ശ്രീമദ് ഭഗവത് ഗീതയാണ് ഇവിടെ പ്രതിപാദിക്കുന്നത്.
വ്യാസപ്രോക്തവും മഹാഭാരതാന്തർഗതവുമാണു ഭഗവത് ഗീത എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ മഹാഭാരതത്തിന്റെ പശ്ചാത്തലചിന്തയില്ലാതെയാണു കുറേ സംവത്സരങ്ങളായി ഗീത നാം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു പോരുന്നത്. അതുകൊണ്ടു തന്നെ ഭഗവത് ഗീതയുടെ പശ്ചാത്ത് ഭൂമിയും ഗീതോപദേശത്തിനു ശേഷം പാണ്ഡവ കൌരവരുടെ ജീവിതവും വിശകലനത്തിനു വിധേയമാക്കാൻ നാം തയ്യാറായിട്ടുമില്ല. അങ്ങനെ വന്നപ്പോൾ ഭാരത മനസുകളിൽ ഗീത ഒരു ‘യുദ്ധത്തിന്റെ കാഹളം‘ മാത്രമായി ചുരുങ്ങി. അതിനപ്പുറം സനാതനമായ ചിന്തകളിലേക്ക് വെളിച്ചം വീശാൻ പര്യാപതമായ ഒരു ശാസ്ത്രമാണ് ഗീതയെന്ന് നാം വിസ്മരിച്ചു. എക്കാലത്തേയും ഗീതയുടെ വിഖ്യാതവ്യാഖ്യാതാക്കന്മാർ ആ സത്യം അവിടവിടെ ശ്ലോകങ്ങളിൽ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ കൂടി. ഇന്നിപ്പോൾ ശ്രോതുമനസുകളിൽ ഗീത ഉണർത്തുന്ന ചിത്രം, കർത്തവ്യവീമൂഡനായി നിൽക്കുന്ന ഒരു അർജ്ജുനനോട് “നീ, നിന്റെ കർത്തവ്യം ചെയ്യു” എന്ന് ഉപദേശിക്കുന്ന ഒരു ശ്രീകൃഷ്ണന്റേതുമാത്രമായി തീർന്നു. ചുരുക്കത്തിൽ ഭാരതീയ മനസ്സുകൾ അവരുടെ ഈശ്വരസ്വരൂപമായ ശ്രീകൃഷണനെ ഇന്ന് കാണുന്നത് തന്ത്രശാലിയായ ഒരു യുദ്ധക്കൊതിയനായിട്ടാണ്. അല്ലെങ്കിൽ കുരുക്ഷേത്ര ഭൂമിയിൽ വച്ച് തന്റെ സഹപാഠി - ഒരിക്കലും അർജ്ജുനൻ കൃഷ്ണന്റെ സഹപാഠിയായിരുന്നിട്ടില്ല, എന്നിട്ടു കൂടി, അങ്ങനേയും വിശേഷിപ്പിക്കുന്നു- എന്നോ, സുഹൃത്തെന്നോ, സ്യാലനെന്നോ വിശേഷിപ്പിക്കാവുന്ന ആ അർജ്ജുനനോട് “നീ യുദ്ധം ചെയ്യു, അത് മാത്രമാണു നിനക്ക് കരണീയമായിട്ടുള്ളത്” എന്ന് ഉപദേശിക്കുമായിരുന്നോ? അതിനുള്ള ന്യായവാദങ്ങളല്ലെ ഗീത മുഴുവൻ? ഒറ്റനോട്ടത്തിൽ ന്യായമെന്ന് തോന്നാവുന്ന സംശയം. ആധുനികൻ ആ രീതിയിലാണു ഗീതയെ സമീപിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളത്. ഇതിന്റെ നിജസ്ഥിതി അറിയണമെന്നുണ്ടെങ്കിൽ പ്രമാണഗ്രന്ഥമായ മഹാഭാരതത്തിന്റെ വെളിച്ചത്തിൽ ഒരു പ്രാവശ്യമെങ്കിലും ഗീത വായിച്ചു നോക്കണം. പലപ്പോഴും നാം അതിനു മെനക്കെടാറില്ലെന്നതാണു വാസ്തവം.
ഭാരതീയമായ ഗ്രന്ഥങ്ങളുടെ പഠനമൊക്കെ നാം ഒരുപറ്റം ആളുകളെ പിടിച്ചേൽപ്പിച്ചിട്ടുണ്ട്. പഠിക്കുന്നതിനുള്ള പ്രയാസം ഓർത്തിട്ടാവണം അങ്ങനെ ചെയ്യുന്നത്. ഏത് കാര്യത്തിലായാലും ആഴത്തിൽ പഠിക്കാതെ ഒരു അഭിപ്രായത്തിൽ എത്തുന്നവരാണു കൂടുതൽ ഭാരതീയരും. ‘എല്ലാം അറിഞ്ഞിരിക്കുന്നു‘ എന്ന് മുൻകൂട്ടി തീരുമാനിക്കുന്നവരാണു നമ്മൾ. സർവ്വകലാശാല വിദ്യാഭ്യാസമൊക്കെ നേടിയവരിൽ ഇത് കലശലുമാണു. ധനാത്മകവും ഋണാത്മകവുമായ അറിവ് മുൻവിധിയോടെ സ്വീകരിക്കുന്ന ഭാരതീയ മനസുകൾക്ക് ഈ ചിന്തകൾ അപ്രാപ്യമായിപ്പോയിട്ടുണ്ടെങ്കിൽ അതിൽ അത്ഭുതത്തിനു അവകാശമില്ല.
1 comment:
ഭഗവത് ഗീതാവലോകനം
Post a Comment