കുന്നത്‌. രാമന്റെ വരാന്‍ പോകുന്ന അവസ്ഥയെ അത്‌ മുന്‍ കൂട്ടികാണിച്ചുതരുന്നു.

വിദേഹാവസ്ഥയിലാണു ജീവനു ബ്രഹ്മവിദ്യ ലഭിക്കുന്നത്‌. അതു കൊണ്ട്‌ വൈദേഹി-സീത- രാമനു പത്നിയായിത്തീര്‍ന്നു. സര്‍വ്വാഭരണവിഭൂഷിതയായാണവള്‍ വന്നത്‌. ബ്രഹ്മവിദ്യയുടെ സ്വാധീനത്തില്‍ സാധകനു ലഭിച്ചിട്ടുള്ള സിദ്ധികളെയാണു ആഭരണങ്ങള്‍ എന്ന് പറയുന്നത്‌. എന്നാല്‍ സംസാരാര്‍ണ്ണവത്തിലേക്ക്‌ ജീവന്‍ പോകുമ്പോള്‍ സിദ്ധികള്‍ നഷ്ടമാകും. സീത ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച്‌ രാമനൊപ്പം യാത്രയായി എന്ന് പറയുന്നത്‌ അതുകൊണ്ടാണു.

അയോദ്ധ്യയില്‍ നിന്നും രാമനെ പ്രാപഞ്ചികവനത്തിലേക്ക്‌ തോണികയറ്റുന്നത്‌ ഗുഹനാണു. രാമന്റെ തന്നെ കര്‍മ്മവാസനയാണത്‌. ജീവനെ സംസാരവനത്തിലൂടെ കൊണ്ട്‌ നടത്തുന്നത്‌ എപ്പോഴും സ്വന്തം കര്‍മ്മവാസനയായിരിക്കും. അതില്‍ നിന്ന് മോചനം നേടണമെങ്കില്‍ അറിവുണ്ടാകണം. സത്‌ സംഗംകൊണ്ടേ അറിവുണ്ടാകു. രാമനു അത്‌ വേണ്ടുവോളം ലഭിക്കുന്നുണ്ട്‌. ആദ്യം ഭരദ്വാജ മുനി. പിന്നെ അത്രി. സാധനാശീലനായ രാമന്‍ അവരുടെയൊക്കെ വാത്സല്യം പിടിച്ച്‌ പറ്റി. അവര്‍ നല്‍കിയ ഉപദേശങ്ങള്‍ ഗ്രഹിച്ചതിനെത്തുടര്‍ന്ന് രാമന്റെ ജ്ഞാനംണ്ഡലം വികസിച്ചു. സിദ്ധികള്‍ ലഭിച്ചു തുടങ്ങി. അത്ര്യാശ്രമത്തില്‍ വച്ച്‌ അനസൂയ സീതയെ ആഭരണങ്ങള്‍ അണിയിച്ചു എന്ന് പറയുന്നത്‌ അതാണു.ബ്രഹ്മവിദ്യ വീണ്ടും ആഭരണ വിഭൂഷിതയായിത്തുടങ്ങി. സാധന പ്രബലമാകുന്നതിന്റെ ലക്ഷണമാണത്‌.

Thursday, July 19, 2007

രാമകഥ 12

1182 കര്‍ക്കടകം 12 / 2007 ജൂലൈ 28

ഉപാസനാമാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞ രാമന്‍ നിര്‍ഗ്ഗുണനിരാകാര ബ്രഹ്മത്തെയാണു ഉപാസനയ്ക്കായി തെരെഞ്ഞെടുത്തത്‌ അതിന്റെ പ്രതിരൂപമാണു പ്രണവം അഥവാ ഓംകാരം. ത്രൈയ്യംബകം പ്രണവത്തെ സൂചിപ്പിക്കുന്നു.
'പ്രണവോ ധനുഃ ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
അപ്രമത്തെനവേദ്ധവ്യം ശരവത്‌ തന്മയോ ഭവേത്‌'...എന്നാണു.
പ്രണവമാകുന്ന വില്ലുകുലച്ച്‌ ജീവനാകുന്ന ശരം തൊടുത്ത്‌ ബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കണം.ഇതിനു നല്ല തന്മയത്വം വേണം. പ്രണവോപാസനയില്‍, രാമന്‍ തന്റെ പ്രാണനെ നേരെ നിര്‍ത്തി ലയം സാധിച്ച്‌ ബ്രഹ്മവിദ്യയെ സ്വാധീനമാക്കി.വില്ലൊടിച്ച്‌ സീതയെ വേട്ടു എന്നതില്‍ നിന്ന് നാം അര്‍ത്ഥമാക്കേണ്ടതിതാണു.
ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാല്‍ ആത്യന്തിക ദുഃഖനിവര്‍ത്തിയായി. പക്ഷെ അത്‌ വ്യാവഹാരികതലത്തിലെ ആയിട്ടുള്ളൂവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ കാണിച്ച്‌ തരുന്നു.'താന്‍ അറിവുള്ളവനാണു' എന്ന അഹങ്കാരം സാധകന്റെ ഉള്ളിലുണ്ടെങ്കില്‍ അപകടമാണു.സീതയെന്ന ബ്രഹ്മവിദ്യനേടിയെങ്കിലും ദേഹബോധം നിമിത്തം രാമനിലെ അഹങ്കാരം മാറിയില്ല. അതാണു പരശുരാമന്റെ രംഗപ്രവേശം കൊണ്ട്‌ രാമായണകാരന്‍ ഉദ്ദേശിക്കുന്നത്‌. ദശരഥരാമന്റെ ഉള്ളില്‍നിന്നാണു ഈ രാമനും പുറത്ത്‌ വന്നത്‌.
'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?'
എന്ന് ചോദിച്ചുകൊണ്ട്‌ യുദ്ധസന്നദ്ധനാകുന്ന പരശുരാമന്‍ തന്റെ വിഭൂതികളെല്ലാം ശ്രീരാമനില്‍ അര്‍പ്പിച്ചുകൊണ്ടാണു പിന്‍ വാങ്ങുന്നത്‌.സാത്വികാഹങ്കാരത്തിന്റെ യമത്തേയാണു ഇത്‌ സൂചിപ്പിക്കുന്നത്‌.രാമന്‍ ബ്രഹ്മവിദ്യാസമേതനായി അയോദ്ധ്യയില്‍ തിരിച്ചെത്തി. എങ്കിലും രാമനു അയോദ്ധ്യയിലിരിക്കാന്‍ സമയമായിട്ടില്ല. യുദ്ധമില്ലാത്ത ഇടം എന്നാണു അയോദ്ധ്യയ്ക്കര്‍ത്ഥം. സ്ഥിതപ്രജ്ഞാവസ്ഥയിലെ അവിടെ തുടരാനാകു. ജ്ഞാനമുണ്ടെങ്കിലും ഇനിയും രാമനില്‍ അത്‌ അനുഭൂതിയായി വളര്‍ന്നിട്ടില്ല. അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ അതുകൊണ്ട്‌ തന്നെ പ്രാരബ്ധങ്ങള്‍ പ്രബലമായി.

രാമകഥ 12

1182 കര്‍ക്കടകം 12 / 2007 ജൂലൈ 28

ഉപാസനാമാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞ രാമന്‍ നിര്‍ഗ്ഗുണനിരാകാര ബ്രഹ്മത്തെയാണു ഉപാസനയ്ക്കായി തെരെഞ്ഞെടുത്തത്‌ അതിന്റെ പ്രതിരൂപമാണു പ്രണവം അഥവാ ഓംകാരം. ത്രൈയ്യംബകം പ്രണവത്തെ സൂചിപ്പിക്കുന്നു.

'പ്രണവോ ധനുഃ ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
അപ്രമത്തെനവേദ്ധവ്യം ശരവത്‌ തന്മയോ ഭവേത്‌'...എന്നാണു.

പ്രണവമാകുന്ന വില്ലുകുലച്ച്‌ ജീവനാകുന്ന ശരം തൊടുത്ത്‌ ബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കണം.ഇതിനു നല്ല തന്മയത്വം വേണം. പ്രണവോപാസനയില്‍, രാമന്‍ തന്റെ പ്രാണനെ നേരെ നിര്‍ത്തി ലയം സാധിച്ച്‌ ബ്രഹ്മവിദ്യയെ സ്വാധീനമാക്കി.വില്ലൊടിച്ച്‌ സീതയെ വേട്ടു എന്നതില്‍ നിന്ന് നാം അര്‍ത്ഥമാക്കേണ്ടതിതാണു.

ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാല്‍ ആത്യന്തിക ദുഃഖനിവര്‍ത്തിയായി. പക്ഷെ അത്‌ വ്യാവഹാരികതലത്തിലെ ആയിട്ടുള്ളൂവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ കാണിച്ച്‌ തരുന്നു.'താന്‍ അറിവുള്ളവനാണു' എന്ന അഹങ്കാരം സാധകന്റെ ഉള്ളിലുണ്ടെങ്കില്‍ അപകടമാണു.സീതയെന്ന ബ്രഹ്മവിദ്യനേടിയെങ്കിലും ദേഹബോധം നിമിത്തം രാമനിലെ അഹങ്കാരം മാറിയില്ല. അതാണു പരശുരാമന്റെ രംഗപ്രവേശം കൊണ്ട്‌ രാമായണകാരന്‍ ഉദ്ദേശിക്കുന്നത്‌. ദശരഥരാമന്റെ ഉള്ളില്‍നിന്നാണു ഈ രാമനും പുറത്ത്‌ വന്നത്‌.

'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?'

എന്ന് ചോദിച്ചുകൊണ്ട്‌ യുദ്ധസന്നദ്ധനാകുന്ന പരശുരാമന്‍ തന്റെ വിഭൂതികളെല്ലാം ശ്രീരാമനില്‍ അര്‍പ്പിച്ചുകൊണ്ടാണു പിന്‍ വാങ്ങുന്നത്‌.സാത്വികാഹങ്കാരത്തിന്റെ യമത്തേയാണു ഇത്‌ സൂചിപ്പിക്കുന്നത്‌.

രാമന്‍ ബ്രഹ്മവിദ്യാസമേതനായി അയോദ്ധ്യയില്‍ തിരിച്ചെത്തി. എങ്കിലും രാമനു അയോദ്ധ്യയിലിരിക്കാന്‍ സമയമായിട്ടില്ല. യുദ്ധമില്ലാത്ത ഇടം എന്നാണു അയോദ്ധ്യയ്ക്കര്‍ത്ഥം. സ്ഥിതപ്രജ്ഞാവസ്ഥയിലെ അവിടെ തുടരാനാകു. ജ്ഞാനമുണ്ടെങ്കിലും ഇനിയും രാമനില്‍ അത്‌ അനുഭൂതിയായി വളര്‍ന്നിട്ടില്ല. അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ അതുകൊണ്ട്‌ തന്നെ പ്രാരബ്ധങ്ങള്‍ പ്രബലമായി.

രാമകഥ 11

1182 കര്‍ക്കടകം 11 / 2007 ജൂലൈ 27

സുഖം-ദുഃഖം എന്ന ദ്വന്ദം ഉള്‍ക്കൊണ്ടതാണു,കാമം. കാമം സാധിക്കുമ്പോള്‍ അനുകൂലമായ ഒരറിവുണ്ടാകും. അതാണു'സുഖം'.ആഗ്രഹിച്ചത്‌ നടക്കാതെവരുമ്പോഴുണ്ടാകുന്ന അറിവു പ്രതികൂലമാണു.അത്‌'ദുഃഖം'. ചുരുക്കത്തില്‍ കാമത്തിനോടൊപ്പം ജനിക്കുന്നതാണു സുഖ ദുഃഖങ്ങള്‍. കാമം താടകയായകുമ്പോള്‍ സുബാഹുമാരീചന്മാര്‍ സഹോദരന്മാരാകുന്നു! ഒരമ്മ പെറ്റ മക്കള്‍!!

സുബാഹുവിനെ ഹനിക്കുക പ്രായേണ എളുപ്പമാണു. ശ്രമിച്ചാല്‍ സുഖം വേണ്ടെന്ന് വയ്ക്കാന്‍ നമുക്കാവും പക്ഷെ ആദ്ധ്യാത്മികവും, ആധിഭൗതികവും, ആധിദൈവികവുമായ ദുഃഖങ്ങള്‍ നമ്മെ പിടികൂടാറുണ്ട്‌. അവ വിട്ടുപോകാന്‍ പ്രയാസമാണു. അതില്‍ പലതും ബാഹ്യമായ പ്രകൃതിശക്തികളില്‍ നിന്ന് ഉല്‍പ്പന്നമാകുന്നവയാണു.ശ്രമിച്ചാലും മനസ്സില്‍ നിന്നുവിട്ടുപോകാന്‍ അവ മടിക്കും. താല്‍ക്കാലികമായി മാറിനിന്നാല്‍പ്പോലും അനുകൂലസാഹചര്യങ്ങള്‍ വരുമ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ അവ തിരിച്ച്‌ വരുന്നതായിക്കാണാം. അതുകൊണ്ടാണു കാമമാകുന്ന താടക വധിക്കപ്പെട്ടപ്പോള്‍, സുഖമാകുന്ന സുബാഹുവിനെ വധിച്ചതായും ദുഃഖമാകുന്ന മാരീചന്‍ ഒളിച്ചതായും പറയുന്നത്‌. പിന്നീട്‌ ഈ മാരീചന്‍ മാനായി വരുന്നുണ്ട്‌!

കാമത്തെ വെന്ന് സുഖത്തെ ത്യജിച്ച്‌ ദുഃഖത്തെ യമിച്ച സാധകന്‍ അടുത്ത പടിയിലേക്ക്‌ കടക്കുന്നു. നിഷ്കാമകര്‍മ്മയോഗമാണു സാധകന്റെ അടുത്ത അവസ്ഥ. എല്ലാവിധ സംഗങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്നാലേ ജീവനു നിഷ്കാമകര്‍മ്മം അനുഷ്ടിക്കാനാവു. യാഗരക്ഷകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ അതാണു.

വിശ്വാമിത്രയാഗം കഴിഞ്ഞു രാമലക്ഷ്മണന്മാര്‍ വിദേഹത്തിലേക്കു യാത്രയാകുന്നു. വഴിയില്‍, കല്ലായിക്കിടക്കുന്ന അഹല്യയെ രാമന്‍ കണ്ടു. സാധകന്റെ കുണ്ഡലിനീ ശക്തിയാണു അഹല്യയെക്കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. എല്ലാമനുഷ്യനിലും ഈശ്വരഭാവം ശിലയായി ഉറങ്ങിക്കിടക്കുന്നു. മൂലാധാരത്തില്‍ സുഷുപ്താവസ്ഥയില്‍ കിടക്കുകയാണു കുണ്ഡലിനി. അതിനെയുണര്‍ത്തി സഹസ്രാരപദ്‌ മത്തിലേക്ക്‌ എത്തിക്കണം. എങ്കിലേ ശാന്തി ലഭിക്കു. തുടര്‍ന്നുള്ള ജീവന്റെ സാധനക്ക്‌ അതാവശ്യമാണു. അഹല്യാമോക്ഷം വഴി രാമനനുഷ്ടിച്ചത്‌ അതായിരുന്നു. ഇതോടെ പ്രണവോപാസനയ്ക്ക്‌ രാമന്‍ അധികാരിയായിത്തീര്‍ന്നു.

Wednesday, July 18, 2007

രാമകഥ 10

1182 കര്‍ക്കടകം 10 / 2007 ജൂലൈ 26

ജീവന്റെ ലക്ഷ്യം ആനന്ദമാണു. അതു കൊണ്ടാണു അല്ല്ലലൊന്നുമില്ലാതെ സുഖമായി ഇരിക്കണമെന്ന് നാം എപ്പോഴും ആഗ്രഹിച്ചുപോകുന്നത്‌. ആനന്ദമുണ്ടാകണമെങ്കില്‍ പരിപൂര്‍ണ്ണതയില്‍ എത്തണം.ആ പ്രവാഹത്തിന്റെ ഭാഗമായി പലതരം കര്‍മ്മകലാപങ്ങളില്‍ മനുഷ്യന്‍ ഏര്‍പ്പെടുന്നു. പക്ഷെ, വിധിയാംവണ്ണമുള്ള കര്‍മ്മങ്ങളല്ല പലപ്പോഴും തിരഞ്ഞെടുക്കുക. അതു പുനര്‍ജ്ജന്മമുണ്ടാക്കും. എന്നാല്‍ ഒരു സാധകന്റെ വഴി എന്താണെന്ന് രാമായണം വ്യക്തമായി കാണിച്ചുതരുന്നു.പഠനം, തീര്‍ത്ഥാടനം,ദേശാടനം,യാഗരക്ഷ എന്നിങ്ങനെ ചിട്ടയായ ഒരു സാധനാക്രമം രാമായണകാരന്‍ നമുക്ക്‌ മുന്നില്‍ തുറന്ന് വയ്ക്കുന്നുണ്ട്‌.

വസിഷ്ഠന്റെ പാദാന്തികത്തിലിരുന്ന് മുപ്പത്തീരായിരം ശ്ലോകങ്ങളുള്ള ജ്ഞാനവാസിഷ്ഠം പഠിച്ച്‌ അറിവുനേടിയ ജീവന്‍ ദേശാടനം കഴിച്ച്‌ തിരിച്ചെത്തുന്നു.കാര്യഗുരുവില്‍ നിന്ന് കാരണഗുരുവിലേക്ക്‌ കടക്കുവാന്‍ സാധകനു സമയമായി. വിശ്വാമിത്രന്‍ എത്തിച്ചേര്‍ന്നു.യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ ആവശ്യപ്പെട്ടു.ജീവനെ പൂര്‍ണ്ണജ്ഞാനത്തിലേക്ക്‌ എത്തിക്കുവാന്‍ അനേകം ഗുരുക്കന്മാരുണ്ടാകും.അതിലൊരാളായാണു വിശ്വാമിത്രന്‍ വന്നിരിക്കുന്നത്‌.

വിശ്വാമിത്രനെത്തിയപ്പോള്‍ തന്നെ ശരീരം-ദശരഥന്‍- എതിര്‍പ്പുകാണിക്കാന്‍ തുടങ്ങി.സംസാരത്തില്‍ മുഴുകിയ ജീവനു അതു വിടാന്‍ പ്രയാസം.ദശരഥന്‍ ആകെ തളര്‍ന്നു. ശരീരത്തിന്റെ പ്രസക്തിയും ജീവന്റെ ലക്ഷ്യവും വസിഷ്ഠന്‍ വിശദമാക്കി കൊടുത്തപ്പോള്‍ ശരീരതാപം അസ്തമിച്ചു.ക്ഷോഭമടങ്ങിയപ്പോള്‍ പുത്രന്മാരെ വിശ്വാമിത്രനൊപ്പമയക്കാന്‍ ദശരഥന്‍ തയ്യാറായി.

ജ്ഞാനസമ്പാദനത്തിനായി അവര്‍ പുറപ്പെട്ടു.

ആത്മസാധയിലേക്ക്‌ കടക്കുമ്പോള്‍ സാധകനെ ആദ്യം അലട്ടുന്നത്‌ വിശപ്പും ദാഹവുമാണു. ജീവന്‍ നിലനിര്‍ത്താനുള്ള ശരീരത്തിന്റെ രണ്ടാവശ്യങ്ങള്‍. വിശ്വാമിത്രന്‍ ഉപദേശിച്ചുകൊടുത്ത ബലയും അതിബലയും സ്വാധീനമാക്കിയതുവഴി രാമലക്ഷ്മണന്മാര്‍ പൈദാഹങ്ങളെ അതിജീവിച്ചു. ആത്മസാധനയില്‍ വാത്സല്യമുള്ള ഒരു ഗുരുവിന്റെ സാന്നിദ്ധ്യം എപ്പോഴും ആവശ്യമാണെന്ന് ഇത്‌ തെളിയിക്കുന്നു.

വിശപ്പും ദാഹവും അടങ്ങിക്കഴിഞ്ഞാല്‍ കാമനകള്‍ തലപൊക്കും. അതു മനസില്‍ നിന്നാണു പൊന്തിവരുന്നത്‌.കോപമായിട്ടും രാഗമായിട്ടുമൊക്കെ.

'കാടിതു കണ്ടായോ നീ കാമരൂപിണിയായ താടകാഭയങ്കരി.....'

എന്നാണു വിശ്വാമിത്രന്‍ രാമചന്ദ്രനോട്‌ പറയുന്നത്‌. മനസാകുന്ന വനത്തില്‍ പുളച്ചു നടക്കുന്ന കാമമാണു താടക! അവളെ കൊല്ലുകതന്നെ വേണം. അല്ലെങ്കില്‍ മോക്ഷപ്രാപ്തിയില്ല. ഉന്നതമായ അസ്ത്രശസ്ത്രങ്ങള്‍ വിശ്വാമിത്ര്നില്‍ നിന്നു സ്വീകരിച്ച്‌ രാമന്‍ താടകയെ വധിച്ചു. കാമത്തെ ഇല്ലാതെയാക്കി. ശരീരത്തെ മുറിക്കുകയും ലക്ഷ്യങ്ങളെ ഭേദിക്കുകയും ചെയ്യുന്ന ഭൗതികമായ അസ്ത്രശസ്ത്രങ്ങളാണോയിവ? എങ്കില്‍ അവയ്ക്കെങ്ങനെ മനസിലിരിക്കുന്ന കാമത്തെ ഇല്ലാതാക്കാന്‍ കഴിയും? പുരാണങ്ങളും മറ്റുംവായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിതു. അതില്‍ പറയുന്നതൊക്കെ ജ്ഞാനമാകുന്ന അസ്ത്രമാണു. അജ്ഞാനത്തെ അറിവുകൊണ്ട്‌ മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ.കാമത്തെ അമര്‍ച്ചചെയ്യുന്ന അറിവാണു രാമന്‍ വിശ്വാമിത്രനില്‍ നിന്ന് സ്വീകരിച്ചത്‌.

രാമകഥ 9

1182 കര്‍ക്കടകം 9 / 2007 ജൂലൈ 25

ഈ ശരീരത്തിനുള്ളില്‍ ജീവന്‍ നാലായി പിരിഞ്ഞ്‌ നാലുഭാവങ്ങള്‍ കൈവരിക്കുന്നു.അതാണു ശ്രീരാമാദികള്‍.


നാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ പ്രാപഞ്ചിക ലോകത്തെ ജഗ്രത്‌ എന്ന് വിളിക്കും.ജീവന്‍ വിശ്വന്റെ രൂപത്തിലിരുന്നാണത്‌ അനുഭവിക്കുന്നത്‌. ഏറ്റവും ബാഹ്യവും സ്ഥൂലവുമാണത്‌.ആ വിശ്വവിരാട്ട്‌ അവസ്ഥയിലേക്ക്‌ വളര്‍ന്നെത്തുന്ന ജീവനാണു രാമന്‍.


ലക്ഷ്മണന്‍ തൈജസനാകുന്നു.സ്വാപ്നിക ലോകങ്ങളാണു തൈജസന്റേത്‌.ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ ചിന്തകള്‍ കൊണ്ടും സങ്കല്‍പങ്ങള്‍ കൊണ്ടും നാം കുറേയൊക്കെ സ്വപ്നത്തിലായിരിക്കും. ജാഗ്രത്ത്‌-സ്വപ്നലോകങ്ങള്‍ പരസ്പരം ഇടകലര്‍ന്നിരിക്കുന്നു.അതു കൊണ്ടാണു രാമലക്ഷ്മണന്മാരെ മിക്കപ്പോഴും ഒന്നിച്ച്‌ കാണുന്നത്‌.


ഗാഢനിദ്രയില്‍ നിന്നുണര്‍ന്ന് വരുന്നവന്‍ ‘ഒന്നും അറിഞ്ഞില്ല, സുഖമായി ഉറങ്ങി‘ എന്ന് പറയാറില്ലെ? ജ്ഞാനത്തിന്റെ ലോകത്തില്‍ നിന്നാണവന്‍ വരുന്നത്‌. പ്രാപഞ്ചികലോകം അതു പോലെ നില്‍കെ ഒന്നും അനുഭവിക്കാതെ സാക്ഷിയായിരിക്കുന്ന പ്രാജ്ഞാവസ്ഥയെ ഭരതന്‍ പ്രതിനിധാനം ചെയ്യുന്നു.ഭരതന്റെ പാത്രസൃഷ്ടിയില്‍ പ്രാജ്ഞാവസ്ഥ വ്യക്തമായിക്കാണാം. അയോദ്ധ്യാപതിയായിരിക്കുമ്പോള്‍ തന്നെ താന്‍ അതല്ല എന്ന ഭാവം!


ജാഗ്രദ്‌-സ്വപ്ന-സുഷുപ്തിയും കടന്ന് പരിപൂര്‍ണ്ണമായ സച്ചിദാനന്ദത്തിന്റെ ലോകമാണു തുരീയം. ശത്രുഘ്നനെക്കൊണ്ട്‌ അതാണു ദ്യോദിപ്പിക്കുന്നത്‌.ആ ലോകം അനുഭവത്തിന്റേത്‌ മാത്രമാണു.


കൗസല്യാദി മൂന്ന് ഭാര്യമാര്‍ ദശരഥനുണ്ട്‌.

ജീവല്‍ശരീരത്തിലെ ഇച്ഛാശക്തി,ക്രിയാശക്തി,ജ്ഞാനശക്തിയെ അത്‌ സൂചിപ്പിക്കുന്നു.ഈ മൂന്നില്‍ നിന്നുമാണു കര്‍മ്മങ്ങള്‍ ഉണ്ടാകുന്നത്‌.


ഇച്ഛയിലാരംഭിച്ച്‌ ക്രിയയിലെത്താത്ത കര്‍മ്മങ്ങളെ സഞ്ചിതകര്‍മ്മങ്ങള്‍ എന്ന് പറയും. കൗസല്യ സഞ്ചിതകര്‍മ്മങ്ങളുടെ പ്രതിനിധിയാണു.

ഇച്ഛയിലാരംഭിച്ച്‌ ക്രിയയോളമെത്തുന്ന കര്‍മ്മങ്ങളാണു പ്രാരബ്ധങ്ങള്‍. അതാണു കൈകേയി.

പ്രാരബ്ധങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ വീണ്ടും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. പ്രാരബ്ധങ്ങളില്‍ നിന്നുണ്ടാകുന്ന അത്തരം കര്‍മ്മങ്ങളെ ആഗന്തുകങ്ങള്‍ എന്ന് വിളിക്കും.സുമിത്ര പ്രതിനിധീകരിക്കുന്നത്‌ അതിനേയാണു.

ഇങ്ങനെ ഈ ശരീരത്തിന്റെ മൂന്ന് കര്‍മ്മഭാവങ്ങളെ ഭാര്യമാരായും, നാലുജീവഭാവങ്ങളെ മക്കളായും ചിത്രീകരിച്ചിരിക്കുന്നു. തത്ത്വം ഇങ്ങനെ ജീവല്‍കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കുന്നത്‌ കൊണ്ട്‌, വിധിയാംവണ്ണം അത്‌ പഠിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ക്ക്‌ പോലും തത്ത്വം എങ്ങനെയിരിക്കുന്നു എന്നൊരു ധാരണയുണ്ടാക്കാന്‍ പറ്റും.


Monday, July 16, 2007

രാമകഥ 8

1182 കര്‍ക്കടകം 8 / 2007 ജൂലൈ 24


പരമേശ്വരന്‍ രാമകഥയിങ്ങനെ ചുരുക്കത്തില്‍ പറഞ്ഞപ്പോള്‍ അത്‌ വിസ്തരിച്ച്‌ കേള്‍ക്കണമെന്നായി ശ്രീപാര്‍വ്വതി.അതിന്‍പ്രകാരം രാമകഥ പൂര്‍ണ്ണമായി ശിവന്‍ വ്യാഖ്യാനിക്കുന്നതാണു അദ്ധ്യാത്മരാമായണം.

രാമതത്ത്വത്തെ ഒരു രാജാവിന്റെ ജീവിതകഥയില്‍ ചേര്‍ത്തുവച്ചാണു പരമേശ്വരന്‍ പറഞ്ഞത്‌.ജീവിതഗന്ധിയായ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ അതില്‍ ഊടും പാവും നെയ്യുന്നതു കാണാം.രാമായണം ജനഹൃദയങ്ങളില്‍ നിന്ന് മറഞ്ഞുപോകാത്തതിനുള്ള കാരണവും ജീവിതത്തോട്‌ അതിനുള്ള ഈ അടുത്ത ബന്ധമാണു.

അത്തരം ജീവിതഗന്ധികളായ സന്ദര്‍ഭങ്ങളെ മാറ്റിനിര്‍ത്തി അതിലുള്‍ക്കൊള്ളുന്ന തത്ത്വചിന്തയെ ലക്ഷണാന്യായങ്ങളിലൂടെ നോക്കിക്കണ്ടാല്‍ എങ്ങനെയിരിക്കും?

ദശരഥന്‍ തന്നെയാകട്ടെ ആദ്യം.

രാമായണത്തിലെ ദശരഥന്‍ ആരാണു? അയോദ്ധ്യ ഭരിച്ചിരുന്ന വെറുമൊരു രാജാവ്‌? അയോദ്ധ്യ എന്ന രാജ്യം എത്രയോരാജാക്കന്മാര്‍ ഭരിച്ചിട്ടുണ്ടാകണം. ഈ രാജാവിനുമാത്രമെന്താണു ഒരു സവിശേഷത?

അതറിയണമെങ്കില്‍ 'ദശരഥ'ശബ്ദത്തെ സൂക്ഷ്മമായി പഠിക്കണം.

ദശരഥന്‍ എന്നാല്‍ പത്ത്‌ രഥമുള്ളവന്‍ എന്നാണു അര്‍ത്ഥം.രഥങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഇന്ദ്രിയങ്ങളേയാണു.ഇന്ദ്രിയങ്ങള്‍ എപ്പോഴും പുറത്തേക്ക്‌ ഓടിക്കൊണ്ടിരിക്കുകയാണു.ആ പത്ത്‌ ഇന്ദ്രിയങ്ങളിലൂടെ ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണു മനുഷ്യരെല്ലാം.അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്ര ധിഷണാവൈഭവമുള്ള ഒരു ശരീരത്തേയാണു ദശരഥന്‍ എന്ന ശബ്ദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌.

അതായത്‌ മനുഷ്യശരീരത്തിന്റെ പ്രതീകമാണു ദശരഥന്‍ എന്നുചുരുക്കം.

ശരീരം അതിന്റെ കേവലാവസ്ഥയില്‍ വെറും ജഢമാണു.ജീവനാണു അതിനെ കര്‍മ്മവത്താക്കുന്നത്‌. ആ കര്‍മ്മകലാപങ്ങളാണു ഓരോനിമിഷവും നമുക്ക്‌ ചുറ്റും കാണുന്നത്‌. പണം ഉണ്ടാക്കാനും, അധികാരം കിട്ടാനും, കിട്ടിയ അധികാരം നിലനിര്‍ത്താനും, ഭോഗങ്ങള്‍ തേടാനുമുള്ള കര്‍മ്മകലാപങ്ങള്‍! ഇതില്‍ നിന്നും തത്ത്വവിചാരത്തിലേക്കുള്ള വഴി രാമായണം നമുക്ക്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നു.

രാമകഥ 7

1182 കര്‍ക്കടകം 7 / 2007 ജൂലൈ 23

"ജന്മനാശാദികളില്ലാതൊരുവസ്തു പര-
ബ്രഹ്മമീ ശ്രീരാമെനെന്നറിഞ്ഞുകൊണ്ടാലും നീ"

ആശ്രീരാമനെപ്പറ്റി സീത ഹനുമാനോട്‌ പറഞ്ഞ്‌ കൊടുത്തു.

'ഈ രാമന്‍ ദശരഥാത്മജനാണെന്നും, വിശ്വാമിത്രനോടൊപ്പം പോയി യാഗരക്ഷചെയ്തെന്നും, താടകയെ വധിച്ചെന്നും,സുബാഹുമാരീചന്മാരെ നിഗ്രഹിച്ചെന്നും, അഹല്യയ്ക്ക്‌ മോക്ഷം കൊടുത്തെന്നും, ത്രൈയംബകം മുറിച്ച്‌ സീതയെ വേട്ടെന്നും ആഞ്ജനേയാ നീ വിചാരിക്കുന്നുണ്ടാകും.

പരശുരാമനെ ജയിച്ചതും, വനവാസത്തിനൊരുങ്ങിയതും,ഖരദൂഷണത്രിശിരാക്കളെ വെന്നതും, രാവണനെ വധിച്ചതും ഈ ശ്രീരാമചന്ദ്രനാണെന്നാകും നിന്റെ വിശ്വാസം.

അല്ല, ആഞ്ജനേയാ, അല്ല!

ഈ രാമനു ഒന്നും ചെയ്യാനാവില്ല.

ഈ രാമന്‍ കര്‍ത്താവോ ഭോക്താവോ അല്ല.

ഈ രാമന്‍ സത്താമാത്രനാണു.

മൂലപ്രകൃതിയായിരിക്കുന്ന ദേവി, ഞാനാണു,ഇതൊക്കെ ചെയ്യിക്കുന്നത്‌.

അതാവട്ടെ ഈ പരമപുരുഷന്റെ സാന്നിദ്ധ്യം ഒന്നുമാത്രംകൊണ്ടാണു താനും'.

അതുവരെയുണ്ടായിരുന്ന സങ്കല്‍പത്തിന്റെ അടിത്തറയിളകിയ ഹനുമാന്‍ കൂടുതല്‍ സംശയാലുവായി.

അതു മനസിലാക്കിയ ശ്രീരാമചന്ദ്രന്‍ ആഞ്ജനേയനെ അരികില്‍ വിളിച്ച്‌ ഘടപടാദികളുടെ സാദൃശ്യം വിസ്തരിച്ച്‌ ബ്രഹ്മസ്വരൂപം വിശദീകരിച്ചുകൊടുത്തു. തത്ത്വോപദേശം ലഭിച്ച ആഞ്ജനേയന്‍ പ്രസന്നനായി.തുടര്‍ന്ന് ഈ തത്ത്വം ഉള്‍ക്കൊള്ളുന്ന 'ശ്രീരാമഹൃദയ മന്ത്രം' രാമന്‍ ഉപദേശിച്ചു കൊടുത്തു..

സൂര്യനുദിക്കുമ്പോള്‍ മഞ്ഞുരുകിപ്പോകും പോലെ ഹനുമാന്റെ സംശയങ്ങള്‍ അലിന്‍ഞ്ഞില്ലാതെയായി. രാമായണപാരായണത്തിന്റെ ലക്ഷ്യവും ഇത്‌ തന്നെയാണു. കല്‍മഷങ്ങള്‍ അകന്ന് ചിത്തപ്രസാദമുണ്ടാകുക.

രാമകഥ 6

1182 കര്‍ക്കടകം 6 / 2007 ജൂലൈ 22

രാമരാവണയുദ്ധം കഴിഞ്ഞ്‌ ശ്രീരാമാദികള്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി.

രാമന്റെ അഭിഷേകവും കഴിഞ്ഞു. അഭിഷേകാനന്തരം എല്ലാ ബന്ധുജനങ്ങളും പിരിഞ്ഞുകഴിഞ്ഞു. ആഞ്ജനേയന്‍ മാത്രം രാമസന്നിധിയില്‍ നിന്ന് പോയില്ല.ആഞ്ജനേയനേപ്പറ്റി ശ്രീരാമചന്ദ്രന്‍ സീതാദേവിയോട്‌ പറഞ്ഞു:

"സുന്ദരരൂപേ! ഹനുമാനേ നീ കണ്ടായല്ലീ?
..........................................................................
തന്മനോരഥത്തെ നീ നല്‍കണം മടിയാതെ,
നമ്മുടെ തത്ത്വമിവന്നറിയിക്കണമിപ്പോള്‍
ചിന്മയേ!ജഗന്മയേ!സന്മയേ!മായാമയേ!
ബ്രഹ്മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍
ബ്രഹ്മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമമെടോ!"

രാമായാണത്തിലെ വിഷയം എന്താണെന്ന് ഈ വരികളില്‍ നോക്കിയാല്‍ മനസിലാകും.

സര്‍വ്വത്തിനേയും ഒന്നായിക്കാണാനുതകുന്ന ഒരറിവുണ്ട്‌.

ബ്രഹ്മജ്ഞാനം!

സീതാദേവി അതിനിരിപ്പിടമാണു.

ഹനുമാനു അത്‌ ഉപദേശിച്ച്‌ കൊടുക്കാനാണു രാമന്‍ പറയുന്നത്‌.

അല്ലാതെ ആര്യവംശജനായ ഒരു രാജാവ്‌, ദ്രാവിഡനെതിരേ പടനയിച്ച്‌, ദ്രാവിഡരാജാവായ രാവണനെ കൊന്നചരിത്രമൊന്നുമല്ല രാമകഥ.

രാമായണം ഡീക്കോഡ്‌ ചെയ്യാനുള്ള ജീനുകള്‍ ഇല്ലാത്ത പാശ്ചാത്യന്‍ അത്‌ വായിച്ചിട്ട്‌ തങ്ങള്‍ക്ക്‌ തോന്നിയ കാര്യം തുറന്ന് പറഞ്ഞു.

ബുദ്ധിശൂന്യമായി അതിനെ പിന്‍പറ്റിയ ഭാരതീയനുസംഭവിച്ച അബദ്ധമാണു ഈ ആര്യ-ദ്രാവിഡസംഘട്ടനകഥ!