1182 കര്‍ക്കടകം 19 / 2007 ആഗസ്റ്റ് 4
രാജസവുമായി ഏറ്റുമുട്ടാന്‍ ഇനിയും സമയമായിട്ടില്ല. തപസ്സിലൂടെ ശക്തി വര്‍ദ്ധിപ്പിച്ചിട്ടുവേണം സാധകന്‍ അതിനു മുതിരാന്‍. അതിനുവേണ്ടി രാമന്‍ ചാതുര്‍മാസ്യവ്രതം അനുഷ്ഠിക്കാന്‍ ഒരുങ്ങുന്നു. ഋശ്യമൂകാചലത്തിലെ ഒരു ഗുഹയില്‍ സമാധിസ്ഥനായി തപസ്സുചെയ്തു തുടങ്ങി. തപസ്സുതീരുന്നതുവരെ മറ്റുപ്രവര്‍ത്തികളെല്ലാം വിവേകത്തിനു വിട്ടുകൊടുത്തു. രാജ്യകാര്യങ്ങള്‍ നൊക്കുന്നത് സുഗ്രീവനാണു. ചാതുര്‍മാസ്യകാലത്ത് രാമന്‍ മനനപഠനങ്ങളില്‍ ഏര്‍പ്പെട്ടു. അതാണു ക്രിയായോഗത്തെപ്പറ്റി ലക്ഷ്മണനുനല്‍കുന്ന ഉപദേശങ്ങളുടെ വ്യംഗ്യം. ഇതുപോലെ ഒരു ചര്‍ച്ച പഞ്ചവടിയില്‍ വച്ച് നടക്കുന്നതായും നാം കാണുന്നുണ്ട്. അന്ന് മായയെക്കുറിച്ചായിരുന്നു ചര്‍ച്ച. അതും മറ്റൊരു മനനപഠനമായിരുന്നു.ചാതുര്‍മാസ്യം വിജയകരമായി പൂര്‍ത്തിയാക്കിയ വിശ്വ-തൈജസന്മാര്‍ വിവേകവുമായി ഒന്നിച്ചിരുന്ന് അനന്തര നടപടികള്‍ ആലോചിക്കുന്നു. രാമലക്ഷ്മണന്മാര്‍ സുഗ്രീവനുമായി കൂടിയാലോചന നടത്തുന്നതായിക്കാണാം.വാനരസൈന്യത്തെ എല്ലാദിക്കിലേക്കും വിടണം. അവര്‍ തീരുമാനിച്ചു.
ജീവന്‍ പ്രായേണ ചലനസ്വഭാവമുള്ളതാണു. വാനരന്മാരെക്കൊണ്ട് സൂചിപ്പിക്കുന്നത് ജീവന്റെ ഈ ചഞ്ചല സ്വഭാവത്തേയാണു.അങ്ങനെ, ജീവന്‍ ബ്രഹ്മവിദ്യയെത്തേടി നാനാവഴിക്കും നീങ്ങുന്നു.അംഗദന്റെ സൈന്യം ദക്ഷിണദിക്കിലേക്കാണു പോയത്.ആ സംഘത്തില്‍ ആഞ്ജനേയനുമുണ്ട്.യാത്രാരംഭത്തില്‍ ശ്രീരാമചന്ദ്രന്‍ ഹനുമാനെവിളിച്ച് അംഗുലീയവും അടയാളവാക്യവും നല്‍കി.
ബ്രഹ്മവിദ്യ എങ്ങനെയിരിക്കുമെന്ന് രാമനു നന്നായറിയാം. ഒരിക്കല്‍ അത് അനുഭവിച്ചതാണു. അപഭ്രംശം കൊണ്ട് അതു നഷ്ടമായതാണു. തീവ്രമായബ്രഹ്മചര്യം ഇപ്പോഴുണ്ട്. ബ്രഹ്മചര്യത്തിനേ ബ്രഹ്മവിദ്യയെ കണ്ടെത്താനാകു. അങ്ങനെ കണ്ടെത്തുന്ന ബ്രഹ്മവിദ്യയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രമാദം വരാനിടയുണ്ട്. അതൊഴിവാക്കാനാണു അംഗുലീയ-അടയാളവാക്യങ്ങള്‍ നല്‍കുന്നത്. മനന-സാധന വഴി ബ്രഹ്മവിദ്യാസ്വരൂപം ഉറപ്പാക്കുന്നു എന്നാണു ഇതില്‍ നിന്നും മനസിലാക്കേണ്ടത്.
No comments:
Post a Comment