1182 കര്‍ക്കടകം 10 / 2007 ജൂലൈ 26
ജീവന്റെ ലക്ഷ്യം ആനന്ദമാണു. അതു കൊണ്ടാണു അല്ല്ലലൊന്നുമില്ലാതെ സുഖമായി ഇരിക്കണമെന്ന് നാം എപ്പോഴും ആഗ്രഹിച്ചുപോകുന്നത്. ആനന്ദമുണ്ടാകണമെങ്കില്‍ പരിപൂര്‍ണ്ണതയില്‍ എത്തണം.ആ പ്രവാഹത്തിന്റെ ഭാഗമായി പലതരം കര്‍മ്മകലാപങ്ങളില്‍ മനുഷ്യന്‍ ഏര്‍പ്പെടുന്നു. പക്ഷെ, വിധിയാംവണ്ണമുള്ള കര്‍മ്മങ്ങളല്ല പലപ്പോഴും തിരഞ്ഞെടുക്കുക. അതു പുനര്‍ജ്ജന്മമുണ്ടാക്കും. എന്നാല്‍ ഒരു സാധകന്റെ വഴി എന്താണെന്ന് രാമായണം വ്യക്തമായി കാണിച്ചുതരുന്നു.പഠനം, തീര്‍ത്ഥാടനം,ദേശാടനം,യാഗരക്ഷ എന്നിങ്ങനെ ചിട്ടയായ ഒരു സാധനാക്രമം രാമായണകാരന്‍ നമുക്ക് മുന്നില്‍ തുറന്ന് വയ്ക്കുന്നുണ്ട്.
വസിഷ്ഠന്റെ പാദാന്തികത്തിലിരുന്ന് മുപ്പത്തീരായിരം ശ്ലോകങ്ങളുള്ള ജ്ഞാനവാസിഷ്ഠം പഠിച്ച് അറിവുനേടിയ ജീവന്‍ ദേശാടനം കഴിച്ച് തിരിച്ചെത്തുന്നു.കാര്യഗുരുവില്‍ നിന്ന് കാരണഗുരുവിലേക്ക് കടക്കുവാന്‍ സാധകനു സമയമായി. വിശ്വാമിത്രന്‍ എത്തിച്ചേര്‍ന്നു.യാഗരക്ഷയ്ക്കായി രാമലക്ഷ്മണന്മാരെ ആവശ്യപ്പെട്ടു.ജീവനെ പൂര്‍ണ്ണജ്ഞാനത്തിലേക്ക് എത്തിക്കുവാന്‍ അനേകം ഗുരുക്കന്മാരുണ്ടാകും.അതിലൊരാളായാണു വിശ്വാമിത്രന്‍ വന്നിരിക്കുന്നത്.
വിശ്വാമിത്രനെത്തിയപ്പോള്‍ തന്നെ ശരീരം-ദശരഥന്‍- എതിര്‍പ്പുകാണിക്കാന്‍ തുടങ്ങി.സംസാരത്തില്‍ മുഴുകിയ ജീവനു അതു വിടാന്‍ പ്രയാസം.ദശരഥന്‍ ആകെ തളര്‍ന്നു. ശരീരത്തിന്റെ പ്രസക്തിയും ജീവന്റെ ലക്ഷ്യവും വസിഷ്ഠന്‍ വിശദമാക്കി കൊടുത്തപ്പോള്‍ ശരീരതാപം അസ്തമിച്ചു.ക്ഷോഭമടങ്ങിയപ്പോള്‍ പുത്രന്മാരെ വിശ്വാമിത്രനൊപ്പമയക്കാന്‍ ദശരഥന്‍ തയ്യാറായി.
ജ്ഞാനസമ്പാദനത്തിനായി അവര്‍ പുറപ്പെട്ടു.
ആത്മസാധയിലേക്ക് കടക്കുമ്പോള്‍ സാധകനെ ആദ്യം അലട്ടുന്നത് വിശപ്പും ദാഹവുമാണു. ജീവന്‍ നിലനിര്‍ത്താനുള്ള ശരീരത്തിന്റെ രണ്ടാവശ്യങ്ങള്‍. വിശ്വാമിത്രന്‍ ഉപദേശിച്ചുകൊടുത്ത ബലയും അതിബലയും സ്വാധീനമാക്കിയതുവഴി രാമലക്ഷ്മണന്മാര്‍ പൈദാഹങ്ങളെ അതിജീവിച്ചു. ആത്മസാധനയില്‍ വാത്സല്യമുള്ള ഒരു ഗുരുവിന്റെ സാന്നിദ്ധ്യം എപ്പോഴും ആവശ്യമാണെന്ന് ഇത് തെളിയിക്കുന്നു.
വിശപ്പും ദാഹവും അടങ്ങിക്കഴിഞ്ഞാല്‍ കാമനകള്‍ തലപൊക്കും. അതു മനസില്‍ നിന്നാണു പൊന്തിവരുന്നത്.കോപമായിട്ടും രാഗമായിട്ടുമൊക്കെ.
'കാടിതു കണ്ടായോ നീ കാമരൂപിണിയായ താടകാഭയങ്കരി.....'
എന്നാണു വിശ്വാമിത്രന്‍ രാമചന്ദ്രനോട് പറയുന്നത്. മനസാകുന്ന വനത്തില്‍ പുളച്ചു നടക്കുന്ന കാമമാണു താടക! അവളെ കൊല്ലുകതന്നെ വേണം. അല്ലെങ്കില്‍ മോക്ഷപ്രാപ്തിയില്ല. ഉന്നതമായ അസ്ത്രശസ്ത്രങ്ങള്‍ വിശ്വാമിത്ര്നില്‍ നിന്നു സ്വീകരിച്ച് രാമന്‍ താടകയെ വധിച്ചു. കാമത്തെ ഇല്ലാതെയാക്കി. ശരീരത്തെ മുറിക്കുകയും ലക്ഷ്യങ്ങളെ ഭേദിക്കുകയും ചെയ്യുന്ന ഭൗതികമായ അസ്ത്രശസ്ത്രങ്ങളാണോയിവ? എങ്കില്‍ അവയ്ക്കെങ്ങനെ മനസിലിരിക്കുന്ന കാമത്തെ ഇല്ലാതാക്കാന്‍ കഴിയും? പുരാണങ്ങളും മറ്റുംവായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിതു. അതില്‍ പറയുന്നതൊക്കെ ജ്ഞാനമാകുന്ന അസ്ത്രമാണു. അജ്ഞാനത്തെ അറിവുകൊണ്ട് മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ.കാമത്തെ അമര്‍ച്ചചെയ്യുന്ന അറിവാണു രാമന്‍ വിശ്വാമിത്രനില്‍ നിന്ന് സ്വീകരിച്ചത്.
No comments:
Post a Comment