സ്വാമി നിർമ്മലാനന്ദഗിരി മഹരാജിന്റെ പ്രഭാഷണങ്ങൾ കേട്ട് കുറിച്ചെടുത്തവ ക്രോഡീകരിച്ചത്. വാക്കുകളിലോ ആശയങ്ങളിലോ എന്തെങ്കിലും തെറ്റായോ അബദ്ധമായോ കണ്ടെത്തിയാൽ അത് ലേഖകന്റെ അറിവില്ലായ്മയായി കണ്ട് പൊറുക്കണം. സാരമായിട്ടുള്ളതെല്ലാം ഗുരുവരുളാകുന്നു.
Monday, July 16, 2007
രാമകഥ 4
1182 കര്‍ക്കടകം 4 / 2007 ജൂലൈ 20 ഭാരതത്തില്‍ മാത്രമല്ല രാമകഥയുള്ളത്. ആര്യാവര്‍ത്തം എന്ന പേരില്‍ പണ്ട് അറിയപ്പെട്ടിരുന്ന ഭൂവിഭാഗമാകെ രാമകഥ പ്രചരിച്ചിരുന്നതായി കാണാം. ബാലി ദ്വീപുകളിലും ഫിലിപ്പൈന്‍സിലും രാമായണങ്ങള്‍ ഉണ്ട്. എല്ലായിടത്തും രാമകഥയുടെ കഥാതന്തു ഒന്ന് തന്നെയാണു.അവയ്കൊക്കെ വാല്മീകി രാമായണത്തോടുള്ള ബന്ധവും വ്യക്തമാണു. വാല്മീകിയുടെ രാമന് പച്ചയായ മനുഷ്യനാണു. ജീവിതത്തില്‍ സുഖവും ദുഃഖവും അനുഭവിക്കുന്ന ഒരു രാജാവ്. ദുഃഖങ്ങളില്‍ കേഴുകയും പ്രതിസന്ധികളില്‍ സന്ദേഹിയായി മാറുകയും രാജ്യലാഭത്തില് സന്തോഷിക്കുകയും ചെയ്യുന്നവനാണു വാല്മീകിയുടെ രാമന്. രാജ്യാധികാരത്തിനു സീതയെക്കാള്‍ വിലകല്പിക്കുന്ന രാമനെയും നമുക്ക് കാണാം. ജീവന്റെ ഓരോ പരിണിതികളെ ചിത്രീകരിക്കുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തില്‍ നിന്ന് വ്യതിചലിക്കാന്‍ വാല്മീകി ഒട്ടും കൂട്ടാക്കുന്നില്ല! ഈ പൂര്‍വ്വപീഠികയില്‍ നിന്നുകൊണ്ടാണു ജീവന്റെ ലക്ഷ്യത്തെക്കുറിച്ച് മാമുനി ഉപന്യസിക്കുന്നത്. ലവകുശന്മാര്ക്ക് രാമായണകാവ്യം പഠിപ്പിച്ച് അയോദ്ധ്യാപുരിയില്‍ രാമനു മുന്നില്‍ അതു ഗാനം ചെയ്യിക്കുമ്പോള്‍ വാല്മീകി കൃതകൃത്യനാകുന്നത് കാണാം. വാല്മീകിയുടെ എറ്റവും മനോമോഹനമായ കഥാപാത്രം സീതയാണു. രാമനല്ല!! സീതയ്ക്കുവേണ്ടിയാണു മഹര്‍ഷി രാമായണം രചിച്ചതും. പിന്നീടുണ്ടായ രാമായണത്തിന്റെ പുനര്‍ സൃഷ്ടികളില്‍ മാനുഷഭാവത്തേക്കാള് ആദ്ധ്യാത്മികഭാവത്തിനാണു പ്രാധാന്യം കിട്ടിയത്. രാമചരിതമാനസം, കൃത്തിവാസരാമായണം, കണ്ണശ്ശരാമായണം, കമ്പരാമായണം തുടങ്ങി മലയാളിക്ക് സുപരിചിതമായ എഴുത്തഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വരെ ആ ഒരു സരണിയിലുള്ള കൃതികളാണു. ഇവയ്കൊക്കെ അടിസ്ഥാനമായിട്ടുള്ളത് സംസ്കൃതത്തില്‍ രചിച്ചിട്ടുള്ള 'അദ്ധ്യാത്മരാമായണം മൂല'വുമാണു. രാമനെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ആഞ്ജനേയന്റേതായി ഒരു രാമായണവും ഉണ്ടത്രെ! നിര്‍ഭാഗ്യവശാല്‍ അതിലെ ഒറ്റശ്ലോകം മാത്രമേ ലഭിച്ചിട്ടുള്ളു.
Subscribe to:
Post Comments (Atom)
No comments:
Post a Comment