1182 കര്‍ക്കടകം 22 / 2007 ആഗസ്റ്റ് 7
സീതയെവിടെയുണ്ടെന്നറിഞ്ഞു.ഇനി കടല്‍ കടന്ന് അവിടെയെത്തണം. ഗന്ധമാദനപര്‍വ്വതത്തില്‍നിന്നും ഇറങ്ങിയ അംഗതനും വാനരസേനയും സമുദ്രതീരത്തെത്തി. മുന്നില്‍ പരന്നുകിടക്കുന്ന കടല്‍. അത് ചാടിക്കടക്കണം. ഓരോത്തരും അവരവര്‍ക്ക് ചാടിക്കടക്കാവുന്ന ദൂരം പറഞ്ഞു. ഗവനും ഗവാക്ഷനും നീലനുമൊന്നും നൂറുയോജനയ്ക്കപ്പുറമാവില്ല. അംഗതന്‍ ശ്രമിക്കാമെന്ന് പറഞ്ഞപ്പോള്‍ ജാംബവാന്‍ സമ്മതിച്ചില്ല. നേതാവായിരിക്കുന്നവന്‍ അതുചെയ്തുകൂടാ. താന്‍ ചാടിയാല്‍ അക്കരെ എത്തുമോയെന്ന് ജാംബവാനു സംശയം.അവരുടെ സംഭാഷണങ്ങളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ധനായി ഇരിക്കുന്നത് കണ്ടപ്പോള്‍ ജാംബവാന്‍ ഹനുമാനെനോക്കി പറഞ്ഞു:
"ശ്രീരാമചന്ദ്രന്‍ അടയാളമോതിരം ഏല്‍പ്പിച്ചിരിക്കുന്നത് നിന്നെയാണല്ലോ? അടയാളവാക്യവും പറഞ്ഞുതന്നിരിക്കുന്നത് നിനക്കാണു.അതുകൊണ്ട് സീതാന്വേഷണത്തിനു നിന്നോളം യോഗ്യരായവര്‍ വേറെയാരുമില്ല."
ജാംബവാന്‍ പറഞ്ഞതുകേട്ട് ആഞ്ജനേയന്‍ വര്‍ദ്ധിതവീര്യനായിത്തീര്‍ന്നു.മറഞ്ഞുകിടന്നിരുന്ന ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി.
കാലത്തിന്റെ പ്രതിരൂപമാണു ജാംബവാന്‍.യുഗങ്ങളായി നമ്മില്‍ മറഞ്ഞുകിടക്കുന്ന സര്‍ഗ്ഗശക്തികൂടിയാണത്.അതിനെ ഉണര്‍ത്തണം.പ്രകീര്‍ത്തനം വഴി ജാംബവാന്‍ ചെയ്തത് അതാണു. ചെറിയചെറിയ കാര്യങ്ങളില്‍ പലപ്പോഴും നാമറിയാതെതന്നെ ജാംബവാനുമുന്നില്‍ ചെന്നുപെടാറുണ്ട്.പക്ഷെ നാമത് തിരിച്ചറിയാറില്ല.ജീവിതം സംഭവബഹുലമായതുമൂലം മിക്കപ്പോഴും നാം ഒരുതരം വിസ്മൃതിയിലായിരിക്കും.ഗുരുക്കന്മാരും കാലവുമാണു പലപ്പോഴും നമ്മെ തട്ടിയുണര്‍ത്തുന്നത്.പക്ഷെ പെട്ടെന്നുതന്നെ നാം അതൊക്കെമറന്നു പോകുന്നു.
സോല്‍സാഹം ഈശ്വരനിലേക്ക് പ്രയാണം ചെയ്യുന്ന ജീവനാണു ആഞ്ജനേയരൂപത്തില്‍ കാണുന്നത്.അതിനു അന്തര്‍മുഖത്വം കൂടും. അംഗാദികളുടെ ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ ഹനുമാന്‍ നിശബ്ദനായിരുന്നത് അതുകൊണ്ടാണു.സാധകനില്‍ ഈ അന്തര്‍മുഖത്വം ഒരു ഘട്ടം കഴിയുമ്പോള്‍ ബ്രഹ്മവിദ്യാപ്രാപ്തിപോലും നിസ്സാരമായിത്തോന്നിപ്പിക്കും.അതില്‍ നിന്ന് സാധകനെ സര്‍ഗ്ഗശക്തിയിലേക്കുണര്‍ത്തിയാല്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കുന്നതായിക്കാണാം.ഹനുമാന്റെ സമുദ്രതരണം കാണിക്കുന്നത് അതാണു.
1 comment:
നന്നായിട്ടുണ്ട്. രാമായണത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റി. നന്ദി.
Post a Comment