1182 കര്‍ക്കടകം 23 / 2007 ആഗസ്റ്റ് 8
(രാമകഥ 23)
സമുദ്രതരണത്തിനുസന്നദ്ധനായ ഹനുമാന്‍ ചാടിയെഴുന്നേറ്റ് ഒന്ന് അട്ടഹസിച്ചു.സര്‍ഗ്ഗശക്തി ഉണര്‍ന്നപ്പോള്‍ ജീവന്‍ ഉദ്ധൃതനായിത്തീര്‍ന്നു.രാവണനെ വധിച്ച്, ലങ്കയും നശിപ്പിച്ച്, സീതാദേവിയുമായി താനിതാവന്നുകഴിഞ്ഞു എന്ന് ഹനുമാന്‍ അലറിപ്പറഞ്ഞപ്പോള്‍ ജാംബവാന്‍ എഴുന്നേറ്റ് തടഞ്ഞു.
"മകനെ അത് പാടില്ല, സീതാദേവിയെ അന്വേഷിച്ച് കണ്ടെത്തുകമാത്രമാണു നിന്റെ ധര്‍മ്മം.സീതയെവീണ്ടെടുക്കേണ്ടത് രാമന്റെ ധര്‍മ്മമാണു. നീയതുചെയ്തുകൂടാ"
ജാംബവാന്‍ പറഞ്ഞതുകേട്ട് സ്വരൂപസ്മൃതിയുണ്ടായ ആഞ്ജനേയന്‍ ശാന്തചിത്തനായിത്തീര്‍ന്നു.സര്‍ഗ്ഗശക്തികള്‍ ഉണരുമ്പോള്‍ എന്തുംചെയ്യാനുള്ള കരുത്തുണ്ടാവും.ധര്‍മ്മാധര്‍മ്മവിവേചനമില്ലാതെ അതുപയോഗിക്കുന്നത് അപകടമാണു.അതിനു മുതിര്‍ന്നവരുടെയും ഗുരുക്കന്മാരുടേയും ഉപദേശങ്ങള്‍ പ്രയോജനപ്പെടും.പാരമ്പര്യത്തെ പിന്തുടരുന്നതും നല്ലതാണു.പാരമ്പര്യത്തെ തള്ളിക്കളയുകയും ഗുരോപദേശം അവഗണിക്കുന്നതുമാണു ഇന്നുള്ളരീതി. അതു ആശാവഹമല്ലയെന്ന് ഈ ആഞ്ജനേയകഥയില്‍ നിന്നും മനസിലാക്കാം.
നൂറുയോജനയുള്ള സമുദ്രം മുന്നില്‍ പരന്നുകിടക്കുന്നു.അപകടം നിറഞ്ഞതാണത്. ചുഴികളും മലരികളും അതിലുണ്ട്. വീണുപോയാല്‍ പിന്നെ രക്ഷയില്ല.അതു താണ്ടുന്നതിനുള്ള ശക്തിസംഭരിച്ച് ആഞ്ജനേയന്‍ കുതിച്ചു. അതിനെപ്പറ്റി രാമായണകാരന്‍ പറയുന്നത് ഇങ്ങനെയാണു:'രാമനാമം ചുണ്ടിലും, രാമസ്വരൂപം നെഞ്ചിലും, രാമാംഗുലീയം കയ്യിലും ധരിച്ചുകൊണ്ട് ആഞ്ജനേയന്‍ യാത്രയായി'.
സംസാരത്തിന്റെ പ്രതീകമാണു കടല്‍. സംസാരസാഗരമെന്നുതന്നെയാണു അത് അറിയപ്പെടുന്നത്.അതിനെ തരണംചെയ്യാന്‍ ബ്രഹ്മചര്യം വേണം.ബ്രഹ്മചര്യം ശാരീരികമായ ഒരവസ്ഥയായിട്ടാണു പലരും കരുതുന്നത്. സ്വരൂപസ്ഥിതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാണു യഥാര്‍ത്ഥത്തില്‍ ബ്രഹ്മചര്യമെന്ന് പറയേണ്ടത്.ആഞ്ജനേയനെക്കൊണ്ട് അത് സൂചിപ്പിക്കുന്നത് കാണാം. രാമനാണു ഹനുമാന്റെ സര്‍വ്വസ്വവും. ആ രൂപം ഹൃദയത്തില്‍ ചേര്‍ത്തുവച്ചും ആ നാമംതന്നെ ജപിച്ചുമാണു ആഞ്ജനേയന്‍ ഓരോനിമിഷവും ജീവിക്കുന്നത്.ആ അവസ്ഥയുടെ പൂര്‍ണ്ണതസൂചിപ്പിക്കാനെന്നപോലെ രാമാംഗുലീയവും കൈവശമുണ്ട്.സാധകനും ആഞ്ജനേയനേപ്പോലെ ആണെങ്കിലെ ബ്രഹ്മവിദ്യ അയാള്‍ക്ക് ലഭിക്കു.
No comments:
Post a Comment