Thursday, August 2, 2007

രാമകഥ 18

1182 കര്‍ക്കടകം 18 / 2007 ആഗസ്റ്റ്‌ 3

ബ്രഹ്മചര്യത്തിന്റെ ഉത്തമബിംബമാണു ആഞ്ജനേയന്‍. രാമന്‍ ആഞ്ജനേയനുമായി സന്ധിച്ചപ്പോള്‍ സാധകന്‍ ബ്രഹ്മചര്യാനിഷ്ഠനായിത്തീര്‍ന്നു. ബ്രഹ്മചര്യം സ്വീകരിക്കുന്നത്‌ അവിവേകത്തെ കീഴടക്കി വിവേകം നേടാന്‍ വേണ്ടിയാണു. അതിനാണു സുഗ്രീവസഖ്യം. സുഗ്രീവന്‍ വിവേകത്തെ പ്രതിനിധീകരിക്കുന്നു.അവിവേകത്തെപ്പേടിച്ച്‌ വിവേകം ഉന്നതസ്ഥാനത്ത്‌ ഒളിച്ചിരിക്കുകയാണു. ബാലിയാണു അവിവേകം. ബാലിയെപ്പേടിച്ച്‌ സുഗ്രീവന്‍ ഋശ്യമൂകാചലത്തില്‍ ഒളിച്ചിരിക്കുന്നു എന്ന് പറയുന്നത്‌ അതുകൊണ്ടാണു.

ജീവന്റെ രണ്ട്‌ ഭാവങ്ങളാണു വിവേകവും അവിവേകവും. മായയില്‍ വിദ്യ പ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ വിവേകം. അവിദ്യപ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ അവിവേകം. ഒരമ്മയില്‍ രണ്ട്‌ പിതാക്കന്മാര്‍ക്കായി ഉണ്ടായ ബാലി-സുഗ്രീവന്മാര്‍ എന്ന് അത്‌ കാവ്യഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു .

അവിവേകം വളരെവ്യാപകമായിരിക്കുമ്പോഴും ചിലസ്ഥലങ്ങളില്‍ അതിനു പ്രവേശനമില്ല.വിവേകമുള്ളിടത്ത്‌ അവിവേകം കാണില്ല! അതുകൊണ്ടാണു ഋശ്യമൂകാചലത്തില്‍ ബാലിക്ക്‌ പ്രവേശനമില്ല എന്ന് പറഞ്ഞിരിക്കുന്നത്‌.

അവിവേകമായ ബാലിക്കൊപ്പമാണു താര. പ്രണവത്തിന്റെ താരകഭാവമാണു അത്‌. ആ താരകഭാവത്തേ മോചിപ്പിച്ച്‌ വിവേകത്തോട്‌ ചേര്‍ക്കുമ്പോഴെ ജ്ഞാനം പൂര്‍ണ്ണമാകു. അതിനാണു ജീവനാകുന്ന രാമന്‍ വിവേകമായ സുഗ്രീവനുമായി സഖ്യം ചെയ്ത്‌ ബാലിനിഗ്രഹത്തിനായി പുറപ്പെടുന്നത്‌.

ജീവിതയാത്രയ്ക്കിടയില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാന്‍ നാം പലപ്പോഴും പ്രയാസപ്പെടും. ദുഃഖത്തിനു ഇതാണൊരു കാരണം.

സാധകനെ സംബന്ധിച്ചിടത്തോളം ഈ സംസാരത്തെ അതിജീവിക്കുക എന്നത്‌ അതീവ കഠിനതരമാണു. അതില്‍ത്തന്നെ വിവേകത്തെ ബലികഴിക്കേണ്ടിവന്നാല്‍ അതൊരു വലിയ വീഴ്ചയാകും.

ബാലി-സുഗ്രീവന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ രാമന്‍ അതനുഭവിക്കുന്നുണ്ട്‌.

യുദ്ധക്കളത്തില്‍ രാമനു ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എതാണു വിവേകം? എതാണു അവിവേകം? അവിവേകമാണെന്ന് ധരിച്ച്‌ വിവേകത്തെ നശിപ്പിച്ചാലോ? അപ്പോള്‍ വിവേകത്തെ തിരിച്ചറിയാന്‍ ഒരടയാളമിടണം. അതാണു രാമന്‍ സുഗ്രീവനു കഴുത്തിലിടാന്‍ ഒരു മാല്യം കൊടുത്തത്‌. ഈശ്വരവിശ്വാസത്തിന്റേയും അര്‍പ്പണ മനോഭാവത്തിന്റേയും മാല്യമാണത്‌. ആ മാലചൂടി നിന്നാലേ നിത്യജീവിതത്തില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാണാകു.

ബാലിയെ നിഗ്രഹിക്കണമെങ്കില്‍, ആദ്യം സപ്തസാലങ്ങള്‍ എയ്തുവീഴ്ത്തണം. ഈ ശരീരം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സപ്തധാതുക്കളെയാണു അതുകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്‌. അവയെ കടന്ന് ജീവന്‍ ഉള്ളിലേക്ക്‌ തിരിയണം. അനന്തരം ദുന്ദുഭിയുടെ അസ്തികൂടത്തെ തട്ടിയെറിയലാണു. അഹംബോധമുള്‍ക്കൊണ്ട ഈ ശരീരത്തെത്തന്നെ തട്ടിയെറിയലാണത്‌. അതു കഴിയുമ്പോള്‍ സാധകനു വിദേഹമുക്തി കിട്ടും. പിന്നെ അവിവേകത്തെ കീഴ്പെടുത്താന്‍ പ്രയാസമില്ല. എങ്കിലും നേരിട്ട്‌ ചെന്നാല്‍ അതാവില്ല. അവിവേകത്തിനാണു എപ്പോഴും കൂടുതല്‍ ശക്തി. ഏറ്റുമുട്ടുന്നവന്റെ പകുതി ശക്തികൂടി അത്‌ പിടിച്ച്‌ വാങ്ങുകയും ചെയ്യും. ദൗര്‍ബ്ബല്യങ്ങള്‍ക്ക്‌ മനുഷ്യന്‍ വശംവദനാകുമ്പോള്‍ എതിരാളി ശക്തനാകുന്നതിന്റെ രഹസ്യവും ഇതാണു.

നമ്മിലെ താമസഭാവത്തെയാണു ബാലിനിഗ്രഹത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ പുറപ്പെടുന്നത്‌. അതിനു ഇപ്പോഴുള്ള ഭാവം യഥാര്‍ത്ഥമല്ലെന്നറിയണം. തന്റെ ശരിയായ ഭാവം ഈ ശരീരമല്ലെന്നും, ശരിയായ ഭാവം ഉള്ളിലേതാണെന്നും, അതിനെ മറയ്ക്കുന്ന മായയ്ക്കപ്പുറത്തുനിന്നുള്ള യുദ്ധമാണാവശ്യമെന്നും കാണിക്കുന്നതാണു മറഞ്ഞുനിന്നുള്ള യുദ്ധം. രാമന്‍ അമ്പെയ്തപ്പോള്‍ ബാലിവീണു. പരാജയത്തില്‍ അവിവേകം ക്രുദ്ധനായെങ്കിലും ജീവന്റെ വിജയത്തെ വാഴ്ത്തുന്ന കാഴ്ചയാണു പിന്നീട്‌ നാം കാണുന്നത്‌. ബ്രഹ്മചര്യാനിഷ്ഠനായ ഒരു സാധകനു താമസഭാവങ്ങള്‍ പോലും ഗുണകരമായേ വരൂ.അതിന്റെ സൂചനയാണു അംഗതനെ യുവരാജാവായി വാഴിക്കുന്നത്‌.

സുഗ്രീവന്‍ രാജാവായി. താര സുഗ്രീവനോട്‌ ചേര്‍ന്നു.

വിവേകം പ്രണവവുമായി ബന്ധപ്പെട്ടു.

സാധകന്‍ അടുത്ത പടിയിലേക്ക്‌ കടക്കുന്നു.

No comments: