Sunday, November 29, 2009

ഗീതാവലോകനം-2

ഗീത ആവിർഭവിച്ച ഒരു കാലഘട്ടം, ഗീത ആവിർഭവിക്കാൻ ഇടയായ ദേശം ഇവയൊക്കെ അന്വേഷിക്കണ്ടതും അറിയേണ്ടതുമാണു. പക്ഷെ ഗീതാന്വേഷണം അതു മാത്രമായി ചുരുങ്ങുന്നത് അഭികാമ്യമല്ല. കാരണം ഗീതയുടെ ഇതിവൃത്തം ചരിത്രമല്ല. ഗീതയിൽ എന്താണു പറയുന്നത്, എന്തിനാണു പറയുന്നത് എന്നതാണു പ്രധാനം. അതിനു അർജ്ജുനാദി കഥാപാത്രങ്ങളെയാണു വ്യാസമഹാമുനി അവലംബിച്ചിരിക്കുന്നത്.

ഭവത്ഗീതയുടെ പശ്ചാത് ഭൂമിയിലേക്ക് അർജ്ജുനനേയും കൃഷ്ണനേയും ഒരു നിമിഷം കൊണ്ടോ, ഒരു ദിവസം കൊണ്ടോ പെട്ടെന്ന് കൊണ്ടുവരികയല്ല മഹാഭാരത കർത്താവ് ചെയ്തത്. അതിനു നീണ്ടൊരു ചരിത്രമുണ്ട്. അവരുടെ വരവിന്റെ ആ ചരിത്രം ഗീതയിൽ തന്നെ സൂചിതവുമാണു. ഭഗവത് ഗീത നാലാം അദ്ധ്യായം ഒന്നാം ശ്ലോകത്തിൽ ഇത് കാണാം.

അർജ്ജുനന് എന്തിനാണു ഭഗവാൻ ഗീതോപദേശം ചെയ്തത്? അർജ്ജുനന് കൊടുത്ത ആ ഉപദേശം മുമ്പെവിടെയെങ്കിലും ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ? അങ്ങനെ കൊടുത്തിട്ടുണ്ടെന്ന് ഭഗവാൻ, താൻ തന്നെ പറയുന്നുണ്ടോ? ഇതിനുള്ള മറുപടി വ്യാഖ്യാതാവിന്റെ വ്യാഖ്യാനവൈഭവം കൊണ്ടല്ലാതെ ഭഗവത് ഗീതയിൽ തന്നെ സ്പഷ്ടമായി കാണാനാകുമോ?

ഇതിനൊക്കെയുള്ള വ്യക്തമായ ഉത്തരമാണു പ്രസ്തുത ശ്ലോകം. ഗീതയിൽ നിന്ന് വേറിട്ട് ഏതെങ്കിലും വ്യാഖ്യാനഗ്രന്ഥങ്ങളിലോ ആചാര്യന്മാരുടെ സ്വകപോല കല്പിതങ്ങളായ ചിന്തകളിലോ അല്ല അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഭഗവത് ഗീത അർജ്ജുനന് പറഞ്ഞുകൊടുക്കേണ്ടിവരുന്ന സന്ദർഭത്തെക്കുറിച്ചാണു വിശദീകരണം. അവിടെ നിന്ന് നമുക്ക് പിറകോട്ട് ചിന്തിക്കാം.

“ഇമം വിവസ്വതേ യോഗം ................പരന്തപ” (4 - 1,2)

ഈ യോഗശാസ്ത്രം, പണ്ട് ഞാൻ വിവസ്വാനു പറഞ്ഞു കൊടുത്തതാണു. വിവസ്വാൻ സ്വപുത്രനായ മനുവിനും, മനു അവന്റെ പുത്രനായ ഇക്ഷ്വാകുവിനും അത് കൈമാറി. ഇങ്ങനെ പരമ്പരയാ തുടർന്നുപോയ യോഗം രാജർഷിമാർക്കും ലഭിച്ചു. അതു തന്നെയാണു ഞാനിപ്പോൾ നിനക്കും പറഞ്ഞുതരുന്നത്.

ഇതിൽ നിന്നും നാം എന്താണു മനസിലാക്കേണ്ടത്?

ഭഗവത് ഗീതയുടെ ദർശനം ഒട്ടും പുതിയതല്ല.

യുദ്ധക്കളത്തിൽ വച്ച് അർജ്ജുനനെ യുദ്ധസന്നദ്ധനാക്കാൻ പെട്ടെന്ന് ഉണ്ടാക്കിയ ഒരു തത്ത്വശാസ്ത്രമാണ് ഗീതയെന്ന് ധരിച്ചിട്ടുള്ളവർ അനവധി പേരുണ്ടാകും. എന്നാൽ അതല്ല വാസ്തവമെന്ന് ഗീത തന്നെ പറയുന്നു.

പണ്ടേ ഉണ്ടായിരുന്ന ഒരു ദർശനമാണത്. ഇക്ഷ്വാകുവിനും, മനുവിനും മുമ്പേ വിവസ്വാന്റെ കാലത്തു തന്നെ അത് ഉണ്ടായിരുന്നു. ശ്രീകൃഷ്ണ പരമാത്മാവാണു അന്നും അത് പറഞ്ഞു കൊടുത്തത്.
പ്രോക്തവാൻ ‘അഹം’ എന്നാണു ശ്ലോകം. അന്നു പറഞ്ഞുകൊടുത്ത ശ്രീകൃഷ്ണൻ തന്നെയാണോ ഈ നിൽക്കുന്നത് എന്നേ സംശയിക്കാനുള്ളു.

1 comment:

അരുണ്‍ കരിമുട്ടം said...

ഒരിക്കല്‍ രാമകഥ വായിക്കാന്‍ ഈ ബ്ലോഗ് സഹായകമായി, ഇന്നിതാ ഗീതാവലോകനവും.തുടരണേ..