1182 കര്‍ക്കടകം 20 / 2007 ആഗസ്റ്റ് 5
ദക്ഷിണദിക്കിലേക്ക് നീങ്ങിയ അംഗദന്റെ നേതൃത്വത്തിലുള്ള വാനരസേന വിന്ധ്യാപര്‍വ്വതത്തിലെത്തിച്ചേര്‍ന്നു. യാത്രയുടെ ക്ലേശംകൊണ്ട് എല്ലാവരും അവശരായി.പൈദാഹത്താല്‍ വലഞ്ഞ അവര്‍, ഒരു ഗുഹയില്‍ നിന്ന് കുറേപക്ഷികള്‍ പറന്നുപോകുന്നതു കണ്ടു. അവയുടെ കാലില്‍നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിവീഴുന്നത് അവരുടെ കണ്ണില്‍പ്പെട്ടു. ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടെന്ന് അവര്‍ ഊഹിച്ചു.പ്രത്യാശയോടെ അകത്തുകടന്ന വാനരസംഘം തേജോരൂപിണിയായ ഒരു സ്ത്രീയുടെ മുന്നിലാണെത്തിയത്. അംഗദാദികള്‍ അവരെ നമസ്കരിച്ചു.
'നിങ്ങള്‍ എവിടെ നിന്നു വരുന്നു? എങ്ങോട്ട് പോകുന്നു?'
ദേവത ചോദിച്ചപ്പോള്‍ രാമലക്ഷ്മണ വൃത്താന്തവും സീതാവിയോഗവും അവരെ ധരിപ്പിച്ചു. തങ്ങള്‍ ഇപ്പോള്‍ സീതാന്വേഷണത്തിലാണെന്നും സൂചിപ്പിച്ചു.
'സീതാദേവി ദക്ഷിണദിക്കിലുണ്ട്. അങ്ങോട്ട് പോയാലും. ഇതറിയിക്കുവാനാണു ഞാനിവിടെ കാത്തിരുന്നത്'‘
അത്രയും പറഞ്ഞിട്ട് അവര്‍ക്ക് കുടിക്കാന്‍ വേണ്ടത്ര ജലം നല്‍കി ആശ്വസിപ്പിച്ചു.സ്വയം പ്രഭയായിരുന്നു ആ ദേവത. വിശ്വകര്‍മ്മാവിന്റെ പുത്രിയായ ഹേമയുടെ തോഴി. ഹേമ പറഞ്ഞേല്‍പ്പിച്ചതുകൊണ്ട് അവരെ കാത്തിരിക്കുകയായിരുന്നു സ്വയം പ്രഭ. കര്‍മ്മപൂര്‍ത്തീകരണത്തെതുടര്‍ന്ന് മോക്ഷപ്രാപ്തയായ സ്വയം പ്രഭ രാമസന്നിധിയെ പ്രാപിച്ചു.
ഈ കഥയിലൂടെ രാമായണകാരന്‍ പ്രകാശിപ്പിക്കുന്നത് ബ്രഹ്മവിദ്യാപ്രാപ്തിക്കുള്ള ശ്രമങ്ങള്‍ എത്രതീവ്രകരമായിരിക്കുമെന്നാണു. അതു പരിപൂര്‍ത്തിയിലെത്തുമ്പോള്‍ സ്വയം പ്രകാശവും സിദ്ധികളും ലഭ്യമാകും. സ്വയം പ്രഭയുടെ സാന്നിദ്ധ്യവും കുടിക്കാന്‍ വെള്ളം കിട്ടുന്നതും സൂചിപ്പിക്കുന്നത് അതാണു. മാത്രമല്ല, ബ്രഹ്മവിദ്യയെവിടെയുണ്ടെന്നറിയുവാനും കഴിഞ്ഞു. സാധനയ്ക്കിടയിലെ ക്ലേശങ്ങള്‍ക്ക് മുന്നില്‍ പരിഭ്രമിച്ച് നിന്നുപോയാല്‍ ബ്രഹ്മവിദ്യാപ്രപ്തി അസാദ്ധ്യമാണെന്നു സാധകന്‍ അറിഞ്ഞിരിക്കണം. അതുപോലെ സിദ്ധികള്‍ക്കുമുന്നില്‍ പരിഭ്രമിച്ച് നില്‍ക്കുകയും ചെയ്യരുത്. അങ്ങനെ സംഭവിച്ചാല്‍ അത് മരണതുല്യമായിരിക്കും. അംഗദാദികള്‍ ഗുഹാമുഖത്ത് സംശയപൂര്‍വ്വം നിന്നിരുന്നുവെങ്കില്‍ മരണം സംഭവിക്കുമായിരുന്നു എന്നത് നിശ്ചയമാണു. അവര്‍ വിവേകപൂര്‍വ്വം ഗുഹയ്ക്കുള്ളിലേക്ക് കടക്കുകയാണു ചെയ്തത്.
അണിമാദി എട്ട് സിദ്ധികളേയും ഉപേക്ഷിച്ച് സാധകന്‍ മുന്നോട്ട് പ്രയാണം ചെയ്തെങ്കിലേ മോക്ഷപ്രാപ്തിയുണ്ടാകു.എന്തു പ്രയാസമുണ്ടായാലും മുന്നോട്ട് പോകുകതന്നെ വേണം.അങ്ങനെ ചെയ്താല്‍ എല്ലാം സ്വയം പ്രകാശമായി വരുന്നത് കാണാം.
No comments:
Post a Comment