Sunday, August 12, 2007

രാമകഥ 29

രാമകഥ 29
1182 കര്‍ക്കടകം 29 / 2007 ആഗസ്റ്റ്‌ 14

നിര്‍മ്മലാനന്ദമാണു ഒരു സാധകനു ബ്രഹ്മം നല്‍കുന്ന അനുഭൂതി. അതിലേക്ക്‌ എത്തിച്ചേരുകയെന്നത്‌ ഒരു ഗിരിശിഖരം കീഴടക്കുന്നപോലെ ആയാസകരമായിത്തോന്നാം. പക്ഷെ ആ അനുഭൂതിയിലെത്തുമ്പോള്‍ സാധകന്‍ എല്ലാം മറക്കുന്നു. ആഞ്ജനേയനും ഇപ്പോള്‍ ഏതാണ്ട്‌ ആ അവസ്ഥയിലാണു. സീതാദേവിയെ കണ്ടിട്ടും കണ്ടിട്ടും ആഞ്ജനേയനു മതിവരുന്നില്ല. ആ ദിവ്യരൂപം നോക്കിയിരിക്കുമ്പോള്‍ ബാക്കിയെല്ലാം മറന്നുപോകുന്നു.

ഇച്ഛാഭംഗത്തോടെ രാവണന്‍ പോയിക്കഴിഞ്ഞപ്പോഴാണു കപിവരന്‍ പ്രത്യക്ഷപ്പെടുന്നത്‌. രാജസം മാറി നിന്നപ്പോള്‍ സാധകനു ബ്രഹ്മസാന്നിദ്ധ്യം ഉണ്ടായി. സീതാദേവി സംശയത്തോടെയാണു ഹനുമാനെ നോക്കിയത്‌. രാക്ഷസന്മാര്‍ പലരൂപത്തിലും വരാറുണ്ട്‌. ഈ കുരങ്ങന്‍ വേഷം മാറിവന്നിരിക്കുന്ന ഏതെങ്കിലും നിശാചരിയായിരിക്കുമോ?

യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തിനു ആ വിധസംശയമൊന്നുമില്ല. നിര്‍വ്വികാരമാണത്‌. എന്നാല്‍ സാധകന്റെ ഉള്ളില്‍ രാജസാംശം പിന്നെയും നിലനില്‍ക്കുന്നതു കൊണ്ട്‌ സ്വയം തോന്നുന്ന സംശയമാണത്‌. ബ്രഹ്മവിദ്യയെ താന്‍ തിരിച്ചറിഞ്ഞതായി സാധകനു ബോദ്ധ്യപ്പെടണമെങ്കില്‍ തന്നിലുള്ള ബ്രഹ്മവിദ്യയുടെ അടയാളങ്ങള്‍ അംഗീകരിക്കപ്പെടണം. അംഗുലീയവും അടയാളവാക്യവും അതിനുള്ളതാണു. അതു കണ്ടപ്പോള്‍ സീതയ്ക്ക്‌ ഹനുമാനിലുള്ള സംശയം ഇല്ലാതായി എന്നുപറഞ്ഞാല്‍ സാധകനു ബ്രഹ്മവിദ്യ ബോദ്ധ്യപ്പെട്ടു എന്നാണു മനസിലാക്കേണ്ടത്‌.

ബ്രഹ്മവിദ്യ സാധകനെ ഉന്മത്തനാക്കി. സമാധിയുടെ അനന്തര പടികളാണു ഇനി അവശേഷിക്കുന്നത്‌. അതിനുള്ള സാധനയിലേക്ക്‌ സാധകന്‍ പ്രവേശിക്കേണ്ടതുണ്ട്‌. അത്‌ ഇനിയൊരിക്കല്‍. കര്‍ക്കടകത്തിന്റെ അവസാന ദിവസമായ ഇന്നു രാമകഥ തല്‍ക്കാലം ഇവിടെ അവസാനിക്കുകയാണു.

ജീവന്റെ സാധകരൂപത്തിലുള്ള പ്രയാണമാണു നാം ഇതുവരെ കണ്ടത്‌. അതു ബ്രഹ്മവിദ്യയെ കണ്ടെത്തിക്കഴിഞ്ഞു. അങ്ങനെ സീതാന്വേഷണം പൂര്‍ത്തിയായ ഹനുമന്റെ കഥ ഇവിടെ നിര്‍ത്താം. ബ്രഹ്മവിദ്യാപ്രാപ്തിയും തുടര്‍ന്നുള്ളതും ഇനിയൊരവസരം കിട്ടിയാല്‍ അപ്പോള്‍.‍

രാമായണം പോലുള്ള കൃതികള്‍ 'നിര്‍മ്മലാനന്ദഗിരി'കളായിട്ടുള്ള ഗുരുക്കന്മാരില്‍ നിന്നും നേരിട്ടുപഠിക്കുമ്പോഴെ അതിന്റെ അന്തഃസത്ത പൂര്‍ണ്ണമായും ഗ്രഹിക്കാനാവു. അതിനു പുനരാഖ്യാനം നല്‍കുമ്പോള്‍ പിഴ പലതുമുണ്ടാകും. അത്‌ ലേഖകനില്‍ അര്‍പ്പിക്കുകയല്ലാതെ ഭാരതീയ ഋഷിപരമ്പരയില്‍ ആരോപിക്കരുതെന്ന അപേക്ഷയോടെ,

“ഭുജംഗപ്രയാതം പരം വേദസാരം
സദാരാമചന്ദ്രസ്യ ഭക്ത്യൈവനിത്യം
പഠന്‍ സന്തതം ചിന്തയന്‍ സ്വന്തരംഗേ
സശശ്വല്‍ ഭജേന്ദ്രാമചന്ദ്രാധിവാസം. “

രാമകഥ 28

രാമകഥ 28

1182 കര്‍ക്കടകം 28 / 2007 ആഗസ്റ്റ്‌ 13

ഇനി ആ കുണ്ഡലിനീശക്തിയെ സഹസ്രാരത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നുമേവും
തരുവിനടിയ്ക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം
എന്നു നാരായണഗുരുദേവന്‍ ആത്മോപദേശശതകത്തില്‍ പറയുന്നു.

അന്തര്‍ ദൃശ്യ അനുവിദ്ധ സമാധിയില്‍ എത്തുന്ന സാധകന്‍ യഥാര്‍ത്ഥ ബ്രഹ്മവിദ്യയെ തന്റെ ഉള്ളില്‍ത്തന്നെ കണ്ടെത്തുകയാണു. ബ്രഹ്മത്തിന്റെ ഒരാന്തരിക ദര്‍ശനം അപ്പോള്‍ ഉള്ളില്‍ തെളിഞ്ഞുവരും.
'തത്ത്വമസ്യാദി മഹാവാക്യാര്‍ത്ഥ ജ്ഞാനംകൊണ്ടല്ലാതെ മുക്തി ലഭിക്കാനെളുതല്ലൊരുനാളും' അതിനാല്‍,സാധകന്‍ ഗുരുവിനെ പ്രാപിച്ച്‌ 'പ്രജ്ഞാനം ബ്രഹ്മ', 'അഹംബ്രഹ്മാസ്മി', 'തത്ത്വമസി', 'അയമാത്മാബ്രഹ്മ' തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥം ഗ്രഹിച്ചു. രാമായണാരംഭത്തില്‍ നാമിതു കാണുന്നുണ്ട്‌. വസിഷ്ഠാദികളില്‍ നിന്നു രാമന്‍ ജ്ഞാനം നേടുന്നു. തന്റെ ഉന്നതമായ മനനശീലത്തിലൂടെ താന്‍ അതുതന്നെയാണെന്നു സാധകന്‍ ഭാവന ചെയ്തു ചില സമാധി ദശകളെ പ്രാപിക്കും. ബാഹ്യദൃശ്യാനുവിദ്ധം, ബാഹ്യശ്രവ്യാനുവിദ്ധം, അന്തര്‍ ദൃശ്യാനുവിദ്ധം, അന്തര്‍ശ്രവ്യാനുവിദ്ധം, സവികല്‍പം, നിര്‍വ്വികല്‍പം, നിര്‍വൃത്തി, നിര്‍വ്വാസന, നിര്‍വ്വിഷയം തുടങ്ങിയ സമാധികളുടെ പടവുകളിലൂടെയാണു സാധകന്‍ കടന്നുപോകേണ്ടത്‌. ഇവയില്‍ ആദ്യത്തെ അഞ്ചു സാധനകള്‍ സാധാരണ ജ്ഞാനപ്രാപ്തിക്കു തൊട്ടുമുന്‍പുള്ളവയാണു. അതിലെ അന്തര്‍ ദൃശ്യാനുവിദ്ധ സമാധിവരെ സാധകന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. ജീവന്‍ ഒരിടത്തിരുന്നുകൊണ്ട്‌ ബ്രഹ്മചര്യത്തിലൂടെ സഞ്ചരിച്ച്‌ വിവിധ സമാധിദശകള്‍ കടന്ന് അവിടെയെത്തിയെന്നു മനസിലാക്കണം.

ഇനിയും ഉന്നതമായ തലങ്ങളിലേക്ക്‌ ജിവനുപോകേണ്ടതുണ്ട്‌. അതിനു ആമ തന്റെ അംഗങ്ങള്‍ ഉള്ളിലേക്ക്‌ വലിക്കുന്നപോലെ സാധകന്‍ തന്റെ ഇന്ദ്രിയങ്ങളേയെല്ലാം അകത്തേക്ക്‌ വലിച്ച്‌ തന്നില്‍ത്തന്നെ നോക്കിയിരിക്കണം. താന്‍ കണ്ടെത്തിയിരിക്കുന്ന ബ്രഹ്മവിദ്യയെ പ്രാപിക്കണമെങ്കില്‍ തന്റെ രാജസമായ എല്ലാ വൃത്തികളേയും സംഹരിക്കണം എന്ന് ചുരുക്കം. ആ അവസ്ഥയില്‍ തന്നില്‍ത്തന്നെ നോക്കിയിരിക്കുമ്പോള്‍ പൂര്‍ണ്ണമായ ജ്ഞാനം ഉദിക്കുന്നതു കാണാം.

Saturday, August 11, 2007

രാമകഥ 27

രാമകഥ 27
1182 കര്‍ക്കടകം 27 / 2007 ആഗസ്റ്റ്‌ 12

ഇരുട്ട്‌ പൊതിഞ്ഞു നില്‍ക്കുന്ന ലങ്കാനഗരിയിലൂടെ സീതയെ അന്വേഷിച്ച്‌ ഹനുമാന്‍ യാത്രയായി. സുഷുപ്തിയിലുള്ള സാധകന്റെ ബ്രഹ്മാന്വേഷണമാണത്‌. തുരിയഭാവത്തിനുതൊട്ടുമുമ്പുള്ള അവസ്ഥയാണു സുഷുപ്തി. പ്രാജ്ഞന്റെ അവസ്ഥ.ചിത്തം പ്രാജ്ഞനോടൊത്തിരിക്കുമ്പോള്‍ രാജസം ഉണരുന്ന കാഴ്ചകാണാം. അതിപ്പോള്‍ ഏറ്റവും ശക്തമായ ഭാവത്തിലാണു. രാവണരൂപത്തില്‍ അവതരിച്ചിരിക്കുന്നു.

സീതാദേവിയുടെ അടുത്തേക്ക്‌ പോകുന്ന രാവണനെ ഹനുമാന്‍ കണ്ടു. ശിംശപാവൃക്ഷച്ചുവട്ടില്‍ ബന്ധനസ്ഥയായി കഴിയുന്ന സീതാദേവിയെ സന്ദര്‍ശിച്ച്‌ രാവണന്‍ മടങ്ങി. അതിനിടയിലുള്ള എല്ലാകാഴ്ചകളും ഹനുമാന്‍ കാണുന്നുണ്ടായിരുന്നു. സുഷുപ്തിയിലും തന്നില്‍ ജാഗ്രത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാസനാജാലങ്ങളെ സാധകന്‍ കാണുകയാണു. അവശരെങ്കിലും നിര്‍വ്വീര്യമാകാന്‍ വിസമ്മതിക്കുന്ന രാജസഭാവത്തിന്റെ ഒരു ചിത്രീകരണമാണിത്‌. ഒരവസരം കിട്ടിയാല്‍ വീണ്ടും അവ ശക്തിപ്രാപിക്കുമെന്നു സാധകന്‍ മനസിലാക്കണം.

ബ്രഹ്മവിദ്യ ഒരിക്കലും രാജസത്തിനു വശഗതമാവില്ല. അതുകൊണ്ടാണു രാവണന്റെ പ്രലോഭനങ്ങളും ഭീഷണികളും സീതയ്ക്ക്‌ മുമ്പില്‍ വിലപ്പോകാതിരുന്നത്‌. എന്നാല്‍ ബലം കൊണ്ടതു കരസ്ഥമാക്കാമെന്നുവിചാരിച്ചാലോ? അതിനുള്ള ആത്മശക്തിയൊട്ട്‌ രാജസത്തിനു ഇല്ലാതാനും. ലോകത്തുള്ള സകല ഭോഗവും നേടിയാലും ബ്രഹ്മചര്യമുണ്ടെങ്കിലെ അതു ലഭിക്കു. ഇതു മനസിലാക്കാതെയാണു നമ്മുടെ പല ആത്മീയാചാര്യന്മാരും ഭൗതിക നേട്ടങ്ങള്‍ക്കായി ഉഴറി നടക്കുന്നത്‌. ഭൗതികനേട്ടങ്ങള്‍ ഭാരതീയ ഋഷിപാരമ്പര്യത്തിലില്ല. അതു വൈദേശികമാണു. ഭാരതീയനു മുഖ്യം അറിവാണു. എല്ലാം സമ്പാദിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാജസത്തേ ത്യജിച്ചാലേ അറിവു ലഭിക്കു. ഓരോ സാധകനും ശ്രമിക്കേണ്ടത്‌ അതിനുവേണ്ടിയാണു.

സീതയെ ഹനുമാന്‍ കാണുന്നു. കുണ്ഡലിനിക്ക്‌ തന്ത്രവിദ്യയില്‍ പറയുന്ന എല്ലാ വിശേഷണങ്ങളും യോജിക്കുന്ന ഒരു ചിത്രമാണു ശിംശിപവൃക്ഷച്ചുവട്ടില്‍ അധോമുഖിയായിരിക്കുന്ന സീതയുടേത്‌. നട്ടെല്ലും അതിന്റെ ഇരുപാര്‍ശ്വങ്ങളിലുള്ള ഇഡ,പിംഗള നാഡികളും, താഴെ മൂലാധാരചക്രത്തില്‍ സുഷുപ്താവസ്ഥയിലുള്ള കുണ്ഡലിനിയും. ബ്രഹ്മചര്യാവസ്ഥയിലുള്ള ജീവനു കുണ്ഡലിനീ ശക്തി അനുഭവവേദ്യമായി. സാധകന്‍ അതിനെ മുകളില്‍ നിന്ന് നോക്കിക്കണ്ടു.

രാമകഥ 26

രാമകഥ 26
1182 കര്‍ക്കടകം 26 / 2007 ആഗസ്റ്റ്‌ 11

ഹൃദയസ്ഥിതമായ ആ നിര്‍മ്മലപാദങ്ങള്‍ മായാപ്രലോഭനങ്ങളെ കീഴടക്കാന്‍ ആഞ്ജനേയനെ സഹായിച്ചു.കടല്‍ കടന്ന ആഞ്ജനേയന്‍ ലങ്കയിലെ സുബേലപര്‍വ്വതത്തില്‍ വന്നിരുന്നു.

ഹനുമാന്‍ ആലോചിച്ചു."ലങ്കനഗരിയിലേക്ക്‌ ഉടനെ ചാടാന്‍ വരട്ടെ.രാത്രിയാകുമ്പോള്‍ രാക്ഷസന്മാരെല്ലാം ഉറക്കമായിരിക്കും. അതാണു പറ്റിയ സമയം."

ഈ ഹനുമല്‍ച്ചിന്തക്കുപിന്നില്‍ വലിയൊരുവേദാന്ത തത്ത്വമുണ്ട്‌.സുഷുപ്തിയോടടുക്കുമ്പോഴാണു നമ്മിലെ രാജസശക്തി അല്‍പമെങ്കിലും ശാന്തമാകുന്നത്‌.അതാണു ബ്രഹ്മവിദ്യയെ കണ്ടെത്താന്‍ പറ്റിയ സമയവും.

സുഷുപ്തിയിലും നമ്മില്‍ ഉണര്‍ന്നു കാവല്‍നില്‍ക്കുന്ന ഒരു താമസീഭാവമുണ്ട്‌.അതുകൂടി ഉപേക്ഷിച്ചാല്‍ സമാധിക്കു തുല്യമായി.സുഷുപ്തി തന്നെ സമാധിയെന്ന് അര്‍ത്ഥം വരുന്ന വേദവചങ്ങളുണ്ട്‌.നിദ്രാ-സമാധിസ്ഥിതികളില്‍ ബ്രഹ്മത്തെ അറിയാം.അപ്പോള്‍ ബ്രഹ്മവുമായി ഏകീഭാവം ഉണ്ടാകാറുണ്ട്‌.ആ സമയം വരെ കാത്തിരിക്കാനാണു സാധകന്‍ തീരുമാനിച്ചത്‌.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌.അയോദ്ധ്യയില്‍ നിന്നും ലങ്കയിലേക്കാണു രാമന്റെ യാത്ര.മാനവത്തിന്റെ യാത്രയും അങ്ങനെ തന്നെ.ശുദ്ധവും നിര്‍മ്മലവുമായ മനസ്സില്‍ നിന്നു പ്രചണ്ഡമായ രാജസത്തിലേക്ക്‌.പൂര്‍ണ്ണമായ അറിവില്‍ നിന്നു അറിവില്ലായ്മയിലേക്ക്‌ ഭാരതത്തിലെ ദാര്‍ശ്ശനികര്‍ അത്‌ എന്നേ കണ്ടെത്തിയതാണു.

നാം അറിവെന്നുപറഞ്ഞു ശേഖരിച്ചുകൂട്ടുന്നത്‌ അറിവാണോ?അവയൊക്കെ രാജസത്തെ കൂടുതല്‍ പ്രചണ്ഡമാക്കുന്ന 'വിവരങ്ങള്‍'(information) മാത്രമല്ലെ?അവയുടെ പിന്നാലെ പായുന്ന നമ്മുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യുന്നു.

'കാലം' പൂര്‍ണ്ണതയുള്ള ബ്രഹ്മഭാവമാണു. അതു തിരിച്ചിട്ടാല്‍ ലങ്കയായി. കാ-ലം.ലം-കാ.അപൂര്‍ണ്ണവും ക്ഷുഭിതവുമായ മാനസമാണു ലങ്ക. പൂര്‍ണ്ണതയില്‍ നിന്ന് മായാവിലാസത്താല്‍ ജീവശക്തി പ്രചണ്ഡതയുടെ ഇരിപ്പിടമായ ലങ്കയിലെത്തിയിരിക്കുന്നു.സൂക്ഷ്മമായി നോക്കിയാല്‍ അപ്പോള്‍ രാമന്‍ തന്നെയല്ലെ രാവണണായി പരിണമിച്ചിരിക്കുന്നതും?സാത്വികത്തില്‍ നിന്നും രാജസത്തിലേക്കുള്ള ജീവന്റെ ചുവടുമാറല്‍? നമ്മുടെ ജീവിതാനുഭവങ്ങള്‍ അവലോകനം ചെയ്താലും ഇതു ബോദ്ധ്യമാകും.

രാത്രിയായപ്പോള്‍ ആഞ്ജനേയന്‍ ലങ്കാനഗരിയിലേക്ക്‌ ചെന്നു.കാവലാളുകളെയെല്ലാം മറികടന്നു മുന്നോട്ടു പോകുമ്പോള്‍ തന്നിലെ രാജസശക്തിയുണര്‍ന്നു. ലങ്കാലക്ഷ്മി ആക്രമിച്ചു.ബ്രഹ്മചര്യം അവിടെയും വിജയിച്ചു.രാജസം പരാജിതമായി, സാധകനു സഹായിയായി മാറി.ലങ്കാലക്ഷ്മി വിദ്യധരഭാവം കൈക്കൊണ്ട്‌ ഹനുമാനെ അനുഗ്രഹിക്കുന്നതായിക്കാണുന്നത്‌ അതാണു.

Sunday, August 5, 2007

രാമകഥ25

രാമകഥ 25

1182 കര്‍ക്കടകം 25 / 2007 ആഗസ്റ്റ്‌ 10

വിശപ്പ്‌,ദാഹം തുടങ്ങിയ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞാലും അതിനേക്കാള്‍ ഭീഷണമായ തടസ്സങ്ങള്‍ സാധകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌.

'രാമകാര്യത്തിനുപോകുന്ന രാമദൂതനാണു ഞാന്‍.അതുസാധിക്കുന്നതുവരെ എനിക്ക്‌ വിശ്രമമില്ല.രാമകാര്യമെല്ലാം പൂര്‍ത്തിയാക്കി തിരികെ വരുമ്പോള്‍ നിന്റെ ആതിഥ്യം സ്വീകരിക്കാം' എന്നുപറഞ്ഞ്‌ മുന്നോട്ട്‌ നീങ്ങിയ ആഞ്ജനേയനെ വാപിളര്‍ന്നുനില്‍ക്കുന്ന സുരസ തടഞ്ഞു.നാഗമാതാവായ അവള്‍ ഒരുവ്രതം പൂര്‍ത്തിയാക്കി പാരണവീട്ടാന്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണു ഹനുമാനെക്കണ്ടത്‌.ഇവനെ തിന്നുകളയാം എന്നവള്‍ വിചാരിച്ചു.

രാമകാര്യത്തിനുപോകുകയാണു താന്‍ എന്ന് അവളോടു പറഞ്ഞെങ്കിലും അവള്‍ അതംഗീകരിച്ചില്ല.സുരസ തന്റെ വായ വിസ്താരപ്പെടുത്തി ഹനുമാനെ വിഴുങ്ങാന്‍ ആഞ്ഞു.ഹനുമാന്‍ തന്റെ ശരീരം അതിനേക്കാള്‍ വലുതാക്കി.അവള്‍ വായുടെ വിസ്താരം പിന്നെയും വര്‍ദ്ധിപ്പിച്ചു.ഹനുമാനും തന്റെ ശരീരം അതിനനുസരിച്ച്‌ വിസ്താരപ്പെടുത്തി. അവസാനം പര്‍വ്വതാകാരനായ ആഞ്ജനേയനുമുന്നില്‍ സുരസ നൂറുയോജന വാപിളര്‍ന്നുനിന്നു.ഹനുമാന്‍, ഉടനെ അംഗുഷ്ടമാത്രനായി പരിണമിച്ച്‌ അതിനുള്ളിലൂടെ കടന്നുപോയി.

സാധകന്‍ തന്റെ മുന്നിലെ തടസ്സങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണകാരന്‍ കാണിച്ചുതരികയാണിവിടെ.പ്രീണങ്ങളെക്കാള്‍ സൂക്ഷിക്കേണ്ടതാണു ഭീഷണങ്ങള്‍. അതിനെ അതിജീവിക്കാന്‍ വിനയമാണു ഉചിതം.

പ്രത്യക്ഷപ്രലോഭനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പരോക്ഷപ്രലോഭനങ്ങള്‍ തലപൊക്കാന്‍ തുടങ്ങി.സാധകന്റെ അന്തരംഗത്തില്‍ മറഞ്ഞുകിടക്കുന്ന സൂക്ഷ്മമായ വാസനകളില്‍ നിന്ന് ഉണര്‍ന്നുവരുന്നവയാണവ.അതുകൊണ്ടാണു നിഴലിനേപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിവുള്ള സിംഹിക പ്രത്യക്ഷപ്പെടുന്നതായി തുടര്‍ന്ന് ചിത്രീകരിച്ചിരിക്കുന്നത്‌.മനസിന്റെ തലത്തിലെ ആ ഭീഷണതയെ അതിജീവിക്കണമെങ്കില്‍ അതിതീവ്രമായ വിഷ്ണുഭക്തി ഉണ്ടായിരിക്കണം.ഹനുമാനു അതുണ്ടായിരുന്നു എന്നുകാണിക്കാനാണു പാദാഘാതത്താല്‍ സിംഹികയെ കീഴ്പെടുത്തി എന്നുപറഞ്ഞിരിക്കുന്നത്‌.അങ്ങനെ പ്രലോഭനങ്ങളേയെല്ലാം അതിജീവിച്ച്‌ ഹനുമാന്‍ ലങ്കയിലേക്ക്‌ കുതിച്ചു.

രാമകഥ24

രാമകഥ 24
1182 കര്‍ക്കടകം 24 / 2007 ആഗസ്റ്റ്‌ 9

ബ്രഹ്മവിദ്യാപ്രാപ്തിയിലേക്ക്‌ അടുക്കുന്ന സാധകനെ എന്തൊക്കെ അലട്ടുകയില്ല? പ്രീണനവും ഭീഷണവുമായ പരീക്ഷണങ്ങള്‍ അവന്റെ മുന്നില്‍ ഉയര്‍ന്നുവരുന്നത്‌ സ്വാഭാവികം.

ലങ്കയിലേക്കുകുതിച്ച ആഞ്ജനേയനെ ആദ്യം കാത്തുനിന്നത്‌ മൈനാകമാണു.സമുദ്രാന്തര്‍ഭാഗത്ത്‌ നിന്നു ഫലപുഷ്പഹാരസമന്വിതം മുകളിലേക്ക്‌ ഉയര്‍ന്നുവന്ന മൈനാകപര്‍വ്വതം ഹനുമാന്റെ വഴി തടഞ്ഞു അവനോട്‌ അപേക്ഷിച്ചു.

"ഹേ കപേ,നീ യാത്രചെയ്തു വളരെക്ഷീണിച്ചിരിക്കുന്നു.എന്റെമേലിരുന്ന് ഈ ഫലമൂലാദികള്‍കഴിച്ച്‌ ക്ഷീണമകറ്റിയിട്ടാവാം ഇനിയാത്ര."

മൈനാകത്തിന്റെ വാക്കുകള്‍ ഹനുമാന്‍ ചെവിക്കൊണ്ടില്ല. ഒരു യഥാര്‍ത്ഥ സാധകന്‍ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ വഴങ്ങാറില്ല.ഹനുമാന്‍ അത്‌ തെളിയിച്ചു.നിത്യാനന്ദം തരുന്ന ബ്രഹ്മവിദ്യയെത്തേടിപ്പോകുന്ന തന്നെ നിസ്സാരമായ ഈ ഫലമൂലാദികള്‍ക്കെങ്ങനെ സ്വാധീനിക്കാന്‍ കഴിയും?

നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇത്തരം സാധകര്‍ കുറവാണു.ആത്മനേത്തേടിപ്പോകുന്നു എന്നവ്യാജേന പലരും ഭൗതികതയില്‍ മൂക്കുമുട്ടെ മുഴുകുന്ന കാഴ്ചയാണു നമുക്കുചുറ്റും.ആത്മന്റെപേരില്‍ വലിയ വലിയ സൗധങ്ങള്‍ നിര്‍മ്മിക്കുന്നു.സഞ്ചരിക്കാന്‍ വിലകൂടിയ കാറുകളും വിമാനങ്ങളുംവരെ വാങ്ങുന്നു.മുന്തിയതരം ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കുന്നു.ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച്‌ രാജ്യാധികാരത്തെ ഭീഷണിപ്പെടുത്തുന്നു.ആത്മീയതയുടെപേരില്‍ ഇന്ന് നടക്കുന്നത്‌ ഇതൊക്കെയാണു.ഇതിനെ ആത്മീയത എന്നുപറയാനാകുമോ? വ്യവസായമെന്നോ വാണിജ്യമെന്നോ അല്ലെ വിളിക്കേണ്ടത്‌? ഇത്തരം സംവിധാനങ്ങളില്‍നിന്നു ഒരു യോഗിയെങ്കിലും ജനിച്ചതായി കണ്ടിട്ടുണ്ടോ?

സംസാരത്തില്‍ കാലൂന്നിനില്‍ക്കുമ്പോള്‍ യോഗം സിദ്ധിക്കില്ല.പൂര്‍ണ്ണവൈരാഗ്യവും ആത്മസമര്‍പ്പണവുമുണ്ടെങ്കിലേ ബ്രഹ്മാനന്ദം ലഭിക്കു.ഇക്കാര്യത്തില്‍ നചികേതസ്സാണു ഭാരതീയനു മാതൃക.കൗമാരക്കാരനായ ഒരു രാജകുമാരന്‍.അതീവശ്രദ്ധാലു.ബ്രഹ്മവിദ്യ ലഭിക്കാനായി ആരും ഭയക്കുന്ന ഒരു കാര്യമാണു ആ കുമാരന്‍ ചെയ്തത്‌.നേരെ യമധര്‍മ്മന്റെ അടുത്തേക്ക്‌ ചെന്നു.യമകിങ്കരന്മാരുടെ നിഴല്‍ കണ്ടാല്‍പ്പോലും നാം വാവിട്ടുനിലവിളിച്ചുപോകും.അപ്പോഴാണു നചികേതസ്സ്‌ യമലോകത്തേക്ക്‌ നേരിട്ടു കടന്നു ചെല്ലുന്നത്‌.ലക്ഷ്യം ഉറച്ചുകഴിഞ്ഞാല്‍ സാധകനു സ്വന്തം ശരീരം പോലും വിലയില്ലാത്തതാണു.അങ്ങനെയുള്ളവരെ അറിവുനേടു.ലക്ഷ്യപ്രാപ്തിയില്‍ എത്തു.

Saturday, August 4, 2007

രാമകഥ 23

1182 കര്‍ക്കടകം 23 / 2007 ആഗസ്റ്റ്‌ 8
(രാമകഥ 23)

സമുദ്രതരണത്തിനുസന്നദ്ധനായ ഹനുമാന്‍ ചാടിയെഴുന്നേറ്റ്‌ ഒന്ന് അട്ടഹസിച്ചു.സര്‍ഗ്ഗശക്തി ഉണര്‍ന്നപ്പോള്‍ ജീവന്‍ ഉദ്ധൃതനായിത്തീര്‍ന്നു.രാവണനെ വധിച്ച്‌, ലങ്കയും നശിപ്പിച്ച്‌, സീതാദേവിയുമായി താനിതാവന്നുകഴിഞ്ഞു എന്ന് ഹനുമാന്‍ അലറിപ്പറഞ്ഞപ്പോള്‍ ജാംബവാന്‍ എഴുന്നേറ്റ്‌ തടഞ്ഞു.

"മകനെ അത്‌ പാടില്ല, സീതാദേവിയെ അന്വേഷിച്ച്‌ കണ്ടെത്തുകമാത്രമാണു നിന്റെ ധര്‍മ്മം.സീതയെവീണ്ടെടുക്കേണ്ടത്‌ രാമന്റെ ധര്‍മ്മമാണു. നീയതുചെയ്തുകൂടാ"

ജാംബവാന്‍ പറഞ്ഞതുകേട്ട്‌ സ്വരൂപസ്മൃതിയുണ്ടായ ആഞ്ജനേയന്‍ ശാന്തചിത്തനായിത്തീര്‍ന്നു.സര്‍ഗ്ഗശക്തികള്‍ ഉണരുമ്പോള്‍ എന്തുംചെയ്യാനുള്ള കരുത്തുണ്ടാവും.ധര്‍മ്മാധര്‍മ്മവിവേചനമില്ലാതെ അതുപയോഗിക്കുന്നത്‌ അപകടമാണു.അതിനു മുതിര്‍ന്നവരുടെയും ഗുരുക്കന്മാരുടേയും ഉപദേശങ്ങള്‍ പ്രയോജനപ്പെടും.പാരമ്പര്യത്തെ പിന്തുടരുന്നതും നല്ലതാണു.പാരമ്പര്യത്തെ തള്ളിക്കളയുകയും ഗുരോപദേശം അവഗണിക്കുന്നതുമാണു ഇന്നുള്ളരീതി. അതു ആശാവഹമല്ലയെന്ന് ഈ ആഞ്ജനേയകഥയില്‍ നിന്നും മനസിലാക്കാം.

നൂറുയോജനയുള്ള സമുദ്രം മുന്നില്‍ പരന്നുകിടക്കുന്നു.അപകടം നിറഞ്ഞതാണത്‌. ചുഴികളും മലരികളും അതിലുണ്ട്‌. വീണുപോയാല്‍ പിന്നെ രക്ഷയില്ല.അതു താണ്ടുന്നതിനുള്ള ശക്തിസംഭരിച്ച്‌ ആഞ്ജനേയന്‍ കുതിച്ചു. അതിനെപ്പറ്റി രാമായണകാരന്‍ പറയുന്നത്‌ ഇങ്ങനെയാണു:'രാമനാമം ചുണ്ടിലും, രാമസ്വരൂപം നെഞ്ചിലും, രാമാംഗുലീയം കയ്യിലും ധരിച്ചുകൊണ്ട്‌ ആഞ്ജനേയന്‍ യാത്രയായി'.

സംസാരത്തിന്റെ പ്രതീകമാണു കടല്‍. സംസാരസാഗരമെന്നുതന്നെയാണു അത്‌ അറിയപ്പെടുന്നത്‌.അതിനെ തരണംചെയ്യാന്‍ ബ്രഹ്മചര്യം വേണം.ബ്രഹ്മചര്യം ശാരീരികമായ ഒരവസ്ഥയായിട്ടാണു പലരും കരുതുന്നത്‌. സ്വരൂപസ്ഥിതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാണു യഥാര്‍ത്ഥത്തില്‍ ബ്രഹ്മചര്യമെന്ന് പറയേണ്ടത്‌.ആഞ്ജനേയനെക്കൊണ്ട്‌ അത്‌ സൂചിപ്പിക്കുന്നത്‌ കാണാം. രാമനാണു ഹനുമാന്റെ സര്‍വ്വസ്വവും. ആ രൂപം ഹൃദയത്തില്‍ ചേര്‍ത്തുവച്ചും ആ നാമംതന്നെ ജപിച്ചുമാണു ആഞ്ജനേയന്‍ ഓരോനിമിഷവും ജീവിക്കുന്നത്‌.ആ അവസ്ഥയുടെ പൂര്‍ണ്ണതസൂചിപ്പിക്കാനെന്നപോലെ രാമാംഗുലീയവും കൈവശമുണ്ട്‌.സാധകനും ആഞ്ജനേയനേപ്പോലെ ആണെങ്കിലെ ബ്രഹ്മവിദ്യ അയാള്‍ക്ക്‌ ലഭിക്കു.

രാമക്ഥ 22

1182 കര്‍ക്കടകം 22 / 2007 ആഗസ്റ്റ്‌ 7

സീതയെവിടെയുണ്ടെന്നറിഞ്ഞു.ഇനി കടല്‍ കടന്ന് അവിടെയെത്തണം. ഗന്ധമാദനപര്‍വ്വതത്തില്‍നിന്നും ഇറങ്ങിയ അംഗതനും വാനരസേനയും സമുദ്രതീരത്തെത്തി. മുന്നില്‍ പരന്നുകിടക്കുന്ന കടല്‍. അത്‌ ചാടിക്കടക്കണം. ഓരോത്തരും അവരവര്‍ക്ക്‌ ചാടിക്കടക്കാവുന്ന ദൂരം പറഞ്ഞു. ഗവനും ഗവാക്ഷനും നീലനുമൊന്നും നൂറുയോജനയ്ക്കപ്പുറമാവില്ല. അംഗതന്‍ ശ്രമിക്കാമെന്ന് പറഞ്ഞപ്പോള്‍ ജാംബവാന്‍ സമ്മതിച്ചില്ല. നേതാവായിരിക്കുന്നവന്‍ അതുചെയ്തുകൂടാ. താന്‍ ചാടിയാല്‍ അക്കരെ എത്തുമോയെന്ന് ജാംബവാനു സംശയം.അവരുടെ സംഭാഷണങ്ങളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ധനായി ഇരിക്കുന്നത്‌ കണ്ടപ്പോള്‍ ജാംബവാന്‍ ഹനുമാനെനോക്കി പറഞ്ഞു:

"ശ്രീരാമചന്ദ്രന്‍ അടയാളമോതിരം ഏല്‍പ്പിച്ചിരിക്കുന്നത്‌ നിന്നെയാണല്ലോ? അടയാളവാക്യവും പറഞ്ഞുതന്നിരിക്കുന്നത്‌ നിനക്കാണു.അതുകൊണ്ട്‌ സീതാന്വേഷണത്തിനു നിന്നോളം യോഗ്യരായവര്‍ വേറെയാരുമില്ല."

ജാംബവാന്‍ പറഞ്ഞതുകേട്ട്‌ ആഞ്ജനേയന്‍ വര്‍ദ്ധിതവീര്യനായിത്തീര്‍ന്നു.മറഞ്ഞുകിടന്നിരുന്ന ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി.

കാലത്തിന്റെ പ്രതിരൂപമാണു ജാംബവാന്‍.യുഗങ്ങളായി നമ്മില്‍ മറഞ്ഞുകിടക്കുന്ന സര്‍ഗ്ഗശക്തികൂടിയാണത്‌.അതിനെ ഉണര്‍ത്തണം.പ്രകീര്‍ത്തനം വഴി ജാംബവാന്‍ ചെയ്തത്‌ അതാണു. ചെറിയചെറിയ കാര്യങ്ങളില്‍ പലപ്പോഴും നാമറിയാതെതന്നെ ജാംബവാനുമുന്നില്‍ ചെന്നുപെടാറുണ്ട്‌.പക്ഷെ നാമത്‌ തിരിച്ചറിയാറില്ല.ജീവിതം സംഭവബഹുലമായതുമൂലം മിക്കപ്പോഴും നാം ഒരുതരം വിസ്മൃതിയിലായിരിക്കും.ഗുരുക്കന്മാരും കാലവുമാണു പലപ്പോഴും നമ്മെ തട്ടിയുണര്‍ത്തുന്നത്‌.പക്ഷെ പെട്ടെന്നുതന്നെ നാം അതൊക്കെമറന്നു പോകുന്നു.

സോല്‍സാഹം ഈശ്വരനിലേക്ക്‌ പ്രയാണം ചെയ്യുന്ന ജീവനാണു ആഞ്ജനേയരൂപത്തില്‍ കാണുന്നത്‌.അതിനു അന്തര്‍മുഖത്വം കൂടും. അംഗാദികളുടെ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ദനായിരുന്നത്‌ അതുകൊണ്ടാണു.സാധകനില്‍ ഈ അന്തര്‍മുഖത്വം ഒരു ഘട്ടം കഴിയുമ്പോള്‍ ബ്രഹ്മവിദ്യാപ്രാപ്തിപോലും നിസ്സാരമായിത്തോന്നിപ്പിക്കും.അതില്‍ നിന്ന് സാധകനെ സര്‍ഗ്ഗശക്തിയിലേക്കുണര്‍ത്തിയാല്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കുന്നതായിക്കാണാം.ഹനുമാന്റെ സമുദ്രതരണം കാണിക്കുന്നത്‌ അതാണു.

Friday, August 3, 2007

രാമകഥ 21

1182 കര്‍ക്കടകം 21 / 2007 ആഗസ്റ്റ്‌ 6

ബ്രഹ്മവിദ്യ എതുദിക്കിലുണ്ടെന്നറിഞ്ഞെങ്കിലും കൃത്യമായി അതെവിടെയാണെന്നറിവില്ല.അതറിയണമെങ്കില്‍ വിരാഗതനേടണം. സമ്പാതിക്ക്‌ ചിറകുമുളയ്ക്കണം.അതിനായി ദിവസങ്ങളോളം വിന്ധ്യന്റെ പാര്‍ശ്വങ്ങളില്‍ വാനരസൈന്യം അലഞ്ഞുനടന്നു. സീതാദേവിയില്ലാതെ തിരിച്ചുചെന്നാല്‍ കാലപുരിക്ക്‌ യാത്രയാക്കും സുഗ്രീവന്‍. സുഗ്രീവാജ്ഞയുടെ കാഠിന്യമറിയാവുന്ന അവരതേക്കുറിച്ച് ആലോചിക്കുകപോലും ചെയ്തില്ല.

സീതയേത്തേടി തളര്‍ന്നവശരായ വാനരസൈന്യം മഹേന്ദ്രഗിരിയില്‍ നിസ്തേജമാനസരായി കിടന്നു.ആ സമയത്ത്‌ പര്‍വ്വതത്തിലുള്ള ഗുഹയില്‍ നിന്ന് ഗംഭീരാകാരനായ ഒരു വൃദ്ധപക്ഷിരാജന്‍ പുറത്തുവന്നു. കപിവരന്മാരെക്കണ്ട പക്ഷിവര്യന്‍ തനിക്ക്‌ കുറേദിവസത്തേക്കുള്ള ഭക്ഷണമായല്ലോ എന്നുവിചരിച്ച്‌ അംഗാദികളുടെ അടുത്തേക്ക്‌ ചെന്നപ്പോള്‍ അവര്‍ തമ്മില്‍ സംസാരിക്കുന്നത്‌ കേട്ടു.

'ആ ജടായു എത്രഭാഗ്യവാനാണു.അവന്‍ രാമന്റെ കൈകൊണ്ടുതന്നെ മോക്ഷം പ്രാപിച്ചല്ലോ! നമുക്ക്‌ ആ ഭാഗ്യം ഇല്ലാതെപോയി.'

ഇതുകേട്ട പക്ഷിരാജന്‍ ചോദിച്ചു:"നിങ്ങള്‍ ആരാണു? എന്താണു ജടായുവിന്റെ വൃത്താന്തം? അത്‌ നിങ്ങള്‍ക്കെങ്ങനെ അറിയാം? ആരാണു നിങ്ങള്‍? എന്തിനു ഇവിടെ വന്നു? പറയൂ, ഞാന്‍ നിങ്ങള്‍ പറഞ്ഞ ജടായുവിന്റെ സഹോദരനാണു.സമ്പാതി."

അംഗാദികള്‍ സീതാവൃത്താന്തം സമ്പാതിയെ അറിയിച്ചു.

രാമലക്ഷ്മണന്മാര്‍ വനവാസത്തിനു തിരിച്ചതും, കാട്ടില്‍ വച്ച്‌ രാവണന്‍ സീതയെ അപഹരിച്ചതും, അതുതടഞ്ഞ ജടായുവിന്റെ ചിറകരിഞ്ഞതും രാമന്‍ ജടായുവിനു മോക്ഷം കൊടുത്തതും സീതാന്വേഷണത്തിനു തങ്ങള്‍ ഇറങ്ങിത്തിരിച്ചതും അവര്‍ വിശദീകരിച്ചു.

തന്റെ സഹോദരന്റെ ഓര്‍മ്മയില്‍ പുളകിതനായ സമ്പാതി അവരെ സഹായിക്കാമെന്നേറ്റു. മഹേന്ദ്രാചലത്തിന്റെ ഉച്ചത്തിലുള്ള ഗന്ധമാദനത്തിലേക്ക്‌ കയറിപ്പോയ പക്ഷിരാജന്‍ അവിടെ നിന്നും ചുറ്റും നിരീക്ഷിച്ചു. പക്ഷികളുടെ കണ്ണുകള്‍ക്ക്‌ ശക്തികൂടും. ഏകാഗ്രനയനത്തിലൂടെ നോക്കിയ സമ്പാതിക്ക്‌ നൂറുയോജന സമുദ്രത്തിനപ്പുറം ലങ്കയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍ രാമരാമേതിജപിച്ചിരിക്കുന്ന സീതയെ കാണാന്‍ കഴിഞ്ഞു. തിരിച്ചുവന്ന സമ്പാതി അംഗാദികളെ ആ വിവരം ധരിപ്പിച്ചു.ആ നിമിഷം സമ്പാതിക്ക്‌ വീണ്ടും ചിറക്‌ മുളയ്ക്കാനാരംഭിച്ചു.

നവവിരാഗതയാണു സമ്പാതിയുടെ ചിറകുമുളയ്ക്കല്‍.സാധകനു വൈരാഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതിലേക്ക്‌ വേണ്ടിയാണു സമ്പാതിയുടെ കഥവിശദമായി പ്രതിപാദിക്കുന്നത്‌.ഇപ്പോള്‍ സാധകനു ലക്ഷ്യം വിശദമായി തെളിഞ്ഞുകണാം. ഇനി അവിടെയെത്തണം.

രാമകഥ 20

1182 കര്‍ക്കടകം 20 / 2007 ആഗസ്റ്റ്‌ 5

ദക്ഷിണദിക്കിലേക്ക്‌ നീങ്ങിയ അംഗദന്റെ നേതൃത്വത്തിലുള്ള വാനരസേന വിന്ധ്യാപര്‍വ്വതത്തിലെത്തിച്ചേര്‍ന്നു. യാത്രയുടെ ക്ലേശംകൊണ്ട്‌ എല്ലാവരും അവശരായി.പൈദാഹത്താല്‍ വലഞ്ഞ അവര്‍, ഒരു ഗുഹയില്‍ നിന്ന് കുറേപക്ഷികള്‍ പറന്നുപോകുന്നതു കണ്ടു. അവയുടെ കാലില്‍നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിവീഴുന്നത്‌ അവരുടെ കണ്ണില്‍പ്പെട്ടു. ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടെന്ന് അവര്‍ ഊഹിച്ചു.പ്രത്യാശയോടെ അകത്തുകടന്ന വാനരസംഘം തേജോരൂപിണിയായ ഒരു സ്ത്രീയുടെ മുന്നിലാണെത്തിയത്‌. അംഗദാദികള്‍ അവരെ നമസ്കരിച്ചു.

'നിങ്ങള്‍ എവിടെ നിന്നു വരുന്നു? എങ്ങോട്ട്‌ പോകുന്നു?'

ദേവത ചോദിച്ചപ്പോള്‍ രാമലക്ഷ്മണ വൃത്താന്തവും സീതാവിയോഗവും അവരെ ധരിപ്പിച്ചു. തങ്ങള്‍ ഇപ്പോള്‍ സീതാന്വേഷണത്തിലാണെന്നും സൂചിപ്പിച്ചു.

'സീതാദേവി ദക്ഷിണദിക്കിലുണ്ട്‌. അങ്ങോട്ട്‌ പോയാലും. ഇതറിയിക്കുവാനാണു ഞാനിവിടെ കാത്തിരുന്നത്‌'‘

അത്രയും പറഞ്ഞിട്ട്‌ അവര്‍ക്ക്‌ കുടിക്കാന്‍ വേണ്ടത്ര ജലം നല്‍കി ആശ്വസിപ്പിച്ചു.സ്വയം പ്രഭയായിരുന്നു ആ ദേവത. വിശ്വകര്‍മ്മാവിന്റെ പുത്രിയായ ഹേമയുടെ തോഴി. ഹേമ പറഞ്ഞേല്‍പ്പിച്ചതുകൊണ്ട്‌ അവരെ കാത്തിരിക്കുകയായിരുന്നു സ്വയം പ്രഭ. കര്‍മ്മപൂര്‍ത്തീകരണത്തെതുടര്‍ന്ന് മോക്ഷപ്രാപ്തയായ സ്വയം പ്രഭ രാമസന്നിധിയെ പ്രാപിച്ചു.

ഈ കഥയിലൂടെ രാമായണകാരന്‍ പ്രകാശിപ്പിക്കുന്നത്‌ ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള ശ്രമങ്ങള്‍ എത്രതീവ്രകരമായിരിക്കുമെന്നാണു. അതു പരിപൂര്‍ത്തിയിലെത്തുമ്പോള്‍ സ്വയം പ്രകാശവും സിദ്ധികളും ലഭ്യമാകും. സ്വയം പ്രഭയുടെ സാന്നിദ്ധ്യവും കുടിക്കാന്‍ വെള്ളം കിട്ടുന്നതും സൂചിപ്പിക്കുന്നത് അതാണു. മാത്രമല്ല, ബ്രഹ്മവിദ്യയെവിടെയുണ്ടെന്നറിയുവാനും കഴിഞ്ഞു. സാധനയ്ക്കിടയിലെ ക്ലേശങ്ങള്‍ക്ക് മുന്നില്‍‍ പരിഭ്രമിച്ച്‌ നിന്നുപോയാല്‍ ബ്രഹ്മവിദ്യാപ്രപ്തി അസാദ്ധ്യമാണെന്നു സാധകന്‍ അറിഞ്ഞിരിക്കണം.‍ അതുപോലെ സിദ്ധികള്‍ക്കുമുന്നില്‍ പരിഭ്രമിച്ച് നില്‍ക്കുകയും ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ അത്‌ മരണതുല്യമായിരിക്കും. അംഗദാദികള്‍ ഗുഹാമുഖത്ത്‌ സംശയപൂര്‍വ്വം നിന്നിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്നത്‌ നിശ്ചയമാണു. അവര്‍ വിവേകപൂര്‍വ്വം ഗുഹയ്ക്കുള്ളിലേക്ക്‌ കടക്കുകയാണു ചെയ്തത്‌.

അണിമാദി എട്ട്‌ സിദ്ധികളേയും ഉപേക്ഷിച്ച്‌ സാധകന്‍ മുന്നോട്ട്‌ പ്രയാണം ചെയ്തെങ്കിലേ മോക്ഷപ്രാപ്തിയുണ്ടാകു.എന്തു പ്രയാസമുണ്ടായാലും മുന്നോട്ട്‌ പോകുകതന്നെ വേണം.അങ്ങനെ ചെയ്താല്‍ എല്ലാം സ്വയം പ്രകാശമായി വരുന്നത്‌ കാണാം.

രാമകഥ 19

1182 കര്‍ക്കടകം 19 / 2007 ആഗസ്റ്റ്‌ 4

രാജസവുമായി ഏറ്റുമുട്ടാന്‍ ഇനിയും സമയമായിട്ടില്ല. തപസ്സിലൂടെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുവേണം സാധകന്‍ അതിനു മുതിരാന്‍. അതിനുവേണ്ടി രാമന്‍ ചാതുര്‍മാസ്യവ്രതം അനുഷ്ഠിക്കാന്‍ ഒരുങ്ങുന്നു. ഋശ്യമൂകാചലത്തിലെ ഒരു ഗുഹയില്‍ സമാധിസ്ഥനായി തപസ്സുചെയ്തു തുടങ്ങി. തപസ്സുതീരുന്നതുവരെ മറ്റുപ്രവര്‍ത്തികളെല്ലാം വിവേകത്തിനു വിട്ടുകൊടുത്തു. രാജ്യകാര്യങ്ങള്‍ നൊക്കുന്നത്‌ സുഗ്രീവനാണു. ചാതുര്‍മാസ്യകാലത്ത്‌ രാമന്‍ മനനപഠനങ്ങളില്‍ ഏര്‍പ്പെട്ടു. അതാണു ക്രിയായോഗത്തെപ്പറ്റി ലക്ഷ്മണനുനല്‍കുന്ന ഉപദേശങ്ങളുടെ വ്യംഗ്യം. ഇതുപോലെ ഒരു ചര്‍ച്ച പഞ്ചവടിയില്‍ വച്ച്‌ നടക്കുന്നതായും നാം കാണുന്നുണ്ട്‌. അന്ന് മായയെക്കുറിച്ചായിരുന്നു ചര്‍ച്ച. അതും മറ്റൊരു മനനപഠനമായിരുന്നു.ചാതുര്‍മാസ്യം വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വ-തൈജസന്മാര്‍ വിവേകവുമായി ഒന്നിച്ചിരുന്ന് അനന്തര നടപടികള്‍ ആലോചിക്കുന്നു. രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി കൂടിയാലോചന നടത്തുന്നതായിക്കാണാം.വാനരസൈന്യത്തെ എല്ലാദിക്കിലേക്കും വിടണം. അവര്‍ തീരുമാനിച്ചു.

ജീവന്‍ പ്രായേണ ചലനസ്വഭാവമുള്ളതാണു. വാനരന്മാരെക്കൊണ്ട്‌ സൂചിപ്പിക്കുന്നത്‌ ജീവന്റെ ഈ ചഞ്ചല സ്വഭാവത്തേയാണു.അങ്ങനെ, ജീവന്‍ ബ്രഹ്മവിദ്യയെത്തേടി നാനാവഴിക്കും നീങ്ങുന്നു.അംഗദന്റെ സൈന്യം ദക്ഷിണദിക്കിലേക്കാണു പോയത്‌.ആ സംഘത്തില്‍ ആഞ്ജനേയനുമുണ്ട്‌.യാത്രാരംഭത്തില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാനെവിളിച്ച്‌ അംഗുലീയവും അടയാളവാക്യവും നല്‍കി.

ബ്രഹ്മവിദ്യ എങ്ങനെയിരിക്കുമെന്ന് രാമനു നന്നായറിയാം. ഒരിക്കല്‍ അത്‌ അനുഭവിച്ചതാണു. അപഭ്രംശം കൊണ്ട്‌ അതു നഷ്ടമായതാണു. തീവ്രമായബ്രഹ്മചര്യം ഇപ്പോഴുണ്ട്‌. ബ്രഹ്മചര്യത്തിനേ ബ്രഹ്മവിദ്യയെ കണ്ടെത്താനാകു. അങ്ങനെ കണ്ടെത്തുന്ന ബ്രഹ്മവിദ്യയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രമാദം വരാനിടയുണ്ട്‌. അതൊഴിവാക്കാനാണു അംഗുലീയ-അടയാളവാക്യങ്ങള്‍ നല്‍കുന്നത്. മനന-സാധന വഴി ബ്രഹ്മവിദ്യാസ്വരൂപം ഉറപ്പാക്കുന്നു എന്നാണു ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

Thursday, August 2, 2007

രാമകഥ 18

1182 കര്‍ക്കടകം 18 / 2007 ആഗസ്റ്റ്‌ 3

ബ്രഹ്മചര്യത്തിന്റെ ഉത്തമബിംബമാണു ആഞ്ജനേയന്‍. രാമന്‍ ആഞ്ജനേയനുമായി സന്ധിച്ചപ്പോള്‍ സാധകന്‍ ബ്രഹ്മചര്യാനിഷ്ഠനായിത്തീര്‍ന്നു. ബ്രഹ്മചര്യം സ്വീകരിക്കുന്നത്‌ അവിവേകത്തെ കീഴടക്കി വിവേകം നേടാന്‍ വേണ്ടിയാണു. അതിനാണു സുഗ്രീവസഖ്യം. സുഗ്രീവന്‍ വിവേകത്തെ പ്രതിനിധീകരിക്കുന്നു.അവിവേകത്തെപ്പേടിച്ച്‌ വിവേകം ഉന്നതസ്ഥാനത്ത്‌ ഒളിച്ചിരിക്കുകയാണു. ബാലിയാണു അവിവേകം. ബാലിയെപ്പേടിച്ച്‌ സുഗ്രീവന്‍ ഋശ്യമൂകാചലത്തില്‍ ഒളിച്ചിരിക്കുന്നു എന്ന് പറയുന്നത്‌ അതുകൊണ്ടാണു.

ജീവന്റെ രണ്ട്‌ ഭാവങ്ങളാണു വിവേകവും അവിവേകവും. മായയില്‍ വിദ്യ പ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ വിവേകം. അവിദ്യപ്രവര്‍ത്തിച്ചുണ്ടാകുന്നത്‌ അവിവേകം. ഒരമ്മയില്‍ രണ്ട്‌ പിതാക്കന്മാര്‍ക്കായി ഉണ്ടായ ബാലി-സുഗ്രീവന്മാര്‍ എന്ന് അത്‌ കാവ്യഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു .

അവിവേകം വളരെവ്യാപകമായിരിക്കുമ്പോഴും ചിലസ്ഥലങ്ങളില്‍ അതിനു പ്രവേശനമില്ല.വിവേകമുള്ളിടത്ത്‌ അവിവേകം കാണില്ല! അതുകൊണ്ടാണു ഋശ്യമൂകാചലത്തില്‍ ബാലിക്ക്‌ പ്രവേശനമില്ല എന്ന് പറഞ്ഞിരിക്കുന്നത്‌.

അവിവേകമായ ബാലിക്കൊപ്പമാണു താര. പ്രണവത്തിന്റെ താരകഭാവമാണു അത്‌. ആ താരകഭാവത്തേ മോചിപ്പിച്ച്‌ വിവേകത്തോട്‌ ചേര്‍ക്കുമ്പോഴെ ജ്ഞാനം പൂര്‍ണ്ണമാകു. അതിനാണു ജീവനാകുന്ന രാമന്‍ വിവേകമായ സുഗ്രീവനുമായി സഖ്യം ചെയ്ത്‌ ബാലിനിഗ്രഹത്തിനായി പുറപ്പെടുന്നത്‌.

ജീവിതയാത്രയ്ക്കിടയില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാന്‍ നാം പലപ്പോഴും പ്രയാസപ്പെടും. ദുഃഖത്തിനു ഇതാണൊരു കാരണം.

സാധകനെ സംബന്ധിച്ചിടത്തോളം ഈ സംസാരത്തെ അതിജീവിക്കുക എന്നത്‌ അതീവ കഠിനതരമാണു. അതില്‍ത്തന്നെ വിവേകത്തെ ബലികഴിക്കേണ്ടിവന്നാല്‍ അതൊരു വലിയ വീഴ്ചയാകും.

ബാലി-സുഗ്രീവന്മാര്‍ ഏറ്റുമുട്ടുമ്പോള്‍ രാമന്‍ അതനുഭവിക്കുന്നുണ്ട്‌.

യുദ്ധക്കളത്തില്‍ രാമനു ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എതാണു വിവേകം? എതാണു അവിവേകം? അവിവേകമാണെന്ന് ധരിച്ച്‌ വിവേകത്തെ നശിപ്പിച്ചാലോ? അപ്പോള്‍ വിവേകത്തെ തിരിച്ചറിയാന്‍ ഒരടയാളമിടണം. അതാണു രാമന്‍ സുഗ്രീവനു കഴുത്തിലിടാന്‍ ഒരു മാല്യം കൊടുത്തത്‌. ഈശ്വരവിശ്വാസത്തിന്റേയും അര്‍പ്പണ മനോഭാവത്തിന്റേയും മാല്യമാണത്‌. ആ മാലചൂടി നിന്നാലേ നിത്യജീവിതത്തില്‍ വിവേകാവിവേകങ്ങളെ തിരിച്ചറിയാണാകു.

ബാലിയെ നിഗ്രഹിക്കണമെങ്കില്‍, ആദ്യം സപ്തസാലങ്ങള്‍ എയ്തുവീഴ്ത്തണം. ഈ ശരീരം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സപ്തധാതുക്കളെയാണു അതുകൊണ്ട്‌ ഉദ്ദേശിച്ചിരിക്കുന്നത്‌. അവയെ കടന്ന് ജീവന്‍ ഉള്ളിലേക്ക്‌ തിരിയണം. അനന്തരം ദുന്ദുഭിയുടെ അസ്തികൂടത്തെ തട്ടിയെറിയലാണു. അഹംബോധമുള്‍ക്കൊണ്ട ഈ ശരീരത്തെത്തന്നെ തട്ടിയെറിയലാണത്‌. അതു കഴിയുമ്പോള്‍ സാധകനു വിദേഹമുക്തി കിട്ടും. പിന്നെ അവിവേകത്തെ കീഴ്പെടുത്താന്‍ പ്രയാസമില്ല. എങ്കിലും നേരിട്ട്‌ ചെന്നാല്‍ അതാവില്ല. അവിവേകത്തിനാണു എപ്പോഴും കൂടുതല്‍ ശക്തി. ഏറ്റുമുട്ടുന്നവന്റെ പകുതി ശക്തികൂടി അത്‌ പിടിച്ച്‌ വാങ്ങുകയും ചെയ്യും. ദൗര്‍ബ്ബല്യങ്ങള്‍ക്ക്‌ മനുഷ്യന്‍ വശംവദനാകുമ്പോള്‍ എതിരാളി ശക്തനാകുന്നതിന്റെ രഹസ്യവും ഇതാണു.

നമ്മിലെ താമസഭാവത്തെയാണു ബാലിനിഗ്രഹത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ പുറപ്പെടുന്നത്‌. അതിനു ഇപ്പോഴുള്ള ഭാവം യഥാര്‍ത്ഥമല്ലെന്നറിയണം. തന്റെ ശരിയായ ഭാവം ഈ ശരീരമല്ലെന്നും, ശരിയായ ഭാവം ഉള്ളിലേതാണെന്നും, അതിനെ മറയ്ക്കുന്ന മായയ്ക്കപ്പുറത്തുനിന്നുള്ള യുദ്ധമാണാവശ്യമെന്നും കാണിക്കുന്നതാണു മറഞ്ഞുനിന്നുള്ള യുദ്ധം. രാമന്‍ അമ്പെയ്തപ്പോള്‍ ബാലിവീണു. പരാജയത്തില്‍ അവിവേകം ക്രുദ്ധനായെങ്കിലും ജീവന്റെ വിജയത്തെ വാഴ്ത്തുന്ന കാഴ്ചയാണു പിന്നീട്‌ നാം കാണുന്നത്‌. ബ്രഹ്മചര്യാനിഷ്ഠനായ ഒരു സാധകനു താമസഭാവങ്ങള്‍ പോലും ഗുണകരമായേ വരൂ.അതിന്റെ സൂചനയാണു അംഗതനെ യുവരാജാവായി വാഴിക്കുന്നത്‌.

സുഗ്രീവന്‍ രാജാവായി. താര സുഗ്രീവനോട്‌ ചേര്‍ന്നു.

വിവേകം പ്രണവവുമായി ബന്ധപ്പെട്ടു.

സാധകന്‍ അടുത്ത പടിയിലേക്ക്‌ കടക്കുന്നു.