Sunday, August 12, 2007

രാമകഥ 29

രാമകഥ 29
1182 കര്‍ക്കടകം 29 / 2007 ആഗസ്റ്റ്‌ 14

നിര്‍മ്മലാനന്ദമാണു ഒരു സാധകനു ബ്രഹ്മം നല്‍കുന്ന അനുഭൂതി. അതിലേക്ക്‌ എത്തിച്ചേരുകയെന്നത്‌ ഒരു ഗിരിശിഖരം കീഴടക്കുന്നപോലെ ആയാസകരമായിത്തോന്നാം. പക്ഷെ ആ അനുഭൂതിയിലെത്തുമ്പോള്‍ സാധകന്‍ എല്ലാം മറക്കുന്നു. ആഞ്ജനേയനും ഇപ്പോള്‍ ഏതാണ്ട്‌ ആ അവസ്ഥയിലാണു. സീതാദേവിയെ കണ്ടിട്ടും കണ്ടിട്ടും ആഞ്ജനേയനു മതിവരുന്നില്ല. ആ ദിവ്യരൂപം നോക്കിയിരിക്കുമ്പോള്‍ ബാക്കിയെല്ലാം മറന്നുപോകുന്നു.

ഇച്ഛാഭംഗത്തോടെ രാവണന്‍ പോയിക്കഴിഞ്ഞപ്പോഴാണു കപിവരന്‍ പ്രത്യക്ഷപ്പെടുന്നത്‌. രാജസം മാറി നിന്നപ്പോള്‍ സാധകനു ബ്രഹ്മസാന്നിദ്ധ്യം ഉണ്ടായി. സീതാദേവി സംശയത്തോടെയാണു ഹനുമാനെ നോക്കിയത്‌. രാക്ഷസന്മാര്‍ പലരൂപത്തിലും വരാറുണ്ട്‌. ഈ കുരങ്ങന്‍ വേഷം മാറിവന്നിരിക്കുന്ന ഏതെങ്കിലും നിശാചരിയായിരിക്കുമോ?

യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തിനു ആ വിധസംശയമൊന്നുമില്ല. നിര്‍വ്വികാരമാണത്‌. എന്നാല്‍ സാധകന്റെ ഉള്ളില്‍ രാജസാംശം പിന്നെയും നിലനില്‍ക്കുന്നതു കൊണ്ട്‌ സ്വയം തോന്നുന്ന സംശയമാണത്‌. ബ്രഹ്മവിദ്യയെ താന്‍ തിരിച്ചറിഞ്ഞതായി സാധകനു ബോദ്ധ്യപ്പെടണമെങ്കില്‍ തന്നിലുള്ള ബ്രഹ്മവിദ്യയുടെ അടയാളങ്ങള്‍ അംഗീകരിക്കപ്പെടണം. അംഗുലീയവും അടയാളവാക്യവും അതിനുള്ളതാണു. അതു കണ്ടപ്പോള്‍ സീതയ്ക്ക്‌ ഹനുമാനിലുള്ള സംശയം ഇല്ലാതായി എന്നുപറഞ്ഞാല്‍ സാധകനു ബ്രഹ്മവിദ്യ ബോദ്ധ്യപ്പെട്ടു എന്നാണു മനസിലാക്കേണ്ടത്‌.

ബ്രഹ്മവിദ്യ സാധകനെ ഉന്മത്തനാക്കി. സമാധിയുടെ അനന്തര പടികളാണു ഇനി അവശേഷിക്കുന്നത്‌. അതിനുള്ള സാധനയിലേക്ക്‌ സാധകന്‍ പ്രവേശിക്കേണ്ടതുണ്ട്‌. അത്‌ ഇനിയൊരിക്കല്‍. കര്‍ക്കടകത്തിന്റെ അവസാന ദിവസമായ ഇന്നു രാമകഥ തല്‍ക്കാലം ഇവിടെ അവസാനിക്കുകയാണു.

ജീവന്റെ സാധകരൂപത്തിലുള്ള പ്രയാണമാണു നാം ഇതുവരെ കണ്ടത്‌. അതു ബ്രഹ്മവിദ്യയെ കണ്ടെത്തിക്കഴിഞ്ഞു. അങ്ങനെ സീതാന്വേഷണം പൂര്‍ത്തിയായ ഹനുമന്റെ കഥ ഇവിടെ നിര്‍ത്താം. ബ്രഹ്മവിദ്യാപ്രാപ്തിയും തുടര്‍ന്നുള്ളതും ഇനിയൊരവസരം കിട്ടിയാല്‍ അപ്പോള്‍.‍

രാമായണം പോലുള്ള കൃതികള്‍ 'നിര്‍മ്മലാനന്ദഗിരി'കളായിട്ടുള്ള ഗുരുക്കന്മാരില്‍ നിന്നും നേരിട്ടുപഠിക്കുമ്പോഴെ അതിന്റെ അന്തഃസത്ത പൂര്‍ണ്ണമായും ഗ്രഹിക്കാനാവു. അതിനു പുനരാഖ്യാനം നല്‍കുമ്പോള്‍ പിഴ പലതുമുണ്ടാകും. അത്‌ ലേഖകനില്‍ അര്‍പ്പിക്കുകയല്ലാതെ ഭാരതീയ ഋഷിപരമ്പരയില്‍ ആരോപിക്കരുതെന്ന അപേക്ഷയോടെ,

“ഭുജംഗപ്രയാതം പരം വേദസാരം
സദാരാമചന്ദ്രസ്യ ഭക്ത്യൈവനിത്യം
പഠന്‍ സന്തതം ചിന്തയന്‍ സ്വന്തരംഗേ
സശശ്വല്‍ ഭജേന്ദ്രാമചന്ദ്രാധിവാസം. “

രാമകഥ 28

രാമകഥ 28

1182 കര്‍ക്കടകം 28 / 2007 ആഗസ്റ്റ്‌ 13

ഇനി ആ കുണ്ഡലിനീശക്തിയെ സഹസ്രാരത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നുമേവും
തരുവിനടിയ്ക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം
എന്നു നാരായണഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പറയുന്നു.

അന്തര്‍ ദൃശ്യ അനുവിദ്ധ സമാധിയില്‍ എത്തുന്ന സാധകന്‍ യഥാര്‍ത്ഥ ബ്രഹ്മവിദ്യയെ തന്റെ ഉള്ളില്‍ത്തന്നെ കണ്ടെത്തുകയാണു. ബ്രഹ്മത്തിന്റെ ഒരാന്തരിക ദര്‍ശനം അപ്പോള്‍ ഉള്ളില്‍ തെളിഞ്ഞുവരും.
'തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥ ജ്ഞാനംകൊണ്ടല്ലാതെ മുക്തി ലഭിക്കാനെളുതല്ലൊരുനാളും' അതിനാല്‍,സാധകന്‍ ഗുരുവിനെ പ്രാപിച്ച്‌ 'പ്രജ്ഞാനം ബ്രഹ്മ', 'അഹംബ്രഹ്മാസ്മി', 'തത്ത്വമസി', 'അയമാത്മാബ്രഹ്മ' തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ചു. രാമായണാരംഭത്തില്‍ നാമിതു കാണുന്നുണ്ട്‌. വസിഷ്ഠാദികളില്‍ നിന്നു രാമന്‍ ജ്ഞാനം നേടുന്നു. തന്റെ ഉന്നതമായ മനനശീലത്തിലൂടെ താന്‍ അതുതന്നെയാണെന്നു സാധകന്‍ ഭാവന ചെയ്തു ചില സമാധി ദശകളെ പ്രാപിക്കും. ബാഹ്യദൃശ്യാനുവിദ്ധം, ബാഹ്യശ്രവ്യാനുവിദ്ധം, അന്തര്‍ ദൃശ്യാനുവിദ്ധം, അന്തര്‍ശ്രവ്യാനുവിദ്ധം, സവികല്‍പം, നിര്‍വ്വികല്‍പം, നിര്‍വൃത്തി, നിര്‍വ്വാസന, നിര്‍വ്വിഷയം തുടങ്ങിയ സമാധികളുടെ പടവുകളിലൂടെയാണു സാധകന്‍ കടന്നുപോകേണ്ടത്‌. ഇവയില്‍ ആദ്യത്തെ അഞ്ചു സാധനകള്‍ സാധാരണ ജ്ഞാനപ്രാപ്തിക്കു തൊട്ടുമുന്‍പുള്ളവയാണു. അതിലെ അന്തര്‍ ദൃശ്യാനുവിദ്ധ സമാധിവരെ സാധകന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. ജീവന്‍ ഒരിടത്തിരുന്നുകൊണ്ട്‌ ബ്രഹ്മചര്യത്തിലൂടെ സഞ്ചരിച്ച്‌ വിവിധ സമാധിദശകള്‍ കടന്ന് അവിടെയെത്തിയെന്നു മനസിലാക്കണം.

ഇനിയും ഉന്നതമായ തലങ്ങളിലേക്ക്‌ ജിവനുപോകേണ്ടതുണ്ട്‌. അതിനു ആമ തന്റെ അംഗങ്ങള്‍ ഉള്ളിലേക്ക്‌ വലിക്കുന്നപോലെ സാധകന്‍ തന്റെ ഇന്ദ്രിയങ്ങളേയെല്ലാം അകത്തേക്ക്‌ വലിച്ച്‌ തന്നില്‍ത്തന്നെ നോക്കിയിരിക്കണം. താന്‍ കണ്ടെത്തിയിരിക്കുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കണമെങ്കില്‍ തന്റെ രാജസമായ എല്ലാ വൃത്തികളേയും സംഹരിക്കണം എന്ന് ചുരുക്കം. ആ അവസ്ഥയില്‍ തന്നില്‍ത്തന്നെ നോക്കിയിരിക്കുമ്പോള്‍ പൂര്‍ണ്ണമായ ജ്ഞാനം ഉദിക്കുന്നതു കാണാം.

Saturday, August 11, 2007

രാമകഥ 27

രാമകഥ 27
1182 കര്‍ക്കടകം 27 / 2007 ആഗസ്റ്റ്‌ 12

ഇരുട്ട്‌ പൊതിഞ്ഞു നില്‍ക്കുന്ന ലങ്കാനഗരിയിലൂടെ സീതയെ അന്വേഷിച്ച്‌ ഹനുമാന്‍ യാത്രയായി. സുഷുപ്തിയിലുള്ള സാധകന്റെ ബ്രഹ്മാന്വേഷണമാണത്‌. തുരിയഭാവത്തിനുതൊട്ടുമുമ്പുള്ള അവസ്ഥയാണു സുഷുപ്തി. പ്രാജ്ഞന്റെ അവസ്ഥ.ചിത്തം പ്രാജ്ഞനോടൊത്തിരിക്കുമ്പോള്‍ രാജസം ഉണരുന്ന കാഴ്ചകാണാം. അതിപ്പോള്‍ ഏറ്റവും ശക്തമായ ഭാവത്തിലാണു. രാവണരൂപത്തില്‍ അവതരിച്ചിരിക്കുന്നു.

സീതാദേവിയുടെ അടുത്തേക്ക്‌ പോകുന്ന രാവണനെ ഹനുമാന്‍ കണ്ടു. ശിംശപാവൃക്ഷച്ചുവട്ടില്‍ ബന്ധനസ്ഥയായി കഴിയുന്ന സീതാദേവിയെ സന്ദര്‍ശിച്ച്‌ രാവണന്‍ മടങ്ങി. അതിനിടയിലുള്ള എല്ലാകാഴ്ചകളും ഹനുമാന്‍ കാണുന്നുണ്ടായിരുന്നു. സുഷുപ്തിയിലും തന്നില്‍ ജാഗ്രത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാസനാജാലങ്ങളെ സാധകന്‍ കാണുകയാണു. അവശരെങ്കിലും നിര്‍വ്വീര്യമാകാന്‍ വിസമ്മതിക്കുന്ന രാജസഭാവത്തിന്റെ ഒരു ചിത്രീകരണമാണിത്‌. ഒരവസരം കിട്ടിയാല്‍ വീണ്ടും അവ ശക്തിപ്രാപിക്കുമെന്നു സാധകന്‍ മനസിലാക്കണം.

ബ്രഹ്മവിദ്യ ഒരിക്കലും രാജസത്തിനു വശഗതമാവില്ല. അതുകൊണ്ടാണു രാവണന്റെ പ്രലോഭനങ്ങളും ഭീഷണികളും സീതയ്ക്ക്‌ മുമ്പില്‍ വിലപ്പോകാതിരുന്നത്‌. എന്നാല്‍ ബലം കൊണ്ടതു കരസ്ഥമാക്കാമെന്നുവിചാരിച്ചാലോ? അതിനുള്ള ആത്മശക്തിയൊട്ട്‌ രാജസത്തിനു ഇല്ലാതാനും. ലോകത്തുള്ള സകല ഭോഗവും നേടിയാലും ബ്രഹ്മചര്യമുണ്ടെങ്കിലെ അതു ലഭിക്കു. ഇതു മനസിലാക്കാതെയാണു നമ്മുടെ പല ആത്മീയാചാര്യന്മാരും ഭൗതിക നേട്ടങ്ങള്‍ക്കായി ഉഴറി നടക്കുന്നത്‌. ഭൗതികനേട്ടങ്ങള്‍ ഭാരതീയ ഋഷിപാരമ്പര്യത്തിലില്ല. അതു വൈദേശികമാണു. ഭാരതീയനു മുഖ്യം അറിവാണു. എല്ലാം സമ്പാദിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാജസത്തേ ത്യജിച്ചാലേ അറിവു ലഭിക്കു. ഓരോ സാധകനും ശ്രമിക്കേണ്ടത്‌ അതിനുവേണ്ടിയാണു.

സീതയെ ഹനുമാന്‍ കാണുന്നു. കുണ്ഡലിനിക്ക്‌ തന്ത്രവിദ്യയില്‍ പറയുന്ന എല്ലാ വിശേഷണങ്ങളും യോജിക്കുന്ന ഒരു ചിത്രമാണു ശിംശിപവൃക്ഷച്ചുവട്ടില്‍ അധോമുഖിയായിരിക്കുന്ന സീതയുടേത്‌. നട്ടെല്ലും അതിന്റെ ഇരുപാര്‍ശ്വങ്ങളിലുള്ള ഇഡ,പിംഗള നാഡികളും, താഴെ മൂലാധാരചക്രത്തില്‍ സുഷുപ്താവസ്ഥയിലുള്ള കുണ്ഡലിനിയും. ബ്രഹ്മചര്യാവസ്ഥയിലുള്ള ജീവനു കുണ്ഡലിനീ ശക്തി അനുഭവവേദ്യമായി. സാധകന്‍ അതിനെ മുകളില്‍ നിന്ന് നോക്കിക്കണ്ടു.

രാമകഥ 26

രാമകഥ 26
1182 കര്‍ക്കടകം 26 / 2007 ആഗസ്റ്റ്‌ 11

ഹൃദയസ്ഥിതമായ ആ നിര്‍മ്മലപാദങ്ങള്‍ മായാപ്രലോഭനങ്ങളെ കീഴടക്കാന്‍ ആഞ്ജനേയനെ സഹായിച്ചു.കടല്‍ കടന്ന ആഞ്ജനേയന്‍ ലങ്കയിലെ സുബേലപര്‍വ്വതത്തില്‍ വന്നിരുന്നു.

ഹനുമാന്‍ ആലോചിച്ചു."ലങ്കനഗരിയിലേക്ക്‌ ഉടനെ ചാടാന്‍ വരട്ടെ.രാത്രിയാകുമ്പോള്‍ രാക്ഷസന്മാരെല്ലാം ഉറക്കമായിരിക്കും. അതാണു പറ്റിയ സമയം."

ഈ ഹനുമല്‍ച്ചിന്തക്കുപിന്നില്‍ വലിയൊരുവേദാന്ത തത്ത്വമുണ്ട്‌.സുഷുപ്തിയോടടുക്കുമ്പോഴാണു നമ്മിലെ രാജസശക്തി അല്‍പമെങ്കിലും ശാന്തമാകുന്നത്‌.അതാണു ബ്രഹ്മവിദ്യയെ കണ്ടെത്താന്‍ പറ്റിയ സമയവും.

സുഷുപ്തിയിലും നമ്മില്‍ ഉണര്‍ന്നു കാവല്‍നില്‍ക്കുന്ന ഒരു താമസീഭാവമുണ്ട്‌.അതുകൂടി ഉപേക്ഷിച്ചാല്‍ സമാധിക്കു തുല്യമായി.സുഷുപ്തി തന്നെ സമാധിയെന്ന് അര്‍ത്ഥം വരുന്ന വേദവചങ്ങളുണ്ട്‌.നിദ്രാ-സമാധിസ്ഥിതികളില്‍ ബ്രഹ്മത്തെ അറിയാം.അപ്പോള്‍ ബ്രഹ്മവുമായി ഏകീഭാവം ഉണ്ടാകാറുണ്ട്‌.ആ സമയം വരെ കാത്തിരിക്കാനാണു സാധകന്‍ തീരുമാനിച്ചത്‌.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌.അയോദ്ധ്യയില്‍ നിന്നും ലങ്കയിലേക്കാണു രാമന്റെ യാത്ര.മാനവത്തിന്റെ യാത്രയും അങ്ങനെ തന്നെ.ശുദ്ധവും നിര്‍മ്മലവുമായ മനസ്സില്‍ നിന്നു പ്രചണ്ഡമായ രാജസത്തിലേക്ക്‌.പൂര്‍ണ്ണമായ അറിവില്‍ നിന്നു അറിവില്ലായ്മയിലേക്ക്‌ ഭാരതത്തിലെ ദാര്‍ശ്ശനികര്‍ അത്‌ എന്നേ കണ്ടെത്തിയതാണു.

നാം അറിവെന്നുപറഞ്ഞു ശേഖരിച്ചുകൂട്ടുന്നത്‌ അറിവാണോ?അവയൊക്കെ രാജസത്തെ കൂടുതല്‍ പ്രചണ്ഡമാക്കുന്ന 'വിവരങ്ങള്‍'(information) മാത്രമല്ലെ?അവയുടെ പിന്നാലെ പായുന്ന നമ്മുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യുന്നു.

'കാലം' പൂര്‍ണ്ണതയുള്ള ബ്രഹ്മഭാവമാണു. അതു തിരിച്ചിട്ടാല്‍ ലങ്കയായി. കാ-ലം.ലം-കാ.അപൂര്‍ണ്ണവും ക്ഷുഭിതവുമായ മാനസമാണു ലങ്ക. പൂര്‍ണ്ണതയില്‍ നിന്ന് മായാവിലാസത്താല്‍ ജീവശക്തി പ്രചണ്ഡതയുടെ ഇരിപ്പിടമായ ലങ്കയിലെത്തിയിരിക്കുന്നു.സൂക്ഷ്മമായി നോക്കിയാല്‍ അപ്പോള്‍ രാമന്‍ തന്നെയല്ലെ രാവണണായി പരിണമിച്ചിരിക്കുന്നതും?സാത്വികത്തില്‍ നിന്നും രാജസത്തിലേക്കുള്ള ജീവന്റെ ചുവടുമാറല്‍? നമ്മുടെ ജീവിതാനുഭവങ്ങള്‍ അവലോകനം ചെയ്താലും ഇതു ബോദ്ധ്യമാകും.

രാത്രിയായപ്പോള്‍ ആഞ്ജനേയന്‍ ലങ്കാനഗരിയിലേക്ക്‌ ചെന്നു.കാവലാളുകളെയെല്ലാം മറികടന്നു മുന്നോട്ടു പോകുമ്പോള്‍ തന്നിലെ രാജസശക്തിയുണര്‍ന്നു. ലങ്കാലക്ഷ്മി ആക്രമിച്ചു.ബ്രഹ്മചര്യം അവിടെയും വിജയിച്ചു.രാജസം പരാജിതമായി, സാധകനു സഹായിയായി മാറി.ലങ്കാലക്ഷ്മി വിദ്യധരഭാവം കൈക്കൊണ്ട്‌ ഹനുമാനെ അനുഗ്രഹിക്കുന്നതായിക്കാണുന്നത്‌ അതാണു.

Sunday, August 5, 2007

രാമകഥ25

രാമകഥ 25

1182 കര്‍ക്കടകം 25 / 2007 ആഗസ്റ്റ്‌ 10

വിശപ്പ്‌,ദാഹം തുടങ്ങിയ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞാലും അതിനേക്കാള്‍ ഭീഷണമായ തടസ്സങ്ങള്‍ സാധകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌.

'രാമകാര്യത്തിനുപോകുന്ന രാമദൂതനാണു ഞാന്‍.അതുസാധിക്കുന്നതുവരെ എനിക്ക്‌ വിശ്രമമില്ല.രാമകാര്യമെല്ലാം പൂര്‍ത്തിയാക്കി തിരികെ വരുമ്പോള്‍ നിന്റെ ആതിഥ്യം സ്വീകരിക്കാം' എന്നുപറഞ്ഞ്‌ മുന്നോട്ട്‌ നീങ്ങിയ ആഞ്ജനേയനെ വാപിളര്‍ന്നുനില്‍ക്കുന്ന സുരസ തടഞ്ഞു.നാഗമാതാവായ അവള്‍ ഒരുവ്രതം പൂര്‍ത്തിയാക്കി പാരണവീട്ടാന്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണു ഹനുമാനെക്കണ്ടത്‌.ഇവനെ തിന്നുകളയാം എന്നവള്‍ വിചാരിച്ചു.

രാമകാര്യത്തിനുപോകുകയാണു താന്‍ എന്ന് അവളോടു പറഞ്ഞെങ്കിലും അവള്‍ അതംഗീകരിച്ചില്ല.സുരസ തന്റെ വായ വിസ്താരപ്പെടുത്തി ഹനുമാനെ വിഴുങ്ങാന്‍ ആഞ്ഞു.ഹനുമാന്‍ തന്റെ ശരീരം അതിനേക്കാള്‍ വലുതാക്കി.അവള്‍ വായുടെ വിസ്താരം പിന്നെയും വര്‍ദ്ധിപ്പിച്ചു.ഹനുമാനും തന്റെ ശരീരം അതിനനുസരിച്ച്‌ വിസ്താരപ്പെടുത്തി. അവസാനം പര്‍വ്വതാകാരനായ ആഞ്ജനേയനുമുന്നില്‍ സുരസ നൂറുയോജന വാപിളര്‍ന്നുനിന്നു.ഹനുമാന്‍, ഉടനെ അംഗുഷ്ടമാത്രനായി പരിണമിച്ച്‌ അതിനുള്ളിലൂടെ കടന്നുപോയി.

സാധകന്‍ തന്റെ മുന്നിലെ തടസ്സങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണകാരന്‍ കാണിച്ചുതരികയാണിവിടെ.പ്രീണങ്ങളെക്കാള്‍ സൂക്ഷിക്കേണ്ടതാണു ഭീഷണങ്ങള്‍. അതിനെ അതിജീവിക്കാന്‍ വിനയമാണു ഉചിതം.

പ്രത്യക്ഷപ്രലോഭനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പരോക്ഷപ്രലോഭനങ്ങള്‍ തലപൊക്കാന്‍ തുടങ്ങി.സാധകന്റെ അന്തരംഗത്തില്‍ മറഞ്ഞുകിടക്കുന്ന സൂക്ഷ്മമായ വാസനകളില്‍ നിന്ന് ഉണര്‍ന്നുവരുന്നവയാണവ.അതുകൊണ്ടാണു നിഴലിനേപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിവുള്ള സിംഹിക പ്രത്യക്ഷപ്പെടുന്നതായി തുടര്‍ന്ന് ചിത്രീകരിച്ചിരിക്കുന്നത്‌.മനസിന്റെ തലത്തിലെ ആ ഭീഷണതയെ അതിജീവിക്കണമെങ്കില്‍ അതിതീവ്രമായ വിഷ്ണുഭക്തി ഉണ്ടായിരിക്കണം.ഹനുമാനു അതുണ്ടായിരുന്നു എന്നുകാണിക്കാനാണു പാദാഘാതത്താല്‍ സിംഹികയെ കീഴ്പെടുത്തി എന്നുപറഞ്ഞിരിക്കുന്നത്‌.അങ്ങനെ പ്രലോഭനങ്ങളേയെല്ലാം അതിജീവിച്ച്‌ ഹനുമാന്‍ ലങ്കയിലേക്ക്‌ കുതിച്ചു.

രാമകഥ24

രാമകഥ 24
1182 കര്‍ക്കടകം 24 / 2007 ആഗസ്റ്റ്‌ 9

ബ്രഹ്മവിദ്യാപ്രാപ്തിയിലേക്ക്‌ അടുക്കുന്ന സാധകനെ എന്തൊക്കെ അലട്ടുകയില്ല? പ്രീണനവും ഭീഷണവുമായ പരീക്ഷണങ്ങള്‍ അവന്റെ മുന്നില്‍ ഉയര്‍ന്നുവരുന്നത്‌ സ്വാഭാവികം.

ലങ്കയിലേക്കുകുതിച്ച ആഞ്ജനേയനെ ആദ്യം കാത്തുനിന്നത്‌ മൈനാകമാണു.സമുദ്രാന്തര്‍ഭാഗത്ത്‌ നിന്നു ഫലപുഷ്പഹാരസമന്വിതം മുകളിലേക്ക്‌ ഉയര്‍ന്നുവന്ന മൈനാകപര്‍വ്വതം ഹനുമാന്റെ വഴി തടഞ്ഞു അവനോട്‌ അപേക്ഷിച്ചു.

"ഹേ കപേ,നീ യാത്രചെയ്തു വളരെക്ഷീണിച്ചിരിക്കുന്നു.എന്റെമേലിരുന്ന് ഈ ഫലമൂലാദികള്‍കഴിച്ച്‌ ക്ഷീണമകറ്റിയിട്ടാവാം ഇനിയാത്ര."

മൈനാകത്തിന്റെ വാക്കുകള്‍ ഹനുമാന്‍ ചെവിക്കൊണ്ടില്ല. ഒരു യഥാര്‍ത്ഥ സാധകന്‍ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ വഴങ്ങാറില്ല.ഹനുമാന്‍ അത്‌ തെളിയിച്ചു.നിത്യാനന്ദം തരുന്ന ബ്രഹ്മവിദ്യയെത്തേടിപ്പോകുന്ന തന്നെ നിസ്സാരമായ ഈ ഫലമൂലാദികള്‍ക്കെങ്ങനെ സ്വാധീനിക്കാന്‍ കഴിയും?

നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇത്തരം സാധകര്‍ കുറവാണു.ആത്മനേത്തേടിപ്പോകുന്നു എന്നവ്യാജേന പലരും ഭൗതികതയില്‍ മൂക്കുമുട്ടെ മുഴുകുന്ന കാഴ്ചയാണു നമുക്കുചുറ്റും.ആത്മന്റെപേരില്‍ വലിയ വലിയ സൗധങ്ങള്‍ നിര്‍മ്മിക്കുന്നു.സഞ്ചരിക്കാന്‍ വിലകൂടിയ കാറുകളും വിമാനങ്ങളുംവരെ വാങ്ങുന്നു.മുന്തിയതരം ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കുന്നു.ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച്‌ രാജ്യാധികാരത്തെ ഭീഷണിപ്പെടുത്തുന്നു.ആത്മീയതയുടെപേരില്‍ ഇന്ന് നടക്കുന്നത്‌ ഇതൊക്കെയാണു.ഇതിനെ ആത്മീയത എന്നുപറയാനാകുമോ? വ്യവസായമെന്നോ വാണിജ്യമെന്നോ അല്ലെ വിളിക്കേണ്ടത്‌? ഇത്തരം സംവിധാനങ്ങളില്‍നിന്നു ഒരു യോഗിയെങ്കിലും ജനിച്ചതായി കണ്ടിട്ടുണ്ടോ?

സംസാരത്തില്‍ കാലൂന്നിനില്‍ക്കുമ്പോള്‍ യോഗം സിദ്ധിക്കില്ല.പൂര്‍ണ്ണവൈരാഗ്യവും ആത്മസമര്‍പ്പണവുമുണ്ടെങ്കിലേ ബ്രഹ്മാനന്ദം ലഭിക്കു.ഇക്കാര്യത്തില്‍ നചികേതസ്സാണു ഭാരതീയനു മാതൃക.കൗമാരക്കാരനായ ഒരു രാജകുമാരന്‍.അതീവശ്രദ്ധാലു.ബ്രഹ്മവിദ്യ ലഭിക്കാനായി ആരും ഭയക്കുന്ന ഒരു കാര്യമാണു ആ കുമാരന്‍ ചെയ്തത്‌.നേരെ യമധര്‍മ്മന്റെ അടുത്തേക്ക്‌ ചെന്നു.യമകിങ്കരന്മാരുടെ നിഴല്‍ കണ്ടാല്‍പ്പോലും നാം വാവിട്ടുനിലവിളിച്ചുപോകും.അപ്പോഴാണു നചികേതസ്സ്‌ യമലോകത്തേക്ക്‌ നേരിട്ടു കടന്നു ചെല്ലുന്നത്‌.ലക്ഷ്യം ഉറച്ചുകഴിഞ്ഞാല്‍ സാധകനു സ്വന്തം ശരീരം പോലും വിലയില്ലാത്തതാണു.അങ്ങനെയുള്ളവരെ അറിവുനേടു.ലക്ഷ്യപ്രാപ്തിയില്‍ എത്തു.

Saturday, August 4, 2007

രാമകഥ 23

1182 കര്‍ക്കടകം 23 / 2007 ആഗസ്റ്റ്‌ 8
(രാമകഥ 23)

സമുദ്രതരണത്തിനുസന്നദ്ധനായ ഹനുമാന്‍ ചാടിയെഴുന്നേറ്റ്‌ ഒന്ന് അട്ടഹസിച്ചു.സര്‍ഗ്ഗശക്തി ഉണര്‍ന്നപ്പോള്‍ ജീവന്‍ ഉദ്ധൃതനായിത്തീര്‍ന്നു.രാവണനെ വധിച്ച്‌, ലങ്കയും നശിപ്പിച്ച്‌, സീതാദേവിയുമായി താനിതാവന്നുകഴിഞ്ഞു എന്ന് ഹനുമാന്‍ അലറിപ്പറഞ്ഞപ്പോള്‍ ജാംബവാന്‍ എഴുന്നേറ്റ്‌ തടഞ്ഞു.

"മകനെ അത്‌ പാടില്ല, സീതാദേവിയെ അന്വേഷിച്ച്‌ കണ്ടെത്തുകമാത്രമാണു നിന്റെ ധര്‍മ്മം.സീതയെവീണ്ടെടുക്കേണ്ടത്‌ രാമന്റെ ധര്‍മ്മമാണു. നീയതുചെയ്തുകൂടാ"

ജാംബവാന്‍ പറഞ്ഞതുകേട്ട്‌ സ്വരൂപസ്മൃതിയുണ്ടായ ആഞ്ജനേയന്‍ ശാന്തചിത്തനായിത്തീര്‍ന്നു.സര്‍ഗ്ഗശക്തികള്‍ ഉണരുമ്പോള്‍ എന്തുംചെയ്യാനുള്ള കരുത്തുണ്ടാവും.ധര്‍മ്മാധര്‍മ്മവിവേചനമില്ലാതെ അതുപയോഗിക്കുന്നത്‌ അപകടമാണു.അതിനു മുതിര്‍ന്നവരുടെയും ഗുരുക്കന്മാരുടേയും ഉപദേശങ്ങള്‍ പ്രയോജനപ്പെടും.പാരമ്പര്യത്തെ പിന്തുടരുന്നതും നല്ലതാണു.പാരമ്പര്യത്തെ തള്ളിക്കളയുകയും ഗുരോപദേശം അവഗണിക്കുന്നതുമാണു ഇന്നുള്ളരീതി. അതു ആശാവഹമല്ലയെന്ന് ഈ ആഞ്ജനേയകഥയില്‍ നിന്നും മനസിലാക്കാം.

നൂറുയോജനയുള്ള സമുദ്രം മുന്നില്‍ പരന്നുകിടക്കുന്നു.അപകടം നിറഞ്ഞതാണത്‌. ചുഴികളും മലരികളും അതിലുണ്ട്‌. വീണുപോയാല്‍ പിന്നെ രക്ഷയില്ല.അതു താണ്ടുന്നതിനുള്ള ശക്തിസംഭരിച്ച്‌ ആഞ്ജനേയന്‍ കുതിച്ചു. അതിനെപ്പറ്റി രാമായണകാരന്‍ പറയുന്നത്‌ ഇങ്ങനെയാണു:'രാമനാമം ചുണ്ടിലും, രാമസ്വരൂപം നെഞ്ചിലും, രാമാംഗുലീയം കയ്യിലും ധരിച്ചുകൊണ്ട്‌ ആഞ്ജനേയന്‍ യാത്രയായി'.

സംസാരത്തിന്റെ പ്രതീകമാണു കടല്‍. സംസാരസാഗരമെന്നുതന്നെയാണു അത്‌ അറിയപ്പെടുന്നത്‌.അതിനെ തരണംചെയ്യാന്‍ ബ്രഹ്മചര്യം വേണം.ബ്രഹ്മചര്യം ശാരീരികമായ ഒരവസ്ഥയായിട്ടാണു പലരും കരുതുന്നത്‌. സ്വരൂപസ്ഥിതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാണു യഥാര്‍ത്ഥത്തില്‍ ബ്രഹ്മചര്യമെന്ന് പറയേണ്ടത്‌.ആഞ്ജനേയനെക്കൊണ്ട്‌ അത്‌ സൂചിപ്പിക്കുന്നത്‌ കാണാം. രാമനാണു ഹനുമാന്റെ സര്‍വ്വസ്വവും. ആ രൂപം ഹൃദയത്തില്‍ ചേര്‍ത്തുവച്ചും ആ നാമംതന്നെ ജപിച്ചുമാണു ആഞ്ജനേയന്‍ ഓരോനിമിഷവും ജീവിക്കുന്നത്‌.ആ അവസ്ഥയുടെ പൂര്‍ണ്ണതസൂചിപ്പിക്കാനെന്നപോലെ രാമാംഗുലീയവും കൈവശമുണ്ട്‌.സാധകനും ആഞ്ജനേയനേപ്പോലെ ആണെങ്കിലെ ബ്രഹ്മവിദ്യ അയാള്‍ക്ക്‌ ലഭിക്കു.

രാമക്ഥ 22

1182 കര്‍ക്കടകം 22 / 2007 ആഗസ്റ്റ്‌ 7

സീതയെവിടെയുണ്ടെന്നറിഞ്ഞു.ഇനി കടല്‍ കടന്ന് അവിടെയെത്തണം. ഗന്ധമാദനപര്‍വ്വതത്തില്‍നിന്നും ഇറങ്ങിയ അംഗതനും വാനരസേനയും സമുദ്രതീരത്തെത്തി. മുന്നില്‍ പരന്നുകിടക്കുന്ന കടല്‍. അത്‌ ചാടിക്കടക്കണം. ഓരോത്തരും അവരവര്‍ക്ക്‌ ചാടിക്കടക്കാവുന്ന ദൂരം പറഞ്ഞു. ഗവനും ഗവാക്ഷനും നീലനുമൊന്നും നൂറുയോജനയ്ക്കപ്പുറമാവില്ല. അംഗതന്‍ ശ്രമിക്കാമെന്ന് പറഞ്ഞപ്പോള്‍ ജാംബവാന്‍ സമ്മതിച്ചില്ല. നേതാവായിരിക്കുന്നവന്‍ അതുചെയ്തുകൂടാ. താന്‍ ചാടിയാല്‍ അക്കരെ എത്തുമോയെന്ന് ജാംബവാനു സംശയം.അവരുടെ സംഭാഷണങ്ങളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ധനായി ഇരിക്കുന്നത്‌ കണ്ടപ്പോള്‍ ജാംബവാന്‍ ഹനുമാനെനോക്കി പറഞ്ഞു:

"ശ്രീരാമചന്ദ്രന്‍ അടയാളമോതിരം ഏല്‍പ്പിച്ചിരിക്കുന്നത്‌ നിന്നെയാണല്ലോ? അടയാളവാക്യവും പറഞ്ഞുതന്നിരിക്കുന്നത്‌ നിനക്കാണു.അതുകൊണ്ട്‌ സീതാന്വേഷണത്തിനു നിന്നോളം യോഗ്യരായവര്‍ വേറെയാരുമില്ല."

ജാംബവാന്‍ പറഞ്ഞതുകേട്ട്‌ ആഞ്ജനേയന്‍ വര്‍ദ്ധിതവീര്യനായിത്തീര്‍ന്നു.മറഞ്ഞുകിടന്നിരുന്ന ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി.

കാലത്തിന്റെ പ്രതിരൂപമാണു ജാംബവാന്‍.യുഗങ്ങളായി നമ്മില്‍ മറഞ്ഞുകിടക്കുന്ന സര്‍ഗ്ഗശക്തികൂടിയാണത്‌.അതിനെ ഉണര്‍ത്തണം.പ്രകീര്‍ത്തനം വഴി ജാംബവാന്‍ ചെയ്തത്‌ അതാണു. ചെറിയചെറിയ കാര്യങ്ങളില്‍ പലപ്പോഴും നാമറിയാതെതന്നെ ജാംബവാനുമുന്നില്‍ ചെന്നുപെടാറുണ്ട്‌.പക്ഷെ നാമത്‌ തിരിച്ചറിയാറില്ല.ജീവിതം സംഭവബഹുലമായതുമൂലം മിക്കപ്പോഴും നാം ഒരുതരം വിസ്മൃതിയിലായിരിക്കും.ഗുരുക്കന്മാരും കാലവുമാണു പലപ്പോഴും നമ്മെ തട്ടിയുണര്‍ത്തുന്നത്‌.പക്ഷെ പെട്ടെന്നുതന്നെ നാം അതൊക്കെമറന്നു പോകുന്നു.

സോല്‍സാഹം ഈശ്വരനിലേക്ക്‌ പ്രയാണം ചെയ്യുന്ന ജീവനാണു ആഞ്ജനേയരൂപത്തില്‍ കാണുന്നത്‌.അതിനു അന്തര്‍മുഖത്വം കൂടും. അംഗാദികളുടെ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ദനായിരുന്നത്‌ അതുകൊണ്ടാണു.സാധകനില്‍ ഈ അന്തര്‍മുഖത്വം ഒരു ഘട്ടം കഴിയുമ്പോള്‍ ബ്രഹ്മവിദ്യാപ്രാപ്തിപോലും നിസ്സാരമായിത്തോന്നിപ്പിക്കും.അതില്‍ നിന്ന് സാധകനെ സര്‍ഗ്ഗശക്തിയിലേക്കുണര്‍ത്തിയാല്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കുന്നതായിക്കാണാം.ഹനുമാന്റെ സമുദ്രതരണം കാണിക്കുന്നത്‌ അതാണു.

Friday, August 3, 2007

രാമകഥ 21

1182 കര്‍ക്കടകം 21 / 2007 ആഗസ്റ്റ്‌ 6

ബ്രഹ്മവിദ്യ എതുദിക്കിലുണ്ടെന്നറിഞ്ഞെങ്കിലും കൃത്യമായി അതെവിടെയാണെന്നറിവില്ല.അതറിയണമെങ്കില്‍ വിരാഗതനേടണം. സമ്പാതിക്ക്‌ ചിറകുമുളയ്ക്കണം.അതിനായി ദിവസങ്ങളോളം വിന്ധ്യന്റെ പാര്‍ശ്വങ്ങളില്‍ വാനരസൈന്യം അലഞ്ഞുനടന്നു. സീതാദേവിയില്ലാതെ തിരിച്ചുചെന്നാല്‍ കാലപുരിക്ക്‌ യാത്രയാക്കും സുഗ്രീവന്‍. സുഗ്രീവാജ്ഞയുടെ കാഠിന്യമറിയാവുന്ന അവരതേക്കുറിച്ച് ആലോചിക്കുകപോലും ചെയ്തില്ല.

സീതയേത്തേടി തളര്‍ന്നവശരായ വാനരസൈന്യം മഹേന്ദ്രഗിരിയില്‍ നിസ്തേജമാനസരായി കിടന്നു.ആ സമയത്ത്‌ പര്‍വ്വതത്തിലുള്ള ഗുഹയില്‍ നിന്ന് ഗംഭീരാകാരനായ ഒരു വൃദ്ധപക്ഷിരാജന്‍ പുറത്തുവന്നു. കപിവരന്മാരെക്കണ്ട പക്ഷിവര്യന്‍ തനിക്ക്‌ കുറേദിവസത്തേക്കുള്ള ഭക്ഷണമായല്ലോ എന്നുവിചരിച്ച്‌ അംഗാദികളുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ അവര്‍ തമ്മില്‍ സംസാരിക്കുന്നത്‌ കേട്ടു.

'ആ ജടായു എത്രഭാഗ്യവാനാണു.അവന്‍ രാമന്റെ കൈകൊണ്ടുതന്നെ മോക്ഷം പ്രാപിച്ചല്ലോ! നമുക്ക്‌ ആ ഭാഗ്യം ഇല്ലാതെപോയി.'

ഇതുകേട്ട പക്ഷിരാജന്‍ ചോദിച്ചു:"നിങ്ങള്‍ ആരാണു? എന്താണു ജടായുവിന്റെ വൃത്താന്തം? അത്‌ നിങ്ങള്‍ക്കെങ്ങനെ അറിയാം? ആരാണു നിങ്ങള്‍? എന്തിനു ഇവിടെ വന്നു? പറയൂ, ഞാന്‍ നിങ്ങള്‍ പറഞ്ഞ ജടായുവിന്റെ സഹോദരനാണു.സമ്പാതി."

അംഗാദികള്‍ സീതാവൃത്താന്തം സമ്പാതിയെ അറിയിച്ചു.

രാമലക്ഷ്മണന്മാര്‍ വനവാസത്തിനു തിരിച്ചതും, കാട്ടില്‍ വച്ച്‌ രാവണന്‍ സീതയെ അപഹരിച്ചതും, അതുതടഞ്ഞ ജടായുവിന്റെ ചിറകരിഞ്ഞതും രാമന്‍ ജടായുവിനു മോക്ഷം കൊടുത്തതും സീതാന്വേഷണത്തിനു തങ്ങള്‍ ഇറങ്ങിത്തിരിച്ചതും അവര്‍ വിശദീകരിച്ചു.

തന്റെ സഹോദരന്റെ ഓര്‍മ്മയില്‍ പുളകിതനായ സമ്പാതി അവരെ സഹായിക്കാമെന്നേറ്റു. മഹേന്ദ്രാചലത്തിന്റെ ഉച്ചത്തിലുള്ള ഗന്ധമാദനത്തിലേക്ക്‌ കയറിപ്പോയ പക്ഷിരാജന്‍ അവിടെ നിന്നും ചുറ്റും നിരീക്ഷിച്ചു. പക്ഷികളുടെ കണ്ണുകള്‍ക്ക്‌ ശക്തികൂടും. ഏകാഗ്രനയനത്തിലൂടെ നോക്കിയ സമ്പാതിക്ക്‌ നൂറുയോജന സമുദ്രത്തിനപ്പുറം ലങ്കയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍ രാമരാമേതിജപിച്ചിരിക്കുന്ന സീതയെ കാണാന്‍ കഴിഞ്ഞു. തിരിച്ചുവന്ന സമ്പാതി അംഗാദികളെ ആ വിവരം ധരിപ്പിച്ചു.ആ നിമിഷം സമ്പാതിക്ക്‌ വീണ്ടും ചിറക്‌ മുളയ്ക്കാനാരംഭിച്ചു.

നവവിരാഗതയാണു സമ്പാതിയുടെ ചിറകുമുളയ്ക്കല്‍.സാധകനു വൈരാഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതിലേക്ക്‌ വേണ്ടിയാണു സമ്പാതിയുടെ കഥവിശദമായി പ്രതിപാദിക്കുന്നത്‌.ഇപ്പോള്‍ സാധകനു ലക്ഷ്യം വിശദമായി തെളിഞ്ഞുകണാം. ഇനി അവിടെയെത്തണം.

രാമകഥ 20

1182 കര്‍ക്കടകം 20 / 2007 ആഗസ്റ്റ്‌ 5

ദക്ഷിണദിക്കിലേക്ക്‌ നീങ്ങിയ അംഗദന്റെ നേതൃത്വത്തിലുള്ള വാനരസേന വിന്ധ്യാപര്‍വ്വതത്തിലെത്തിച്ചേര്‍ന്നു. യാത്രയുടെ ക്ലേശംകൊണ്ട്‌ എല്ലാവരും അവശരായി.പൈദാഹത്താല്‍ വലഞ്ഞ അവര്‍, ഒരു ഗുഹയില്‍ നിന്ന് കുറേപക്ഷികള്‍ പറന്നുപോകുന്നതു കണ്ടു. അവയുടെ കാലില്‍നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിവീഴുന്നത്‌ അവരുടെ കണ്ണില്‍പ്പെട്ടു. ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടെന്ന് അവര്‍ ഊഹിച്ചു.പ്രത്യാശയോടെ അകത്തുകടന്ന വാനരസംഘം തേജോരൂപിണിയായ ഒരു സ്ത്രീയുടെ മുന്നിലാണെത്തിയത്‌. അംഗദാദികള്‍ അവരെ നമസ്കരിച്ചു.

'നിങ്ങള്‍ എവിടെ നിന്നു വരുന്നു? എങ്ങോട്ട്‌ പോകുന്നു?'

ദേവത ചോദിച്ചപ്പോള്‍ രാമലക്ഷ്മണ വൃത്താന്തവും സീതാവിയോഗവും അവരെ ധരിപ്പിച്ചു. തങ്ങള്‍ ഇപ്പോള്‍ സീതാന്വേഷണത്തിലാണെന്നും സൂചിപ്പിച്ചു.

'സീതാദേവി ദക്ഷിണദിക്കിലുണ്ട്‌. അങ്ങോട്ട്‌ പോയാലും. ഇതറിയിക്കുവാനാണു ഞാനിവിടെ കാത്തിരുന്നത്‌'‘

അത്രയും പറഞ്ഞിട്ട്‌ അവര്‍ക്ക്‌ കുടിക്കാന്‍ വേണ്ടത്ര ജലം നല്‍കി ആശ്വസിപ്പിച്ചു.സ്വയം പ്രഭയായിരുന്നു ആ ദേവത. വിശ്വകര്‍മ്മാവിന്റെ പുത്രിയായ ഹേമയുടെ തോഴി. ഹേമ പറഞ്ഞേല്‍പ്പിച്ചതുകൊണ്ട്‌ അവരെ കാത്തിരിക്കുകയായിരുന്നു സ്വയം പ്രഭ. കര്‍മ്മപൂര്‍ത്തീകരണത്തെതുടര്‍ന്ന് മോക്ഷപ്രാപ്തയായ സ്വയം പ്രഭ രാമസന്നിധിയെ പ്രാപിച്ചു.

ഈ കഥയിലൂടെ രാമായണകാരന്‍ പ്രകാശിപ്പിക്കുന്നത്‌ ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള ശ്രമങ്ങള്‍ എത്രതീവ്രകരമായിരിക്കുമെന്നാണു. അതു പരിപൂര്‍ത്തിയിലെത്തുമ്പോള്‍ സ്വയം പ്രകാശവും സിദ്ധികളും ലഭ്യമാകും. സ്വയം പ്രഭയുടെ സാന്നിദ്ധ്യവും കുടിക്കാന്‍ വെള്ളം കിട്ടുന്നതും സൂചിപ്പിക്കുന്നത് അതാണു. മാത്രമല്ല, ബ്രഹ്മവിദ്യയെവിടെയുണ്ടെന്നറിയുവാനും കഴിഞ്ഞു. സാധനയ്ക്കിടയിലെ ക്ലേശങ്ങള്‍ക്ക് മുന്നില്‍‍ പരിഭ്രമിച്ച്‌ നിന്നുപോയാല്‍ ബ്രഹ്മവിദ്യാപ്രപ്തി അസാദ്ധ്യമാണെന്നു സാധകന്‍ അറിഞ്ഞിരിക്കണം.‍ അതുപോലെ സിദ്ധികള്‍ക്കുമുന്നില്‍ പരിഭ്രമിച്ച് നില്‍ക്കുകയും ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ അത്‌ മരണതുല്യമായിരിക്കും. അംഗദാദികള്‍ ഗുഹാമുഖത്ത്‌ സംശയപൂര്‍വ്വം നിന്നിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്നത്‌ നിശ്ചയമാണു. അവര്‍ വിവേകപൂര്‍വ്വം ഗുഹയ്ക്കുള്ളിലേക്ക്‌ കടക്കുകയാണു ചെയ്തത്‌.

അണിമാദി എട്ട്‌ സിദ്ധികളേയും ഉപേക്ഷിച്ച്‌ സാധകന്‍ മുന്നോട്ട്‌ പ്രയാണം ചെയ്തെങ്കിലേ മോക്ഷപ്രാപ്തിയുണ്ടാകു.എന്തു പ്രയാസമുണ്ടായാലും മുന്നോട്ട്‌ പോകുകതന്നെ വേണം.അങ്ങനെ ചെയ്താല്‍ എല്ലാം സ്വയം പ്രകാശമായി വരുന്നത്‌ കാണാം.

രാമകഥ 19

1182 കര്‍ക്കടകം 19 / 2007 ആഗസ്റ്റ്‌ 4

രാജസവുമായി ഏറ്റുമുട്ടാന്‍ ഇനിയും സമയമായിട്ടില്ല. തപസ്സിലൂടെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുവേണം സാധകന്‍ അതിനു മുതിരാന്‍. അതിനുവേണ്ടി രാമന്‍ ചാതുര്‍മാസ്യവ്രതം അനുഷ്ഠിക്കാന്‍ ഒരുങ്ങുന്നു. ഋശ്യമൂകാചലത്തിലെ ഒരു ഗുഹയില്‍ സമാധിസ്ഥനായി തപസ്സുചെയ്തു തുടങ്ങി. തപസ്സുതീരുന്നതുവരെ മറ്റുപ്രവര്‍ത്തികളെല്ലാം വിവേകത്തിനു വിട്ടുകൊടുത്തു. രാജ്യകാര്യങ്ങള്‍ നൊക്കുന്നത്‌ സുഗ്രീവനാണു. ചാതുര്‍മാസ്യകാലത്ത്‌ രാമന്‍ മനനപഠനങ്ങളില്‍ ഏര്‍പ്പെട്ടു. അതാണു ക്രിയായോഗത്തെപ്പറ്റി ലക്ഷ്മണനുനല്‍കുന്ന ഉപദേശങ്ങളുടെ വ്യംഗ്യം. ഇതുപോലെ ഒരു ചര്‍ച്ച പഞ്ചവടിയില്‍ വച്ച്‌ നടക്കുന്നതായും നാം കാണുന്നുണ്ട്‌. അന്ന് മായയെക്കുറിച്ചായിരുന്നു ചര്‍ച്ച. അതും മറ്റൊരു മനനപഠനമായിരുന്നു.ചാതുര്‍മാസ്യം വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വ-തൈജസന്മാര്‍ വിവേകവുമായി ഒന്നിച്ചിരുന്ന് അനന്തര നടപടികള്‍ ആലോചിക്കുന്നു. രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി കൂടിയാലോചന നടത്തുന്നതായിക്കാണാം.വാനരസൈന്യത്തെ എല്ലാദിക്കിലേക്കും വിടണം. അവര്‍ തീരുമാനിച്ചു.

ജീവന്‍ പ്രായേണ ചലനസ്വഭാവമുള്ളതാണു. വാനരന്മാരെക്കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ ജീവന്റെ ഈ ചഞ്ചല സ്വഭാവത്തേയാണു.അങ്ങനെ, ജീവന്‍ ബ്രഹ്മവിദ്യയെത്തേടി നാനാവഴിക്കും നീങ്ങുന്നു.അംഗദന്റെ സൈന്യം ദക്ഷിണദിക്കിലേക്കാണു പോയത്‌.ആ സംഘത്തില്‍ ആഞ്ജനേയനുമുണ്ട്‌.യാത്രാരംഭത്തില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാനെവിളിച്ച്‌ അംഗുലീയവും അടയാളവാക്യവും നല്‍കി.

ബ്രഹ്മവിദ്യ എങ്ങനെയിരിക്കുമെന്ന് രാമനു നന്നായറിയാം. ഒരിക്കല്‍ അത്‌ അനുഭവിച്ചതാണു. അപഭ്രംശം കൊണ്ട്‌ അതു നഷ്ടമായതാണു. തീവ്രമായബ്രഹ്മചര്യം ഇപ്പോഴുണ്ട്‌. ബ്രഹ്മചര്യത്തിനേ ബ്രഹ്മവിദ്യയെ കണ്ടെത്താനാകു. അങ്ങനെ കണ്ടെത്തുന്ന ബ്രഹ്മവിദ്യയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രമാദം വരാനിടയുണ്ട്‌. അതൊഴിവാക്കാനാണു അംഗുലീയ-അടയാളവാക്യങ്ങള്‍ നല്‍കുന്നത്. മനന-സാധന വഴി ബ്രഹ്മവിദ്യാസ്വരൂപം ഉറപ്പാക്കുന്നു എന്നാണു ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

Thursday, August 2, 2007

രാമകഥ 18

1182 കര്‍ക്കടകം 18 / 2007 ആഗസ്റ്റ്‌ 3

ബ്രഹ്മചര്യത്തിന്റെ ഉത്തമബിംബമാണു ആഞ്ജനേയന്‍. രാമന്‍ ആഞ്ജനേയനുമായി സന്ധിച്ചപ്പോള്‍ സാധകന്‍ ബ്രഹ്മചര്യാനിഷ്ഠനായിത്തീര്‍ന്നു. ബ്രഹ്മചര്യം സ്വീകരിക്കുന്നത്‌ അവിവേകത്തെ കീഴടക്കി വിവേകം നേടാന്‍ വേണ്ടിയാണു. അതിനാണു സുഗ്രീവസഖ്യം. സുഗ്രീവന്‍ വിവേകത്തെ പ്രതിനിധീകരിക്കുന്നു.അവിവേകത്തെപ്പേടിച്ച്‌ വിവേകം ഉന്നതസ്ഥാനത്ത്‌ ഒളിച്ചിരിക്കുകയാണു. ബാലിയാണു അവിവേകം. ബാലിയെപ്പേടിച്ച്‌ സുഗ്രീവന്‍ ഋശ്യമൂകാചലത്തില്‍ ഒളിച്ചിരിക്കുന്നു എന്ന് പറയുന്നത്‌ അതുകൊണ്ടാണു.

ജീവന്റെ രണ്ട്‌ ഭാവങ്ങളാണു വിവേകവും അവിവേകവും. മായയില്‍ വിദ്യ പ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ വിവേകം. അവിദ്യപ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ അവിവേകം. ഒരമ്മയില്‍ രണ്ട്‌ പിതാക്കന്മാര്‍ക്കായി ഉണ്ടായ ബാലി-സുഗ്രീവന്മാര്‍ എന്ന് അത്‌ കാവ്യഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു .

അവിവേകം വളരെവ്യാപകമായിരിക്കുമ്പോഴും ചിലസ്ഥലങ്ങളില്‍ അതിനു പ്രവേശനമില്ല.വിവേകമുള്ളിടത്ത്‌ അവിവേകം കാണില്ല! അതുകൊണ്ടാണു ഋശ്യമൂകാചലത്തില്‍ ബാലിക്ക്‌ പ്രവേശനമില്ല എന്ന് പറഞ്ഞിരിക്കുന്നത്‌.

അവിവേകമായ ബാലിക്കൊപ്പമാണു താര. പ്രണവത്തിന്റെ താരകഭാവമാണു അത്‌. ആ താരകഭാവത്തേ മോചിപ്പിച്ച്‌ വിവേകത്തോട്‌ ചേര്‍ക്കുമ്പോഴെ ജ്ഞാനം പൂര്‍ണ്ണമാകു. അതിനാണു ജീവനാകുന്ന രാമന്‍ വിവേകമായ സുഗ്രീവനുമായി സഖ്യം ചെയ്ത്‌ ബാലിനിഗ്രഹത്തിനായി പുറപ്പെടുന്നത്‌.

ജീവിതയാത്രയ്ക്കിടയില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാന്‍ നാം പലപ്പോഴും പ്രയാസപ്പെടും. ദുഃഖത്തിനു ഇതാണൊരു കാരണം.

സാധകനെ സംബന്ധിച്ചിടത്തോളം ഈ സംസാരത്തെ അതിജീവിക്കുക എന്നത്‌ അതീവ കഠിനതരമാണു. അതില്‍ത്തന്നെ വിവേകത്തെ ബലികഴിക്കേണ്ടിവന്നാല്‍ അതൊരു വലിയ വീഴ്ചയാകും.

ബാലി-സുഗ്രീവന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ രാമന്‍ അതനുഭവിക്കുന്നുണ്ട്‌.

യുദ്ധക്കളത്തില്‍ രാമനു ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എതാണു വിവേകം? എതാണു അവിവേകം? അവിവേകമാണെന്ന് ധരിച്ച്‌ വിവേകത്തെ നശിപ്പിച്ചാലോ? അപ്പോള്‍ വിവേകത്തെ തിരിച്ചറിയാന്‍ ഒരടയാളമിടണം. അതാണു രാമന്‍ സുഗ്രീവനു കഴുത്തിലിടാന്‍ ഒരു മാല്യം കൊടുത്തത്‌. ഈശ്വരവിശ്വാസത്തിന്റേയും അര്‍പ്പണ മനോഭാവത്തിന്റേയും മാല്യമാണത്‌. ആ മാലചൂടി നിന്നാലേ നിത്യജീവിതത്തില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാണാകു.

ബാലിയെ നിഗ്രഹിക്കണമെങ്കില്‍, ആദ്യം സപ്തസാലങ്ങള്‍ എയ്തുവീഴ്ത്തണം. ഈ ശരീരം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സപ്തധാതുക്കളെയാണു അതുകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്‌. അവയെ കടന്ന് ജീവന്‍ ഉള്ളിലേക്ക്‌ തിരിയണം. അനന്തരം ദുന്ദുഭിയുടെ അസ്തികൂടത്തെ തട്ടിയെറിയലാണു. അഹംബോധമുള്‍ക്കൊണ്ട ഈ ശരീരത്തെത്തന്നെ തട്ടിയെറിയലാണത്‌. അതു കഴിയുമ്പോള്‍ സാധകനു വിദേഹമുക്തി കിട്ടും. പിന്നെ അവിവേകത്തെ കീഴ്പെടുത്താന്‍ പ്രയാസമില്ല. എങ്കിലും നേരിട്ട്‌ ചെന്നാല്‍ അതാവില്ല. അവിവേകത്തിനാണു എപ്പോഴും കൂടുതല്‍ ശക്തി. ഏറ്റുമുട്ടുന്നവന്റെ പകുതി ശക്തികൂടി അത്‌ പിടിച്ച്‌ വാങ്ങുകയും ചെയ്യും. ദൗര്‍ബ്ബല്യങ്ങള്‍ക്ക്‌ മനുഷ്യന്‍ വശംവദനാകുമ്പോള്‍ എതിരാളി ശക്തനാകുന്നതിന്റെ രഹസ്യവും ഇതാണു.

നമ്മിലെ താമസഭാവത്തെയാണു ബാലിനിഗ്രഹത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ പുറപ്പെടുന്നത്‌. അതിനു ഇപ്പോഴുള്ള ഭാവം യഥാര്‍ത്ഥമല്ലെന്നറിയണം. തന്റെ ശരിയായ ഭാവം ഈ ശരീരമല്ലെന്നും, ശരിയായ ഭാവം ഉള്ളിലേതാണെന്നും, അതിനെ മറയ്ക്കുന്ന മായയ്ക്കപ്പുറത്തുനിന്നുള്ള യുദ്ധമാണാവശ്യമെന്നും കാണിക്കുന്നതാണു മറഞ്ഞുനിന്നുള്ള യുദ്ധം. രാമന്‍ അമ്പെയ്തപ്പോള്‍ ബാലിവീണു. പരാജയത്തില്‍ അവിവേകം ക്രുദ്ധനായെങ്കിലും ജീവന്റെ വിജയത്തെ വാഴ്ത്തുന്ന കാഴ്ചയാണു പിന്നീട്‌ നാം കാണുന്നത്‌. ബ്രഹ്മചര്യാനിഷ്ഠനായ ഒരു സാധകനു താമസഭാവങ്ങള്‍ പോലും ഗുണകരമായേ വരൂ.അതിന്റെ സൂചനയാണു അംഗതനെ യുവരാജാവായി വാഴിക്കുന്നത്‌.

സുഗ്രീവന്‍ രാജാവായി. താര സുഗ്രീവനോട്‌ ചേര്‍ന്നു.

വിവേകം പ്രണവവുമായി ബന്ധപ്പെട്ടു.

സാധകന്‍ അടുത്ത പടിയിലേക്ക്‌ കടക്കുന്നു.

Sunday, July 29, 2007

രാമകഥ 17

1182 കര്‍ക്കടകം 17 / 2007 ആഗസ്റ്റ്‌ 2

സാധകനു സത്വം, രജസ്സ്‌, തമസ്സ്‌ എന്ന് മൂന്നവസ്ഥകളുണ്ട്‌. സത്വാവസ്ഥയാണു വിഭീഷണന്‍. രാജസം രാവണനും താമസം കുംഭകര്‍ണ്ണനുമാകുന്നു.

രാജസത്തിനു പത്ത്‌ ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കാനാവും. ഇന്ദ്രിയങ്ങളുടെ അറിവു ബുദ്ധിയുമായാണാണു ബന്ധപ്പെട്ടിരിക്കുന്നത്‌. ബുദ്ധിയുടെ പ്രഭവം തലയായതുകൊണ്ട്‌ രാവണനു പത്ത്‌ തലയുണ്ടെന്ന് പറയുന്നു. പത്ത്‌ ബുദ്ധികള്‍ക്ക്‌ അനുകൂല-പ്രതികൂല ഭാവങ്ങളായി ഇരുപതു തരത്തില്‍ പ്രവര്‍ത്തിക്കാനാവും. അപ്പോള്‍ രാവണനു ഇരുപത്‌ കൈകള്‍ ഉള്ളതായി രൂപകല്‍പന ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ രാജസാവസ്ഥയുടെ സ്ഥൂലപ്രകൃതിയാണു രാവണന്‍.

മാരീചനേത്തേടിപ്പോയ രാമന്‍ തിരിച്ചെത്തിയപ്പോള്‍ സീത നഷ്ടമായതായി മനസിലാക്കി.ആത്യന്തിക ദുഃഖനിവര്‍ത്തിയിലേക്ക്‌ പ്രയാണം ചെയ്തിരുന്നുകൊണ്ടിരുന്ന സാധകനു പഥഭ്രംശമുണ്ടായപ്പോള്‍ ബ്രഹ്മവിദ്യ നഷ്ടമായി. സാധകന്‍ അതീവ ഖിന്നനായിത്തീര്‍ന്നു. ഇനി വീണ്ടും ഒന്നുമുതല്‍ തുടങ്ങണം.

ആദ്യമായി പ്രാകൃത ഭക്തിയുടെ തലത്തിലാണു സാധകന്റെ പ്രയാണം. ശബരിയെ കാണുന്നതായി ചിത്രീകരിച്ചതില്‍ നിന്നും മനസിലാക്കേണ്ടത്‌ അതാണു. മാതംഗാശ്രമ വാടിയില്‍ വച്ച്‌ ശബരിയെ കണ്ടെത്തുന്ന രാമന്‍ പ്രാകൃത ഭക്തിയുടെ ഉത്തുംഗമാതൃക എന്താണെന്ന് മനസിലാക്കി അതിന്റെ ഉന്നതാവസ്ഥയില്‍ എത്തിച്ചേര്‍ന്നു. സിദ്ധികള്‍ മെല്ലെ തിരിച്ചുവരാന്‍ തുടങ്ങി. ലക്ഷ്യം വീണ്ടും മനസില്‍ തെളിഞ്ഞുവിളങ്ങി.

നഷ്ടമായ ബ്രഹ്മവിദ്യ എവിടെയാണിരിക്കുന്നത്‌? സാധകന്‍ ചിന്തിച്ചു. ദക്ഷിണദിക്കില്‍ രാജസത്തിന്റെ ബന്ധനത്തില്‍ അതിരിക്കുന്നത്‌ സാധകന്‍ കണ്ടു. ബ്രഹ്മവിദ്യ വീണ്ടെടുക്കണം. അതിനു ദക്ഷിണദികിലേക്ക്‌ പോകണം. ത്വക്ക്‌ മാംസാസ്ഥി രേതസ്സുകള്‍ക്കപ്പുറം സപ്തധാതുക്കളേയും കടന്ന് സാധകന്‍ വളരണം. ദക്ഷിണഭാഗത്തുകൂടിയുള്ള പ്രദക്ഷിണവഴി സൂചിപ്പിക്കുന്നത്‌ അതാണു. ആ സാധന വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ മായാമയമായ വൈകാരിക ശരീരത്തിനപ്പുറത്ത്‌ തന്നില്‍ത്തന്നെ ഇരുന്നരുളുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കാന്‍ സാധകനു കഴിയും. അതിനുള്ള വഴി സാധന കൂടുതല്‍ ശക്തമാക്കുകയാണു. രാമന്‍ അതിനുള്ള വഴിയാണു തുടര്‍ന്നാലോചിക്കുന്നത്‌.

Saturday, July 21, 2007

രാമകഥ 16

1182 കര്‍ക്കടകം 16 / 2007 ആഗസ്റ്റ്‌ 1

വിരാഗതയെ കാവലേല്‍പ്പിച്ച്‌ പഞ്ചേന്ദ്രിയങ്ങളടങ്ങിയ ചിത്തത്തിലേക്ക്‌ ജീവന്‍ പിന്‍ വാങ്ങി. രാമന്റെ പഞ്ചവടിപ്രാപ്തി കൊണ്ട്‌ ഉദ്ദെശിക്കുന്നത്‌ അതാണു. ജ്ഞാനിയായിക്കഴിഞ്ഞാല്‍ ആഗ്രഹങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ആഗ്രഹങ്ങള്‍ ഉണ്ടാകാതിരിക്കുന്നതാണു ജ്ഞാനത്തിന്റെ സ്വഭാവം. അല്ലാതെ ആഗ്രഹങ്ങളുണ്ടായിട്ട്‌ തടഞ്ഞുനിര്‍ത്തലല്ല. എന്നാല്‍ രാമനെ സംബന്ധിച്ചിടത്തോളം ആഗ്രഹങ്ങള്‍ ഉണ്ടായി എന്നതിന്റെ സൂചനയാണു ശൂര്‍പ്പണഖയുടെ ആഗമനം.

രാമന്റെ ജ്ഞാനം പൂര്‍ണ്ണമായിരുന്നില്ല. അത്‌ വ്യാവഹാരികതലത്തിലേ ആയിട്ടുള്ളു. അങ്ങനെയിരിക്കെ ആശകളെ തടഞ്ഞാലും സ്വീകരിച്ചാലും ഒരുപോലെ അപകടമാണു.

ആഗ്രഹത്തെ തടഞ്ഞാല്‍ കോപവും സ്വീകരിച്ചാല്‍ കാമനയും ഉണ്ടാകും. കുചങ്ങള്‍ കാമനയേയും നാസിക ക്രോധത്തേയും പ്രതിനിധീകരിക്കുന്നു. ശൂര്‍പ്പണഖയുടെ കുച-നാസികകള്‍ ലക്ഷ്മണന്‍ ഛേദിക്കുന്നതായിക്കാണാം.ലക്ഷ്മണന്‍ തൈജസനാണു. രാമന്റെ തന്നെ സ്വാപനിക ഭാവം.സ്വപ്നതലത്തില്‍ ഇറങ്ങിച്ചെന്ന് രാമന്‍ ആഗ്രഹത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു.

പക്ഷെ അത്‌ വിപരീതഫലമാണു ചെയ്തത്‌. വൃത്തികള്‍ പ്രബലമായി.ഖരദൂഷണത്രിശിരാക്കള്‍ വന്‍പടയുമായി രാമനേത്തേടി എത്തി.കഠിനമായ യത്നം നടത്തി രാമന്‍ അതുമടക്കി. ഉടനേ ഉണ്ടായി അടുത്ത പരീക്ഷണം. അതാ മാരീചന്‍ മാനിന്റെ രൂപത്തിലെത്തുന്നു!

സാധകന്‍ ഒരാഗ്രഹത്തെ തടയുമ്പോള്‍ മറ്റൊന്ന് എപ്രകാരമാണു പ്രബലമാകുന്നതെന്ന് ഋഷി ഭംഗ്യന്തരേണ കാണിച്ചുതരുന്നു. മാനിന്റെ പിന്നാലെ പോയ രാമനു സീതയെ നഷ്ടപ്പെട്ടു. ആഗ്രഹങ്ങളുടെ പുറകെ പോകുന്ന സാധകനു സ്വായത്തമായ ബ്രഹ്മവിദ്യ എങ്ങനെ നഷ്ടമാകുന്നു എന്ന് കാണിക്കുകയാണിവിടെ.

രാമനില്‍ രജോഗുണം പ്രബലമായി എന്നതിന്റെ തെളിവാണു രാവണന്റെ രംഗപ്രവേശം‌. രാവണന്‍ സീതയുമായി കടന്നു കളഞ്ഞു! സാധകന്റെ ഉള്ളിലെ രജോഗുണത്തിലേക്കാണു ബ്രഹ്മവിദ്യ ഒളിച്ചത്‌.സാധകന്റെ തന്നെ ഉള്ളിലെ രാജസഭാവമാണു രാവണന്‍. ബ്രഹ്മവിദ്യയുമായിപ്പോകുന്ന രാജസത്തെ വിരാഗത തടഞ്ഞുനിര്‍ത്താന്‍ നോക്കി. പക്ഷെ ക്ഷുഭിതമായ രജസ്സ്‌ അതിനനുവദിച്ചില്ല. സീതയുമായി കടന്നുപോകുമ്പോള്‍ തടയുവാന്‍ ചെന്ന ജടായു രാവണന്റെ വാള്‍വീശലില്‍ മുറിവേറ്റ്‌ വീണു.ഇനിയും ബ്രഹ്മവിദ്യ ലഭിക്കണമെങ്കില്‍ നവവിരാഗതയുണ്ടാകണം. സമ്പാതിക്ക്‌ ചിറകുമുളയ്ക്കണം.

രാമകഥ 15

1182 കര്‍ക്കടകം 15 / 2007 ജൂലൈ 31

ശ്രവണവും സത്സംഗവും കൊണ്ട്‌ ഉന്നതമായ രാമന്റെ മനസിനെ ഇനി തപസിനു സജ്ജമാക്കണം.അതിനായി രാമന്‍ മുനിമണ്ഡലത്തിലേക്ക്‌ പ്രവേശിച്ചു. മുനിമാരെ കണ്ട്‌ ഉപദേശവും അനുഗ്രഹവും വാങ്ങി. തപസിനു വിഘാതം വരുത്തുന്ന രാക്ഷസന്മാരെ അമര്‍ച്ചചെയ്തു.സന്തുഷ്ടരായ മുനിമാര്‍ അദ്ദേഹത്തെ വലിയൊരു അസ്ഥിക്കൂമ്പാരം കാട്ടിക്കൊടുത്തു. കാലാകാലങ്ങളായി രാക്ഷസന്മാര്‍ കൊന്നൊടുക്കിയ താപസന്മാരുടെ എല്ലും തലയോടുമായിരുന്നു അവ. ജന്മജന്മാന്തരങ്ങളായി കാമനകള്‍ക്ക്‌ വശംവദരായി നശിച്ചുപോയ മനുഷ്യന്റെ പ്രതിരൂപമായി കൂടിക്കിടന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടപ്പോള്‍ സാധകനു തന്റെ പൂര്‍വ്വകാലത്തിലേക്ക്‌ തിരിഞ്ഞുനോക്കാനുള്ള അവസരമുണ്ടായി. അവ രാമനില്‍ വിവേകവിരാഗാദിയകള്‍ ഉദിപ്പിച്ചു. ഇനി താന്‍ ജീവിക്കുമെങ്കില്‍ പൂര്‍ണ്ണജ്ഞാനം കൈവരിക്കുമെന്നു രാമന്‍ ദൃഢനിശ്ചയം ചെയ്തു.
തുടര്‍ന്ന് സുതീഷ്ണാശ്രമവും സന്ദര്‍ശിച്ച്‌ അഗസ്ത്യാശ്രമത്തില്‍ എത്തി. ഒരു സാധകന്റെ ജീവിതത്തിലെ അവിസ്മരണീയമുഹൂര്‍ത്തമാണു താന്‍ ആരാണെന്ന് തിരിച്ചറിയുന്ന നിമിഷം. ഒരു കണ്ണാടിയിലെന്നപോലെ രാമനെ അഗസ്ത്യന്‍ തന്നില്‍ പ്രതിഫലിപ്പിച്ച്‌ കാണിച്ചുകൊടുത്തു. ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതി നോക്കുക. 'ലോകാരംഭത്തിനുമുന്നേ ഉണ്ടായിരുന്ന സത്തയാണു നീ. നിന്റെ മായയാകുന്നു സീത...' എന്ന് തുടങ്ങി സൃഷ്ടിരഹസ്യവും തത്ത്വവ്യാഖ്യാനവും നടത്തുന്നു മുനി. ഒടുവില്‍ ജ്ഞാനത്തിന്റെ വില്ലും വൈരാഗ്യത്തിന്റെ വാളും രാമനു സമ്മാനിക്കുന്നു.
ജ്ഞാനവൈരാഗ്യാദികളില്‍ ദൃഢപ്രതിഷ്ഠ നേടിയ രാമന്‍ പഞ്ചവടിയിലേക്ക്‌ യാത്രയായി. വഴിമദ്ധ്യേ ജടായുവുമായി സംഗമിക്കുന്നു. പിതാവായ ദശരഥന്റെ മിത്രമാണു ജടായു. വിരാഗതയേയാണു അത്‌ സൂചിപ്പിക്കുന്നത്‌. ഇഹത്തിലും പരത്തിലും യാതൊന്നിനോടും താല്‍പ്പര്യമില്ലാത്ത അവസ്ഥയാണു വിരാഗത. സ്വര്‍ഗ്ഗകാമന പോലും വിരാഗിയിലില്ല. സാധാനാകാലത്തെ ഏറ്റവും വലിയ കാവലാള്‍ ഈ വിരാഗതയാണു. ബ്രഹ്മവിദ്യയെ രക്ഷിക്കേണ്ടത്‌ അതാണു. അതുകൊണ്ടാണു സീതയ്ക്ക്‌ കാവലായി ജടായുവിനെ ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ വിരാഗത നഷ്ടമാകുന്നതോടെ ബ്രഹ്മവിദ്യയും നഷ്ടപ്പെടുന്നു. സീത അപഹരിക്കപ്പെട്ടു.

Friday, July 20, 2007

രാമകഥ 14

1182 കര്‍ക്കടകം 14 / 2007 ജൂലൈ 30

പ്രായേണ ചെറിയൊരു കാടാണു ചിത്രകൂടം. മുന്നോട്ട്‌ പോയാല്‍ അതിനേക്കാള്‍ ഗഹനമായ വനമായി. ദണ്ഡകാരണ്യം.സംസാരത്തിന്റെ ഗതി ഇങ്ങനെയാണു. ചെറുതില്‍ നിന്ന് വലുതിലേക്കും പിന്നെ അതിനേക്കാള്‍ വലുതിലേക്കും വീണുകൊണ്ടിരിക്കും.സാധാരണ മനുഷ്യര്‍ അങ്ങനെ വീണുപോകുന്നത്‌ അറിവില്ലായ്മകൊണ്ടാണെന്ന് വയ്ക്കാം. എന്നാല്‍ സര്‍വ്വവും ത്യജിച്ചവരെന്ന് പറയുന്ന സന്യാസിമാരും ആള്‍ദൈവങ്ങളും പണത്തിനും ആര്‍ഭാടത്തിനും കെട്ടിപ്പടുക്കലുകള്‍ക്കും പിമ്പേ പായുമ്പോഴോ? അറിവ്‌ അല്‍പമെങ്കിലും ഉള്ളവര്‍ ഇങ്ങനെ തുടങ്ങുമോ? ആലോചിക്കേണ്ട വിഷയമാണു!

രാമകഥയിലേക്ക്‌ തിരിച്ച്‌ വരാം. ദണ്ഡകാരണ്യത്തിലേക്ക്‌ കടക്കുന്നതിനുമുന്‍പ്‌ പ്രാജ്ഞതുരീയന്മാര്‍ ഒരിക്കല്‍ വിശ്വനേത്തേടിയെത്തുന്നുണ്ട്‌. സംസാരത്തിലാണെങ്കിലും അത്യുന്നതാവസ്ഥയുടെ മിന്നലാട്ടങ്ങള്‍ സാധകനു ഇടയ്കിടെ ലഭിക്കാറുണ്ടെന്ന് ഇത്‌ കാണിക്കുന്നു.അത്‌ ശ്വാശ്വതമല്ല.അതു കൊണ്ടാണു ഭരതന്‍ തിരിച്ച്‌ പോകുന്നത്‌.

ചിത്രകൂടത്തില്‍ നിന്ന് മുന്നോട്ട്‌ പോകുമ്പോള്‍ സാധന കഠിനതരമായിത്തുടങ്ങി. ജ്ഞാനഗതിയെ തടയുന്ന രാക്ഷസഭാവങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു. വിരാധരൂപത്തില്‍ വന്ന രാക്ഷസഭാവം സീതയെ ഉപേക്ഷിച്ച്‌ ഓടിപ്പൊയ്ക്കൊള്ളാന്‍ രാമനോട്‌ ആവശ്യപ്പെട്ടു. അറിവു കൈവെടിഞ്ഞു ദേഹാഭിമാനത്തില്‍ മുഴുകാനുള്ള അന്തരംഗത്തിന്റെ അഭ്യര്‍ത്ഥനയാണത്‌. സീതയെ വിട്ടുകൊടുത്താല്‍ രാമലക്ഷ്മണന്മാരെ വെറുതെ വിടാമെന്നാണു വിരാധന്‍ പറയുന്നത്‌. രാമനിലെ സാധകന്‍ ഉണര്‍ന്നു. രാമന്‍ വിരാധനുമായി ഏറ്റുമുട്ടി.അനുഭൂതിയായിത്തീര്‍ന്നിട്ടില്ലാത്ത ബ്രഹ്മവിദ്യയെ കാമനകളുടെ പരിപോഷണത്തിനായുപയോഗിച്ച്‌ നശിച്ച്‌ പോകുന്ന സാധകര്‍ അനവധിയാണു.രാമന്‍ അക്കൂട്ടത്തില്‍പ്പെടുമോ എന്ന പരീക്ഷണമാണു വിരാധനുമായുള്ള ഏറ്റുമുട്ടല്‍. രാമന്‍ വിരാധനെ വധിച്ച്‌ ബ്രഹ്മവിദ്യയെ രക്ഷിച്ചു. വിരാധന്‍ രാക്ഷസഭാവം വെടിഞ്ഞ്‌ വിദ്യാധരരൂപം പ്രാപിച്ചു.

പുരാണേതിഹാസങ്ങളില്‍ കാണുന്ന യുദ്ധവും മൃത്യുവും ഭൗതികാര്‍ത്ഥത്തില്‍ എടുക്കുന്നത്‌ ഉചിതമാവില്ല.അവനവന്റെ ഉള്ളിലെ കാമനകളോടുള്ള ഏടുമുട്ടലാണു യുദ്ധങ്ങള്‍. അവയുടെ പര്യവസാനം രാക്ഷസഭാവങ്ങളുടെ പരിവര്‍ത്തനമാണു.ജ്ഞാനം രാക്ഷസനെ വിദ്യാധരനാക്കുന്നു. പിന്നെയത്‌ സാധനയെ സഹായിക്കും.

രാമകഥ 13

1182 കര്‍ക്കടകം 13 / 2007 ജൂലൈ 29

അഭിഷേകവിഘ്നമാണു രാമായണത്തിലെ ഒരു പ്രധാന കഥാസന്ദര്‍ഭം. സര്‍വ്വപ്രാരബ്ധങ്ങളുമടങ്ങി സ്ഥിതപ്രജ്ഞാവസ്ഥയെ പ്രാപിയ്ക്കുന്നവനുള്ള ഇടമാണു അയോദ്ധ്യ. പക്ഷെ രാമന്റെ പ്രാരബ്ധങ്ങള്‍ തീര്‍ന്നിരുന്നില്ല. രാമനില്‍ പൂര്‍ണ്ണ ജ്ഞാനം ഉദയം ചെയ്തിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ വാസന പ്രബലമായി. വാസന എന്നാല്‍ മന്ഥരയാണു. കൈകേയിയുടെ തോഴി. പ്രാരബ്ധങ്ങള്‍ക്കെപ്പോഴും വാസനകളായിരിക്കുമല്ലോ കൂട്ട്‌. വാസനാപ്രാരാബ്ധങ്ങള്‍ പ്രബലമാകുമ്പോള്‍ എന്തുതന്നെ സംഭവിച്ചുകൂടാ? ഇവിടേയും അത്‌ സംഭവിച്ചു. കൈകേയി മന്ഥരമാര്‍ ചേര്‍ന്ന് രാമാഭിഷേകം മുടക്കി.

വാസനകളും പ്രാരബ്ധവും പ്രബലമാകുമ്പോള്‍ പ്രാജ്ഞ-തുരീയന്മാര്‍ മറയ്ക്കപ്പെടുകയും ജീവന്‍ അയോദ്ധ്യക്ക്‌ അര്‍ഹനല്ലാതായിത്തീരുകയും ചെയ്യും.

അഭിഷേകത്തിനു തീരുമാനിക്കുമ്പോള്‍ ഭരതശത്രുഘ്നന്മാര്‍ കേകേയത്തിലേക്ക്‌ പോയതായിക്കാണാം. കേകേയം അത്യുച്ചാവസ്ഥയിലുള്ള കര്‍മ്മകാണ്ഡത്തേയാണു സൂചിപ്പിക്കുന്നത്‌. രാമന്റെ വരാന്‍ പോകുന്ന അവസ്ഥയെ അത്‌ മുന്‍ കൂട്ടികാണിച്ചുതരുന്നു.

വിദേഹാവസ്ഥയിലാണു ജീവനു ബ്രഹ്മവിദ്യ ലഭിക്കുന്നത്‌. അതു കൊണ്ട്‌ വൈദേഹി-സീത- രാമനു പത്നിയായിത്തീര്‍ന്നു. സര്‍വ്വാഭരണവിഭൂഷിതയായാണവള്‍ വന്നത്‌. ബ്രഹ്മവിദ്യയുടെ സ്വാധീനത്തില്‍ സാധകനു ലഭിച്ചിട്ടുള്ള സിദ്ധികളെയാണു ആഭരണങ്ങള്‍ എന്ന് പറയുന്നത്‌. എന്നാല്‍ സംസാരാര്‍ണ്ണവത്തിലേക്ക്‌ ജീവന്‍ പോകുമ്പോള്‍ സിദ്ധികള്‍ നഷ്ടമാകും. സീത ആടയാഭരണങ്ങള്‍ ഉപേക്ഷിച്ച്‌ രാമനൊപ്പം യാത്രയായി എന്ന് പറയുന്നത്‌ അതുകൊണ്ടാണു.

അയോദ്ധ്യയില്‍ നിന്നും രാമനെ പ്രാപഞ്ചികവനത്തിലേക്ക്‌ തോണികയറ്റുന്നത്‌ ഗുഹനാണു. രാമന്റെ തന്നെ കര്‍മ്മവാസനയാണത്‌. ജീവനെ സംസാരവനത്തിലൂടെ കൊണ്ട്‌ നടത്തുന്നത്‌ എപ്പോഴും സ്വന്തം കര്‍മ്മവാസനയായിരിക്കും. അതില്‍ നിന്ന് മോചനം നേടണമെങ്കില്‍ അറിവുണ്ടാകണം. സത്‌ സംഗംകൊണ്ടേ അറിവുണ്ടാകു. രാമനു അത്‌ വേണ്ടുവോളം ലഭിക്കുന്നുണ്ട്‌. ആദ്യം ഭരദ്വാജ മുനി. പിന്നെ അത്രി. സാധനാശീലനായ രാമന്‍ അവരുടെയൊക്കെ വാത്സല്യം പിടിച്ച്‌ പറ്റി. അവര്‍ നല്‍കിയ ഉപദേശങ്ങള്‍ ഗ്രഹിച്ചതിനെത്തുടര്‍ന്ന് രാമന്റെ ജ്ഞാനംണ്ഡലം വികസിച്ചു. സിദ്ധികള്‍ ലഭിച്ചു തുടങ്ങി. അത്ര്യാശ്രമത്തില്‍ വച്ച്‌ അനസൂയ സീതയെ ആഭരണങ്ങള്‍ അണിയിച്ചു എന്ന് പറയുന്നത്‌ അതാണു.ബ്രഹ്മവിദ്യ വീണ്ടും ആഭരണ വിഭൂഷിതയായിത്തുടങ്ങി. സാധന പ്രബലമാകുന്നതിന്റെ ലക്ഷണമാണത്‌.

Thursday, July 19, 2007

രാമകഥ 12

1182 കര്‍ക്കടകം 12 / 2007 ജൂലൈ 28

ഉപാസനാമാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞ രാമന്‍ നിര്‍ഗ്ഗുണനിരാകാര ബ്രഹ്മത്തെയാണു ഉപാസനയ്ക്കായി തെരെഞ്ഞെടുത്തത്‌ അതിന്റെ പ്രതിരൂപമാണു പ്രണവം അഥവാ ഓംകാരം. ത്രൈയ്യംബകം പ്രണവത്തെ സൂചിപ്പിക്കുന്നു.
'പ്രണവോ ധനുഃ ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
അപ്രമത്തെനവേദ്ധവ്യം ശരവത്‌ തന്മയോ ഭവേത്‌'...എന്നാണു.
പ്രണവമാകുന്ന വില്ലുകുലച്ച്‌ ജീവനാകുന്ന ശരം തൊടുത്ത്‌ ബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കണം.ഇതിനു നല്ല തന്മയത്വം വേണം. പ്രണവോപാസനയില്‍, രാമന്‍ തന്റെ പ്രാണനെ നേരെ നിര്‍ത്തി ലയം സാധിച്ച്‌ ബ്രഹ്മവിദ്യയെ സ്വാധീനമാക്കി.വില്ലൊടിച്ച്‌ സീതയെ വേട്ടു എന്നതില്‍ നിന്ന് നാം അര്‍ത്ഥമാക്കേണ്ടതിതാണു.
ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാല്‍ ആത്യന്തിക ദുഃഖനിവര്‍ത്തിയായി. പക്ഷെ അത്‌ വ്യാവഹാരികതലത്തിലെ ആയിട്ടുള്ളൂവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ കാണിച്ച്‌ തരുന്നു.'താന്‍ അറിവുള്ളവനാണു' എന്ന അഹങ്കാരം സാധകന്റെ ഉള്ളിലുണ്ടെങ്കില്‍ അപകടമാണു.സീതയെന്ന ബ്രഹ്മവിദ്യനേടിയെങ്കിലും ദേഹബോധം നിമിത്തം രാമനിലെ അഹങ്കാരം മാറിയില്ല. അതാണു പരശുരാമന്റെ രംഗപ്രവേശം കൊണ്ട്‌ രാമായണകാരന്‍ ഉദ്ദേശിക്കുന്നത്‌. ദശരഥരാമന്റെ ഉള്ളില്‍നിന്നാണു ഈ രാമനും പുറത്ത്‌ വന്നത്‌.
'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?'
എന്ന് ചോദിച്ചുകൊണ്ട്‌ യുദ്ധസന്നദ്ധനാകുന്ന പരശുരാമന്‍ തന്റെ വിഭൂതികളെല്ലാം ശ്രീരാമനില്‍ അര്‍പ്പിച്ചുകൊണ്ടാണു പിന്‍ വാങ്ങുന്നത്‌.സാത്വികാഹങ്കാരത്തിന്റെ യമത്തേയാണു ഇത്‌ സൂചിപ്പിക്കുന്നത്‌.രാമന്‍ ബ്രഹ്മവിദ്യാസമേതനായി അയോദ്ധ്യയില്‍ തിരിച്ചെത്തി. എങ്കിലും രാമനു അയോദ്ധ്യയിലിരിക്കാന്‍ സമയമായിട്ടില്ല. യുദ്ധമില്ലാത്ത ഇടം എന്നാണു അയോദ്ധ്യയ്ക്കര്‍ത്ഥം. സ്ഥിതപ്രജ്ഞാവസ്ഥയിലെ അവിടെ തുടരാനാകു. ജ്ഞാനമുണ്ടെങ്കിലും ഇനിയും രാമനില്‍ അത്‌ അനുഭൂതിയായി വളര്‍ന്നിട്ടില്ല. അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ അതുകൊണ്ട്‌ തന്നെ പ്രാരബ്ധങ്ങള്‍ പ്രബലമായി.

രാമകഥ 12

1182 കര്‍ക്കടകം 12 / 2007 ജൂലൈ 28

ഉപാസനാമാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞ രാമന്‍ നിര്‍ഗ്ഗുണനിരാകാര ബ്രഹ്മത്തെയാണു ഉപാസനയ്ക്കായി തെരെഞ്ഞെടുത്തത്‌ അതിന്റെ പ്രതിരൂപമാണു പ്രണവം അഥവാ ഓംകാരം. ത്രൈയ്യംബകം പ്രണവത്തെ സൂചിപ്പിക്കുന്നു.

'പ്രണവോ ധനുഃ ശരോഹ്യാത്മാ ബ്രഹ്മതല്ലക്ഷ്യമുച്യതേ
അപ്രമത്തെനവേദ്ധവ്യം ശരവത്‌ തന്മയോ ഭവേത്‌'...എന്നാണു.

പ്രണവമാകുന്ന വില്ലുകുലച്ച്‌ ജീവനാകുന്ന ശരം തൊടുത്ത്‌ ബ്രഹ്മമാകുന്ന ലക്ഷ്യം ഭേദിക്കണം.ഇതിനു നല്ല തന്മയത്വം വേണം. പ്രണവോപാസനയില്‍, രാമന്‍ തന്റെ പ്രാണനെ നേരെ നിര്‍ത്തി ലയം സാധിച്ച്‌ ബ്രഹ്മവിദ്യയെ സ്വാധീനമാക്കി.വില്ലൊടിച്ച്‌ സീതയെ വേട്ടു എന്നതില്‍ നിന്ന് നാം അര്‍ത്ഥമാക്കേണ്ടതിതാണു.

ബ്രഹ്മവിദ്യാപ്രാപ്തിയുണ്ടായാല്‍ ആത്യന്തിക ദുഃഖനിവര്‍ത്തിയായി. പക്ഷെ അത്‌ വ്യാവഹാരികതലത്തിലെ ആയിട്ടുള്ളൂവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ കാണിച്ച്‌ തരുന്നു.'താന്‍ അറിവുള്ളവനാണു' എന്ന അഹങ്കാരം സാധകന്റെ ഉള്ളിലുണ്ടെങ്കില്‍ അപകടമാണു.സീതയെന്ന ബ്രഹ്മവിദ്യനേടിയെങ്കിലും ദേഹബോധം നിമിത്തം രാമനിലെ അഹങ്കാരം മാറിയില്ല. അതാണു പരശുരാമന്റെ രംഗപ്രവേശം കൊണ്ട്‌ രാമായണകാരന്‍ ഉദ്ദേശിക്കുന്നത്‌. ദശരഥരാമന്റെ ഉള്ളില്‍നിന്നാണു ഈ രാമനും പുറത്ത്‌ വന്നത്‌.

'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കല്‍?'

എന്ന് ചോദിച്ചുകൊണ്ട്‌ യുദ്ധസന്നദ്ധനാകുന്ന പരശുരാമന്‍ തന്റെ വിഭൂതികളെല്ലാം ശ്രീരാമനില്‍ അര്‍പ്പിച്ചുകൊണ്ടാണു പിന്‍ വാങ്ങുന്നത്‌.സാത്വികാഹങ്കാരത്തിന്റെ യമത്തേയാണു ഇത്‌ സൂചിപ്പിക്കുന്നത്‌.

രാമന്‍ ബ്രഹ്മവിദ്യാസമേതനായി അയോദ്ധ്യയില്‍ തിരിച്ചെത്തി. എങ്കിലും രാമനു അയോദ്ധ്യയിലിരിക്കാന്‍ സമയമായിട്ടില്ല. യുദ്ധമില്ലാത്ത ഇടം എന്നാണു അയോദ്ധ്യയ്ക്കര്‍ത്ഥം. സ്ഥിതപ്രജ്ഞാവസ്ഥയിലെ അവിടെ തുടരാനാകു. ജ്ഞാനമുണ്ടെങ്കിലും ഇനിയും രാമനില്‍ അത്‌ അനുഭൂതിയായി വളര്‍ന്നിട്ടില്ല. അയോദ്ധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ അതുകൊണ്ട്‌ തന്നെ പ്രാരബ്ധങ്ങള്‍ പ്രബലമായി.

രാമകഥ 11

1182 കര്‍ക്കടകം 11 / 2007 ജൂലൈ 27

സുഖം-ദുഃഖം എന്ന ദ്വന്ദം ഉള്‍ക്കൊണ്ടതാണു,കാമം. കാമം സാധിക്കുമ്പോള്‍ അനുകൂലമായ ഒരറിവുണ്ടാകും. അതാണു'സുഖം'.ആഗ്രഹിച്ചത്‌ നടക്കാതെവരുമ്പോഴുണ്ടാകുന്ന അറിവു പ്രതികൂലമാണു.അത്‌'ദുഃഖം'. ചുരുക്കത്തില്‍ കാമത്തിനോടൊപ്പം ജനിക്കുന്നതാണു സുഖ ദുഃഖങ്ങള്‍. കാമം താടകയായകുമ്പോള്‍ സുബാഹുമാരീചന്മാര്‍ സഹോദരന്മാരാകുന്നു! ഒരമ്മ പെറ്റ മക്കള്‍!!

സുബാഹുവിനെ ഹനിക്കുക പ്രായേണ എളുപ്പമാണു. ശ്രമിച്ചാല്‍ സുഖം വേണ്ടെന്ന് വയ്ക്കാന്‍ നമുക്കാവും പക്ഷെ ആദ്ധ്യാത്മികവും, ആധിഭൗതികവും, ആധിദൈവികവുമായ ദുഃഖങ്ങള്‍ നമ്മെ പിടികൂടാറുണ്ട്‌. അവ വിട്ടുപോകാന്‍ പ്രയാസമാണു. അതില്‍ പലതും ബാഹ്യമായ പ്രകൃതിശക്തികളില്‍ നിന്ന് ഉല്‍പ്പന്നമാകുന്നവയാണു.ശ്രമിച്ചാലും മനസ്സില്‍ നിന്നുവിട്ടുപോകാന്‍ അവ മടിക്കും. താല്‍ക്കാലികമായി മാറിനിന്നാല്‍പ്പോലും അനുകൂലസാഹചര്യങ്ങള്‍ വരുമ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ അവ തിരിച്ച്‌ വരുന്നതായിക്കാണാം. അതുകൊണ്ടാണു കാമമാകുന്ന താടക വധിക്കപ്പെട്ടപ്പോള്‍, സുഖമാകുന്ന സുബാഹുവിനെ വധിച്ചതായും ദുഃഖമാകുന്ന മാരീചന്‍ ഒളിച്ചതായും പറയുന്നത്‌. പിന്നീട്‌ ഈ മാരീചന്‍ മാനായി വരുന്നുണ്ട്‌!

കാമത്തെ വെന്ന് സുഖത്തെ ത്യജിച്ച്‌ ദുഃഖത്തെ യമിച്ച സാധകന്‍ അടുത്ത പടിയിലേക്ക്‌ കടക്കുന്നു. നിഷ്കാമകര്‍മ്മയോഗമാണു സാധകന്റെ അടുത്ത അവസ്ഥ. എല്ലാവിധ സംഗങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്നാലേ ജീവനു നിഷ്കാമകര്‍മ്മം അനുഷ്ടിക്കാനാവു. യാഗരക്ഷകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ അതാണു.

വിശ്വാമിത്രയാഗം കഴിഞ്ഞു രാമലക്ഷ്മണന്മാര്‍ വിദേഹത്തിലേക്കു യാത്രയാകുന്നു. വഴിയില്‍, കല്ലായിക്കിടക്കുന്ന അഹല്യയെ രാമന്‍ കണ്ടു. സാധകന്റെ കുണ്ഡലിനീ ശക്തിയാണു അഹല്യയെക്കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. എല്ലാമനുഷ്യനിലും ഈശ്വരഭാവം ശിലയായി ഉറങ്ങിക്കിടക്കുന്നു. മൂലാധാരത്തില്‍ സുഷുപ്താവസ്ഥയില്‍ കിടക്കുകയാണു കുണ്ഡലിനി. അതിനെയുണര്‍ത്തി സഹസ്രാരപദ്‌ മത്തിലേക്ക്‌ എത്തിക്കണം. എങ്കിലേ ശാന്തി ലഭിക്കു. തുടര്‍ന്നുള്ള ജീവന്റെ സാധനക്ക്‌ അതാവശ്യമാണു. അഹല്യാമോക്ഷം വഴി രാമനനുഷ്ടിച്ചത്‌ അതായിരുന്നു. ഇതോടെ പ്രണവോപാസനയ്ക്ക്‌ രാമന്‍ അധികാരിയായിത്തീര്‍ന്നു.

Wednesday, July 18, 2007

രാമകഥ 10

1182 കര്‍ക്കടകം 10 / 2007 ജൂലൈ 26

ജീവന്റെ ലക്ഷ്യം ആനന്ദമാണു. അതു കൊണ്ടാണു അല്ല്ലലൊന്നുമില്ലാതെ സുഖമായി ഇരിക്കണമെന്ന് നാം എപ്പോഴും ആഗ്രഹിച്ചുപോകുന്നത്‌. ആനന്ദമുണ്ടാകണമെങ്കില്‍ പരിപൂര്‍ണ്ണതയില്‍ എത്തണം.ആ പ്രവാഹത്തിന്റെ ഭാഗമായി പലതരം കര്‍മ്മകലാപങ്ങളില്‍ മനുഷ്യന്‍ ഏര്‍പ്പെടുന്നു. പക്ഷെ, വിധിയാംവണ്ണമുള്ള കര്‍മ്മങ്ങളല്ല പലപ്പോഴും തിരഞ്ഞെടുക്കുക. അതു പുനര്‍ജ്ജന്മമുണ്ടാക്കും. എന്നാല്‍ ഒരു സാധകന്റെ വഴി എന്താണെന്ന് രാമായണം വ്യക്തമായി കാണിച്ചുതരുന്നു.പഠനം, തീര്‍ത്ഥാടനം,ദേശാടനം,യാഗരക്ഷ എന്നിങ്ങനെ ചിട്ടയായ ഒരു സാധനാക്രമം രാമായണകാരന്‍ നമുക്ക്‌ മുന്നില്‍ തുറന്ന് വയ്ക്കുന്നുണ്ട്‌.

വസിഷ്ഠന്റെ പാദാന്തികത്തിലിരുന്ന് മുപ്പത്തീരായിരം ശ്ലോകങ്ങളുള്ള ജ്ഞാനവാസിഷ്ഠം പഠിച്ച്‌ അറിവുനേടിയ ജീവന്‍ ദേശാടനം കഴിച്ച്‌ തിരിച്ചെത്തുന്നു.കാര്യഗുരുവില്‍ നിന്ന് കാരണഗുരുവിലേക്ക്‌ കടക്കുവാന്‍ സാധകനു സമയമായി. വിശ്വാമിത്രന്‍ എത്തിച്ചേര്‍ന്നു.യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ ആവശ്യപ്പെട്ടു.ജീവനെ പൂര്‍ണ്ണജ്ഞാനത്തിലേക്ക്‌ എത്തിക്കുവാന്‍ അനേകം ഗുരുക്കന്മാരുണ്ടാകും.അതിലൊരാളായാണു വിശ്വാമിത്രന്‍ വന്നിരിക്കുന്നത്‌.

വിശ്വാമിത്രനെത്തിയപ്പോള്‍ തന്നെ ശരീരം-ദശരഥന്‍- എതിര്‍പ്പുകാണിക്കാന്‍ തുടങ്ങി.സംസാരത്തില്‍ മുഴുകിയ ജീവനു അതു വിടാന്‍ പ്രയാസം.ദശരഥന്‍ ആകെ തളര്‍ന്നു. ശരീരത്തിന്റെ പ്രസക്തിയും ജീവന്റെ ലക്ഷ്യവും വസിഷ്ഠന്‍ വിശദമാക്കി കൊടുത്തപ്പോള്‍ ശരീരതാപം അസ്തമിച്ചു.ക്ഷോഭമടങ്ങിയപ്പോള്‍ പുത്രന്മാരെ വിശ്വാമിത്രനൊപ്പമയക്കാന്‍ ദശരഥന്‍ തയ്യാറായി.

ജ്ഞാനസമ്പാദനത്തിനായി അവര്‍ പുറപ്പെട്ടു.

ആത്മസാധയിലേക്ക്‌ കടക്കുമ്പോള്‍ സാധകനെ ആദ്യം അലട്ടുന്നത്‌ വിശപ്പും ദാഹവുമാണു. ജീവന്‍ നിലനിര്‍ത്താനുള്ള ശരീരത്തിന്റെ രണ്ടാവശ്യങ്ങള്‍. വിശ്വാമിത്രന്‍ ഉപദേശിച്ചുകൊടുത്ത ബലയും അതിബലയും സ്വാധീനമാക്കിയതുവഴി രാമലക്ഷ്മണന്മാര്‍ പൈദാഹങ്ങളെ അതിജീവിച്ചു. ആത്മസാധനയില്‍ വാത്സല്യമുള്ള ഒരു ഗുരുവിന്റെ സാന്നിദ്ധ്യം എപ്പോഴും ആവശ്യമാണെന്ന് ഇത്‌ തെളിയിക്കുന്നു.

വിശപ്പും ദാഹവും അടങ്ങിക്കഴിഞ്ഞാല്‍ കാമനകള്‍ തലപൊക്കും. അതു മനസില്‍ നിന്നാണു പൊന്തിവരുന്നത്‌.കോപമായിട്ടും രാഗമായിട്ടുമൊക്കെ.

'കാടിതു കണ്ടായോ നീ കാമരൂപിണിയായ താടകാഭയങ്കരി.....'

എന്നാണു വിശ്വാമിത്രന്‍ രാമചന്ദ്രനോട്‌ പറയുന്നത്‌. മനസാകുന്ന വനത്തില്‍ പുളച്ചു നടക്കുന്ന കാമമാണു താടക! അവളെ കൊല്ലുകതന്നെ വേണം. അല്ലെങ്കില്‍ മോക്ഷപ്രാപ്തിയില്ല. ഉന്നതമായ അസ്ത്രശസ്ത്രങ്ങള്‍ വിശ്വാമിത്ര്നില്‍ നിന്നു സ്വീകരിച്ച്‌ രാമന്‍ താടകയെ വധിച്ചു. കാമത്തെ ഇല്ലാതെയാക്കി. ശരീരത്തെ മുറിക്കുകയും ലക്ഷ്യങ്ങളെ ഭേദിക്കുകയും ചെയ്യുന്ന ഭൗതികമായ അസ്ത്രശസ്ത്രങ്ങളാണോയിവ? എങ്കില്‍ അവയ്ക്കെങ്ങനെ മനസിലിരിക്കുന്ന കാമത്തെ ഇല്ലാതാക്കാന്‍ കഴിയും? പുരാണങ്ങളും മറ്റുംവായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിതു. അതില്‍ പറയുന്നതൊക്കെ ജ്ഞാനമാകുന്ന അസ്ത്രമാണു. അജ്ഞാനത്തെ അറിവുകൊണ്ട്‌ മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ.കാമത്തെ അമര്‍ച്ചചെയ്യുന്ന അറിവാണു രാമന്‍ വിശ്വാമിത്രനില്‍ നിന്ന് സ്വീകരിച്ചത്‌.

രാമകഥ 9

1182 കര്‍ക്കടകം 9 / 2007 ജൂലൈ 25

ഈ ശരീരത്തിനുള്ളില്‍ ജീവന്‍ നാലായി പിരിഞ്ഞ്‌ നാലുഭാവങ്ങള്‍ കൈവരിക്കുന്നു.അതാണു ശ്രീരാമാദികള്‍.


നാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ പ്രാപഞ്ചിക ലോകത്തെ ജഗ്രത്‌ എന്ന് വിളിക്കും.ജീവന്‍ വിശ്വന്റെ രൂപത്തിലിരുന്നാണത്‌ അനുഭവിക്കുന്നത്‌. ഏറ്റവും ബാഹ്യവും സ്ഥൂലവുമാണത്‌.ആ വിശ്വവിരാട്ട്‌ അവസ്ഥയിലേക്ക്‌ വളര്‍ന്നെത്തുന്ന ജീവനാണു രാമന്‍.


ലക്ഷ്മണന്‍ തൈജസനാകുന്നു.സ്വാപ്നിക ലോകങ്ങളാണു തൈജസന്റേത്‌.ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ ചിന്തകള്‍ കൊണ്ടും സങ്കല്‍പങ്ങള്‍ കൊണ്ടും നാം കുറേയൊക്കെ സ്വപ്നത്തിലായിരിക്കും. ജാഗ്രത്ത്‌-സ്വപ്നലോകങ്ങള്‍ പരസ്പരം ഇടകലര്‍ന്നിരിക്കുന്നു.അതു കൊണ്ടാണു രാമലക്ഷ്മണന്മാരെ മിക്കപ്പോഴും ഒന്നിച്ച്‌ കാണുന്നത്‌.


ഗാഢനിദ്രയില്‍ നിന്നുണര്‍ന്ന് വരുന്നവന്‍ ‘ഒന്നും അറിഞ്ഞില്ല, സുഖമായി ഉറങ്ങി‘ എന്ന് പറയാറില്ലെ? ജ്ഞാനത്തിന്റെ ലോകത്തില്‍ നിന്നാണവന്‍ വരുന്നത്‌. പ്രാപഞ്ചികലോകം അതു പോലെ നില്‍കെ ഒന്നും അനുഭവിക്കാതെ സാക്ഷിയായിരിക്കുന്ന പ്രാജ്ഞാവസ്ഥയെ ഭരതന്‍ പ്രതിനിധാനം ചെയ്യുന്നു.ഭരതന്റെ പാത്രസൃഷ്ടിയില്‍ പ്രാജ്ഞാവസ്ഥ വ്യക്തമായിക്കാണാം. അയോദ്ധ്യാപതിയായിരിക്കുമ്പോള്‍ തന്നെ താന്‍ അതല്ല എന്ന ഭാവം!


ജാഗ്രദ്‌-സ്വപ്ന-സുഷുപ്തിയും കടന്ന് പരിപൂര്‍ണ്ണമായ സച്ചിദാനന്ദത്തിന്റെ ലോകമാണു തുരീയം. ശത്രുഘ്നനെക്കൊണ്ട്‌ അതാണു ദ്യോദിപ്പിക്കുന്നത്‌.ആ ലോകം അനുഭവത്തിന്റേത്‌ മാത്രമാണു.


കൗസല്യാദി മൂന്ന് ഭാര്യമാര്‍ ദശരഥനുണ്ട്‌.

ജീവല്‍ശരീരത്തിലെ ഇച്ഛാശക്തി,ക്രിയാശക്തി,ജ്ഞാനശക്തിയെ അത്‌ സൂചിപ്പിക്കുന്നു.ഈ മൂന്നില്‍ നിന്നുമാണു കര്‍മ്മങ്ങള്‍ ഉണ്ടാകുന്നത്‌.


ഇച്ഛയിലാരംഭിച്ച്‌ ക്രിയയിലെത്താത്ത കര്‍മ്മങ്ങളെ സഞ്ചിതകര്‍മ്മങ്ങള്‍ എന്ന് പറയും. കൗസല്യ സഞ്ചിതകര്‍മ്മങ്ങളുടെ പ്രതിനിധിയാണു.

ഇച്ഛയിലാരംഭിച്ച്‌ ക്രിയയോളമെത്തുന്ന കര്‍മ്മങ്ങളാണു പ്രാരബ്ധങ്ങള്‍. അതാണു കൈകേയി.

പ്രാരബ്ധങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ വീണ്ടും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. പ്രാരബ്ധങ്ങളില്‍ നിന്നുണ്ടാകുന്ന അത്തരം കര്‍മ്മങ്ങളെ ആഗന്തുകങ്ങള്‍ എന്ന് വിളിക്കും.സുമിത്ര പ്രതിനിധീകരിക്കുന്നത്‌ അതിനേയാണു.

ഇങ്ങനെ ഈ ശരീരത്തിന്റെ മൂന്ന് കര്‍മ്മഭാവങ്ങളെ ഭാര്യമാരായും, നാലുജീവഭാവങ്ങളെ മക്കളായും ചിത്രീകരിച്ചിരിക്കുന്നു. തത്ത്വം ഇങ്ങനെ ജീവല്‍കഥാപാത്രങ്ങളിലൂടെ ചിത്രീകരിക്കുന്നത്‌ കൊണ്ട്‌, വിധിയാംവണ്ണം അത്‌ പഠിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ക്ക്‌ പോലും തത്ത്വം എങ്ങനെയിരിക്കുന്നു എന്നൊരു ധാരണയുണ്ടാക്കാന്‍ പറ്റും.


Monday, July 16, 2007

രാമകഥ 8

1182 കര്‍ക്കടകം 8 / 2007 ജൂലൈ 24


പരമേശ്വരന്‍ രാമകഥയിങ്ങനെ ചുരുക്കത്തില്‍ പറഞ്ഞപ്പോള്‍ അത്‌ വിസ്തരിച്ച്‌ കേള്‍ക്കണമെന്നായി ശ്രീപാര്‍വ്വതി.അതിന്‍പ്രകാരം രാമകഥ പൂര്‍ണ്ണമായി ശിവന്‍ വ്യാഖ്യാനിക്കുന്നതാണു അദ്ധ്യാത്മരാമായണം.

രാമതത്ത്വത്തെ ഒരു രാജാവിന്റെ ജീവിതകഥയില്‍ ചേര്‍ത്തുവച്ചാണു പരമേശ്വരന്‍ പറഞ്ഞത്‌.ജീവിതഗന്ധിയായ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ അതില്‍ ഊടും പാവും നെയ്യുന്നതു കാണാം.രാമായണം ജനഹൃദയങ്ങളില്‍ നിന്ന് മറഞ്ഞുപോകാത്തതിനുള്ള കാരണവും ജീവിതത്തോട്‌ അതിനുള്ള ഈ അടുത്ത ബന്ധമാണു.

അത്തരം ജീവിതഗന്ധികളായ സന്ദര്‍ഭങ്ങളെ മാറ്റിനിര്‍ത്തി അതിലുള്‍ക്കൊള്ളുന്ന തത്ത്വചിന്തയെ ലക്ഷണാന്യായങ്ങളിലൂടെ നോക്കിക്കണ്ടാല്‍ എങ്ങനെയിരിക്കും?

ദശരഥന്‍ തന്നെയാകട്ടെ ആദ്യം.

രാമായണത്തിലെ ദശരഥന്‍ ആരാണു? അയോദ്ധ്യ ഭരിച്ചിരുന്ന വെറുമൊരു രാജാവ്‌? അയോദ്ധ്യ എന്ന രാജ്യം എത്രയോരാജാക്കന്മാര്‍ ഭരിച്ചിട്ടുണ്ടാകണം. ഈ രാജാവിനുമാത്രമെന്താണു ഒരു സവിശേഷത?

അതറിയണമെങ്കില്‍ 'ദശരഥ'ശബ്ദത്തെ സൂക്ഷ്മമായി പഠിക്കണം.

ദശരഥന്‍ എന്നാല്‍ പത്ത്‌ രഥമുള്ളവന്‍ എന്നാണു അര്‍ത്ഥം.രഥങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഇന്ദ്രിയങ്ങളേയാണു.ഇന്ദ്രിയങ്ങള്‍ എപ്പോഴും പുറത്തേക്ക്‌ ഓടിക്കൊണ്ടിരിക്കുകയാണു.ആ പത്ത്‌ ഇന്ദ്രിയങ്ങളിലൂടെ ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണു മനുഷ്യരെല്ലാം.അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്ര ധിഷണാവൈഭവമുള്ള ഒരു ശരീരത്തേയാണു ദശരഥന്‍ എന്ന ശബ്ദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌.

അതായത്‌ മനുഷ്യശരീരത്തിന്റെ പ്രതീകമാണു ദശരഥന്‍ എന്നുചുരുക്കം.

ശരീരം അതിന്റെ കേവലാവസ്ഥയില്‍ വെറും ജഢമാണു.ജീവനാണു അതിനെ കര്‍മ്മവത്താക്കുന്നത്‌. ആ കര്‍മ്മകലാപങ്ങളാണു ഓരോനിമിഷവും നമുക്ക്‌ ചുറ്റും കാണുന്നത്‌. പണം ഉണ്ടാക്കാനും, അധികാരം കിട്ടാനും, കിട്ടിയ അധികാരം നിലനിര്‍ത്താനും, ഭോഗങ്ങള്‍ തേടാനുമുള്ള കര്‍മ്മകലാപങ്ങള്‍! ഇതില്‍ നിന്നും തത്ത്വവിചാരത്തിലേക്കുള്ള വഴി രാമായണം നമുക്ക്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നു.

രാമകഥ 7

1182 കര്‍ക്കടകം 7 / 2007 ജൂലൈ 23

"ജന്മനാശാദികളില്ലാതൊരുവസ്തു പര-
ബ്രഹ്മമീ ശ്രീരാമെനെന്നറിഞ്ഞുകൊണ്ടാലും നീ"

ആശ്രീരാമനെപ്പറ്റി സീത ഹനുമാനോട്‌ പറഞ്ഞ്‌ കൊടുത്തു.

'ഈ രാമന്‍ ദശരഥാത്മജനാണെന്നും, വിശ്വാമിത്രനോടൊപ്പം പോയി യാഗരക്ഷചെയ്തെന്നും, താടകയെ വധിച്ചെന്നും,സുബാഹുമാരീചന്മാരെ നിഗ്രഹിച്ചെന്നും, അഹല്യയ്ക്ക്‌ മോക്ഷം കൊടുത്തെന്നും, ത്രൈയംബകം മുറിച്ച്‌ സീതയെ വേട്ടെന്നും ആഞ്ജനേയാ നീ വിചാരിക്കുന്നുണ്ടാകും.

പരശുരാമനെ ജയിച്ചതും, വനവാസത്തിനൊരുങ്ങിയതും,ഖരദൂഷണത്രിശിരാക്കളെ വെന്നതും, രാവണനെ വധിച്ചതും ഈ ശ്രീരാമചന്ദ്രനാണെന്നാകും നിന്റെ വിശ്വാസം.

അല്ല, ആഞ്ജനേയാ, അല്ല!

ഈ രാമനു ഒന്നും ചെയ്യാനാവില്ല.

ഈ രാമന്‍ കര്‍ത്താവോ ഭോക്താവോ അല്ല.

ഈ രാമന്‍ സത്താമാത്രനാണു.

മൂലപ്രകൃതിയായിരിക്കുന്ന ദേവി, ഞാനാണു,ഇതൊക്കെ ചെയ്യിക്കുന്നത്‌.

അതാവട്ടെ ഈ പരമപുരുഷന്റെ സാന്നിദ്ധ്യം ഒന്നുമാത്രംകൊണ്ടാണു താനും'.

അതുവരെയുണ്ടായിരുന്ന സങ്കല്‍പത്തിന്റെ അടിത്തറയിളകിയ ഹനുമാന്‍ കൂടുതല്‍ സംശയാലുവായി.

അതു മനസിലാക്കിയ ശ്രീരാമചന്ദ്രന്‍ ആഞ്ജനേയനെ അരികില്‍ വിളിച്ച്‌ ഘടപടാദികളുടെ സാദൃശ്യം വിസ്തരിച്ച്‌ ബ്രഹ്മസ്വരൂപം വിശദീകരിച്ചുകൊടുത്തു. തത്ത്വോപദേശം ലഭിച്ച ആഞ്ജനേയന്‍ പ്രസന്നനായി.തുടര്‍ന്ന് ഈ തത്ത്വം ഉള്‍ക്കൊള്ളുന്ന 'ശ്രീരാമഹൃദയ മന്ത്രം' രാമന്‍ ഉപദേശിച്ചു കൊടുത്തു..

സൂര്യനുദിക്കുമ്പോള്‍ മഞ്ഞുരുകിപ്പോകും പോലെ ഹനുമാന്റെ സംശയങ്ങള്‍ അലിന്‍ഞ്ഞില്ലാതെയായി. രാമായണപാരായണത്തിന്റെ ലക്ഷ്യവും ഇത്‌ തന്നെയാണു. കല്‍മഷങ്ങള്‍ അകന്ന് ചിത്തപ്രസാദമുണ്ടാകുക.

രാമകഥ 6

1182 കര്‍ക്കടകം 6 / 2007 ജൂലൈ 22

രാമരാവണയുദ്ധം കഴിഞ്ഞ്‌ ശ്രീരാമാദികള്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി.

രാമന്റെ അഭിഷേകവും കഴിഞ്ഞു. അഭിഷേകാനന്തരം എല്ലാ ബന്ധുജനങ്ങളും പിരിഞ്ഞുകഴിഞ്ഞു. ആഞ്ജനേയന്‍ മാത്രം രാമസന്നിധിയില്‍ നിന്ന് പോയില്ല.ആഞ്ജനേയനേപ്പറ്റി ശ്രീരാമചന്ദ്രന്‍ സീതാദേവിയോട്‌ പറഞ്ഞു:

"സുന്ദരരൂപേ! ഹനുമാനേ നീ കണ്ടായല്ലീ?
..........................................................................
തന്മനോരഥത്തെ നീ നല്‍കണം മടിയാതെ,
നമ്മുടെ തത്ത്വമിവന്നറിയിക്കണമിപ്പോള്‍
ചിന്മയേ!ജഗന്മയേ!സന്മയേ!മായാമയേ!
ബ്രഹ്മോപദേശത്തിനു ദുര്‍ല്ലഭം പാത്രമിവന്‍
ബ്രഹ്മജ്ഞാനാര്‍ത്ഥികളിലുത്തമോത്തമമെടോ!"

രാമായാണത്തിലെ വിഷയം എന്താണെന്ന് ഈ വരികളില്‍ നോക്കിയാല്‍ മനസിലാകും.

സര്‍വ്വത്തിനേയും ഒന്നായിക്കാണാനുതകുന്ന ഒരറിവുണ്ട്‌.

ബ്രഹ്മജ്ഞാനം!

സീതാദേവി അതിനിരിപ്പിടമാണു.

ഹനുമാനു അത്‌ ഉപദേശിച്ച്‌ കൊടുക്കാനാണു രാമന്‍ പറയുന്നത്‌.

അല്ലാതെ ആര്യവംശജനായ ഒരു രാജാവ്‌, ദ്രാവിഡനെതിരേ പടനയിച്ച്‌, ദ്രാവിഡരാജാവായ രാവണനെ കൊന്നചരിത്രമൊന്നുമല്ല രാമകഥ.

രാമായണം ഡീക്കോഡ്‌ ചെയ്യാനുള്ള ജീനുകള്‍ ഇല്ലാത്ത പാശ്ചാത്യന്‍ അത്‌ വായിച്ചിട്ട്‌ തങ്ങള്‍ക്ക്‌ തോന്നിയ കാര്യം തുറന്ന് പറഞ്ഞു.

ബുദ്ധിശൂന്യമായി അതിനെ പിന്‍പറ്റിയ ഭാരതീയനുസംഭവിച്ച അബദ്ധമാണു ഈ ആര്യ-ദ്രാവിഡസംഘട്ടനകഥ!

രാമകഥ 5

1182 കര്‍ക്കടകം 5 / 2007 ജൂലൈ 21
ഗൗരി-ശങ്കര സംവാദരൂപത്തിലാണു അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌.
ഭാരതീയ സങ്കല്‍പമനുസരിച്ച്‌ സ്ത്രീ-പുരുഷ ബന്ധത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയാണു ഉമാമഹേശ്വരന്മാര്‍. ആദിമാതാവും ആദിപിതാവുമവരാണല്ലോ.
രാമായണത്തിന്റെ തുടക്കത്തില്‍ പാര്‍വ്വതീപരമേശ്വരന്മാരെ നാം കാണുന്നുണ്ട്‌. സമാധിസ്ഥനായ പരമേശ്വരനും തല്‍പ്പാര്‍ശ്വത്തില്‍ ശ്രീപാര്‍വ്വതിയും ഇരിക്കുന്നു.ലിംഗപ്രതിഷ്ഠകളിലെ സങ്കല്‍പ്പവും പാര്‍വ്വതീപരമേശ്വരന്മാരുടെ കൈലാസാചലത്തിലെ ഈ സ്ഥിതിയാണു.
എഴുത്തഛന്റെ വാക്കുകളില്‍ അത്‌ കാണുമ്പോഴുള്ള ആനന്ദം ഒന്ന് വേറെയാണു-
'കൈലാസാചലേ സൂര്യകോടിശോഭിതേ വിമലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം നീലലോഹിതം നിജഭര്‍ത്താരം വിശ്വേശ്വരം വന്ദിച്ച്‌ വാമോത്സംഗേവാഴുന്ന ഭഗവതി സുന്ദരി ഹൈമവതി ചോദിച്ചു ഭക്തിയോടെ':


"എന്താണു നാഥാ ലോകതത്ത്വം?"


ഫാലലോചനന്‍ ഒറ്റവാചകത്തില്‍ അതിനു മറുപടി നല്‍കി :

"രാമതത്ത്വമാണു ലോകതത്ത്വം"

നമ്മുടെ പൂര്‍വികരുടെ മാതൃക ഇതാണു. വിവാഹമൊക്കെ കഴിഞ്ഞ്‌ ദമ്പതികളാകുമ്പോള്‍ അവര്‍ അന്വേഷിക്കുന്നത്‌ ശാരീരികസുഖമോ പണമോ അല്ല. ലോകതത്ത്വം എന്താണെന്നാണു.

ജീവിക്കാന്‍ ആഹാരവും കാമത്തിനു പരിപൂര്‍ത്തിയും എല്ലാജീവജാലങ്ങള്‍ക്കുമുണ്ട്‌. പക്ഷെ അറിവു മനുഷ്യനു മാത്രമേയുള്ളു.അതു ലഭിച്ചില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാകും.കുടുംബിനി നിശ്ചയമായും അത്‌ അറിഞ്ഞിരിക്കണം.കാരണം സമൂഹം കുടുംബത്തില്‍ നിന്ന് വളര്‍ന്ന് വികസിച്ച്‌ വരുന്നതാണു.പുറമേ നടന്ന് ഭൗതിക നേട്ടങ്ങളുണ്ടാക്കുന്ന പുരുഷനേ അപേക്ഷിച്ച്‌ അനന്തരതലമുറയെ സൃഷ്ടിക്കുന്ന സ്ത്രീക്ക്‌ ഉത്തരവാദിത്തം കൂടുതലുണ്ട്‌.അതുകൊണ്ടാണു സ്മൃതികള്‍ സ്ത്രീസുരക്ഷയ്ക്ക്‌ പ്രത്യേകം നിയമങ്ങള്‍ ചമച്ചതും.

അവള്‍ അറിവ്‌ നേടുന്നതോ 'നിജഭര്‍ത്താര'ത്തില്‍ നിന്നും.ദമ്പതികള്‍ തമ്മില്‍ പാരസ്പര്യമുണ്ടെങ്കിലേ അത്‌ സാദ്ധ്യമാകൂ. ഇന്നതില്ലാത്തതുകൊണ്ടാണു വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നതും സമൂഹം ഒരു ആത്മഹത്യാമുനമ്പിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നതും. ഈ പ്രതിസന്ധിയെ രാമായണം ഓര്‍മ്മപ്പെടുത്തുന്നു എന്നത്‌ അതിന്റെ വര്‍ത്തമാനകാലപ്രസക്തിയായി എടുക്കാം.

അര്‍ദ്ധനാരീശ്വരന്മാരായിത്തീര്‍ന്നിട്ട്‌ ദമ്പതികള്‍ അറിവു തേടിത്തുടങ്ങുന്നു.

രാമതത്ത്വമാണു ലോകതത്ത്വം എന്ന് പരമേശ്വരന്‍ പറഞ്ഞു.

പക്ഷെ ദേവിക്ക്‌ കാര്യം അത്രക്കങ്ങ്‌ മനസിലായില്ല.അല്ലെങ്കില്‍ നമുക്ക്‌ രാമകഥകിട്ടികൊള്ളട്ടെ എന്ന വാത്സല്യം കൊണ്ട്‌ അതറിയില്ലെന്ന് നടിച്ചു.

"എന്താണു രാമതത്ത്വം?"ദേവി ചോദിച്ചു.

തുടര്‍ന്ന് പരമേശ്വരന്‍ ദേവിക്കത്‌ ഉപദേശിച്ചുതുടങ്ങുന്നു.

ഒരു കഥക്കുള്ളില്‍ മറ്റൊരു കഥ എന്ന ഘടനയാണു ഭാരതീയസാഹിത്യത്തിനു പഥ്യം. ഓരോകഥകളും സ്വയം പൂര്‍ണ്ണവും ഒപ്പം കഥയുടെ പൊതുഘടനയില്‍ ചേര്‍ന്നിരിക്കുന്നതുമാണു. വിശ്വത്തിന്റെ ബ്രഹ്മസ്വരൂപം തിരിച്ചറിഞ്ഞവര്‍ കഥകള്‍ ചമച്ചതുകൊണ്ടാണു അതീരൂപത്തില്‍ ആയിത്തീര്‍ന്നത്‌.ഇനി, ഭഗവാന്‍ പരമേശ്വരന്‍ പറഞ്ഞത്‌ എന്താണെന്ന് നോക്കാം.

രാമകഥ 4

1182 കര്‍ക്കടകം 4 / 2007 ജൂലൈ 20
ഭാരതത്തില്‍ മാത്രമല്ല രാമകഥയുള്ളത്‌. ആര്യാവര്‍ത്തം എന്ന പേരില്‍ പണ്ട്‌ അറിയപ്പെട്ടിരുന്ന ഭൂവിഭാഗമാകെ രാമകഥ പ്രചരിച്ചിരുന്നതായി കാണാം. ബാലി ദ്വീപുകളിലും ഫിലിപ്പൈന്‍സിലും രാമായണങ്ങള്‍ ഉണ്ട്‌. എല്ലായിടത്തും രാമകഥയുടെ കഥാതന്തു ഒന്ന് തന്നെയാണു.അവയ്കൊക്കെ വാല്മീകി രാമായണത്തോടുള്ള ബന്ധവും വ്യക്തമാണു.
വാല്മീകിയുടെ രാമന്‍ പച്ചയായ മനുഷ്യനാണു. ജീവിതത്തില്‍ സുഖവും ദുഃഖവും അനുഭവിക്കുന്ന ഒരു രാജാവ്‌. ദുഃഖങ്ങളില്‍ കേഴുകയും പ്രതിസന്ധികളില്‍ സന്ദേഹിയായി മാറുകയും രാജ്യലാഭത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നവനാണു വാല്മീകിയുടെ രാമന്‍. രാജ്യാധികാരത്തിനു സീതയെക്കാള്‍ വിലകല്‍പിക്കുന്ന രാമനെയും നമുക്ക്‌ കാണാം. ജീവന്റെ ഓരോ പരിണിതികളെ ചിത്രീകരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് വ്യതിചലിക്കാന്‍ വാല്മീകി ഒട്ടും കൂട്ടാക്കുന്നില്ല! ഈ പൂര്‍വ്വപീഠികയില്‍ നിന്നുകൊണ്ടാണു ജീവന്റെ ലക്ഷ്യത്തെക്കുറിച്ച്‌ മാമുനി ഉപന്യസിക്കുന്നത്‌. ലവകുശന്മാര്‍ക്ക്‌ രാമായണകാവ്യം പഠിപ്പിച്ച്‌ അയോദ്ധ്യാപുരിയില്‍ രാമനു മുന്നില്‍ അതു ഗാനം ചെയ്യിക്കുമ്പോള്‍ വാല്മീകി കൃതകൃത്യനാകുന്നത്‌ കാണാം.
വാല്മീകിയുടെ എറ്റവും മനോമോഹനമായ കഥാപാത്രം സീതയാണു. രാമനല്ല!!
സീതയ്ക്കുവേണ്ടിയാണു മഹര്‍ഷി രാമായണം രചിച്ചതും.
പിന്നീടുണ്ടായ രാമായണത്തിന്റെ പുനര്‍ സൃഷ്ടികളില്‍ മാനുഷഭാവത്തേക്കാള്‍ ആദ്ധ്യാത്മികഭാവത്തിനാണു പ്രാധാന്യം കിട്ടിയത്‌. രാമചരിതമാനസം, കൃത്തിവാസരാമായണം, കണ്ണശ്ശരാമായണം, കമ്പരാമായണം തുടങ്ങി മലയാളിക്ക്‌ സുപരിചിതമായ എഴുത്തഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ വരെ ആ ഒരു സരണിയിലുള്ള കൃതികളാണു. ഇവയ്കൊക്കെ അടിസ്ഥാനമായിട്ടുള്ളത്‌ സംസ്കൃതത്തില്‍ രചിച്ചിട്ടുള്ള 'അദ്ധ്യാത്മരാമായണം മൂല'വുമാണു.
രാമനെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ആഞ്ജനേയന്റേതായി ഒരു രാമായണവും ഉണ്ടത്രെ! നിര്‍ഭാഗ്യവശാല്‍ അതിലെ ഒറ്റശ്ലോകം മാത്രമേ ലഭിച്ചിട്ടുള്ളു.

Sunday, July 15, 2007

രാമകഥ 3

1182 കര്‍ക്കടകം 3 / 2007 ജൂലൈ 19
രാമായണത്തെക്കുറിച്ചുള്ള ആദ്യസൂചന ഋഗ്വേദത്തില്‍ കാണാം.
രാമന്റെ പേരു പറയാതെ വനവാസവൃത്താന്തം അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
അതിനെ അടിസ്ഥാനമാക്കി ബ്രഹ്മരാമായണം, നൂറുകോടി ഗ്രന്ഥങ്ങള്‍, ഉണ്ടായതായി പറയപ്പെടുന്നു. എന്നാല്‍ അവ കണ്ടുകിട്ടിയിട്ടില്ല.ബ്രഹ്മദേവനില്‍ നിന്നും രാമായണത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട നാരദന്‍ വാല്‍മീകിയെ കാണുന്നതിനെ തുടര്‍ന്നാണു ഇന്ന് പ്രചാരത്തിലുള്ള രാമായണങ്ങള്‍ ഉല്‍ഭവിക്കുന്നത്‌.
തമസാനദീതീരത്തെ തന്റെ പര്‍ണ്ണാശ്രമത്തിനു സമീപമുള്ള വനത്തില്‍ വച്ച്‌ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്ന് അമ്പേറ്റ്‌ വീഴുന്ന കാഴ്ച കണ്ട മുനി ദുഃഖതപ്തനായി 'മാ നിഷാദ' എന്ന ശ്ലോകം ചമച്ചു.
ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ അമ്പെയ്ത നിഷാദനു നാശം ഭവിക്കട്ടെ എന്നും രാവണ-മണ്ഡോദരികളായ ക്രൗഞ്ചങ്ങളിലെ രാവണനായ പക്ഷിയെ വധിച്ച രാമനു മംഗളം ഉണ്ടാകട്ടെ എന്നും രണ്ടര്‍ത്ഥമുള്ള ശ്ലോകമാണത്‌.
തന്നില്‍ ആദ്യമായി അങ്കുരിച്ച ശ്ലോകം വൃഥാവിലാകില്ല എന്ന് മഹര്‍ഷിക്ക്‌ തോന്നി.
താമസംവിനാ നാരദന്‍ പ്രത്യക്ഷനായി.

അദ്ദേഹത്തോട്‌ 'ബലവാനും വീര്യവാനുമായി ലോകത്താരാണുള്ളത്‌'എന്ന് മുനി ചോദിച്ചു. 'ഇക്ഷ്വാകുവംശജനായ രാമന്‍' എന്ന് അതിനു മറുപടി കിട്ടി.
നാരദന്റെ മറുപടി ഉള്‍ക്കൊള്ളുന്ന നൂറുശ്ലോകങ്ങള്‍ ചേര്‍ന്ന് 'മൂലരാമായണം' ഉണ്ടായി.
അതിനെ അവലംബിച്ച്‌ കൊണ്ട്‌ ഇരുപത്തിനാലായിരം ശ്ലോകങ്ങളില്‍ 'രാമായണ'വും മുപ്പത്തീരായിരം ശ്ലോകങ്ങളില്‍ 'ജ്ഞാനവാസിഷ്ഠ'വും മുനി രചിച്ചു.
വാല്മീകി രാമായണത്തെ അവലംബിച്ച്‌ പിന്നീട്‌ അനേകം രാമായണങ്ങള്‍ അനേകം ഭാഷയില്‍ ഉണ്ടായി.

രാമകഥ 2

1182 കര്‍ക്കടകം 2 / 2007 ജൂലൈ 18

ആദിയില്‍, സൃഷ്ടിക്ക്‌ മുന്‍പ്‌ നിര്‍മ്മലമായ ബോധം മാത്രമേയുള്ളു.
അതിനെ തിരിച്ചറിയുന്നതിലേക്ക്‌ ബ്രഹ്മമെന്നും അറിവെന്നും ദാര്‍ശനികര്‍ വിളിച്ചു. ആ പരമായ അറിവ്‌ ആനന്ദമാണു. അതിനു ജാതിയോ മതമോ ഇല്ല. ആനന്ദത്തിനുണ്ടാകുന്ന പരിണാമമാണു സൃഷ്ടി. ബോധം അപൂര്‍ണ്ണമായി പരിണമിക്കുമ്പോള്‍ നാമീക്കാണുന്ന പ്രപഞ്ചവും സമസ്തജീവജാലങ്ങളും ഉണ്ടായിത്തീരുന്നു. അതൊരു സ്ഥിരാവസ്ഥയല്ല. പൂര്‍ണ്ണതയിലേക്കും ആനന്ദത്തിലെക്കും തിരികെപോകാന്‍ ഒരാന്തരിക ത്വര എപ്പോഴും അതിനുള്ളില്‍ അടങ്ങിയിരിക്കും. ആ തിരിച്ച്‌ പോക്കിനുള്ള നാള്‍വഴിയാണു ദര്‍ശനങ്ങള്‍. പൗരാണികര്‍ ദര്‍ശനങ്ങളെ കവിതകളായാണു ജനസാമാന്യത്തിനു നല്‍കിയത്‌. പാറകളില്‍ കോറിയിടുന്ന രൂപങ്ങള്‍ പോലെ കവിത എന്നും ജനഹൃദയത്തില്‍ മായാതെ കിടക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. അതിന്റെ ഉത്തമോദാഹരണമാണു രാമായണം.ഒരു കുടുംബകഥയുടെ രൂപത്തിലാണു രാമകഥ രചിച്ചിരിക്കുന്നത്‌.
അയോദ്ധ്യാപതിയായ ദശരഥന്‍.ദശരഥനു നാലുപുത്രന്മാര്‍.രാമലക്ഷ്മണഭരതശത്രുഘ്നന്മാര്‍. മൂത്തപുത്രനായ രാമന്റെ രാജ്യാഭിഷേക വിഘ്നവും വനവാസവും. രാവണവധം. രാമന്റെ മടക്കം. രാജ്യാഭിഷേകം. കഥാഘടന ഇത്രയേ ഉള്ളു. പക്ഷെ അതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതോ ലോകതത്ത്വവും. ആനന്ദപൂര്‍ണ്ണമായിരുന്ന ആത്മാവ്‌ ജീവനായിപരിണമിച്ച്‌ ഈ ലോകത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിനുണ്ടാകുന്ന ക്ലേശങ്ങളും അതിനെ അതിജീവിച്ച്‌ പൂര്‍ണ്ണതയിലേക്ക്‌ തിരികെ പോകാനുള്ള മാര്‍ഗ്ഗങ്ങളുമാണു രാമായണത്തിന്റെ തത്ത്വവിചാരം.

രാമകഥ 1

1182 കര്‍ക്കടകം 1 / 2007 ജൂലൈ 17
ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണമാസാരംഭം.

കാലത്തെ അതിജീവിച്ച്‌ രാമകഥ തുടരുകയാണു.

പര്‍വ്വതങ്ങളും പുഴകളും ഭൂമിയിലുള്ളിടത്തോള്ളം കാലം രാമകഥ ലോകത്തില്‍ പ്രചരിക്കുമെന്നാണു
അഭിഞ്ജമതം. ആദികവിയുടെ ആദികാവ്യം - രാമായണം - അനേകം അര്‍ത്ഥ, ഭാവതലങ്ങളിലാണു ഭാരതീയരില്‍ പ്രവര്‍ത്തിക്കുന്നത്‌.
സാഹിത്യരസികര്‍ക്ക്‌ സഹൃദയഹൃദയാഹ്ലാദകരവും സാരോപദേശസത്തുമായ ഒരു മഹാകാവ്യമാണു രാമായണം. തത്ത്വദര്‍ശികള്‍ക്ക്‌ വേദാന്തരഹസ്യം. സാധകനു സാക്ഷാത്ക്കാരത്തിനുള്ള വഴികാട്ടി. ആര്യദ്രാവിഡ സംഘര്‍ഷത്തിന്റെ ചരിത്രമായാണു പാശ്ചാത്യചിന്ത പിന്‍പറ്റുന്ന നവീന ചരിത്രകാരന്മാര്‍ രാമായണത്തെ കാണുന്നത്‌.
എന്നാല്‍, 'ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം സ്മൃതം' എന്നാണു പൗരാണികരുടെ മതം. ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ത്ത്‌ വച്ച്‌ അറിയുമ്പോഴെ രാമായണതത്ത്വങ്ങളുടെ ബോധം ഉണ്ടാകൂ എന്ന് സാരം. അതിലേക്കുള്ള ചെറിയൊരു ശ്രമമാണു ചിന്താപഥത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍.....

Monday, June 11, 2007

ഗുരുവന്ദനം

അറിവിന്റെ മനുഷ്യരൂപങ്ങള്‍ അനവധിയാണു.
അവര്‍ സ്പര്‍ശിച്ചാല്‍ ആ അറിവ് സ്പര്‍ശിക്കപ്പെടുന്നവനില്‍ നിറയും.
ആദ്യമായി അമ്മ കൈകളില്‍ കോരിയെടുത്തപ്പോള്‍ ആ അനുഭവമുണ്ടായി.
പിന്നെ ഉപ്പും ചോറും കൂട്ടി നാവില്‍ ചേര്‍ത്തപ്പോള്‍ വീണ്ടും അതാവര്‍ത്തിച്ചു.
ആദ്യാക്ഷരം കുറിക്കാന്‍ ചെന്നിരുന്നപ്പോള്‍ ആശാന്റെ കൈകള്‍ നിറുകയില്‍ സ്പര്‍ശിച്ചപ്പോഴും അതുണ്ടായി.
മാതാ, പിതാ, ഗുരു.......ഇപ്പോള്‍ അവധൂതനും.
ആദിയില്‍ പൂര്‍ണ്ണമായിരുന്ന അറിവിലേക്ക് ഗുരുവിന്റെ കൈ പിടിച്ച് ഒരു യാത്ര.
നമസ്കാരം