1182 കര്‍ക്കടകം 21 / 2007 ആഗസ്റ്റ് 6
ബ്രഹ്മവിദ്യ എതുദിക്കിലുണ്ടെന്നറിഞ്ഞെങ്കിലും കൃത്യമായി അതെവിടെയാണെന്നറിവില്ല.അതറിയണമെങ്കില്‍ വിരാഗതനേടണം. സമ്പാതിക്ക് ചിറകുമുളയ്ക്കണം.അതിനായി ദിവസങ്ങളോളം വിന്ധ്യന്റെ പാര്‍ശ്വങ്ങളില്‍ വാനരസൈന്യം അലഞ്ഞുനടന്നു. സീതാദേവിയില്ലാതെ തിരിച്ചുചെന്നാല്‍ കാലപുരിക്ക് യാത്രയാക്കും സുഗ്രീവന്‍. സുഗ്രീവാജ്ഞയുടെ കാഠിന്യമറിയാവുന്ന അവരതേക്കുറിച്ച് ആലോചിക്കുകപോലും ചെയ്തില്ല.
സീതയേത്തേടി തളര്‍ന്നവശരായ വാനരസൈന്യം മഹേന്ദ്രഗിരിയില്‍ നിസ്തേജമാനസരായി കിടന്നു.ആ സമയത്ത് പര്‍വ്വതത്തിലുള്ള ഗുഹയില്‍ നിന്ന് ഗംഭീരാകാരനായ ഒരു വൃദ്ധപക്ഷിരാജന്‍ പുറത്തുവന്നു. കപിവരന്മാരെക്കണ്ട പക്ഷിവര്യന്‍ തനിക്ക് കുറേദിവസത്തേക്കുള്ള ഭക്ഷണമായല്ലോ എന്നുവിചരിച്ച് അംഗാദികളുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവര്‍ തമ്മില്‍ സംസാരിക്കുന്നത് കേട്ടു.
'ആ ജടായു എത്രഭാഗ്യവാനാണു.അവന്‍ രാമന്റെ കൈകൊണ്ടുതന്നെ മോക്ഷം പ്രാപിച്ചല്ലോ! നമുക്ക് ആ ഭാഗ്യം ഇല്ലാതെപോയി.'
ഇതുകേട്ട പക്ഷിരാജന്‍ ചോദിച്ചു:"നിങ്ങള്‍ ആരാണു? എന്താണു ജടായുവിന്റെ വൃത്താന്തം? അത് നിങ്ങള്‍ക്കെങ്ങനെ അറിയാം? ആരാണു നിങ്ങള്‍? എന്തിനു ഇവിടെ വന്നു? പറയൂ, ഞാന്‍ നിങ്ങള്‍ പറഞ്ഞ ജടായുവിന്റെ സഹോദരനാണു.സമ്പാതി."
അംഗാദികള്‍ സീതാവൃത്താന്തം സമ്പാതിയെ അറിയിച്ചു.
രാമലക്ഷ്മണന്മാര്‍ വനവാസത്തിനു തിരിച്ചതും, കാട്ടില്‍ വച്ച് രാവണന്‍ സീതയെ അപഹരിച്ചതും, അതുതടഞ്ഞ ജടായുവിന്റെ ചിറകരിഞ്ഞതും രാമന്‍ ജടായുവിനു മോക്ഷം കൊടുത്തതും സീതാന്വേഷണത്തിനു തങ്ങള്‍ ഇറങ്ങിത്തിരിച്ചതും അവര്‍ വിശദീകരിച്ചു.
തന്റെ സഹോദരന്റെ ഓര്‍മ്മയില്‍ പുളകിതനായ സമ്പാതി അവരെ സഹായിക്കാമെന്നേറ്റു. മഹേന്ദ്രാചലത്തിന്റെ ഉച്ചത്തിലുള്ള ഗന്ധമാദനത്തിലേക്ക് കയറിപ്പോയ പക്ഷിരാജന്‍ അവിടെ നിന്നും ചുറ്റും നിരീക്ഷിച്ചു. പക്ഷികളുടെ കണ്ണുകള്‍ക്ക് ശക്തികൂടും. ഏകാഗ്രനയനത്തിലൂടെ നോക്കിയ സമ്പാതിക്ക് നൂറുയോജന സമുദ്രത്തിനപ്പുറം ലങ്കയില്‍ ശിംശപാവൃക്ഷച്ചുവട്ടില്‍ രാമരാമേതിജപിച്ചിരിക്കുന്ന സീതയെ കാണാന്‍ കഴിഞ്ഞു. തിരിച്ചുവന്ന സമ്പാതി അംഗാദികളെ ആ വിവരം ധരിപ്പിച്ചു.ആ നിമിഷം സമ്പാതിക്ക് വീണ്ടും ചിറക് മുളയ്ക്കാനാരംഭിച്ചു.
നവവിരാഗതയാണു സമ്പാതിയുടെ ചിറകുമുളയ്ക്കല്‍.സാധകനു വൈരാഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതിലേക്ക് വേണ്ടിയാണു സമ്പാതിയുടെ കഥവിശദമായി പ്രതിപാദിക്കുന്നത്.ഇപ്പോള്‍ സാധകനു ലക്ഷ്യം വിശദമായി തെളിഞ്ഞുകണാം. ഇനി അവിടെയെത്തണം.
No comments:
Post a Comment