രാമകഥ 27
1182 കര്‍ക്കടകം 27 / 2007 ആഗസ്റ്റ് 12
ഇരുട്ട് പൊതിഞ്ഞു നില്‍ക്കുന്ന ലങ്കാനഗരിയിലൂടെ സീതയെ അന്വേഷിച്ച് ഹനുമാന്‍ യാത്രയായി. സുഷുപ്തിയിലുള്ള സാധകന്റെ ബ്രഹ്മാന്വേഷണമാണത്. തുരിയഭാവത്തിനുതൊട്ടുമുമ്പുള്ള അവസ്ഥയാണു സുഷുപ്തി. പ്രാജ്ഞന്റെ അവസ്ഥ.ചിത്തം പ്രാജ്ഞനോടൊത്തിരിക്കുമ്പോള്‍ രാജസം ഉണരുന്ന കാഴ്ചകാണാം. അതിപ്പോള്‍ ഏറ്റവും ശക്തമായ ഭാവത്തിലാണു. രാവണരൂപത്തില്‍ അവതരിച്ചിരിക്കുന്നു.
സീതാദേവിയുടെ അടുത്തേക്ക് പോകുന്ന രാവണനെ ഹനുമാന്‍ കണ്ടു. ശിംശപാവൃക്ഷച്ചുവട്ടില്‍ ബന്ധനസ്ഥയായി കഴിയുന്ന സീതാദേവിയെ സന്ദര്‍ശിച്ച് രാവണന്‍ മടങ്ങി. അതിനിടയിലുള്ള എല്ലാകാഴ്ചകളും ഹനുമാന്‍ കാണുന്നുണ്ടായിരുന്നു. സുഷുപ്തിയിലും തന്നില്‍ ജാഗ്രത്തായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വാസനാജാലങ്ങളെ സാധകന്‍ കാണുകയാണു. അവശരെങ്കിലും നിര്‍വ്വീര്യമാകാന്‍ വിസമ്മതിക്കുന്ന രാജസഭാവത്തിന്റെ ഒരു ചിത്രീകരണമാണിത്. ഒരവസരം കിട്ടിയാല്‍ വീണ്ടും അവ ശക്തിപ്രാപിക്കുമെന്നു സാധകന്‍ മനസിലാക്കണം.
ബ്രഹ്മവിദ്യ ഒരിക്കലും രാജസത്തിനു വശഗതമാവില്ല. അതുകൊണ്ടാണു രാവണന്റെ പ്രലോഭനങ്ങളും ഭീഷണികളും സീതയ്ക്ക് മുമ്പില്‍ വിലപ്പോകാതിരുന്നത്. എന്നാല്‍ ബലം കൊണ്ടതു കരസ്ഥമാക്കാമെന്നുവിചാരിച്ചാലോ? അതിനുള്ള ആത്മശക്തിയൊട്ട് രാജസത്തിനു ഇല്ലാതാനും. ലോകത്തുള്ള സകല ഭോഗവും നേടിയാലും ബ്രഹ്മചര്യമുണ്ടെങ്കിലെ അതു ലഭിക്കു. ഇതു മനസിലാക്കാതെയാണു നമ്മുടെ പല ആത്മീയാചാര്യന്മാരും ഭൗതിക നേട്ടങ്ങള്‍ക്കായി ഉഴറി നടക്കുന്നത്. ഭൗതികനേട്ടങ്ങള്‍ ഭാരതീയ ഋഷിപാരമ്പര്യത്തിലില്ല. അതു വൈദേശികമാണു. ഭാരതീയനു മുഖ്യം അറിവാണു. എല്ലാം സമ്പാദിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന രാജസത്തേ ത്യജിച്ചാലേ അറിവു ലഭിക്കു. ഓരോ സാധകനും ശ്രമിക്കേണ്ടത് അതിനുവേണ്ടിയാണു.
സീതയെ ഹനുമാന്‍ കാണുന്നു. കുണ്ഡലിനിക്ക് തന്ത്രവിദ്യയില്‍ പറയുന്ന എല്ലാ വിശേഷണങ്ങളും യോജിക്കുന്ന ഒരു ചിത്രമാണു ശിംശിപവൃക്ഷച്ചുവട്ടില്‍ അധോമുഖിയായിരിക്കുന്ന സീതയുടേത്. നട്ടെല്ലും അതിന്റെ ഇരുപാര്‍ശ്വങ്ങളിലുള്ള ഇഡ,പിംഗള നാഡികളും, താഴെ മൂലാധാരചക്രത്തില്‍ സുഷുപ്താവസ്ഥയിലുള്ള കുണ്ഡലിനിയും. ബ്രഹ്മചര്യാവസ്ഥയിലുള്ള ജീവനു കുണ്ഡലിനീ ശക്തി അനുഭവവേദ്യമായി. സാധകന്‍ അതിനെ മുകളില്‍ നിന്ന് നോക്കിക്കണ്ടു.
No comments:
Post a Comment