Wednesday, November 24, 2010

ഗീതാവലോകനം - 4 ; പുരുഷാപരാധം

ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ നിഷ്കളങ്കതയിൽ അവന്റെ ഹൃദയവും മനസും ശുഭ്രമായിരിക്കും. അതിലേക്ക് അവന്റെ അമ്മയും അച്ഛനും പറഞ്ഞു കൊടുക്കുന്നത്: ‘നീ എന്റെ മകനാണു’എന്നാണു. നിരന്തരം അവനത് കേൾക്കുന്നു.

“ മകനെ നീ ഞങ്ങളുടേതാണു”,

ഞങ്ങളുടേത് അല്ലെങ്കിൽ എന്റെ മാത്രം

ആവർത്തിച്ചാവർത്തിച്ചുള്ള ആ കേൾവിയിലൂടെ താൻ ഇന്നയാളിന്റെ മകനാണെന്ന ഒരു പരിമിതിയിലേക്ക് ആ ശിശു ചുരുങ്ങുന്നു. ആ പരിമിതിക്ക് യോജിച്ച അഹന്തയും കുറേ കർത്തവ്യവിശേഷങ്ങളും അവനിൽ രൂഢമൂലമാകുകയായി. പറ്റിയാലും പറ്റിയില്ലെങ്കിലും അവന്റെ ബോധമണ്ഡലത്തിൽ അതിന്റെ ഒരു ഭാവം രൂപപ്പെടും. അങ്ങനെയാണു നമുക്ക് ചുറ്റുമുള്ള ഈ ലോകം ഉണ്ടായിരിക്കുന്നത്.

ഒരു കുട്ടി ജനിക്കുമ്പോൾ ഒരാളും ‘ നീ ഭൂമിയുടെ ഉപ്പാണെന്നും നീ പ്രപഞ്ചത്തിന്റെ ആകെ സ്വത്താണെന്നും, നിന്റെ വ്യക്തി സത്ത ഈ സാമാജിക സത്തയിലാണു കുടികൊള്ളുന്നതെന്നും, നിന്റെ പരമമായ ധർമ്മം ഈ സമാജത്തിന്റെ ഉൽക്കർഷമാണെന്നും’ പറഞ്ഞു കൊടുക്കാറില്ല.

ഒരു കുഞ്ഞിലേക്ക് ആദ്യാറിവു വരുന്നത് ചുറ്റുമുള്ള ഈ പ്രപഞ്ചത്തിൽ നിന്നാണു. അതിനെ മറച്ചു വച്ചാണു അമ്മയും അച്ഛനും അവനിൽ പുത്രനാണെന്നുള്ള അറിവ് വളർത്തുന്നത്.

ആകാശത്തിൽ പറവകൾ. തൊടികളിൽ തരുലതാദികൾ. വേരൊരിടത്ത്  പുഴ. കിഴക്ക് ഉദിച്ചു വരുന്ന സൂര്യൻ. രാത്രിയിൽ മാനത്ത് നക്ഷത്രങ്ങൾ. ഇവയൊക്കെ അവനെപ്പോലെ തന്നെ സത്യങ്ങൾ. . പക്ഷെ  ഉപദേശം അവനിൽ വരുത്തുന്ന മാറ്റമോ?
ഇതൊക്കെ ‘എന്റേതെ’ന്ന്!
എന്നാൽ, ഇതെല്ലാം ചേർന്നതാണു അവനെന്ന് അവനാരും പറഞ്ഞു കൊടുക്കുന്നില്ല.

- കുഞ്ഞേ, ഏകമല്ല നിന്റെ വ്യക്തിസത്ത. ഈ കാണുന്ന പ്രപഞ്ചമെല്ലാം കൂടിച്ചേരുന്ന വിശ്വനാണു നീ. ഇതിന്റെ സമഗ്രമായ നിലനില്പിലാണു നിന്റെ നിലനിൽ‌പ്പ്. ഇതിലേതിനുണ്ടാകുന്ന ദോഷവും വിനാശവും നിന്റെ കൂടി ദോഷവും വിനാശവുമാണു. നിന്റെ അറിവിനും വികാസത്തിനും പരിണാമത്തിനും പ്രപഞ്ചവുമായി ഉള്ള ഈ ചേർച്ചക്ക് സുതാര്യമായ ഒരു ഐതിഹാസികതയുണ്ട്. ഇതിനെയെല്ലാം സമഗ്രമായി യോജിപ്പിക്കുവാനാണ് പുത്രാ നീ ജന്മം കൊണ്ടിരിക്കുന്നത്.....

ഇന്ന് ഇങ്ങനെ ആരെങ്കിലും പഠിപ്പിക്കുമോ?

സംശയമാണു.

- നീ എന്റെ മകനാണു. എനിക്ക് വിരോധമുള്ളതെല്ലാം നിനക്ക് വിരോധമുള്ളതായിരിക്കണം. എനിക്ക് പ്രിയപ്പെട്ടതെല്ലാം നിനക്കും പ്രിയമുള്ളതായിരിക്കണം. എന്റെ ആവശ്യങ്ങളിൽ അധിഷ്ഠിതമായിരിക്കണം നിന്റെ കർത്തവ്യകർമ്മങ്ങൾ. എന്റെ സങ്കല്പസാമ്രാജ്യത്തിലൂടെ ആയിരിക്കണം നിന്റെ ജീവിതയാത്ര. അങ്ങനെയല്ലെങ്കിൽ പുത്രനായാലും നീ എന്റെ ശത്രുവാണു. എന്റെ വാസനാബദ്ധമായ സങ്കല്പജീവിതം നീ നയിച്ചാൽ നീ സത്പുത്രനും ഞാൻ ഭാഗ്യവാനുമാണു.

ആധുനികമായ ഈ കാലത്ത് നാം ഏറെക്കാണുന്നത് ഈ ചിത്രമല്ലെ?

രാവിലെ വീടുകളിൽ പോയി നോക്കിയാൽ ഈ ചിത്രം തെളിഞ്ഞു കാണാം. സ്കൂളിലയക്കാനുള്ള തത്രപ്പാടിൽ അമ്മമാർ കുട്ടികൾക്ക് മീതെ കോരിച്ചൊരിയുന്ന വാക്കുകൾ ശ്രദ്ധിച്ചു നോക്കുക. കുട്ടികൾ ഉണരുന്നത് ശാന്തിയിലേക്കല്ല. പിരിമുറുക്കത്തിന്റേയും കലാപത്തിന്റേയും ശുണ്ഠിയുടേയും വൈതാളിക ലോകത്തിലേക്കാണു. അവർക്കെങ്ങനെ ഉത്തമന്മാരാകാൻ കഴിയും? അവർക്കെങ്ങനെ അറിവ് സമ്പാദിക്കാൻ കഴിയും? അവർ അറിവൊന്നും സമ്പാദിക്കുന്നില്ല എന്ന്  കഠിനമായ ജീവിത യാഥാർത്ഥ്യങ്ങളെ നേരിടുന്ന സന്ദർഭത്തിലാണു അവരും മാതാപിതാക്കളും മനസിലാക്കുന്നത്. ജീവിതത്തിനു യാതൊരു തരത്തിലും പ്രയോജനപ്പെടാത്ത കുറേ ബിരുദങ്ങൾക്ക് വേണ്ടിയാണു സമയവും സ്നേഹവും പാരസ്പര്യവും നഷ്ടപ്പെടുത്തിക്കൊണ്ട് ആധുനികർ കുട്ടികളെ വളർത്തുന്നത്. അവർ വളർന്നു വരുമ്പോൾ മനശ്ശാസ്ത്രജ്ഞന്മാർക്ക് വേണ്ടത്ര തൊഴിൽ നൽകുന്നുണ്ട് എന്നതൊഴിച്ചാൽ അവരെക്കൊണ്ട് എന്താണു പ്രയോജനം?

ജീവിക്കുവാൻ വളരെയൊന്നും പഠിക്കേണ്ടതില്ല. ഒരു ഡിഗ്രിയും അതിനു വേണ്ട. ഇതൊക്കെ വളരെ വൈകിയേ മനസിലാകു.സമഗ്രമായ ജീവിതത്തിൽ മുന്നേറുമ്പോൾ വഴിയിൽ വില്പനക്ക് വച്ചിരിക്കുന്ന ബിരുദങ്ങൾ വാങ്ങി സഞ്ചിയിൽ ഇടുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ ജീവിതത്തിന്റെ പാഠം നന്നായി ഉറച്ചു വേണം മുന്നോട്ട് പോകേണ്ടത്. അത് പഠിപ്പിച്ചു കൊടുക്കേണ്ട അമ്മമാർ ഇന്ന് അജ്ഞാനത്തിന്റേയും വിപരീത വിജ്ഞാനത്തിന്റേയും പടുകുഴിയിലാണു. തങ്ങളുടെ മക്കൾ വലിയ വലിയ ഉദ്ദ്യോഗങ്ങൾ നേടി പണം സമ്പാദിക്കുന്നു എന്ന്  അമ്മമാർ അഭിമാനിക്കുമ്പോൾ, കുട്ടികൾ അവരുടേതല്ലാത്ത ഒരു ലോകത്തിന്റെ ഭാരം ചുമക്കുകയാണു എന്ന് ആ അമ്മമാർ അറിയുന്നില്ല. അറിയുന്നവർ തന്നെ അത് പുത്രധർമ്മമാണെന്ന് വ്യാഖ്യാനിക്കും. അതിനു ഉപോൽബലകമായ ഭീഷ്മരേപ്പോലുള്ളവരുടെ ത്യാഗകഥകളും പ്രസിദ്ധമാണു. എന്നാൽ അവ പിതാവിന്റേയും മാതാവിന്റേയും അഹംബുദ്ധിയെ താലോലിച്ച കഥകൾ കൂടിയാണെന്ന് അവർ മനസിലാക്കുന്നില്ല.

ഇത്തരം കഥകൾ കേൾക്കുമ്പോൾ കുഞ്ഞിന്റെ വ്യക്തിജീവിതം ഒന്നു കൂടി സങ്കുചിതമാകും.തനിക്കിഷ്ടമില്ലെങ്കിലും ഇത്തരം കർത്തവ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്ന വിചാരം അവനെ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ കൊണ്ടെത്തിക്കും.

പുരുഷാപരാധം ഇതാണു.
സർവ്വജ്ഞാത്മമുനി പറയുന്ന 21 തരം പുരുഷാപരാധങ്ങളിൽ ഒന്നു മാത്രമേ ഇതാകുന്നുള്ളു.

ഈ പുരുഷാപരാധമെങ്ങനെയാണു ജാതിയായും വർണ്ണമായും പരിണമിക്കുന്നത്?

.

.

2 comments:

ശിഷ്യന്‍ said...

പുരുഷാപരാധം ഇതാണു.
സർവ്വജ്ഞാത്മമുനി പറയുന്ന 21 തരം പുരുഷാപരാധങ്ങളിൽ ഒന്നു മാത്രമേ ഇതാകുന്നുള്ളു.

Anonymous said...

ബാക്കി പുരുഷാപരാധങ്ങളെ കുറിച്ച് എങ്ങനെ അറിയും?