രാമകഥ 26
1182 കര്‍ക്കടകം 26 / 2007 ആഗസ്റ്റ് 11
ഹൃദയസ്ഥിതമായ ആ നിര്‍മ്മലപാദങ്ങള്‍ മായാപ്രലോഭനങ്ങളെ കീഴടക്കാന്‍ ആഞ്ജനേയനെ സഹായിച്ചു.കടല്‍ കടന്ന ആഞ്ജനേയന്‍ ലങ്കയിലെ സുബേലപര്‍വ്വതത്തില്‍ വന്നിരുന്നു.
ഹനുമാന്‍ ആലോചിച്ചു."ലങ്കനഗരിയിലേക്ക് ഉടനെ ചാടാന്‍ വരട്ടെ.രാത്രിയാകുമ്പോള്‍ രാക്ഷസന്മാരെല്ലാം ഉറക്കമായിരിക്കും. അതാണു പറ്റിയ സമയം."
ഈ ഹനുമല്‍ച്ചിന്തക്കുപിന്നില്‍ വലിയൊരുവേദാന്ത തത്ത്വമുണ്ട്.സുഷുപ്തിയോടടുക്കുമ്പോഴാണു നമ്മിലെ രാജസശക്തി അല്‍പമെങ്കിലും ശാന്തമാകുന്നത്.അതാണു ബ്രഹ്മവിദ്യയെ കണ്ടെത്താന്‍ പറ്റിയ സമയവും.
സുഷുപ്തിയിലും നമ്മില്‍ ഉണര്‍ന്നു കാവല്‍നില്‍ക്കുന്ന ഒരു താമസീഭാവമുണ്ട്.അതുകൂടി ഉപേക്ഷിച്ചാല്‍ സമാധിക്കു തുല്യമായി.സുഷുപ്തി തന്നെ സമാധിയെന്ന് അര്‍ത്ഥം വരുന്ന വേദവചങ്ങളുണ്ട്.നിദ്രാ-സമാധിസ്ഥിതികളില്‍ ബ്രഹ്മത്തെ അറിയാം.അപ്പോള്‍ ബ്രഹ്മവുമായി ഏകീഭാവം ഉണ്ടാകാറുണ്ട്.ആ സമയം വരെ കാത്തിരിക്കാനാണു സാധകന്‍ തീരുമാനിച്ചത്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.അയോദ്ധ്യയില്‍ നിന്നും ലങ്കയിലേക്കാണു രാമന്റെ യാത്ര.മാനവത്തിന്റെ യാത്രയും അങ്ങനെ തന്നെ.ശുദ്ധവും നിര്‍മ്മലവുമായ മനസ്സില്‍ നിന്നു പ്രചണ്ഡമായ രാജസത്തിലേക്ക്.പൂര്‍ണ്ണമായ അറിവില്‍ നിന്നു അറിവില്ലായ്മയിലേക്ക് ഭാരതത്തിലെ ദാര്‍ശ്ശനികര്‍ അത് എന്നേ കണ്ടെത്തിയതാണു.
നാം അറിവെന്നുപറഞ്ഞു ശേഖരിച്ചുകൂട്ടുന്നത് അറിവാണോ?അവയൊക്കെ രാജസത്തെ കൂടുതല്‍ പ്രചണ്ഡമാക്കുന്ന 'വിവരങ്ങള്‍'(information) മാത്രമല്ലെ?അവയുടെ പിന്നാലെ പായുന്ന നമ്മുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യുന്നു.
'കാലം' പൂര്‍ണ്ണതയുള്ള ബ്രഹ്മഭാവമാണു. അതു തിരിച്ചിട്ടാല്‍ ലങ്കയായി. കാ-ലം.ലം-കാ.അപൂര്‍ണ്ണവും ക്ഷുഭിതവുമായ മാനസമാണു ലങ്ക. പൂര്‍ണ്ണതയില്‍ നിന്ന് മായാവിലാസത്താല്‍ ജീവശക്തി പ്രചണ്ഡതയുടെ ഇരിപ്പിടമായ ലങ്കയിലെത്തിയിരിക്കുന്നു.സൂക്ഷ്മമായി നോക്കിയാല്‍ അപ്പോള്‍ രാമന്‍ തന്നെയല്ലെ രാവണണായി പരിണമിച്ചിരിക്കുന്നതും?സാത്വികത്തില്‍ നിന്നും രാജസത്തിലേക്കുള്ള ജീവന്റെ ചുവടുമാറല്‍? നമ്മുടെ ജീവിതാനുഭവങ്ങള്‍ അവലോകനം ചെയ്താലും ഇതു ബോദ്ധ്യമാകും.
രാത്രിയായപ്പോള്‍ ആഞ്ജനേയന്‍ ലങ്കാനഗരിയിലേക്ക് ചെന്നു.കാവലാളുകളെയെല്ലാം മറികടന്നു മുന്നോട്ടു പോകുമ്പോള്‍ തന്നിലെ രാജസശക്തിയുണര്‍ന്നു. ലങ്കാലക്ഷ്മി ആക്രമിച്ചു.ബ്രഹ്മചര്യം അവിടെയും വിജയിച്ചു.രാജസം പരാജിതമായി, സാധകനു സഹായിയായി മാറി.ലങ്കാലക്ഷ്മി വിദ്യധരഭാവം കൈക്കൊണ്ട് ഹനുമാനെ അനുഗ്രഹിക്കുന്നതായിക്കാണുന്നത് അതാണു.
No comments:
Post a Comment