ശ്രവണവും സത്സംഗവും കൊണ്ട് ഉന്നതമായ രാമന്റെ മനസിനെ ഇനി തപസിനു സജ്ജമാക്കണം.അതിനായി രാമന്‍ മുനിമണ്ഡലത്തിലേക്ക് പ്രവേശിച്ചു. മുനിമാരെ കണ്ട് ഉപദേശവും അനുഗ്രഹവും വാങ്ങി. തപസിനു വിഘാതം വരുത്തുന്ന രാക്ഷസന്മാരെ അമര്‍ച്ചചെയ്തു.സന്തുഷ്ടരായ മുനിമാര്‍ അദ്ദേഹത്തെ വലിയൊരു അസ്ഥിക്കൂമ്പാരം കാട്ടിക്കൊടുത്തു. കാലാകാലങ്ങളായി രാക്ഷസന്മാര്‍ കൊന്നൊടുക്കിയ താപസന്മാരുടെ എല്ലും തലയോടുമായിരുന്നു അവ. ജന്മജന്മാന്തരങ്ങളായി കാമനകള്‍ക്ക് വശംവദരായി നശിച്ചുപോയ മനുഷ്യന്റെ പ്രതിരൂപമായി കൂടിക്കിടന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടപ്പോള്‍ സാധകനു തന്റെ പൂര്‍വ്വകാലത്തിലേക്ക് തിരിഞ്ഞുനോക്കാനുള്ള അവസരമുണ്ടായി. അവ രാമനില്‍ വിവേകവിരാഗാദിയകള്‍ ഉദിപ്പിച്ചു. ഇനി താന്‍ ജീവിക്കുമെങ്കില്‍ പൂര്‍ണ്ണജ്ഞാനം കൈവരിക്കുമെന്നു രാമന്‍ ദൃഢനിശ്ചയം ചെയ്തു.
തുടര്‍ന്ന് സുതീഷ്ണാശ്രമവും സന്ദര്‍ശിച്ച് അഗസ്ത്യാശ്രമത്തില്‍ എത്തി. ഒരു സാധകന്റെ ജീവിതത്തിലെ അവിസ്മരണീയമുഹൂര്‍ത്തമാണു താന്‍ ആരാണെന്ന് തിരിച്ചറിയുന്ന നിമിഷം. ഒരു കണ്ണാടിയിലെന്നപോലെ രാമനെ അഗസ്ത്യന്‍ തന്നില്‍ പ്രതിഫലിപ്പിച്ച് കാണിച്ചുകൊടുത്തു. ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതി നോക്കുക. 'ലോകാരംഭത്തിനുമുന്നേ ഉണ്ടായിരുന്ന സത്തയാണു നീ. നിന്റെ മായയാകുന്നു സീത...' എന്ന് തുടങ്ങി സൃഷ്ടിരഹസ്യവും തത്ത്വവ്യാഖ്യാനവും നടത്തുന്നു മുനി. ഒടുവില്‍ ജ്ഞാനത്തിന്റെ വില്ലും വൈരാഗ്യത്തിന്റെ വാളും രാമനു സമ്മാനിക്കുന്നു.
ജ്ഞാനവൈരാഗ്യാദികളില്‍ ദൃഢപ്രതിഷ്ഠ നേടിയ രാമന്‍ പഞ്ചവടിയിലേക്ക് യാത്രയായി. വഴിമദ്ധ്യേ ജടായുവുമായി സംഗമിക്കുന്നു. പിതാവായ ദശരഥന്റെ മിത്രമാണു ജടായു. വിരാഗതയേയാണു അത് സൂചിപ്പിക്കുന്നത്. ഇഹത്തിലും പരത്തിലും യാതൊന്നിനോടും താല്‍പ്പര്യമില്ലാത്ത അവസ്ഥയാണു വിരാഗത. സ്വര്‍ഗ്ഗകാമന പോലും വിരാഗിയിലില്ല. സാധാനാകാലത്തെ ഏറ്റവും വലിയ കാവലാള്‍ ഈ വിരാഗതയാണു. ബ്രഹ്മവിദ്യയെ രക്ഷിക്കേണ്ടത് അതാണു. അതുകൊണ്ടാണു സീതയ്ക്ക് കാവലായി ജടായുവിനെ ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിരാഗത നഷ്ടമാകുന്നതോടെ ബ്രഹ്മവിദ്യയും നഷ്ടപ്പെടുന്നു. സീത അപഹരിക്കപ്പെട്ടു.
No comments:
Post a Comment