1182 കര്‍ക്കടകം 29 / 2007 ആഗസ്റ്റ് 14
നിര്‍മ്മലാനന്ദമാണു ഒരു സാധകനു ബ്രഹ്മം നല്‍കുന്ന അനുഭൂതി. അതിലേക്ക് എത്തിച്ചേരുകയെന്നത് ഒരു ഗിരിശിഖരം കീഴടക്കുന്നപോലെ ആയാസകരമായിത്തോന്നാം. പക്ഷെ ആ അനുഭൂതിയിലെത്തുമ്പോള്‍ സാധകന്‍ എല്ലാം മറക്കുന്നു. ആഞ്ജനേയനും ഇപ്പോള്‍ ഏതാണ്ട് ആ അവസ്ഥയിലാണു. സീതാദേവിയെ കണ്ടിട്ടും കണ്ടിട്ടും ആഞ്ജനേയനു മതിവരുന്നില്ല. ആ ദിവ്യരൂപം നോക്കിയിരിക്കുമ്പോള്‍ ബാക്കിയെല്ലാം മറന്നുപോകുന്നു.
ഇച്ഛാഭംഗത്തോടെ രാവണന്‍ പോയിക്കഴിഞ്ഞപ്പോഴാണു കപിവരന്‍ പ്രത്യക്ഷപ്പെടുന്നത്. രാജസം മാറി നിന്നപ്പോള്‍ സാധകനു ബ്രഹ്മസാന്നിദ്ധ്യം ഉണ്ടായി. സീതാദേവി സംശയത്തോടെയാണു ഹനുമാനെ നോക്കിയത്. രാക്ഷസന്മാര്‍ പലരൂപത്തിലും വരാറുണ്ട്. ഈ കുരങ്ങന്‍ വേഷം മാറിവന്നിരിക്കുന്ന ഏതെങ്കിലും നിശാചരിയായിരിക്കുമോ?
യഥാര്‍ത്ഥത്തില്‍ ബ്രഹ്മത്തിനു ആ വിധസംശയമൊന്നുമില്ല. നിര്‍വ്വികാരമാണത്. എന്നാല്‍ സാധകന്റെ ഉള്ളില്‍ രാജസാംശം പിന്നെയും നിലനില്‍ക്കുന്നതു കൊണ്ട് സ്വയം തോന്നുന്ന സംശയമാണത്. ബ്രഹ്മവിദ്യയെ താന്‍ തിരിച്ചറിഞ്ഞതായി സാധകനു ബോദ്ധ്യപ്പെടണമെങ്കില്‍ തന്നിലുള്ള ബ്രഹ്മവിദ്യയുടെ അടയാളങ്ങള്‍ അംഗീകരിക്കപ്പെടണം. അംഗുലീയവും അടയാളവാക്യവും അതിനുള്ളതാണു. അതു കണ്ടപ്പോള്‍ സീതയ്ക്ക് ഹനുമാനിലുള്ള സംശയം ഇല്ലാതായി എന്നുപറഞ്ഞാല്‍ സാധകനു ബ്രഹ്മവിദ്യ ബോദ്ധ്യപ്പെട്ടു എന്നാണു മനസിലാക്കേണ്ടത്.
ബ്രഹ്മവിദ്യ സാധകനെ ഉന്മത്തനാക്കി. സമാധിയുടെ അനന്തര പടികളാണു ഇനി അവശേഷിക്കുന്നത്. അതിനുള്ള സാധനയിലേക്ക് സാധകന്‍ പ്രവേശിക്കേണ്ടതുണ്ട്. അത് ഇനിയൊരിക്കല്‍. കര്‍ക്കടകത്തിന്റെ അവസാന ദിവസമായ ഇന്നു രാമകഥ തല്‍ക്കാലം ഇവിടെ അവസാനിക്കുകയാണു.
ജീവന്റെ സാധകരൂപത്തിലുള്ള പ്രയാണമാണു നാം ഇതുവരെ കണ്ടത്. അതു ബ്രഹ്മവിദ്യയെ കണ്ടെത്തിക്കഴിഞ്ഞു. അങ്ങനെ സീതാന്വേഷണം പൂര്‍ത്തിയായ ഹനുമന്റെ കഥ ഇവിടെ നിര്‍ത്താം. ബ്രഹ്മവിദ്യാപ്രാപ്തിയും തുടര്‍ന്നുള്ളതും ഇനിയൊരവസരം കിട്ടിയാല്‍ അപ്പോള്‍.
രാമായണം പോലുള്ള കൃതികള്‍ 'നിര്‍മ്മലാനന്ദഗിരി'കളായിട്ടുള്ള ഗുരുക്കന്മാരില്‍ നിന്നും നേരിട്ടുപഠിക്കുമ്പോഴെ അതിന്റെ അന്തഃസത്ത പൂര്‍ണ്ണമായും ഗ്രഹിക്കാനാവു. അതിനു പുനരാഖ്യാനം നല്‍കുമ്പോള്‍ പിഴ പലതുമുണ്ടാകും. അത് ലേഖകനില്‍ അര്‍പ്പിക്കുകയല്ലാതെ ഭാരതീയ ഋഷിപരമ്പരയില്‍ ആരോപിക്കരുതെന്ന അപേക്ഷയോടെ,
“ഭുജംഗപ്രയാതം പരം വേദസാരം
സദാരാമചന്ദ്രസ്യ ഭക്ത്യൈവനിത്യം
പഠന്‍ സന്തതം ചിന്തയന്‍ സ്വന്തരംഗേ
സശശ്വല്‍ ഭജേന്ദ്രാമചന്ദ്രാധിവാസം. “