Tuesday, November 30, 2010

ഗീതാവലോകനം 5; പുരുഷാപരാധം (തുടർച്ച)

ഇന്നു ഒരു കുഞ്ഞുപിറന്നു കഴിഞ്ഞാൽ പുത്രധർമ്മത്തിൽ അധിഷ്ഠിതമായി മാതാവിന്റേയും പിതാവിന്റേയും അഹംബുദ്ധിയെ താലോലിക്കുവാൻ അവൻ ബാദ്ധ്യസ്ഥനാകുന്നു. അതവന്റെ വ്യക്തിജീവിതത്തെ സങ്കുചിതമാക്കുമെന്ന് അച്ഛനും അമ്മയ്ക്കും അറിയില്ല. അറിഞ്ഞാൽ തന്നെ അവർക്ക് അതൊരു പ്രശ്നമല്ല. പ്രാ‍പഞ്ചിക സമഗ്രതയിൽ നിന്നു സങ്കുചിതത്തിലേക്ക് അവൻ വീണുപോകുന്നതിൽ അവർക്ക് സന്തോഷമേയുള്ളു.

അവനും അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന വീട്, സമാജത്തിൽ അവർ ചെയ്തുവന്ന പ്രവർത്തി, അതിനു അനുഗുണമായ തുടർപ്രവർത്തനങ്ങൾ. ഇതാണു പിന്നീട് സംഭവിക്കുന്നത്. ‘നീ ഞങ്ങളുടെ പുത്രനാണു, പുത്രനാണ്’ എന്നു ആവർത്തിച്ചാവർത്തിച്ചു പറയുന്നത് ആ ചങ്ങലക്കണ്ണിയിലേക്ക് അവനെ വിളക്കിച്ചേർക്കാനാണു.

അച്ഛൻ, അമ്മ അല്ലെങ്കിൽ അമ്മാവൻ ഒരു കാലത്ത് ചെയ്ത പ്രവർത്തി, അതേ തൊഴിൽ ചെയ്യുന്നവർ യോജിച്ചു ചേർന്നു പരമ്പരയാ കുറേക്കാലം കൊണ്ടുപോയപ്പോൾ അതവന്റെ വർണ്ണമോ ജാതിയോ ആയി മാറുന്നു. ജാത്യാചാരത്തിന്റേയും വർണ്ണാചാരത്തിന്റേയും ഭാഗമായി ഏതെങ്കിലും കാലത്ത് ചെയ്തിരുന്നത് - അന്നത് ശരിയായിരുന്നു, ഇപ്പോഴത് ശരിയല്ലെങ്കിൽ കൂടി അവൻ ചെയ്യാൻ നിർബ്ബന്ധിതനായിത്തീരുന്നു. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നു ബോദ്ധ്യപ്പെട്ടാലും ശരിയാണെന്നു വരുത്തിത്തീർക്കാൻ ബുദ്ധിയെ വ്യാപരിപ്പിക്കേണ്ട ഒരവസ്ഥയിലാകുന്നു അവൻ. അവനു തെറ്റായ അതിനെ മറ്റുള്ളവരോട് ശരിയെന്നു വാദിക്കാനും ബോദ്ധ്യപ്പെടുത്താനും അവൻ സ്വയം പരിണമിക്കേണ്ടി വരുന്നു. തന്റെ അച്ഛനപ്പൂന്മാരും അവരുടെ അപ്പുപ്പന്മാരും അടങ്ങുന്ന ജാതിയുടെ, പാരമ്പര്യത്തിന്റെ പുരാതനകാലം മുതലുള്ള എല്ലാ ചെയ്തികളും ഇന്നത്തെ കാലത്തിനു വിശ്വാസ്യമാകുന്ന രീതിയിൽ വ്യാഖ്യാനിച്ചു ശരിപ്പെടുത്തി മറ്റുള്ളവരെക്കൊണ്ട് സമ്മതിപ്പിച്ച്, താനും തന്റെ ജാതിയും അവരുൾക്കൊള്ളുന്ന പ്രത്യേകസമൂഹവും മറ്റുള്ളതിലെല്ലാം മേലേയാണെന്ന് സ്ഥാപിക്കുവാൻ അവൻ നിയുക്തനായിത്തീരുന്നു. അതൊരു പുതിയ കൂട്ടായ്മയിലേക്ക് വളരുമ്പോൾ ഇപ്പോഴത്തെ ജീവിതത്തിനു പാരമ്പര്യവത്തായി ഒന്നുമില്ലെങ്കിൽ പോലും ആ പാരമ്പര്യത്തിന്റെ പേരിൽ ഈ ലോകത്ത് അർഹമായി മറ്റൊരുത്തനു കിട്ടേണ്ട ആനുകൂല്യം പിടിച്ചു പറിയ്ക്കാൻ അത് സഹായിക്കുന്നു എന്ന വ്യാമോഹത്തിലേക്കാണു അവൻ ചെന്നു വീഴുന്നത്. ശരിയല്ലെ?

അപ്പോൾ ഇതുപോലെ വിവിധതരം ജാതികൾ ഉണ്ടാകുമ്പോൾ എത്ര തരം ശരികളാണു ലോകത്ത്? ഈ ശരികൾ പരസ്പര വിരുദ്ധമാകുമ്പോഴോ? ഒരുപാട് ശരികൾ. അത്രയും തന്നെ തെറ്റുകൾ.

ഒരാൾക്ക് അല്ലെങ്കിൽ അയാളുൾക്കൊള്ളുന്ന സമൂഹത്തിനു ശരിയാകുന്ന ശരി അതേ സമയം വേറൊരാൾക്കും അയാൾ ഉൾക്കൊള്ളുന്ന സമൂഹത്തിനും തെറ്റുമാകുന്നു. ഒരു ശരിക്കു മുന്നിൽ ഒരുപാട് തെറ്റുകൾ? ഇതിങ്ങനെ ജാതി, മതം, വർഗ്ഗം, വർണ്ണം തോറും മാറിക്കൊണ്ടിരിക്കുന്ന വിചിത്രമായ കാഴ്ച ഒന്നു സങ്കല്പിച്ചു നോക്കു. എത്ര രസാവഹമാണത്.

എല്ലാ ശരികളും പിൻ‌പറ്റുന്നിടത്ത് എല്ലാ മുഖത്തോടും കൂടി ഒരാൾ, ഒരൊറ്റയാൾ സഞ്ചരിക്കുന്നു എന്നു വിചാരിക്കുക.

ഒരു ജാതിക്ക്, ‘ശരി’യായ സങ്കല്പത്തിൽ ‘ജാതി’യൊന്നുമില്ലാത്ത തുറന്ന മനസോടുകൂടിയ ഒരുവൻ കയറിയിരുന്നു അവിടുത്തെ ശരി പഠിച്ചിട്ട് അടുത്ത ജാതിയുടെ ശരിയിലേക്ക് പോയി അതും പഠിച്ച് അങ്ങനെ പോയിപ്പോയി എല്ലാ ശരികളും പഠിച്ച് അതെല്ലാം ഉൾക്കൊണ്ട്,  എല്ലാ ശരികളും ഒന്നിച്ച് രൂപാന്തരപ്പെട്ട് ഒരുവനായി നിൽക്കുമ്പോൾ എന്തു സംഭവിക്കും?

സ്വന്തം ശരിമാത്രം ശരിയാണെന്ന് വിചാരിച്ച് പരസ്പരം പോരടിക്കുന്നവരുടെ ലോകത്തിൽ എല്ലാ ശരികളും പഠിച്ച് എല്ലാ ശരികളും ഉൾക്കൊണ്ട് എല്ലാ ശരികളും രൂപാന്തരപ്പെട്ട് ഒരുവൻ നിന്ന് അതിനെ നോക്കുന്നു എന്ന് വിചാരിക്കുക.

അപ്പോൾ പരസ്പരം പോരടിക്കുന്ന ശരികൾക്ക് മുൻപിൽ ശരിയേതെന്നു നിശ്ചയിക്കാനാവാത്ത ഒരുവൻ സംജാതമാകുമോ? അതോ എല്ലാം ശരിയാണെന്ന് നിശ്ചയിച്ചുറയ്ക്കുന്ന ഒരുവൻ സംജാതമാകുമോ?

ചോദ്യം?

ചോദ്യം മനസിലാകുന്നുണ്ടോ?

ഓരോത്തന്റെയും ശരി അവന്റെ സങ്കുചിതാവസ്ഥയുടെ പ്രതിഫലനമാണു.

ഒരു മതം അല്ലെങ്കിൽ ജാതി അല്ലെങ്കിൽ വർഗ്ഗം അതിന്റെ ശരിയെന്നു പറയുന്നതത്രയും ആ ജാതിയുടെ മതത്തിന്റെ വർഗ്ഗത്തിന്റെ അപ്പോഴത്തെ കൂട്ടായ്മയെ ഭൌതികങ്ങളായ നേട്ടങ്ങൾക്കുവേണ്ടി തിരിച്ചു വിടാനും തെറ്റെന്നു അവർ പറയുന്നവരുടെ ഭൌതിക നേട്ടങ്ങളെ തടയുവാനും വേണ്ടി ഉദ്ദേശിച്ചുള്ളവയാണെന്നു പറയുന്നതല്ലെ ഏറെ ശരി?

എതിരാളിയും ഒട്ടും വ്യത്യസ്ഥനല്ല. ഇവനേപ്പോലെ തന്നെ അവനും.

എനിക്കും വേറൊരുവനും സമ്മതമാകുന്ന ഒരു ശരി, ഞങ്ങൾക്കിരുവർക്കും ലാഭമുണ്ടാകുന്നില്ലെങ്കിൽ, ഭൌതികമായ ഒരു ശരിയായി വരികയില്ല.

അപ്പോൾ, എല്ലാവർക്കും സമ്മതമായ ഒരേയൊരു ശരി ഭൌതികേതരമാകാനേ വഴിയുള്ളു.

ആ ശരി ഒഴികെയുള്ളതെല്ലാം പുരുഷാപരാധത്തിന്റെ പരിധിയിൽ വരുമെന്ന് സർവ്വജ്ഞാത്മമുനി പറയുന്നു. ലോകത്ത് 21 തരം പുരുഷാപരാധങ്ങളാണു. അവയിൽ ഒന്നു മാത്രമേ ആയിട്ടുള്ളു.

ഒരുവൻ ഒരു ജാതിയിൽ ഒരു മതത്തിൽ ജനിക്കുന്നത് യാദൃശ്ചികമാണു. ആദ്യം അവന്റെ അച്ഛനമ്മമാരുടെ ജാതി കൊണ്ട് അവനെ മുദ്ര കുത്തും. അവനതിൽ ഒരു പങ്കുമില്ലെന്നതല്ലെ യാഥാർത്ഥ്യം? ജന്മം കൊണ്ട് ഒരുവൻ ഇന്ന ജാതിയാണെന്ന് പറയുന്നതിനു എതാണു അർത്ഥം? ജനിക്കുമ്പോൾ ഒരു കുഞ്ഞിനു ജാത്യാഭിമാനമുണ്ടോ? ഇല്ലെന്നു തോന്നുന്നു. ശരിയാണോ?ജനിച്ചു കഴിഞ്ഞാണു അവനിൽ ജാത്യാഭിമാനം ഉണ്ടാകുന്നത്. പൂർവ്വാചാര്യന്മാരുടെ ഈ വിഷയത്തിലുള്ള ചിന്ത ഗഹനമാണു. അതിന്റെ ഒരു ദൃഷ്ടാന്തമാണു മഹാഭാരതത്തിലെ പാണ്ഡവരും കൌരവരും. ജന്മം കൊണ്ട് അവരുടെ ജാതിയും അവർ വച്ചുപുലർത്തിയ ജാത്യാഭിമാനവും ഒന്നു പരിശോധിച്ചു നോക്കുക. നമ്മോടുള്ള വ്യാസന്റെ വക ഒരബോധപ്രബോധനമാണത്.

കേരളത്തിലുമുണ്ട്, ഈ വിഷയത്തിൽ ശക്തമായ ഒരു മിത്ത്. പറയി പെറ്റ പന്തിരു കുലം!

ഒരു പറയ വനിതയെയാണു വരരുചി വിവാഹം കഴിക്കുന്നത്. ആദ്യത്തെ കുട്ടിയെ അഗ്നിഹോത്രിയുടെ ഇല്ലത്ത് വളർത്തിയപ്പോൾ പുരുഷാപരാധം ബ്രാഹ്മണ്യം കൊണ്ട് ഉൽക്കടമായി. രണ്ടാമത്തെ കുട്ടി രജകന്റെ വീട്ടിലാണു വളരുന്നത്. ഇപ്പോൾ അച്ഛനും അമ്മയും മാറിയില്ലെങ്കിലും കുട്ടി രജകപാരമ്പര്യത്തിലായി. അവിടെ പുരുഷാപരാധം വേറൊന്നാകുന്നു. തച്ചന്റെ വിട്ടിലാകുമ്പോൾ അത് പിന്നെയും മാറുന്നു. അങ്ങനെയങ്ങനെ അത് പോവുകയാണു.

താൻ കേട്ടും പഠിച്ചും വരുന്ന പുരുഷാപരാധപരമായ സങ്കുചിതത്ത്വത്തിൽ നിന്നാണ് മാനവന്റെ ആദ്യത്തെ അധ:പതനം സംജാതമാകുന്നത്. സർവ്വജ്ഞാത്മമുനിപുരുഷാപരാധത്തെ വച്ചു കൊണ്ട് അത് പറയുന്നുണ്ട്. പുറമേ നാം കേൾക്കുന്ന അറിവുകൾ ഒന്നും അത് കഴിക്കളയുവാൻ പര്യാപതമല്ല. (ഇതു വായിച്ചാലും...). എന്നു മാത്രമല്ല മാനവിലെ പുരുഷാപരാധം ചെന്നു കയറുന്ന അറിവിനേക്കൂടി അഹംബുദ്ധിയിൽ ലയിപ്പിച്ച് അവനെ കൂടുതൽ ഉദ്ദൃതനാക്കും. പിന്നെ ആ അറിവു അവന്റെ അഹംബുദ്ധിയിൽ കൊമ്പ് പോലെ മുഴച്ചു നിൽക്കുന്നത് കാണാം. അറിയുന്നതത്രയും പുരുഷാപരാധപരമായ തന്റെ അഹങ്കാരത്തിനു വളവും വെള്ളവും നൽകി ഉള്ളതിനേക്കാൾ ‘അറിഞ്ഞ ഒരു സങ്കുചിതനെ’ സൃഷ്ടിക്കാൻ അത് സഹായകമാകും.

ആലോചിച്ചാൽ ലോകം ഒരു വല്ലാത്ത ഒരു തമാശ തന്നെ.

2 comments:

ശിഷ്യന്‍ said...

കേരളത്തിലുമുണ്ട്, ഈ വിഷയത്തിൽ ശക്തമായ ഒരു മിത്ത്.

Anonymous said...

എന്താണ് എഴുത്ത് നിര്‍ത്തിയത്? ജ്ഞാനം നിരുപാധികതയിലേക്ക് കടക്കുമ്പോള്‍ പിന്നെ എഴുത്തെന്തിന് എന്ന നില വരും. എങ്കില്‍ സന്തോഷം തന്നെ. സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമാകും, പറ്റുമെങ്കില്‍ എഴുതണം.