1182 കര്‍ക്കടകം 11 / 2007 ജൂലൈ 27
സുഖം-ദുഃഖം എന്ന ദ്വന്ദം ഉള്‍ക്കൊണ്ടതാണു,കാമം. കാമം സാധിക്കുമ്പോള്‍ അനുകൂലമായ ഒരറിവുണ്ടാകും. അതാണു'സുഖം'.ആഗ്രഹിച്ചത് നടക്കാതെവരുമ്പോഴുണ്ടാകുന്ന അറിവു പ്രതികൂലമാണു.അത്'ദുഃഖം'. ചുരുക്കത്തില്‍ കാമത്തിനോടൊപ്പം ജനിക്കുന്നതാണു സുഖ ദുഃഖങ്ങള്‍. കാമം താടകയായകുമ്പോള്‍ സുബാഹുമാരീചന്മാര്‍ സഹോദരന്മാരാകുന്നു! ഒരമ്മ പെറ്റ മക്കള്‍!!
സുബാഹുവിനെ ഹനിക്കുക പ്രായേണ എളുപ്പമാണു. ശ്രമിച്ചാല്‍ സുഖം വേണ്ടെന്ന് വയ്ക്കാന്‍ നമുക്കാവും പക്ഷെ ആദ്ധ്യാത്മികവും, ആധിഭൗതികവും, ആധിദൈവികവുമായ ദുഃഖങ്ങള്‍ നമ്മെ പിടികൂടാറുണ്ട്. അവ വിട്ടുപോകാന്‍ പ്രയാസമാണു. അതില്‍ പലതും ബാഹ്യമായ പ്രകൃതിശക്തികളില്‍ നിന്ന് ഉല്‍പ്പന്നമാകുന്നവയാണു.ശ്രമിച്ചാലും മനസ്സില്‍ നിന്നുവിട്ടുപോകാന്‍ അവ മടിക്കും. താല്‍ക്കാലികമായി മാറിനിന്നാല്‍പ്പോലും അനുകൂലസാഹചര്യങ്ങള്‍ വരുമ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ അവ തിരിച്ച് വരുന്നതായിക്കാണാം. അതുകൊണ്ടാണു കാമമാകുന്ന താടക വധിക്കപ്പെട്ടപ്പോള്‍, സുഖമാകുന്ന സുബാഹുവിനെ വധിച്ചതായും ദുഃഖമാകുന്ന മാരീചന്‍ ഒളിച്ചതായും പറയുന്നത്. പിന്നീട് ഈ മാരീചന്‍ മാനായി വരുന്നുണ്ട്!
കാമത്തെ വെന്ന് സുഖത്തെ ത്യജിച്ച് ദുഃഖത്തെ യമിച്ച സാധകന്‍ അടുത്ത പടിയിലേക്ക് കടക്കുന്നു. നിഷ്കാമകര്‍മ്മയോഗമാണു സാധകന്റെ അടുത്ത അവസ്ഥ. എല്ലാവിധ സംഗങ്ങളില്‍ നിന്നും ഒഴിഞ്ഞുനിന്നാലേ ജീവനു നിഷ്കാമകര്‍മ്മം അനുഷ്ടിക്കാനാവു. യാഗരക്ഷകൊണ്ട് അര്‍ത്ഥമാക്കുന്നത് അതാണു.
വിശ്വാമിത്രയാഗം കഴിഞ്ഞു രാമലക്ഷ്മണന്മാര്‍ വിദേഹത്തിലേക്കു യാത്രയാകുന്നു. വഴിയില്‍, കല്ലായിക്കിടക്കുന്ന അഹല്യയെ രാമന്‍ കണ്ടു. സാധകന്റെ കുണ്ഡലിനീ ശക്തിയാണു അഹല്യയെക്കൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാമനുഷ്യനിലും ഈശ്വരഭാവം ശിലയായി ഉറങ്ങിക്കിടക്കുന്നു. മൂലാധാരത്തില്‍ സുഷുപ്താവസ്ഥയില്‍ കിടക്കുകയാണു കുണ്ഡലിനി. അതിനെയുണര്‍ത്തി സഹസ്രാരപദ് മത്തിലേക്ക് എത്തിക്കണം. എങ്കിലേ ശാന്തി ലഭിക്കു. തുടര്‍ന്നുള്ള ജീവന്റെ സാധനക്ക് അതാവശ്യമാണു. അഹല്യാമോക്ഷം വഴി രാമനനുഷ്ടിച്ചത് അതായിരുന്നു. ഇതോടെ പ്രണവോപാസനയ്ക്ക് രാമന്‍ അധികാരിയായിത്തീര്‍ന്നു.
No comments:
Post a Comment