Monday, July 16, 2007

രാമകഥ 8

1182 കര്‍ക്കടകം 8 / 2007 ജൂലൈ 24


പരമേശ്വരന്‍ രാമകഥയിങ്ങനെ ചുരുക്കത്തില്‍ പറഞ്ഞപ്പോള്‍ അത്‌ വിസ്തരിച്ച്‌ കേള്‍ക്കണമെന്നായി ശ്രീപാര്‍വ്വതി.അതിന്‍പ്രകാരം രാമകഥ പൂര്‍ണ്ണമായി ശിവന്‍ വ്യാഖ്യാനിക്കുന്നതാണു അദ്ധ്യാത്മരാമായണം.

രാമതത്ത്വത്തെ ഒരു രാജാവിന്റെ ജീവിതകഥയില്‍ ചേര്‍ത്തുവച്ചാണു പരമേശ്വരന്‍ പറഞ്ഞത്‌.ജീവിതഗന്ധിയായ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ അതില്‍ ഊടും പാവും നെയ്യുന്നതു കാണാം.രാമായണം ജനഹൃദയങ്ങളില്‍ നിന്ന് മറഞ്ഞുപോകാത്തതിനുള്ള കാരണവും ജീവിതത്തോട്‌ അതിനുള്ള ഈ അടുത്ത ബന്ധമാണു.

അത്തരം ജീവിതഗന്ധികളായ സന്ദര്‍ഭങ്ങളെ മാറ്റിനിര്‍ത്തി അതിലുള്‍ക്കൊള്ളുന്ന തത്ത്വചിന്തയെ ലക്ഷണാന്യായങ്ങളിലൂടെ നോക്കിക്കണ്ടാല്‍ എങ്ങനെയിരിക്കും?

ദശരഥന്‍ തന്നെയാകട്ടെ ആദ്യം.

രാമായണത്തിലെ ദശരഥന്‍ ആരാണു? അയോദ്ധ്യ ഭരിച്ചിരുന്ന വെറുമൊരു രാജാവ്‌? അയോദ്ധ്യ എന്ന രാജ്യം എത്രയോരാജാക്കന്മാര്‍ ഭരിച്ചിട്ടുണ്ടാകണം. ഈ രാജാവിനുമാത്രമെന്താണു ഒരു സവിശേഷത?

അതറിയണമെങ്കില്‍ 'ദശരഥ'ശബ്ദത്തെ സൂക്ഷ്മമായി പഠിക്കണം.

ദശരഥന്‍ എന്നാല്‍ പത്ത്‌ രഥമുള്ളവന്‍ എന്നാണു അര്‍ത്ഥം.രഥങ്ങള്‍ സൂചിപ്പിക്കുന്നത്‌ ഇന്ദ്രിയങ്ങളേയാണു.ഇന്ദ്രിയങ്ങള്‍ എപ്പോഴും പുറത്തേക്ക്‌ ഓടിക്കൊണ്ടിരിക്കുകയാണു.ആ പത്ത്‌ ഇന്ദ്രിയങ്ങളിലൂടെ ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണു മനുഷ്യരെല്ലാം.അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്ര ധിഷണാവൈഭവമുള്ള ഒരു ശരീരത്തേയാണു ദശരഥന്‍ എന്ന ശബ്ദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌.

അതായത്‌ മനുഷ്യശരീരത്തിന്റെ പ്രതീകമാണു ദശരഥന്‍ എന്നുചുരുക്കം.

ശരീരം അതിന്റെ കേവലാവസ്ഥയില്‍ വെറും ജഢമാണു.ജീവനാണു അതിനെ കര്‍മ്മവത്താക്കുന്നത്‌. ആ കര്‍മ്മകലാപങ്ങളാണു ഓരോനിമിഷവും നമുക്ക്‌ ചുറ്റും കാണുന്നത്‌. പണം ഉണ്ടാക്കാനും, അധികാരം കിട്ടാനും, കിട്ടിയ അധികാരം നിലനിര്‍ത്താനും, ഭോഗങ്ങള്‍ തേടാനുമുള്ള കര്‍മ്മകലാപങ്ങള്‍! ഇതില്‍ നിന്നും തത്ത്വവിചാരത്തിലേക്കുള്ള വഴി രാമായണം നമുക്ക്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നു.

1 comment:

ശിഷ്യന്‍ said...

പണം ഉണ്ടാക്കാനും, അധികാരം കിട്ടാനും, കിട്ടിയ അധികാരം നിലനിര്‍ത്താനും, ഭോഗങ്ങള്‍ തേടാനുമുള്ള കര്‍മ്മകലാപങ്ങള്‍! ഇതില്‍ നിന്നും തത്ത്വവിചാരത്തിലേക്കുള്ള വഴി രാമായണം നമുക്ക്‌ ചൂണ്ടിക്കാണിച്ച്‌ തരുന്നു.