1182 കര്‍ക്കടകം 2 / 2007 ജൂലൈ 18
ആദിയില്‍, സൃഷ്ടിക്ക് മുന്‍പ് നിര്‍മ്മലമായ ബോധം മാത്രമേയുള്ളു.
അതിനെ തിരിച്ചറിയുന്നതിലേക്ക് ബ്രഹ്മമെന്നും അറിവെന്നും ദാര്‍ശനികര്‍ വിളിച്ചു. ആ പരമായ അറിവ് ആനന്ദമാണു. അതിനു ജാതിയോ മതമോ ഇല്ല. ആനന്ദത്തിനുണ്ടാകുന്ന പരിണാമമാണു സൃഷ്ടി. ബോധം അപൂര്‍ണ്ണമായി പരിണമിക്കുമ്പോള്‍ നാമീക്കാണുന്ന പ്രപഞ്ചവും സമസ്തജീവജാലങ്ങളും ഉണ്ടായിത്തീരുന്നു. അതൊരു സ്ഥിരാവസ്ഥയല്ല. പൂര്‍ണ്ണതയിലേക്കും ആനന്ദത്തിലെക്കും തിരികെപോകാന്‍ ഒരാന്തരിക ത്വര എപ്പോഴും അതിനുള്ളില്‍ അടങ്ങിയിരിക്കും. ആ തിരിച്ച് പോക്കിനുള്ള നാള്‍വഴിയാണു ദര്‍ശനങ്ങള്‍. പൗരാണികര്‍ ദര്‍ശനങ്ങളെ കവിതകളായാണു ജനസാമാന്യത്തിനു നല്‍കിയത്. പാറകളില്‍ കോറിയിടുന്ന രൂപങ്ങള്‍ പോലെ കവിത എന്നും ജനഹൃദയത്തില്‍ മായാതെ കിടക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. അതിന്റെ ഉത്തമോദാഹരണമാണു രാമായണം.ഒരു കുടുംബകഥയുടെ രൂപത്തിലാണു രാമകഥ രചിച്ചിരിക്കുന്നത്. അയോദ്ധ്യാപതിയായ ദശരഥന്‍.ദശരഥനു നാലുപുത്രന്മാര്‍.രാമലക്ഷ്മണഭരതശത്രുഘ്നന്മാര്‍. മൂത്തപുത്രനായ രാമന്റെ രാജ്യാഭിഷേക വിഘ്നവും വനവാസവും. രാവണവധം. രാമന്റെ മടക്കം. രാജ്യാഭിഷേകം. കഥാഘടന ഇത്രയേ ഉള്ളു. പക്ഷെ അതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതോ ലോകതത്ത്വവും. ആനന്ദപൂര്‍ണ്ണമായിരുന്ന ആത്മാവ് ജീവനായിപരിണമിച്ച് ഈ ലോകത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിനുണ്ടാകുന്ന ക്ലേശങ്ങളും അതിനെ അതിജീവിച്ച് പൂര്‍ണ്ണതയിലേക്ക് തിരികെ പോകാനുള്ള മാര്‍ഗ്ഗങ്ങളുമാണു രാമായണത്തിന്റെ തത്ത്വവിചാരം.
No comments:
Post a Comment