രാമകഥ 25
1182 കര്‍ക്കടകം 25 / 2007 ആഗസ്റ്റ് 10
വിശപ്പ്,ദാഹം തുടങ്ങിയ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞാലും അതിനേക്കാള്‍ ഭീഷണമായ തടസ്സങ്ങള്‍ സാധകന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
'രാമകാര്യത്തിനുപോകുന്ന രാമദൂതനാണു ഞാന്‍.അതുസാധിക്കുന്നതുവരെ എനിക്ക് വിശ്രമമില്ല.രാമകാര്യമെല്ലാം പൂര്‍ത്തിയാക്കി തിരികെ വരുമ്പോള്‍ നിന്റെ ആതിഥ്യം സ്വീകരിക്കാം' എന്നുപറഞ്ഞ് മുന്നോട്ട് നീങ്ങിയ ആഞ്ജനേയനെ വാപിളര്‍ന്നുനില്‍ക്കുന്ന സുരസ തടഞ്ഞു.നാഗമാതാവായ അവള്‍ ഒരുവ്രതം പൂര്‍ത്തിയാക്കി പാരണവീട്ടാന്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണു ഹനുമാനെക്കണ്ടത്.ഇവനെ തിന്നുകളയാം എന്നവള്‍ വിചാരിച്ചു.
രാമകാര്യത്തിനുപോകുകയാണു താന്‍ എന്ന് അവളോടു പറഞ്ഞെങ്കിലും അവള്‍ അതംഗീകരിച്ചില്ല.സുരസ തന്റെ വായ വിസ്താരപ്പെടുത്തി ഹനുമാനെ വിഴുങ്ങാന്‍ ആഞ്ഞു.ഹനുമാന്‍ തന്റെ ശരീരം അതിനേക്കാള്‍ വലുതാക്കി.അവള്‍ വായുടെ വിസ്താരം പിന്നെയും വര്‍ദ്ധിപ്പിച്ചു.ഹനുമാനും തന്റെ ശരീരം അതിനനുസരിച്ച് വിസ്താരപ്പെടുത്തി. അവസാനം പര്‍വ്വതാകാരനായ ആഞ്ജനേയനുമുന്നില്‍ സുരസ നൂറുയോജന വാപിളര്‍ന്നുനിന്നു.ഹനുമാന്‍, ഉടനെ അംഗുഷ്ടമാത്രനായി പരിണമിച്ച് അതിനുള്ളിലൂടെ കടന്നുപോയി.
സാധകന്‍ തന്റെ മുന്നിലെ തടസ്സങ്ങളെ എങ്ങനെ നേരിടണമെന്ന് രാമായണകാരന്‍ കാണിച്ചുതരികയാണിവിടെ.പ്രീണങ്ങളെക്കാള്‍ സൂക്ഷിക്കേണ്ടതാണു ഭീഷണങ്ങള്‍. അതിനെ അതിജീവിക്കാന്‍ വിനയമാണു ഉചിതം.
പ്രത്യക്ഷപ്രലോഭനങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പരോക്ഷപ്രലോഭനങ്ങള്‍ തലപൊക്കാന്‍ തുടങ്ങി.സാധകന്റെ അന്തരംഗത്തില്‍ മറഞ്ഞുകിടക്കുന്ന സൂക്ഷ്മമായ വാസനകളില്‍ നിന്ന് ഉണര്‍ന്നുവരുന്നവയാണവ.അതുകൊണ്ടാണു നിഴലിനേപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിവുള്ള സിംഹിക പ്രത്യക്ഷപ്പെടുന്നതായി തുടര്‍ന്ന് ചിത്രീകരിച്ചിരിക്കുന്നത്.മനസിന്റെ തലത്തിലെ ആ ഭീഷണതയെ അതിജീവിക്കണമെങ്കില്‍ അതിതീവ്രമായ വിഷ്ണുഭക്തി ഉണ്ടായിരിക്കണം.ഹനുമാനു അതുണ്ടായിരുന്നു എന്നുകാണിക്കാനാണു പാദാഘാതത്താല്‍ സിംഹികയെ കീഴ്പെടുത്തി എന്നുപറഞ്ഞിരിക്കുന്നത്.അങ്ങനെ പ്രലോഭനങ്ങളേയെല്ലാം അതിജീവിച്ച് ഹനുമാന്‍ ലങ്കയിലേക്ക് കുതിച്ചു.
1 comment:
good
Post a Comment