പരമ്പരയാ പഠിച്ചു വന്ന ഗീതാ തത്ത്വം കാലക്രമത്തിൽ മനസിൽ നിന്നു മാഞ്ഞുപോയി. അതാണു വീണ്ടും കുരുക്ഷേത്ര ഭൂമിയിൽ വച്ച് പറഞ്ഞു കൊടുക്കേണ്ടി വന്നത്.
എങ്ങനെയാണു അത് മങ്ങി പോയത്?
എല്ലാക്കാലത്തും ഗീത പറഞ്ഞു കൊടുത്തത് ശ്രീകൃഷ്ണൻ തന്നെയായിരുന്നു. ഇത് മറ്റാരും പറഞ്ഞതല്ല. ഗീതയിൽ ഭഗവാൻ തന്നെ പറയുന്നതാണു.
ഗീത യോഗശാസ്ത്രമാണു. സുഖമായി ജീവിക്കാൻ അത് ഉപകരിക്കും. ആദ്യം ഗീത ഉപദേശിച്ചു കൊടുത്തത് വിവസ്വാനാണു. വിവസ്വാൻ മനുവിനും മനു ഇക്ഷ്വാകുവിനും അത് കൈമാറി. അവർക്കെല്ലാം അത് പ്രയോജനപ്പെട്ടു. ആനന്ദമുണ്ടായി. കാലവും ദേശവും മാറിയിട്ടും അത് ഫലപ്രദമായി നിന്നു. ഗീത ലഭിച്ചവരൊക്കെ അതിനെ അനുസരിച്ച് അനുഭൂതി നേടി. ഇത്ര ഫലവത്തായ ഒരു ദർശനമാണു പിന്നീട് മറഞ്ഞു പോയത്. പാരമ്പര്യ സ്ത്രോതസ്സിൽ നിന്നു നഷ്ടമായത്.
-സ കാലേന ഇഹ മഹതാ യോഗോ നഷ്ട:എന്നാണ് ഗീതയിൽ പറയുന്നത്
ഇല്ലെങ്കിൽ ഇപ്പോൾ അർജ്ജുനാ നിനക്കിത് പറഞ്ഞു തരേണ്ടി വരില്ലായിരുന്നു. എങ്ങനെയാണു നിങ്ങളൂടെ ജീവിതത്തിൽ ഒരു അനുഷ്ഠാനമായിത്തീരേണ്ട ഈ യോഗം നഷ്ടപ്പെട്ടത്?
വളരെ സ്പഷ്ടമായാണു അതിനു ഭഗവാന്റെ മറുപടി:
-ദുർബ്ബലാൻ അജിതേന്ദ്രിയാൻ പ്രാപ്യ യോഗോ നഷ്ട പരന്തപ:
ദുർബ്ബലന്മാരേയും അജിതേന്ദ്രിയന്മാരേയും പ്രാപിച്ചിട്ട് അത് നഷ്ടമായി. നിങ്ങളുടെ തലമുറയിൽ അജിതേന്ദ്രിയന്മാരും ദുർബ്ബലന്മാരും ഉണ്ടായി. ശാസ്ത്രം അത്തരക്കാർക്കുള്ളതല്ല. .
ജിതേന്ദ്രിയന്മാരും ബലവാന്മാരുമായിട്ടുള്ളവർ തങ്ങളുടെ വൈയക്തിക സീമകളെ ഉല്ലംഘിക്കുമ്പോൾ, തങ്ങളുടെ വ്യക്തിസത്തയെ നിരാകരിക്കുമ്പോൾ, അവർക്കുണ്ടാകുന്ന ഒരു ആവാന്തര പരിണാമമായ സാമൂഹികസത്തയിൽ ഉൽഫുല്ലമാകുന്നതാണു ശാസ്ത്രസത്യങ്ങൾ.
വേറൊരു വിധത്തിൽ പറയുമ്പോൾ-
വ്യക്തി, അവന്റെ വൈയക്തികസീമ അറിവിന്റെ അഗാധതയിൽ വച്ച് ജ്വലിപ്പിച്ച് ഉരുക്കി നശിപ്പിക്കുമ്പോൾ അവനിൽ ഉൽഫുല്ലമാകുന്ന ഒരു സാമാജിക അവബോധത്തിന്റെ അനന്തരപരിണാമമാണു ശാസ്ത്രസത്യങ്ങൾ. അത് അവനേയും സമാജത്തേയും അത്യന്ത ഭാസുഅരങ്ങളായ ലോകങ്ങളീലേക്ക് കൈപിടിച്ച് ഉയർത്തിക്കൊണ്ട് പോകും.
എന്നാൽ മാനവചരിത്രം പരിശോധിക്കുമ്പോൾ ഈ ഉയർച്ച സ്ഥിരമായി മുകളിലേക്ക് പോകുന്ന ഒന്നല്ല എന്ന് കാണാം. ഉന്നതിയുടെ കുറേദൂരം പോകുമ്പോൾ ആ ശാസ്ത്രസത്യത്തെ അതിന്റെ ചാരുതയോടെ ഉപയോഗിക്കേണ്ടതിനു പകരം ആളുകൾ തന്റെ വൈയക്തികങ്ങളായ ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും, തന്റെ ഇന്ദ്രിയപരമായ രാഗത്തിനും ദ്വേഷത്തിനും തന്റെ പുരുഷാപരാധപരങ്ങളായ വ്യാമോഹങ്ങൾക്കും അതിനെ ഉപയോഗിക്കാൻ ശ്രമിക്കും. അവിടെ അത് ശാസ്ത്രം അല്ലാതെയായിത്തീരുകയും വിനാശകരമായി മാറുകയും ചെയ്യും.
ശ്രദ്ധിക്കുക, വ്യക്തി യോഗശാസ്ത്രത്തെ തന്റെ
-വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക്
-ഇന്ദ്രിയപരമായ രാഗദ്വേഷങ്ങൾക്ക്
- പുരുഷാപരാധപരമായ അഹംബുദ്ധികൾക്ക്
ഉപയോഗപ്പെടുത്തുമ്പോഴാണു ലോകവിനാശകമായിത്തീരുന്നതെന്ന് പറഞ്ഞു.
എന്തിനു യോഗശാസ്ത്രം വരെ പോകണം. സാധാരണ ഭൌതിക ശാസ്ത്രങ്ങൾ വരെ അങ്ങനെ ഉപയോഗിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. അണു കണങ്ങളുടെ അനന്തമായ ഊർജ്ജസാദ്ധ്യത വിനാശകരമായി ഉപയോഗപ്പെടുത്താൻ മനുഷ്യൻ കാണിച്ച ഔത്സുക്യം ഒരുദാഹരണം മാത്രം. അതിന്റെ തിക്തഫലം ഹിരോഷിമയിലും നാഗസാക്കിയിലും ഇപ്പോഴും തുടരുകയാണു. അപ്പോൾ അതിനേക്കാൾ സൂക്ഷ്മമായ യോഗശാസ്ത്രം വ്യക്തിലക്ഷ്യത്തോടെ ഉപയോഗിച്ചാൽ എന്താണു സംഭവിക്കുക?
ദുർബ്ബലനും അജിതേന്ദ്രിയനുമായ മനുഷ്യൻ എപ്പോഴെല്ലാം ഏതെല്ലാം കാലങ്ങളിൽ ഏതെല്ല്ലാം ദേശങ്ങളിൽ കേവലമായ ശാസ്ത്രസത്യത്തെ ആപേക്ഷികങ്ങളായ തങ്ങളൂടെ വ്യാമോഹങ്ങൾക്ക് വേണ്ടി വലിച്ചിഴച്ചുവോ അപ്പോഴെല്ലാം ഈ ഭൂമി ദു:ഖിച്ചിട്ടുണ്ട്. തപിച്ചിട്ടുണ്ട്. വ്യക്തിയിൽ ആവിർഭവിച്ച് സമാജത്തോളം ഈ ഇന്ദ്രിയപരങ്ങളായ രാഗങ്ങൾ വളരുമ്പോൾ ശാസ്ത്രം നോക്കുകുത്തിയായി മാറും. ജീവിതം വിഷലിപ്തമാകും. ഇത്തരം ഒരു സമസ്യ ഗീതയുടെ നാലാം അദ്ധ്യായത്തിലെ ആരംഭശ്ലോകത്തിലൂടെ ഭഗവാൻ നമുക്ക് കാണിച്ചു തരുന്നുണ്ട്.
ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞത് - നിങ്ങൾ ഇങ്ങനെയൊന്നുമല്ലായിരുന്നു എത്തേണ്ടത്. ഇതിപ്പോൾ രണഭൂമിയിൽ എത്തിനിൽക്കുകയാണു. ശാസ്ത്രയുക്തമായി ജീവിച്ചിരുന്നെങ്കിൽ ഇവിടെ എത്തിച്ചേരില്ലായിരുന്നു. തെറ്റായ ജീവിതം നയിച്ചതു കൊണ്ടാണത്. ദുർബ്ബലന്മാരും അജിതേന്ദ്രിയന്മാരും ആയതുകൊണ്ടാണു നിങ്ങൾ ഇങ്ങനെയായത്. നീയും നിന്റെ പിന്മുറക്കാരായ കുറേ രാജാക്കന്മാരും സമൂഹത്തേയും ശാസ്ത്രസത്യത്തേയുമെല്ലാം ഉല്ലെംഖിച്ച് ഇന്ദ്രിയപരമായ രാഗദ്വേഷങ്ങൾക്കും പുരുഷാപരാധപരങ്ങളായ അഹംബുദ്ധികൾക്കും വശംവദരായി നാശത്തെ പ്രാപിച്ചു.
അർജ്ജുനനു അയാളുടെ യഥാർത്ഥ അവസ്ഥയെന്താണെന്ന് ഭഗവാൻ കാട്ടിക്കൊടുക്കുകയാണു. ഇതിൽ ചിലപദങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇന്ദ്രിയപരങ്ങളായ രാഗദ്വേഷങ്ങൾ എന്താണെന്ന് എല്ലാവർക്കുമറിയാം. വേറൊന്നുള്ളത് പുരുഷാപരാധപരമായ അഹംബുദ്ധികൾ ആണു. അഹംബുദ്ധിയും മനസിലാക്കാൻ പ്രയാസമില്ല. എന്നാൽ പുരുഷാപരാധമെന്നാൽ എന്താണു? അതേപ്പറ്റി വിശദമായിത്തന്നെ പറയാനുണ്ട്.
1 comment:
ഗീതാവലോകനം 3
ഗീത പുതിയ ദർശനമല്ല എന്ന് പറഞ്ഞു. അപ്പോൾ അർജ്ജുനനു അതു പുതിയത് പോലെ തോന്നാൻ എന്താണു കാരണം? നമുക്കും അതിൽ പുതുമ തോന്നുന്നുണ്ട്.
Post a Comment